Current Date

Search
Close this search box.
Search
Close this search box.

അവസാന ചിരി സംഘ പരിവാറിന്റെതാകരുത്

പ്രതിക്രിയ നിർബന്ധമാണ്‌. പക്ഷെ ആർ നടപ്പാക്കണം എന്നതാണ് വിഷയം. ജീവിക്കാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. ഒന്നിന്റെയും പേരിൽ ആരുടേയും ജീവിക്കാനുള്ള അവകാശം തടസ്സപ്പെടുത്താൻ പാടില്ല. ആരെങ്കിലും അതിനു തുനിയുമ്പോൾ ഇടപെടേണ്ട വിഭാഗമാണ്‌ ഭരണകൂടങ്ങൾ. ഭരണകൂടങ്ങൾക്ക് തന്നെ വളവു വന്ന കാലത്ത് നാം ആരെ വിശ്വസിക്കണം എന്നതാണ് മുന്നിലുള്ള ചോദ്യം.

രാജ്യത്തെ മുസ്ലിം ജനത അത്തരം ഒരു ചോദ്യം നേരിടുന്നു. രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നവർ തന്നെ ഇത്തരം നിലപാടുകൾക്ക് പ്രോത്സാഹനം നൽകുന്നു. ഒരു മൃഗത്തിന്റെ വിലപോലും ഭരണകൂടങ്ങൾ മുസ്ലിം രക്തത്തിനു കൽപ്പിക്കുന്നില്ല. അവരുടെ അവകാശങ്ങൾ ഓരോന്നായി പലരും കവർന്നെടുക്കുമ്പോൾ ഒന്നുകിൽ ഭരണ കൂടം നിശ്ശബ്ദത പ്രകടിപ്പിക്കുന്നു, അല്ലെങ്കിൽ അക്രമിയുടെ പക്ഷം ചേരുന്നു. ഇന്ത്യ മുഴുവൻ നാം കേട്ട് കൊണ്ടിരിക്കുന്ന വാർത്തകൾ ഒരു സമുദായത്തിന്റെ നിലനിൽപ്പ്‌ തന്നെ ചോദ്യം ചെയ്യുന്നതാണ്‌.

കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഒരു ആഘോഷമാണ്. ഒരു കൊല ചാനലുകളും മാധ്യമങ്ങളും നന്നായി ആഘോഷിക്കും. കൊന്നവരുടേയും കൊല്ലപ്പെട്ടവരുടേയും ആളുകൾ ചർച്ചകളിൽ സജീവ സാന്നിദ്ധ്യം അറിയിക്കും. പിന്നീട് നാം അതൊക്കെ മറക്കും. അടുത്ത കൊലയോടെ ചർച്ചകൾ വീണ്ടും സജീവമാകും. ഇതാണ് കേരളത്തിലെ പൊതു സ്വഭാവം. സംഘ പരിവാർ എന്നും ആഗ്രഹിക്കുന്ന ഒന്നാണ് സമൂഹങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാകണമെന്നത്. ഒരു വിഘടിത സമൂഹത്തിൽ മാത്രമേ തങ്ങളുടെ അജണ്ട നടപ്പാക്കാൻ കഴിയൂ എന്നവർ തിരിച്ചറിയുന്നു.

