Current Date

Search
Close this search box.
Search
Close this search box.

ജ്ഞാനശരണയോ അഷിൻ വിരാതുവോ ആരാവാനാണ് നീക്കം…

നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലെ ‘ഉറുമ്പിനെപ്പോലും നോവിക്കാത്ത’ ബുദ്ധമത വിശ്വാസികളുടെ ഫാഷിസ്റ്റ് സംഘടനയാണ് ബോദു ബാല സേന (ബി.ബി.എസ്). ബുദ്ധിസ്റ്റ് ശക്തിസേന എന്ന് പരിഭാഷപ്പെടുത്താം. ഇന്ത്യയിൽ സംഘ്പരിവാർ ഹിന്ദുമതത്തെ ഫാഷിസ്റ്റ്‌വൽകരിക്കുകയും മുസ്ലിം വിദ്വേഷം പ്രസരിപ്പിക്കുകയും ചെയ്യുന്നത് എങ്ങനെയാണോ അതേവിധത്തിലാണ് ബി.ബി.എസിന്റെയും പ്രവർത്തനം. 2004ൽ രൂപം കൊണ്ട ജാതിക് ഹേല ഉറുമയ എന്ന സിംഹള ദേശീയവാദി സംഘടനയിൽനിന്ന് വേർപിരിഞ്ഞ് 2012ലാണ് ബി.ബി.എസ് സ്ഥാപിതമാകുന്നത്. അതിന്റെ നേതാവ് ഗലഗോദ അത്തെ ജ്ഞാനശരണയെ ശ്രീലങ്കയിലെ യോഗി ആദിത്യനാഥ് എന്ന് വിളിക്കാം, അല്ലെങ്കിൽ മ്യാൻമറിലെ ബുദ്ധഭീകര സന്യാസി അഷിൻ വിരാതുവിനോട് ഉപമിക്കാം. എല്ലാം ഒരേ ജനുസ്സിൽപെട്ടവർ. മുസ്ലിം ഉന്മൂലനമെന്ന ഒരേയൊരു അജണ്ട മാത്രമാണ് ഇവരെ നയിക്കുന്നത്.

2013 ഫെബ്രുവരിയിൽ ഹലാൽ സർട്ടിഫിക്കേഷൻ സമ്പ്രദായത്തിനെതിരെ ക്യാമ്പയിനുമായി ഇറങ്ങിയതോടെയാണ് ബി.ബി.എസ് ശ്രദ്ധിക്കപ്പെടുന്നത്. ശ്രീലങ്കയിൽ ഹലാൽ സർട്ടിഫിക്കേഷൻ നൽകുന്നത് ഇസ്ലാമിക പണ്ഡിതന്മാരുടെ സംഘടനയായ ഓൾ സിലോൺ ജംഇയ്യത്തുൽ ഉലമയാണ്. ആരെയും നിർബന്ധിച്ച് സർട്ടിഫിക്കറ്റ് പിടിപ്പിക്കാൻ സംഘടന ശ്രമിക്കാറില്ല. തങ്ങളുടെ ഉൾപന്നങ്ങൾക്ക് ഹലാൽ മുദ്ര ആവശ്യമുള്ളവർ സംഘടനയെ സമീപിച്ചാൽ പരിശോധിച്ച ശേഷം സർട്ടിഫിക്കറ്റ് നൽകും. അതിന് ചെറിയൊരു ഫീസും വാങ്ങും. കാലങ്ങളായി നടന്നുവരുന്ന ഈ സംവിധാനം അവസാനിപ്പിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് ബി.ബി.എസ് ആദ്യം ഭീഷണി മുഴക്കിയത്. തുടർന്ന് ഹെയിറ്റ് ക്യാമ്പയിൻ തുടങ്ങി. ഹലാൽ ഉൽപന്നങ്ങൾ രാജ്യത്തിനുമേൽ അടിച്ചേൽപിച്ച് ശ്രീലങ്കയിൽ ശരീഅത്ത് നിയമം നടപ്പാക്കാനാണ് പദ്ധതി എന്നായിരുന്നു ആരോപണം. രാജ്യത്ത് നേരത്തെ നടപ്പിൽവന്ന ഇസ്ലാമിക് ബാങ്കിംഗ് സമ്പ്രദായം ഇതിന്റെ ആദ്യ പടിയാണെന്നും പ്രചാരണം അഴിച്ചുവിട്ടു.

2013 ഫെബ്രുവരി 17ന് നടത്തിയ റാലിയിൽ ഹലാൽ സർട്ടിഫിക്കേഷൻ അവസാനിപ്പിക്കുന്നതായും ഹലാൽ മാംസം വിതരണം ചെയ്യുന്നത് ഏപ്രിലിനകം മുഴുവൻ കടകളും നിർത്തണമെന്നും ബി.ബി.എസ് നേതാക്കൾ മുന്നറിയിപ്പ് നൽകി. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഹലാൽ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിന്റെ ഉത്തരവാദിത്തം സർക്കാറിനെ ഏൽപിക്കാൻ തയ്യാറാണെന്നും ഓൾ സിലോൺ ജംഇയ്യത്തുൽ ഉലമ വ്യക്തമാക്കിയെങ്കിലും അതൊന്നും ബി.ബി.എസിന് സ്വീകാര്യമായിരുന്നില്ല. ശ്രീലങ്കയിൽ ഹലാൽ ഭക്ഷണം നിരോധിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ബുദ്ധിസ്റ്റ് ഭീകരവാദികളുടെ സമ്മർദ്ദം ഭയന്ന് ഹലാൽ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാനുള്ള ഉത്തരവാദിത്തം സർക്കാറും ഏറ്റെടുത്തില്ല. ഇത് തങ്ങളുടെ വിജയമായി പ്രഖ്യാപിച്ച ബി.ബി.എസ് 2014 ജൂണിൽ അഴിച്ചുവിട്ട മുസ്ലിം വിരുദ്ധ കലാപത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പതിനായിരത്തിലേറെ പേർ ഭവനരഹിതരാവുകയും ചെയ്തു. വാഹനങ്ങളിൽനിന്ന് വരെ പിടിച്ചിറക്കിയായിരുന്നു ആക്രമണം. മുസ്ലിംകളുടെ കച്ചവട സ്ഥാപനങ്ങൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. നിരവധി ആരാധനാലയങ്ങൾ തകർക്കപ്പെട്ടു.

 

സിംഹള പോലിസും സിംഹള സൈന്യവുമാണ് ഈ രാജ്യത്തുള്ളതെന്നും ഓർത്തുകളിച്ചോ എന്നുമായിരുന്നു ബി.ബി.എസ് നേതാവ് ജ്ഞാനശരണയുടെ മുന്നറിയിപ്പ്. 2017ലും 2018ലും നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളിലും ഇയാളുടെ കൊലവിളി പ്രസംഗങ്ങളായിരുന്നു കാരണം. മുസ്ലിംകൾക്കെതിരെ യോജിച്ചു നീങ്ങാൻ ജ്ഞാനശരണയും മ്യാന്മാറിലെ ഇയാളുടെ ‘സഹോദരൻ’ അഷിൻ വിരാതുവും ഒരു കരാർ ഒപ്പിട്ടത് വലിയ വാർത്തയായിരുന്നു! രോഹിംഗ്യ മുസ്ലിംകളെ വംശഹത്യ ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്തയാളാണ് വിരാതു.

പറഞ്ഞുവരുന്നത് ഇതാണ്. കേരളത്തിൽ ഹലാൽ ഭക്ഷണത്തെച്ചൊല്ലി സംഘ്പരിവാർ തീവ്രവാദികൾ തുടങ്ങിവെച്ച ഹെയിറ്റ് ക്യാമ്പയിൻ സംസ്ഥാനത്തെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനും മുസ്ലിംകളെ സാമ്പത്തികമായി തകർക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഉത്തരേന്ത്യയിൽ നടന്ന അസംഖ്യം വർഗീയ കലാപങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഭക്ഷണത്തിന്റെ പേരിൽ കേരളത്തിലും വർഗീയവിഷജീവികൾ പത്തിവിടർത്തിയാടുന്നത് എന്തു വിലകൊടുത്തും തടയാൻ എല്ലാം വിഭാഗം ജനങ്ങളും മുന്നോട്ടുവരേണ്ടതുണ്ട്. കേരളത്തിലെ ജ്ഞാനശരണയോ അഷിൻ വിരാതുവോ ആവാനാണ് കെ. സുരേന്ദ്രന്റെ നീക്കം. അതിന് ഈ വർഗീയ വിഷജീവിയെ അനുവദിക്കരുത്.

Related Articles