Current Date

Search
Close this search box.
Search
Close this search box.

ജിഫ്രി തങ്ങൾ പറയുന്ന ശരികൾ

“ഇല്ല” എന്നതും “ ഉണ്ട്” എന്നതും രണ്ടു നിലപാടുകളുടെ പേരാണ്. “ ഇല്ല” എന്നതു നിഷേധത്തിന്റെ ഭാഷയാണ്. അത് കൊണ്ട് തന്നെ അത് പറയുന്നതിന് മുമ്പ് രണ്ടു തവണ ആലോചിക്കണം. സംഘ പരിവാർ സി പി എം നീക്കുപോക്കിനെ കുറിച്ച് കഴിഞ്ഞ ദിവസമാണ് സംഘ പരിവാർ പ്രത്യയശാസ്ത്ര വിദഗ്ദൻ ബാല ശങ്കർ ചില വിവരങ്ങൾ പുറത്തു വിട്ടത്. സംഘ പരിവാർ ക്യാമ്പ് കൂട്ടത്തിൽ പലതും കൂട്ടിപ്പറഞ്ഞു. ഇടതു ക്യാമ്പുകൾ അത് നിഷേധിച്ചു. ഉണ്ട് എന്ന് പറയാൻ ആരോപകൻ ചില വസ്തുതകൾ ഉന്നയിച്ചു. ഇല്ല എന്ന് പറയാനും വസ്തുതകൾ വേണം. ആ വസ്തുത ഇല്ലാത്ത നിഷേധത്തെയാണ് സമസ്ത പ്രസിഡന്റ് ചോദ്യം ചെയ്തത്.

ഒരു പാർട്ടി മറ്റൊരു പാർട്ടിയുമായി “ ഡീൽ” നടത്തുക എന്നത് രാഷ്ട്രീയത്തിൽ സാധാരണം മാത്രം. അടുത്തിടെ ഒരു ചാനൽ നടത്തിയ സർവെയിൽ കേരളത്തിലെ ഏറ്റവും കൂടുതൽ പേർ വെറുക്കപ്പെടുന്ന പാർട്ടിയായി ബി ജെ പി മുന്നിൽ നിന്നിരുന്നു ( പിന്നീട് അവർ തന്നെ ആ സർവെയിൽ ഖേദം പ്രകടിപ്പിച്ചു). അത് കൊണ്ട് തന്നെ അവരുമായി നേർക്ക്‌ നേർ ഒരു സഖ്യത്തിന് ആരും തയ്യാറാകില്ല. അതെ സമയം നമ്മുടെ മുന്നിലെ ചരിത്രം അവരുമായി പലരും “ ഡീൽ” ഉണ്ടാക്കിയിട്ടുണ്ട് എന്നത് തന്നെയാണ്. നമ്മുടെ നാട്ടിൽ സംഘ പരിവാരിനു രാഷ്ട്രീയ മാന്യത കൊടുത്ത കാര്യത്തിൽ മുന്നണികൾ തമ്മിൽ വലിയ സംവാദം നടക്കുന്നു . ആരാണ് കൂടുതൽ തവണ “ ഡീൽ” നടത്തിയത് എന്നത് മാത്രമായി വർത്തമാന ചർച്ചകൾ മാറിയിരിക്കുന്നു.

കേരളത്തിലെ രണ്ടു പ്രബല ന്യൂനപക്ഷ വിഭാഗങ്ങളാണ് മുസ്ലിംകളും കൃസ്ത്യാനികളും. അവർക്കിടയിൽ മാന്യമായ സഹവർത്തിത്വം നിലനിന്നിരുന്നു. അടുത്ത കാലത്ത് അതിൽ വലിയ കോട്ടം തട്ടിയിരിക്കുന്നു. സംഘ പരിവാർ അത്തരം ഒരു നിലപാട് സ്വീകരിക്കുന്നതിൽ നമുക്ക് ആശ്ചര്യമില്ല. അതെ സമയം സി പി എം പോലെ ഒരു രാഷ്ട്രീയ പ്രസ്ഥാനം അതിനു ചുക്കാൻ പിടിക്കുന്നത്‌ നമ്മെ അല്ഭുതപ്പെടുത്തണം. ബാബറി മസ്ജിദ് വിഷയം ഒരു ഇന്ത്യൻ വിഷയമാണ്. ബാബറി മസ്ജിദ് സംഘ പരിവാരിനു വിട്ടു കൊടുക്കുമ്പോഴും അത് മറ്റൊരു ആരാധാനാലയം തകർത്തു ഉണ്ടാക്കിയതാണ് എന്ന വാദം കോടതി പോലും ഉന്നയിച്ചില്ല. കോടതി പറഞ്ഞത് മറ്റു ചില കാരണങ്ങളാണ്. അതിന്റെ രാഷ്ട്രീയ പ്രാധ്യാന്യമാണ് കൂടുതൽ ശ്രദ്ധേയം. പതിറ്റാണ്ടുകളായി ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു ബാബറി മസ്ജിദ്. അന്ന് മുസ്ലിംകളുടെ കൂടെ ഈ വിഷയത്തിൽ പ്രതിഷേധം അറിയിക്കാൻ മറ്റൊരു സമുദായ സംഘത്തെയും നാം കണ്ടില്ല.

അടുത്തിടെ പൌരത്വ നിയമം വന്നപ്പോഴും അവസ്ഥ അങ്ങിനെ തന്നെ. കേരളത്തിലെ ഒരു പ്രബല മത സമൂഹവും ഈ വിഷയത്തിൽ ഗൗരവമായി പ്രതികരിച്ചതായി കണ്ടില്ല. ആ വിഷയത്തിൽ നമുക്ക് പരാതിയില്ല. അതെ സമയം ഹയാ സോഫിയ തുർക്കിയിലെ പള്ളിയാണ്. അതിനെ ഉപയോഗിച്ച് കേരളത്തിൽ എങ്ങിനെ സാമുദായിക ദ്രുവീകരണം സാധ്യമാണ് എന്ന നിലയിലാണു സി പി എം നേതാക്കൾ ചിന്തിച്ചത്. മുസ്ലിം ലീഗ് കൊണ്ഗ്രസ്സിനെ വിഴുങ്ങുന്നു, കുഞ്ഞാലിക്കുട്ടി മുഖ്യനാകുന്നു എന്നീ വാർത്തകൾ നമ്മുടെ നാട്ടിൽ ഒരിക്കൽ വലിയ രീതിയിൽ വിറ്റുപോയിരുന്നു. മുസ്ലിംകൾ മറ്റു ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു എന്ന രീതിയിലും ചർച്ചകൾ നടന്നിരുന്നു . അതിനു നേതൃത്വം നൽകിയത് സംഘ പരിവാർ മാത്രമല്ല എന്നതാണ് സത്യം. അത് കൊണ്ട് തന്നെ ജിഫ്രി തങ്ങളുടെ വാക്കുകൾ പ്രസക്തമാണ്‌.

പുതിയ കാലത്ത് കാര്യങ്ങൾ കൂടുതൽ മോശമാകുന്നു. മനുഷ്യരെ ഒന്നായി ചുട്ടു കൊല്ലുന്ന വാർത്തകൾ തിരസ്കരിക്കപ്പെടുന്നു. ഹിന്ദു പെൺകുട്ടികളെ മതം മാറ്റി സിറിയയിൽ കൊണ്ട് പോകുന്നതാണ് പുതിയ ചർച്ച. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും നമ്മുടെ സാമൂഹിക അവസ്ഥ കൂടുതൽ വഷളാകുന്നു. എന്തും പറയാം എന്ന ധൈര്യത്തിലാണ് സംഘ പരിവാർ. നാട്ടിലെ ഒരു വ്യവസ്ഥയും തങ്ങൾക്ക് ബാധമല്ല എന്ന രീതിയിലാണ് അവർ മുന്നോട്ടു പോകുന്നത്. മതേതര മുന്നണികൾ രഹസ്യമായി സംഘ പരിവാരിനു ഇടം വാങ്ങി നൽകാൻ മത്സരിക്കുന്നു. ഇടതു പക്ഷത്തു അടുത്തിടെ ചേർന്ന കേരള കോണ്ഗ്രസ് നേതാവിന് സംഘ പരിവാറും കൊണ്ഗ്രസ്സും സി പി എമ്മും ഒരേ പോലെയാണ്. അതായത് അധികാരത്തിൽ എത്താനുള്ള വഴികൾ.

സംഘ പരിവാർ ഒരിക്കൽ കീഴടക്കിയാൽ പിന്നെ ഒരു തിരിച്ചു പോക്ക് അസാധ്യമാണ്. ഒരിക്കൽ ഇടതു പക്ഷം മാത്രം ഭരിച്ചിരുന്ന ബംഗാളിൽ ഇന്നവർ രണ്ടാം കക്ഷി പോലുമല്ല. അത് കൊണ്ട് തന്നെ സമസ്ത നേതാവിന്റെ വാക്കുകൾ തീർത്തും അവസരോചിതമായി തീരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാം നമ്പർ ശത്രുവാര് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ പലപ്പോഴും മതേതര കക്ഷികൾക്ക് കഴിയാറില്ല. കോണ്ഗ്രസ് സി പി എമ്മിന്റെ ശത്രുവാണ് , മറിച്ചും. ആ ശത്രുത മതേതര ജനാധിപത്യ മൂല്യങ്ങളിളല്ല. അതെ സമയം സംഘ പരിവാരുമായി നാം വിയോജിക്കുന്ന മുഖ്യ പോയിന്റ് ജനാധിപത്യവും മതേതരത്വവുമാണ്.

Related Articles