നന്മ നിലനിൽക്കുന്നിടത്ത് തങ്ങൾക്ക് നിലനിൽപ്പില്ല എന്ന് സംഘ പരിവാർ തിരിച്ചറിയുന്നു. Unity among diversity എന്നതാണ് ഇന്ത്യൻ സമൂഹത്തിന്റെ പ്രത്യേകത. അത് കൊണ്ട് തന്നെ നാം ഇന്ത്യക്കാർ എന്ന നിലയിൽ ഒന്നിച്ചു നിന്നിരുന്നു. ഇന്ത്യൻ സമൂഹത്തെ ഹിന്ദു അഹിന്ദു എന്ന രീതിയിൽ ഭിന്നിക്കാൻ സംഘ പരിവാർ ശ്രമം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടായി. അതിലിപ്പോൾ അവർ പൂർണമായി വിജയിക്കുന്നു. അടുത്ത കാലം വരെ ഹിന്ദുത്വം ഒരു ആശയം മാത്രമായിരുന്നു. ഇന്നത്‌ ഒരു പ്രായോഗിക സത്യം കൂടിയാണ്. തങ്ങൾ ഒന്നാം ശത്രു എന്ന് കരുതിയവരെ കിട്ടിയ സമയം കൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുക എന്നതിലാണ് ഇപ്പോൾ അവരുടെ ശ്രദ്ധ. അതിനുതകുന്ന നിയമങ്ങളും നടപടികളും അവർ സ്വീകരിച്ചു വരുന്നു.

കേരളത്തിൽ കൊലപാതക രാഷ്ട്രീയം എന്നും സജീവമാണ്. അതിനു കേരളത്തോളം തന്നെ പഴക്കമുണ്ട്. നാം അതിനെ രാഷ്ട്രീയ കൊലകൾ എന്ന ഓമനപ്പേരിൽ വിളിക്കുന്നു. ഈ കൊലകളിൽ ചില രാഷ്ട്രീയ പാർട്ടികൾ നിത്യ സാന്നിധ്യം അറിയിച്ചിരുന്നു. രാഷ്ട്രീയ കൊലകൾ കൊണ്ട് കേരളത്തെ വേണ്ടത്ര ഭിന്നിപ്പിക്കാൻ കഴിയില്ല എന്ന് സംഘ പരിവാർ തിരിച്ചറിയുന്നു. അത് കൊണ്ടവർ ആക്രമണം ഒരു സമുദായത്തിന്റെ നേർക്ക്‌ തിരിച്ചിരിക്കുന്നു. അതിന്റെ ഫലമാണ്‌ നാം കണ്ടു കൊണ്ടിരിക്കുന്ന പുതിയ നീക്കങ്ങൾ. ഫൈസലും റിയാസ് മൗലവിയും കൊല ചെയ്യപ്പെട്ടത് ആ ഉദ്ദേശ്യം മുന്നിൽ വെച്ച് കൊണ്ടാണ്. അപ്പോഴും ആ കൊലകൾ വേണ്ടത്ര അവർക്ക് ഫലം ചെയ്തില്ല എന്ന് മാത്രമല്ല അവർ ഉദ്ദേശിക്കാത്ത തലത്തിൽ അത് ഉപകാരപ്പെട്ടത്‌ ഇസ്ലാമിന് തന്നെയായിരുന്നു. ഫൈസലിന്റെ കുടുമ്പത്തിൽ നിന്നും കൂടുതൽ പേർ ഇസ്ലാമിലേക്ക് കടന്നു വന്നു എന്നതാണ് അതിന്റെ ബാക്കിപത്രം.

