Current Date

Search
Close this search box.
Search
Close this search box.

അടിയന്തരാവസ്ഥ മുതൽ മോഡി വരെ: ബിബിസിയുടെ ഇന്ത്യയിലെ സ്വാധീനം

കഴിഞ്ഞ ചൊവ്വാഴ്ച ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നികുതിവെട്ടിപ്പ് അന്വേഷണത്തിന്റെ പേരിൽ ഒരു “സർവേ ഓപ്പറേഷൻ” നടത്തിയത്‌ വലിയ ജനശ്രദ്ധ നേടിയിരുന്നു. 2002-ൽ ഗുജറാത്തിൽ നടന്ന വർഗീയ കലാപങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ വിവാദ നയങ്ങളും അന്വേഷിക്കുന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ജനുവരിയിൽ ബിബിസി പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ സംഭവം.

നേരത്തെ, ബിബിസി ഡോക്യുമെന്ററിയുടെ ക്ലിപ്പുകൾ പിൻവലിക്കാൻ യൂട്യൂബിനും ട്വിറ്ററിനും നിർദ്ദേശങ്ങൾ നൽകാൻ മോദി സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു. “ഒരു അപകീർത്തികരമായ ആഖ്യാനത്തെ ഉത്തേജിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ഒരു പ്രചരണ ഭാഗം” എന്നായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്. ഇന്ത്യ “അപ്രഖ്യാപിത അടിയന്തരാവസ്ഥ”യിലാണെന്ന് പറഞ്ഞായിരുന്നു ആദായനികുതി നടപടിയോട് പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചത്.

നീണ്ട ചരിത്രം
ഇന്ത്യയിൽ ബിബിസി ശ്രദ്ധാകേന്ദ്രമാവുന്നത് ആദ്യമായിട്ടല്ല. 1924-ൽ ഇന്ത്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയതു മുതൽ രാജ്യത്തെ മാധ്യമ പ്രവർത്തനത്തിൽ ബിബിസി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിന്റെ പരിണതഫലമായി, അധികാരത്തിലിരിക്കുന്ന ഗവൺമെന്റുകളിൽ നിന്നും കയ്പേറിയ ആക്രമണത്തിന് ഇവർ പലപ്പോഴും വിധേയമായി എന്നത് വാസ്തവമാണ്.

1970-കളുടെ തുടക്കത്തിൽ, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ‘കൽക്കട്ട , ഫാന്റം ഇന്ത്യ’ എന്നീ രണ്ട് ഡോക്യുമെന്ററികൾ സംപ്രേക്ഷണം ചെയ്‌തതിന്റെ പേരിൽ ബിബിസിക്ക് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. യു.കെ യിലും ഇന്ത്യയിലും ഈ സിനിമകൾ വലിയ രോഷം സൃഷ്ടിച്ചിരുന്നു. “ഇന്ത്യയിലെ ദൈനംദിന ജീവിതത്തിന്റെ അനുഭവസാക്ഷ്യകുറിപ്പുകൾ” ആയി ജനശ്രദ്ധ നേടിയ രണ്ട് ഡോക്യുമെന്ററികളും ഇന്ത്യനവസ്ഥയെ നിഷേധാത്മകമായി വിലയിരുത്തുന്നതായിരുന്നു.

1975-ൽ ബിബിസി വീണ്ടും പുറത്താക്കപ്പെട്ടു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥക്കാലത്തായിരുന്നു അത്. സെൻസർഷിപ്പ് കരാറിൽ ഒപ്പിടാൻ സംഘടന വിസമ്മതിച്ചതിനെ തുടർന്ന് ബിബിസിയുടെ അന്നത്തെ ഡൽഹി ലേഖകൻ ‘മാർക്ക് ടുള്ളി’ക്ക് രാജ്യം വിടാൻ 24 മണിക്കൂറായിരുന്നു സമയം അനുവദിച്ചത്.

അടിയന്തരാവസ്ഥ
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യൻ പ്രേക്ഷകർക്ക് ബിബിസിയുടെ പങ്ക് നിർണായകമായിരുന്നുവെന്ന് ടുള്ളി 2015-ൽ ഫെയർ ഒബ്‌സർവറിനോട് പറയുന്നുണ്ട്. “ഞങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ, ഇന്ദിര ഗാന്ധിയെയും അവരുടെ സർക്കാരിനെയും ഞങ്ങൾ എതിർത്തത് മുതൽ അവർ ഞങ്ങളെ വെറുത്തു, ഓഫീസ് അടച്ച്പൂട്ടി എന്നെ പുറത്താക്കിയാൽ ബിബിസി നിലക്കുമെന്നാണ് അവർ ധരിച്ചത്. എന്നാൽ ബിബിസി അതിന്റെ പ്രയാണം തുടരുക തന്നെയായിരുന്നു, ബിബിസിയോട് വളരെ കടപ്പാടുള്ള ധാരാളം ആളുകൾ ഉണ്ടായിരുന്നു, ഞങ്ങളുടെ വിശ്വാസ്യതയ്ക്ക് ഞങ്ങൾ കോട്ടം വരുത്തിയില്ല”

‘Dialogues 1: Ricochets’ എന്ന പേരിൽ അക്കാദമിക് ബാർബറ ലെഹിൻ 1996-’97-ൽ പ്രസിദ്ധീകരിച്ച അക്കാദമിക് പേപ്പറുകളുടെ സമാഹാരം ഈ വസ്തുതയെ സ്ഥിരീകരിക്കുന്നുണ്ട്. ‘അടിയന്തരാവസ്ഥയിൽ ബിബിസി ഹിന്ദിയുടെ സേവനം ആളുകൾക്കിടയിൽ വളരെ പ്രചാരത്തിലായിരുന്നു, കാരണം അവർ ഇതിനെ “വിവരങ്ങളുടെ വിശ്വസനീയമായ ഉറവിടമായി” കണ്ടു. ആ സമയത്ത് 50-60 മില്ല്യൺപ്രേക്ഷകർ ബിബിസിക്ക് ഉണ്ടായിരുന്നുവെന്നും’ ലെഹിൻ കണ്ടെത്തുന്നു.

ബിബിസിയിലുള്ള പൊതുജനവിശ്വാസം വളരെ ശക്തമായിരുന്നുവെന്നും അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ വിരുദ്ധ ശക്തികളുടെ പ്രധാന നീക്കങ്ങൾ മുഖ്യമായും ബിബിസി സംപ്രേക്ഷണം ചെയ്തതായി പത്രപ്രവർത്തകൻ കൂമി കപൂർ തന്റെ ദ എമർജൻസി: എ പേഴ്സണൽ ഹിസ്റ്ററി എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

വിശ്വസനീയമായ ഒരു മാധ്യമ സ്രോതസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ, ഇന്ദിരാഗാന്ധിയുടെ സർക്കാർ ബിബിസിയെ സ്വാധീനിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുകയുണ്ടായി. ഗാന്ധിയുടെ ബന്ധുവും അടിയന്തരാവസ്ഥക്കാലത്ത് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായ ബി കെ നെഹ്‌റു, ബ്രോഡ്കാസ്റ്ററിന്റെ ഡയറക്ടർ ജനറൽ ചാൾസ് കുരനോട് അതിന്റെ എഡിറ്റോറിയൽ നയങ്ങൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. “ശ്രീമതി ഇന്ദിരയുടെ ഒരു പ്രതിപക്ഷ പാർട്ടിയുടെ റോളിൽ ബിബിസി സ്വയം പരിവേഷം നടത്തിയിരുന്നു” വെന്ന ബി കെ നെഹ്‌റുവിന്റെ പരാമർശം ചേർത്തുവായിക്കേണ്ടതാണ്.

നിർണ്ണായക വെളിപ്പെടുത്തലുകൾ
ഇന്ത്യൻ മാധ്യമങ്ങളും ബ്രോഡ്കാസ്റ്റുകളും പിന്മാറുന്ന അവസരങ്ങളിൽ പലപ്പോഴും പ്രധാന വാർത്തകൾ പ്രസിദ്ധീകരിക്കാൻ ബിബിസി മുന്നോട്ട് വന്നത് അവർക്കുള്ള ജനസ്വീകാര്യതക്ക് കാരണമായി. ഉദാഹരണത്തിന്, 1977ലെ അടിയന്തരാവസ്ഥക്കാലത്ത് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയും മത്സരിച്ചപ്പോൾ കോൺഗ്രസ്സിന്റെ പരാജയം ആദ്യം പ്രഖ്യാപിച്ചത് ബിബിസി ആയിരുന്നു. വളരെ വൈകി വരെ ആൾ ഇന്ത്യ റേഡിയോ കോൺഗ്രസിന്റെ പരാജയം പ്രഖ്യാപിച്ചിരുന്നില്ല. അതുകൊണ്ട് തന്ന ഇടക്കാല ഫലങ്ങളുടെയും മറ്റും പ്രധാന ഉറവിടമായി ബിബിസി കണക്കാക്കപ്പെട്ടു.

അതുപോലെത്തന്നെ, ഇന്ത്യൻ ഗവൺമെന്റിന്റെ മുൻ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായ ഐ രാമമോഹൻ റാവുവിന്റെ അഭിപ്രായത്തിൽ, 1984-ൽ ഇന്ദിരാഗാന്ധിയുടെ കൊലപാതകവാർത്ത ദേശീയ മാധ്യമങ്ങൾക്ക് മുമ്പുതന്നെ ബിബിസി പ്രസിദ്ധീകരിച്ചിരുന്നു. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇന്ദിരയുടെ മരണവിവരം അറിയിക്കാൻ സർക്കാർ മണിക്കൂറുകളോളം വൈകിയ സമയത്ത് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ ബിബിസി ഒരു ഡോക്ടറെ തന്നെ അവിടെ എത്തിച്ചിരുന്നു.

“രാജ്യത്തുടനീളമുള്ള ഇന്ത്യക്കാർ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ച് ബിബിസിയിൽ നിന്ന് ആദ്യം കേട്ടത് ഇപ്പോഴും ഓർക്കുന്നു” ഡൽഹി ആസ്ഥാനമായുള്ള ഫ്രഞ്ച് പത്രപ്രവർത്തകൻ സെബാസ്റ്റ്യൻ ഫാർസിസ് 2020-ൽ പറയുകയുണ്ടായി.

1980 കളിൽ പഞ്ചാബ് സാക്ഷ്യം വഹിച്ച കലാപത്തിന്റെ ദീർഘമായ റിപ്പോർട്ടിംഗും ബിബിസി ഓർമ്മിക്കപ്പെടാൻ പ്രധാന കാരണമായി. അമൃത്‌സറിലെ സുവർണ ക്ഷേത്ര സമുച്ചയത്തിൽ നിന്ന് തീവ്രവാദി നേതാവ് ജർണയിൽ സിംഗ് ഭിന്ദ്രൻവാലയെയും അനുയായികളെയും പുറത്താക്കാൻ ഇന്ത്യൻ സുരക്ഷാ സേന 1984 ജൂണിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറടക്കമുള്ള സംഭവങ്ങളിലും ബിബിസി ശ്രദ്ധിക്കപ്പെട്ടു.

സൈനിക നടപടിക്ക് മുമ്പ് സുവർണ്ണ ക്ഷേത്രത്തിനുള്ളിൽ നിന്ന് അവിടെയുള്ള കോട്ടകളെ കുറിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർ ടുള്ളിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ സതീഷ് ജേക്കബും മാത്രമായിരുന്നു. സതീഷ് ജേക്കബ് ഓർക്കുന്നു: “ഇതറിഞ്ഞ ഇന്ദിരാഗാന്ധി ഞെട്ടിയിരുന്നു, അന്ന് ഒരു ഇന്ത്യൻ പത്രമോ ടെലിവിഷനോ അത് റിപ്പോർട്ട് ചെയ്തിരുന്നില്ല”

പൊതു വിശ്വാസ്യത
ഇന്ത്യൻ വാർത്താ മാധ്യമങ്ങളുടെ വ്യാപനമുണ്ടായിരുന്നിട്ടും സമീപ വർഷങ്ങളിലും ബിബിസി രാജ്യത്ത് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2019-ൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കിക്കൊണ്ട് ജമ്മു കശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ആശയവിനിമയ നിയന്ത്രണങ്ങൾ മറികടക്കാൻ ബിബിസി അതിന്റെ പ്രധാന ഹിന്ദി റേഡിയോ പ്രോഗ്രാമായ “ദിൻഭർ” പ്രക്ഷേപണ സമയം കൂട്ടിയിരുന്നു. ജമ്മു കശ്മീരിലെ “വിവര ക്ഷാമമുള്ള പ്രേക്ഷകരെ” തൃപ്തിപ്പെടുത്തുന്നതിനായിരുന്നു ഇതെന്ന് ബിബിസി ഹിന്ദി റേഡിയോ ടീമിനെ നയിച്ച രാജേഷ് ജോഷി 2020 ജനുവരിയിൽ പറയുകയുണ്ടായി.

2022ലെ റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് അനുസരിച്ച് ബിബിസി ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വാർത്താ ബ്രാൻഡുകളിലൊന്നായി ഇന്നും തുടരുന്നുണ്ട്. വാസ്തവത്തിൽ, 2013-ൽ, ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ, മോദി ബിബിസിയെ പ്രശംസിച്ചിരുന്നു. ഒരുകാലത്ത് ഇന്ത്യൻ മാധ്യമങ്ങളേക്കാളും ദേശിയ ബ്രോഡ്കാസ്റ്ററുകളെക്കാളും കൂടുതൽ ബിബിസിക്ക് ജനങ്ങൾക്കിടയിൽ വിശ്വാസ്യതയും സ്വാധീനവുമുണ്ടായിരുന്നുവെന്നാണ് മോഡി പ്രശംസിച്ചത്.

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles