വിശുദ്ധ റമദാന്‍ ഒരു ആത്മീയ വിപ്ലവമാണ്. ഓരോ മനുഷ്യനെയും പരിവര്‍ത്തിപ്പിക്കുന്ന ആത്മീയ അനുഭൂതിയുടെ മാസം. ഓരോരുത്തരുടെയും സ്വഭാവത്തിനും പെരുമാറ്റത്തിനും പ്രത്യേക മാറ്റം സംഭവിക്കുകയും അതൊരു ശീലമായി മാറുകയും ചെയ്യണമെന്ന സന്ദേശമാണ് ശരിക്കും റമദാന്‍ കൈമാറുന്നത്. നന്മനിറഞ്ഞ മനസ്സുകള്‍ക്ക് റമദാന്‍ സമാധാനമോതുന്നു. കാരുണ്യവാന്മാര്‍ക്ക് ദൈവത്തില്‍ നിന്നുള്ള കരുണയെ പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. നമ്മുടെ ആലോചനകളില്‍ റമദാനിന്റെ ശ്രേഷ്തയെന്താണ്? ഖുര്‍ആന്‍ അവതീര്‍ണമായ മാസം, നോമ്പ് നിര്‍ബന്ധമാക്കിയ മാസം, ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ രാവുള്ള മാസം, സ്വര്‍ഗ കവാടം തുറക്കുകയും നരക കവാടം അടക്കുകയും പിശാചിനെ ബന്ധനസ്ഥനാക്കുകയും ചെയ്യുന്ന മാസം -ഇതെല്ലാം വിശുദ്ധ റമദാനിന്റെ ശ്രേഷ്തയും പ്രത്യേകതയുമാണ്. എന്നാല്‍, റമദാനെ കൂടുതല്‍ പ്രത്യേകമാക്കുന്നത് വിശുദ്ധ ഖുര്‍ആനിന്റെ അവതരണമാണ്. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച രാവെന്നത് ലൈലത്തുല്‍ ഖദ്‌റിനെയും ശ്രേഷ്ഠമാക്കുന്നു. ‘തീര്‍ച്ചയായും നാം അതിനെ (വിശുദ്ധ ഖുര്‍ആനെ) ഒരു അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു’ (അദ്ദുഖാന്‍: 3) ഖുര്‍ആനുമായി ബന്ധപ്പെടുന്നതെല്ലാം ശ്രേഷ്ഠമായി തീരുമ്പോള്‍, നമ്മുടെ ഖുര്‍ആനിക ബന്ധമാണ് റമദാനില്‍ പരിശോധിക്കപ്പെടേണ്ടത്.
‘വായിക്കുക’ എന്ന ഖുര്‍ആനിക അവതരണം മാനസികവും സാമൂഹികവുമായ മാറ്റത്തിന് തുടക്കമിടുകയായിരുന്നു. മക്കാ-മദീനാ കാലഘട്ടത്തിലെ പ്രവാചക-അനുചരന്മാരുടെ ജീവിതം അതാണ് സാക്ഷ്യപ്പെടുത്തുന്നത്. മനുഷ്യ ചിന്തയെ രൂപപ്പെടുത്താനും മാറ്റിപ്പണിയാനും വിശുദ്ധ ഖുര്‍ആന് സാധിച്ചു. ഒരാള്‍ക്ക് ഒരു റമദാന്‍ കൂടി ലഭിച്ചുവെന്നതല്ല, ലഭിച്ച റമദാനെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനം. ത്വല്‍ഹത് ബിന്‍ ഉബൈദില്ലയില്‍ നിന്ന് നിവേദനം: ‘ബലിയ്യ് ഗോത്രത്തില്‍ പെട്ട രണ്ട് പേര്‍ ഇസ്‌ലാം സ്വീകരിച്ചു. ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിച്ചു. മറ്റെയാള്‍ ഒരു വര്‍ഷവും കൂടി ജീവിച്ചു. ത്വല്‍ഹത് ബിന്‍ ഉബൈദില്ല പറയുന്നു: ഞാന്‍ സ്വപ്‌നം കണ്ടു; ഞാന്‍ സ്വര്‍ഗ കവാടത്തിനടുത്ത് നില്‍ക്കുന്നു. ആ രണ്ട് പേരും അവിടെയുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് ഒരാള്‍ (മാലാഖ) പുറത്തുവന്നു. അവസാനം മരണപ്പെട്ടയാള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി. ശേഷം, മാലാഖ പുറത്തുവന്ന് രക്തസാക്ഷിത്വം വരിച്ചയാള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കി. പിന്നീട് എന്റെയടുക്കല്‍ വന്നുപറഞ്ഞു: മടങ്ങുക, നിന്റെ സമയമായിട്ടില്ല. ഇത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. നേരം വെളുത്തപ്പോള്‍ അല്ലാഹുവിന്റെ റസൂലിനോട് ഇതിനെ കുറിച്ച് ചോദിച്ചു. അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: അയാള്‍ ഒരു വര്‍ഷവും കൂടി ജീവിച്ചില്ലേ? അവര്‍ പറഞ്ഞു: അതെ. റമദാന്‍ ലഭിക്കുകയും നോമ്പെടുക്കുകയും നമസ്‌കരിക്കുകയും ചെയ്തില്ലേ? അവര്‍ പറഞ്ഞു: അതെ.’ (അഹ്‌മദ്)