കേരളത്തിൽ അടുത്തിടെ വർധിച്ചു വന്ന കൊലാരൂപമാണ് എസ്‌ ഡി പി ഐ സംഘ പരിവാർ കൊലകൾ. അതിന്റെ ഫലം പെട്ടെന്ന് തന്നെ സംഘ പരിവാരിനു അനുഭവപ്പെടുന്നു. പകരത്തിനു പകരമെന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. രണ്ടു പേർക്കും സംഘടനാപരമായി ഈ കൊലകൾ ഗുണം ചെയ്യും. അതെ സമയം രണ്ടു സമുദായത്തിനും ഇത് നൽകുന്ന ഫലം തീർത്തും നിരാശാജനകമാണ്. മുസ്ലിംകളുടെ ജീവന് ഭരണകൂടം വില കൽപ്പിക്കാത്ത കാലത്ത് അവർ സ്വയം തന്നെ പ്രതിരോധം തീർക്കണം എന്നതാണ് ഒരു കൂട്ടർ മുന്നോട്ട് വെക്കുന്ന ആശയം. അത് മുസ്ലിംകളുടെ അടിസ്ഥാന വിശ്വാസ കാര്യം എന്ന നിലയിൽ വ്യാഖ്യാനിക്കുന്നത് എത്രമാത്രം ഗുണം ചെയ്യുമെന്നതും ദീനിൽ അതിനുള്ള സ്ഥാനവും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. സംഘ പരിവാർ ഉയർത്തുന്ന വെല്ലുവിളി തടയാൻ പൊതു സമൂഹം പരാജയപ്പെടുമ്പോൾ അത് വ്യക്തികളും പാർട്ടികളും ഏറ്റെടുക്കണം എന്ന നിലപാട് ആർക്കാണ് ഗുണം ചെയ്യുക എന്നതും വിലയിരുത്തപ്പെടുത്തേണ്ട ഒന്നാണ്.

മുസ്ലിംകളെ മുസ്ലിംകൾ തന്നെ രക്ഷിക്കണം എന്ന ന്യായത്തെ അപ്പുറത്തും വ്യാഖ്യാനിക്കാൻ കഴിയും. ഒരു ഭാഗത്ത്‌ മുസ്ലിം കൃസ്ത്യൻ ബന്ധങ്ങൾ മോശമാക്കി കാര്യം നേടാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു. അതിനു ചുക്കാൻ പിടിക്കുന്നത്‌ ക്രിസ്തുമതത്തിലെ ഉന്നതർ തന്നെയാണ്. അത് കൊണ്ട് തന്നെ പൊതു സമൂഹത്തിലേക്കു ഈ ചിന്ത വ്യാപിപ്പിക്കാൻ അവർക്ക് കഴിയുന്നു. ചുരുക്കത്തിൽ കേരളം സംഘ പരിവാർ ഉദ്ദേശത്തിലേക്ക് എളുപ്പം വഴുതിപ്പോകുന്നു. എല്ലാ സമുദായങ്ങളിലെയും സമാധാന പ്രേമികളെപോലും മാറ്റി ചിന്തിപ്പിക്കുന്നിടത്തേക്ക് കാര്യങ്ങൾ നീങ്ങിപ്പോകുന്നു.

ഭരണ കൂടങ്ങൾ പരാജയപ്പെടുന്നു എന്നത് ഒരു സത്യമാണ്. നീതിന്യായ വ്യവസ്ഥകൾ പോലും പലപ്പോഴും വഴിമാറിപ്പോകുന്നത് നാം അനുഭവിക്കുന്നു. ഒരു സമുദായത്തിന് അരാജകത്വ ബോധം സൃഷ്ടിക്കാൻ ഇതൊക്കെ ധാരാളമാണ്. അത് മുതലെടുക്കാൻ താൽപ്പര കക്ഷികൾ ശ്രമിക്കുക എന്നതും സ്വാഭാവികം മാത്രം. സംഘടനകൾ തമ്മിലുള്ള കുടിപ്പകക്ക് സമുദായം വില കൊടുക്കേണ്ടി വരുന്നു എന്നതാണ് വർത്തമാന ദുരന്തം. കേരള പൊതു സമൂഹവും മത സമൂഹങ്ങളും മാറിവരുന്ന പ്രവണതകളെ കണ്ടില്ലെന്നു നടിച്ചാൽ പിന്നീട് നാമെല്ലാം ഒന്നിച്ചു കരയേണ്ട അവസ്ഥയാകും സംജാതമാകുക. ചുരുക്കത്തിൽ സംഘ പരിവാർ കുഴിക്കുന്ന കുഴികളിൽ വീഴാനാണ് കേരള പൊതു സമൂഹത്തിന്റെ വർത്തമാന നിയോഗം എന്ന് പറയേണ്ടി വരുന്നു.

Related Articles