രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഹത്രാസില്‍ ദലിത് പെണ്‍കുട്ടിയെ ഉന്നതജാതിക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പുറപ്പെട്ട മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തതെല്ലാം ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു.
എന്നാല്‍, ക്രൂരബലാത്സംഗത്തിന് പിന്നിലെ പ്രതികളായ നാല് പേരില്‍ മൂന്ന്
പേരെയും കോടതി വെറുതെവിട്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ ഇരയുടെ കുടുംബത്തിനും സമൂഹമനസാക്ഷിക്കും നേരെ കൊഞ്ഞനം കുത്തുന്ന വിധിയായിരുന്നു ഇത്. സര്‍വ മേഖലയിലും സംഘ്പരിവാര്‍ സമഗ്രാധിപത്യം അടക്കി വാഴുന്ന ഇന്ത്യയില്‍ നിന്നും മറിച്ചൊരു വിധി പ്രതീക്ഷിക്കുന്നത് വലിയ മണ്ടത്തരമാണെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. പട്ടികജാതി/പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത് എന്നതാണ് ഇവിടെ ഞെട്ടലിന്റെ അളവ് കൂട്ടുന്ന മറ്റൊരു സംഗതി.
2020ലായിരുന്നു ഡല്‍ഹിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19കാരിയായ ദലിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ ഉന്നതജാതിക്കാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് ഡല്‍ഹിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുന്നത്. കൃത്യത്തിന് പിന്നില്‍ ഉന്നതജാതിക്കാരായതിനാല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തേച്ചുമായ്ച്ചു കളയാന്‍ പൊലിസും അധികൃതരും അന്നു തന്നെ മുന്‍കൈയെടുത്തിരുന്നു. പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മൃതദേഹം കുടുംബത്തിന് കൈമാറാതെ പൊലിസ് സംസ്‌കരിച്ചത് ഏറെ വിവാദമായിരുന്നു. ബന്ധുക്കളെ ആരെയും കാണിക്കാതെയായിരുന്നു രാത്രി ഇങ്ങനെ ചെയ്തത്.
കുറ്റകൃത്യത്തിലേര്‍പ്പട്ടവര്‍ ഉത്തര്‍പ്രദേശിലെ ‘ഉന്നത’ ജാതിയായ താക്കൂര്‍ വിഭാഗത്തിലുള്ളവരായിരുന്നു. അതിനാല്‍ തന്നെ ഇതുമൂലം വര്‍ഷങ്ങളായി ജാതി അനീതിയെ ചോദ്യം ചെയ്യാന്‍ പലരും വിസമ്മതിച്ചു. മുഖ്യധാര മാധ്യമങ്ങളൊന്നും വിഷയം വേണ്ടത്ര ഗൗരവത്തിലെടുത്തില്ല. ചര്‍ച്ചകള്‍ നടത്തിയില്ല. ഹെഡ്‌ലൈനുകളില്‍ ഇടം പിടിച്ചില്ല. ഒടുവില്‍ യു.പി പൊലിസില്‍ നിന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറി.
സന്ദീപ് (20) രവി (35), ലവ് കുഷ് (23), രാമു (26) എന്നീ നാല് പേരെയാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കോടതി വിധിയില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304-ാം വകുപ്പ് പ്രകാരം സന്ദീപ് എന്ന ഒരാളെ മാത്രമാണ് കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വമായ നരഹത്യ നടത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മറ്റു മൂന്ന് പേരെയും നിരപരാധികളാണെന്ന് പറഞ്ഞ് വെറുതെ വിടുകയായിരുന്നു.
എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമാണ് സന്ദീപിനെതിരെ കേസെടുത്തത്. നാല് പ്രതികളില്‍ ആരും തന്നെ കൂട്ടബലാത്സംഗ കുറ്റത്തില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടില്ലെന്നതും ഇവിടെ ശ്രദ്ധേയമാണ്.
ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ ഇര നല്‍കിയ മരണാസന്ന മൊഴിയില്‍ അവള്‍ തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ലവ് കുഷ്, രവി, രാമു എന്നിവരുടെ പേരുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്.
സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ യുവതിയുടെ മൊഴി അവഗണിച്ചതിന് ഉത്തര്‍പ്രദേശ് പോലീസിനെ കുറ്റപ്പെടുത്തിയിരുന്നു. ”സെപ്തംബര്‍ 22ന് നടത്തിയ പരിശോധനയില്‍, നാല് പ്രതികള്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തതായി ഇര വ്യക്തമായി പറഞ്ഞു. അവളുടെ മരണമൊഴിയില്‍ അവരെ പേരെടുത്തു പറഞ്ഞിട്ടുണ്ട്. ബജ്റ വയലില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്ന സമയത്താണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവം നടന്ന സമയം നാല് പ്രതികളും ഈ ഗ്രാമത്തിലോ അടുത്തുള്ള സ്ഥലത്തോ ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി, ഇത് ഇരയുടെ ആരോപണം ശരിവയ്ക്കുന്നതാണ്.” സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി പോലും അന്വേഷിക്കുകയും പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികള്‍ എളുപ്പം കുറ്റവിമുക്തരാക്കപ്പെടുമ്പോള്‍ രാജ്യത്തെ ന്യൂനപക്ഷത്തിനും പിന്നാക്ക സമൂഹത്തിനും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിലേക്കാണ് കൊണ്ടെത്തിക്കുക. സംഘ് ആചാര്യന്‍ യോഗി ആതിഥ്യനാഥിന്റെ മണ്ണില്‍ സവര്‍ണ്ണ മേലാള ജാതിക്കാര്‍ ഇത്തരത്തില്‍ താഴ്ന്ന വിഭാഗത്തോട് ചെയ്യുന്ന ക്രൂരതകളും പീഡനങ്ങളും നിത്യസംഭവമായിരിക്കുകയാണ്.
അതേസമയം, ഇതേ കേസിന്റെ വസ്തുത പഠിച്ച് മനസ്സിലാക്കാന്‍ ഹത്രാസിലേക്ക് പുറപ്പെട്ട ഒരു മുസ്ലിം മാധ്യമപ്രവര്‍ത്തകനെ വളരെ കൃത്യമായാണ് ഇതേ യു.പി പൊലിസ് അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
2020 ഒക്ടോബര്‍ അഞ്ചിനാണ് കാപ്പന്‍ അറസ്റ്റിലാകുന്നത്. രണ്ടു വര്‍ഷവും മൂന്ന് മാസവും നീണ്ട ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് കാപ്പന് ഒടുവില്‍ ജാമ്യം ലഭിച്ചത്. യു.എ.പി.എ, ഇ.ഡി കേസുകളില്‍ ജാമ്യം ലഭിച്ചെങ്കിലും ആറ് മാസം ഡല്‍ഹി വിട്ടുപോകരുതെന്ന നിബന്ധനയുമുണ്ട്.
🪀 *കൂടുതല്‍ വായനക്ക്* 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE