Current Date

Search
Close this search box.
Search
Close this search box.

കുട്ടി സഖാക്കളുടെ മരം ചുറ്റി പ്രേമവും കോടഞ്ചേരിയിലെ ലവ് ജിഹാദും

മരം ചുറ്റി പ്രേമവും കമിതാക്കളുടെ ഒളിച്ചോട്ടവുമൊക്കെ എന്നും വിപണന മൂല്യമുള്ള കഥാ തന്തുക്കളാണ്. മംഗളം വാരിക പൂട്ടിപ്പോയത് ഇതിന്റെ വിപണി സാധ്യത കുറഞ്ഞതുകൊണ്ടല്ല, മറിച്ച് അച്ചടികടലാസിന്റെ വിലയും നമ്മുടെ ഇന്ധന വിലയും തമ്മിലുള്ള മത്സരത്തിൽ പോലും എപ്പോഴും ജയിക്കുന്നത് അച്ചടികടലാസ് തന്നെയാകുന്നതാവണം അതിന്റെ കാരണം.

ഇപ്പോൾ നമ്മുടെ മുമ്പിലുള്ളത് കോടഞ്ചേരിയിലെ ഡിഫി സഖാവ് ഷജിന്റെ പ്രേമ വിവാഹ- ഒളിച്ചോട്ട വിവാദമാണ്. സഖാവ് ഷജിൻ ജോസ്‌ന എന്ന ക്രിസ്ത്യൻ പെൺകുട്ടിയെ വീട്ടുകാരറിയാതെ കൈ പിടിച്ചിറക്കി കൊണ്ടു പോവുന്നു. സാധാരണ ഗതിയിൽ കുടുംബത്തിലും സമുദായത്തിലും ഇത് പ്രശ്നമായേക്കാമെങ്കിലും സി പി എമ്മിൽ ഇത് പ്രശ്നമാകേണ്ടതില്ല എന്ന് മാത്രമല്ല ഉദാത്ത മത നിരപേക്ഷ നിലപാടിന്റെ ജീവൽ മാതൃക എന്ന നിലക്ക് നാട് മുഴുക്കെ സ്വീകരണങ്ങളും രക്ത ഹാരങ്ങളും ഏറ്റു വാങ്ങേണ്ടതുമാണ്.

ഇവിടെ സംഭവിച്ചത് മറ്റു ചിലതാണ്. ക്രിസ്ത്യൻ ബെൽറ്റായകോടഞ്ചേരിയിലെ സഹ വികാരിയുടെ തന്നെ നേതൃത്വത്തിൽ പള്ളിയും സഭയും പ്രകോപനപരമായ രീതിയിൽ തെരുവിലിറങ്ങുന്നു. അതും നമുക്ക് ഒരു മത സമുദായത്തിന്റെ ഉണ്ടാകാൻ പാടില്ലാത്ത വൈകാരികതയുടെ കോളത്തിലെഴുതാം. എന്നാൽ തുടർന്ന് സംഭവിച്ചത് അങ്ങിനെ എഴുതി തള്ളാവുന്ന കാര്യങ്ങളല്ല. ചോറ് പാർട്ടി ഓഫീസിലാണെങ്കിലും കൂറ് അരമനയിലാണെന്ന് വെളിപ്പെടുന്ന രീതിയിൽ മുൻ എം എൽ എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സഖാവ് ജോർജ് എം തോമസ് സ്വന്തം സഖാവിനെതിരെ ലൗ ജിഹാദ് ആരോപണവുമായി രംഗത്ത് വരുന്നു. തങ്ങളുടെ പ്രാദേശിക നേതാവിനെതിരെ ഒരു വിഭാഗം രംഗത്ത് വരുമ്പോൾ സംരക്ഷിക്കേണ്ട മുതിർന്ന നേതാവ് സംരക്ഷിക്കുന്നതു പോയിട്ട് അയാളെ തീവ്ര വാദത്തിന്റെ സംശയ നിഴലിൽ നിർത്താൻ ശ്രമിച്ചത് സ്വാഭാവികമായും ചർച്ചയായി. (അലൻ- താഹ സംഭവങ്ങൾ ഉൾപ്പടെ ഓര്മയിലുള്ളവർക്ക് ഇതിൽ പുതുമ തോന്നണമെന്നില്ല.) ജോർജ് എം തോമസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അച്യുതാനന്ദൻ സഖാവ് തുടങ്ങി വെച്ച ലൗ ജിഹാദ് ആരോപണത്തിന്റെ പേറ്റന്റ് ഇടക്കാലത്ത് സംഘ് പരിവാർ തട്ടിക്കൊണ്ടുപോയത് തിരിച്ചു പിടിക്കാനുള്ള, പാർട്ടിക്ക് വേണ്ടിയുള്ള ഒരു എളിയ ശ്രമമാകണം സഖാവ് നടത്തിയത്. അതുകൊണ്ടായിരിക്കണമല്ലോ ലൗ ജിഹാദിനെക്കുറിച്ചു താൻ പറയുന്നത് പാർട്ടി രേഖ അനുസരിച്ചാണെന്ന് തെളിവുദ്ധരിച്ച് അദ്ദേഹം കട്ടായം പറഞ്ഞത്.

പക്ഷെ കൊക്കിന് വെച്ചത് കുളക്കോഴിക്ക് കൊണ്ടു എന്നതുപോലെയാണ് കാര്യങ്ങൾ എത്തിപ്പെട്ടത്. ലോക കമ്മ്യൂണിസത്തിന്റെ തന്നെ കാരണഭൂതൻ കേരളം ഭരിക്കുന്നേടത്തോളം ഇനിയേതായാലും മുതലാളിത്ത വിരുദ്ധ വാഴ്ത്താരികൾക്കും വികസനത്തിന്റെ വർഗ പരിപ്രേക്ഷ്യത്തെക്കുറിച്ച സെമിനാറുകൾക്കുമൊന്നും കാര്യമായ ഇടമില്ലാത്ത സ്ഥിതിക്ക് മരംചുറ്റി പ്രേമത്തിന്റെ വിശുദ്ധിയെക്കുറിച്ചും വിവാഹ പൂർവ്വ ലൈംഗികതയുടെ മാസ്മരികതയെക്കുറിച്ചുമൊക്കെയാണ് അടുത്ത കാലത്തായി പാർട്ടിയിലെ അക്കാദമിക ബുദ്ധിജീവികളുടെയും ഡിഫി, എസ് എഫ് ഐ പിള്ളാരുടെയും സർവ്വ ഗവേഷണങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതും ലൗ ജിഹാദും തമ്മിൽ കൂട്ടിമുട്ടിക്കാൻ അല്ലറ ചില്ലറ പ്രയാസങ്ങളുള്ളതിനാൽ പാർട്ടി രേഖയിലുണ്ടെകിലും തല്ക്കാലം കോൾഡ് സ്റ്റോറേജിൽ വെച്ചിരുന്ന ലൗ ജിഹാദ് നിലപാടാണ് ജോർജ് തോമസ് എടുത്ത് പുറത്തിട്ടത്. യെച്ചൂരിയുടെ പ്രസ്താവന മുതൽ ജില്ലാ സെക്രട്ടറി മോഹനൻ മാഷുടെ കോടഞ്ചേരിയിലെ പൊതുയോഗം വരെ കാര്യങ്ങൾ എത്തി നിൽക്കുന്നു. ലോക ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കണം കേവലം ഒരു കല്യാണ കാര്യത്തിൽ മാത്രമായി ഒരു വിപ്ലവ പാർട്ടി പൊതുയോഗം സംഘടിപ്പിക്കുന്നത്.

എന്നാലും സമ്മതിക്കണം കേട്ടോ. എന്തൊരു കരുതലാണ് മോഹനൻ മാഷുടെ പ്രസംഗത്തിന്. ചെറുക്കനോടും പെണ്ണിനോടും പിതൃ തുല്യവാത്സല്യത്തോടെ ഒരുപാട് ഉപദേശങ്ങൾ നൽകുകയും പ്രശനം വഷളാക്കിയതിന്റെ ഉത്തരവാദിത്തം പൂർണമായും മറ്റുള്ളവരിൽ കെട്ടിയേല്പിക്കുകയും ചെയ്യുന്നതിനിടയിലും യഥാർത്ഥത്തിൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ച സഭയെകുറിച്ചോ സഭാനേതൃത്വത്തെക്കുറിച്ചോ ഒരക്ഷരം പറയാതിരിക്കാൻ എന്തൊരു ജാഗ്രതയാണ് ആ പ്രസംഗത്തിൽ. ഭയം വേണ്ട, ജാഗ്രത മതി എന്ന നേതാവിന്റെ സാരോപദേശം ഇത്രത്തോളം സ്വാംശീകരിച്ച മറ്റേതെങ്കിലും നേതാവ് പാർട്ടിയിലുണ്ടോ ആവൊ.

നാക്ക് പിഴ (Slip of the Tongue) എന്ന് പറയാനാണ് തല്ക്കാലം പാർട്ടി ജോർജ് തോമസിന് കൊടുത്തിരിക്കുന്ന ഉപദേശം. ആയിക്കോട്ടെ, നമുക്ക് വിരോധമൊന്നുമില്ല. ചാനൽ കാമറയ്ക്കു മുമ്പിൽ അരമണിക്കൂർ ലൈവ് ആയി സ്ലിപ്പിക്കൊണ്ടേയിരുന്ന ആ നാവിനെക്കുറിച്ച് വൈദ്യ ശാസ്ത്ര വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ ഒരു പഠനമാവാം. അദ്ദേഹം പുറത്തു വിട്ട ലവ് ജിഹാദിനെ അംഗീകരിക്കുന്ന പാർട്ടി രേഖ സ്ലിപ് Slip of the Pen ആയിരിക്കുമെന്ന് നമുക്ക് ആശ്വസിക്കുകയും ചെയ്യാം.

നേരത്തേ പറഞ്ഞ എസ് എഫ് ഐ പിള്ളാരുടെ വിശുദ്ധ മരം ചുറ്റൽ പോസ്റ്ററുകളും, വീട്ടുകാർ പതിവ് രീതിയിൽ ആലോചിച്ചുറപ്പിച്ച നികാഹ് നടക്കുന്നതിന് തൊട്ട് മുമ്പ് കണ്ണൂർ തളിപ്പറമ്പിലെ സഹല എന്ന മുസ്ലിം പെൺകുട്ടിയെ പിടിച്ചിറക്കി കൊണ്ടുപോയ ഡിഫി പ്രാദേശിക നേതാവ് സഖാവ് പ്രഭാതിന് പാർട്ടി ഓഫീസിൽ കിട്ടിയ സ്വീകരണ മാമാങ്കവും ഒക്കെ കണ്ടാവണം സഖാവ് ഷജിൻ ജോസ്‌ന എന്ന ക്രിസ്ത്യൻ പെൺകുട്ടിയുടെ കൈ പിടിച്ചത്. പക്ഷെ ഷജിൻ മറന്നു പോയ ചില കാര്യങ്ങളുണ്ട്.
എങ്കിലും, ചന്ദ്രികേ, നമ്മൾ കാണും
സങ്കല്പലോകമല്ലീയുലകം;
ഘോരസമുദായഗൃദ്ധ്രനേത്രം
കൂരിരുട്ടത്തും തുറിച്ചുനില്‌പൂ!
എന്ന രമണന്റെ ഉപദേശം മാത്രമല്ല അത്, ‘തുച്ഛനാമെന്നെ നീ സ്വീകരിച്ചാൽ നമ്മുടെ പാർട്ടിക്കാർക്കെന്തു തോന്നും?’ എന്നത്‌ കൂടെയാണ്.”Romance is the privilege of the rich” എന്ന് Oscar Wilde പറഞ്ഞതിന്റെ വൈരുധ്യാധിഷ്ഠിത വർഗ വ്യാഖ്യാനം ഇനിയും ഷജിനു മനസ്സിലായില്ലെങ്കിൽ കൂടെ കിടന്നിട്ടും രാപ്പനി അറിയാത്തതിന്റെ കുറവ് മാത്രമാണ്. ഹിന്ദു കമ്മ്യൂണിസ്റ്റായ പ്രഭാതിനും ഹിന്ദു പെൺകുട്ടിയെ കൂടെക്കൂട്ടിയ ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റായ സ്വന്തം എം ൽ എ ലിന്റോ ജോസഫിനും കിട്ടുന്ന അതെ പ്രിവിലെജ് മുസ്ലിം കമ്മ്യൂണിസ്റ്റായ തനിക്കും കിട്ടണമെന്നാണ് മോഹമെങ്കിൽ Oscar Wilde നെയോ ‘All animals are equal, but some animals are more equal than others’ എന്ന് പഠിപ്പിച്ച George Orwell നെയോ ഒക്കെ നേരം കിട്ടുമ്പോൾ ഒന്ന് വായിക്കണമെന്നേ പറയാനുള്ളൂ. ഇനി നമ്മുടെ മന്ത്രി താരം റിയാസ് സഖാവാണ് മനസിലെങ്കിൽ അത് വിട്ടുകള. അത് പുളിങ്കൊമ്പ്‌ വേറെയാണ്. ഏതായാലും വിവാഹ ജീവിതം മംഗളകരമാവട്ടെ, ആശംസകൾ.

Related Articles