അല്ലാഹുവിന്റെ റസൂലിന്റെ(സ) സ്വഭാവത്തെ കുറിച്ച് ആയിശ(റ) പറഞ്ഞത് ഖുര്‍ആനായിരുന്നു എന്നാണ്. റസൂലിന്റെ(സ) ജീവിതത്തെ കുറിച്ചുള്ള ശ്രദ്ധേയമായൊരു പ്രസ്താവനയാണത്. ജീവിതം ഖുര്‍ആനികമാകുന്നത് ഖുര്‍ആനിക വായനയിലൂടെയാണ്. അത് കേവലമായ വായനയല്ല; വായനയും ചിന്തയും മനസ്സിലാക്കലും ഉള്‍കൊള്ളലും അടങ്ങുന്ന തലമാണ്. ‘അറിയുക, തീര്‍ച്ചയായും ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. മോശമായാല്‍ ശരീരം മുഴുവന്‍ മോശമായി. അത് ഹൃദയമാണ്’. നമ്മുടെ മനസ്സിനെ കുറിച്ച റസൂല്‍(സ)യുടെ വിശദീകരണമാണിത്. നമ്മുടെ മനസ്സിനെയും ചിന്തയെയും പരിവര്‍ത്തിപ്പിക്കുന്ന സ്വഭാവഗുണങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ റമദാനിലൂടെ കരഗതമാകേണ്ടതുണ്ട്. ഖുര്‍ആനിക മൂല്യങ്ങള്‍ മാറ്റിവെച്ചുള്ള നോമ്പുകൊണ്ട് യാതൊരു കാര്യവുമില്ല. അബൂ ഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ആരെങ്കിലും കളവ് പറയുകയും മോശം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വെടിയുന്നില്ലെങ്കില്‍ ഭക്ഷണപാനീയം ഉപേക്ഷിക്കേണ്ടതില്ല’. നോമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് വിശന്നിരിക്കലല്ലെന്ന് റസൂല്‍(സ) ഇതിലൂടെ വ്യക്തമാക്കുന്നു. പകലില്‍ നോമ്പെടുത്തും പാതിരാവില്‍ നമസ്‌കരിച്ചുമുള്ള ആത്മീയ വിപ്ലവത്തിന്റെ പ്രചോദനം ഖുര്‍ആനിക വായന തന്നെയാണ്.
അഹ്‌മദ് ഹുസൈന്‍ അസ്സാവി തന്റെ ‘ഫജ്‌റുസ്സഹാഫതി ഫി മിസ്ര്‍’ എന്ന ഗ്രന്ഥത്തില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് പ്രിന്റിങ് പ്രസിന് നല്‍കിയ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. 1798ല്‍ ഈജിപ്തിനെതിരായ തന്റെ സൈനിക നടപടിയുടെ ഭാഗമായി നെപ്പോളിയന്‍ അറബി, ഫ്രഞ്ച് അക്ഷരങ്ങള്‍ അടങ്ങുന്ന പ്രിന്റിങ് പ്രസ് താന്‍ സഞ്ചരിച്ച കപ്പലില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. കിഴക്കില്‍ ഫ്രഞ്ച് കൊളോണിയല്‍ സാമ്രാജ്യത്തിന്റെ കേന്ദ്രമാക്കി ഈജിപ്തിനെ മാറ്റുകയെന്ന നെപ്പോളിയന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ അച്ചടിയന്ത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പരിശോധിക്കേണ്ടതാണ്. 50000ത്തോളം വരുന്ന സൈനികരും പീരങ്കികളും 400 കപ്പലുകളുള്ള നാവികപ്പടയും ഉള്‍പ്പെടുന്ന സൈനിക സംവിധാനത്തേക്കാള്‍ പ്രാധാന്യമുള്ള ഒന്നായി അച്ചടിയന്ത്രത്തെ നെപ്പോളിയന്‍ കണ്ടിരുന്നതായി ചരിത്ര പഠനങ്ങള്‍ അടിവരയിടുന്നു. അച്ചടിയന്ത്രത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഓറിയന്റലിസ്റ്റ് മാര്‍സിലിനെ നെപ്പോളിയന്‍ തിരഞ്ഞെടുത്തത്, ഒരു ജനതക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ അച്ചടിയന്ത്രത്തിന് നെപ്പോളിയന്‍ നല്‍കിയ പ്രാധാന്യമാണ്. അലക്‌സാണ്ട്രിയയില്‍ എത്തുന്നതിന് മുമ്പ് ഈജിപ്തുകാരെ അഭിസംബോധന ചെയ്തുള്ള ആദ്യ പ്രസിദ്ധീകരണം ജനതയെ സ്വാധീനിക്കുകയും, പീരങ്കികള്‍ വര്‍ഷിച്ച ബോംബുകളെക്കാള്‍ ഭീതിയും ഭയാനകതയും നിറയ്ക്കുകയും ചെയ്തു. സൈനികരെയും ആയുധങ്ങളെയും ഉപയോഗപ്പെടുത്തി ഭൂമി അധിനിവേശം നടത്തുന്നതിന് മുമ്പ് പ്രസിദ്ധീകരണങ്ങളിലൂടെ മനസ്സിനെയും ബുദ്ധിയെയും കീഴ്‌പ്പെടുത്തുകയെന്ന തന്ത്രമായിരുന്നു നെപ്പോളിയന്‍ പയറ്റിയത്. എഴുത്തും പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും മനുഷ്യ മനസ്സിനെയും ബുദ്ധിയെയും എവ്വിധം കീഴ്‌പ്പെടുത്തുന്നുവെന്ന നെപ്പോളിയന്റെ തിരിച്ചറിവ് നമുക്കും ഒരു തിരിച്ചറിവാണ്.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL