Current Date

Search
Close this search box.
Search
Close this search box.

ജെൻഡർ ന്യൂട്രാലിറ്റി സർവ്വനാശത്തിൻ്റെ അജണ്ട

പാശ്ചാത്യൻ നാടുകളിൽ അമ്മ/ ഉമ്മ / അപ്പൻ/ അച്ഛൻ/ ഉപ്പ എന്നിങ്ങനെ വിളിക്കുന്നതിനു പകരം “Birthing people” എന്ന “വിപ്ലവകരമായ അഭിസംബോധന” ആരംഭിച്ചതിനെ പറ്റി അടുത്തിടെയാണ് നാം കേട്ടു തുടങ്ങിയത്!

സ്വതന്ത്ര രാഷ്ട്രങ്ങളിലേക്കുള്ള നിരന്തരമായ കടന്നുകയറ്റങ്ങൾ, കൂട്ട നശീകരണായുധങ്ങൾ, ആണവയുദ്ധങ്ങൾ, പരിസ്ഥിതി പ്രതിസന്ധികൾ എന്നിങ്ങനെ ലോകത്തെ സർവ്വനാശത്തിലേക്ക് വഴി നടത്തുന്ന നവ സാമ്രാജ്യത്വ മുതലാളിത്തം മാനവരാശിക്കു നേരെ തൊടുത്ത ഏറ്റവും പ്രഹര ശേഷിയുള്ള മാരകായുധമത്രെ Birthing people എന്ന വാക്ക്! (ടെററിസത്തേക്കാൾ അപകടകരമാണ് ടെർമിനോളജി എന്ന് എഡ്വേർഡ് സഈദ്!)

വേഷം അല്ല പ്രശ്നം. മഞ്ഞുമലയുടെ അറ്റം മാത്രമാണ് വേഷം. നോക്കൂ…എം.ടിയുടെ മഞ്ഞിലും കാലത്തിലും അതിനപ്പുറം ഇന്നലെകളിലെ കേരളീയ ജീവിതത്തിലും വലിയപാവാടയണിഞ്ഞ് ലജ്ജാവതികളായി പാടവരമ്പിലൂടെ നടന്നു വരുന്ന പെൺകുട്ടികളെയാണ് നാം കണ്ടു ശീലിച്ചത്. എന്നു കരുതി എല്ലാ കാലത്തും അങ്ങനെ തന്നെയാവണം പെൺകുട്ടികൾ എന്നു കരുതുന്ന മനസ്സ് യാഥാസ്ഥിതികമാണ്. പാൻ്റ്സും ഷർട്ടും സാധാരണ ഗതിയിൽ പുരുഷ വേഷമാണ്. അതിനർത്ഥം സ്ത്രീകൾക്ക് അവ ധരിക്കാനേ പാടില്ല എന്നല്ല. ഇറുകിയ പാൻ്റ്സും ഷർട്ടും പെൺകുട്ടികൾക്ക് കൂടുതൽ അസൗകര്യമാണ് എന്ന വാദമുയർത്തുന്നവർക്ക് അവ ഉപേക്ഷിക്കാവുന്നതേയുള്ളൂ. കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യവും ഏറ്റവും കൺഫർടബ്ളും ചൂരിദാറാണ് എന്ന് ചിന്തിക്കുന്നവർക്ക് അതും ആവാം.

സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം. ലിംഗഭേദത്തിൻ്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ റോളുകൾ വേർതിരിക്കുന്ന സകലതും ഒഴിവാക്കണമെന്നതാണ് ജെൻഡർ ന്യൂട്രാലിറ്റി മുന്നോട്ട് വെക്കുന്ന ആശയം. സ്ത്രീയെയും പുരുഷനെയും വ്യത്യസ്തതകളുള്ള രണ്ട് സ്വത്വങ്ങളായി കണ്ടുള്ള എല്ലാ തരം വേർതിരിവുകളെയും മായ്ച്ചുകളയണം. വ്യക്തികളുടെ ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വേഷം മാത്രമല്ല, ഭാഷാപ്രയോഗങ്ങളും തൊഴിൽ വിഭജനങ്ങളും പൊതു ഇടങ്ങളിലെ വേർതിരിവുകളും പൂർണമായി ഇല്ലാതാക്കണം! എന്തിനധികം.. ഇരിപ്പിടങ്ങളിലും ടോയ്ലറ്റുകളിലും കളിപ്പാട്ടങ്ങളിലും വരെ വേർതിരിവുകൾ പാടില്ല!

ഇവ്വിധം ആണും പെണ്ണും തമ്മിലുള്ള അന്തരം പൂർണമായും ഉടച്ചു കളഞ്ഞ് ഒടുവിൽ പ്രത്യുൽപ്പാദനത്തിൽ തന്നെ കാതലായ മാറ്റം വരുത്തി പ്രസവ ദൗത്യം പോലും സ്ത്രീ ഒഴിവാക്കണം! അല്ലെങ്കിൽ പുരുഷനും പ്രസവിക്കണം! തികച്ചും പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ ഈ കാഴ്ചപ്പാട് മനുഷ്യരാശിയുടെ തന്നെ പതനത്തിലേക്കാണ് നയിക്കുക എന്നു മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും ആവശ്യമില്ല!
ജെൻഡർ ന്യൂട്രാലാറ്റി, ജെൻഡർ ഇക്വാലിറ്റി എന്നിങ്ങനെ ഒരു പാട് സാങ്കേതിക സംജ്ഞകൾ നിറഞ്ഞ ഈ തിയറി “പുരോഗമിച്ച് ” ഒടുവിൽ ജെൻഡർ ഫ്ളൂയിഡിറ്റിയിൽ (Gender Fluidity) എത്തുമത്രെ!

ഓരോ വ്യക്തിയുടെയും ജന്മനായുള്ള, ജീവ ശാസ്ത്ര പരമായ ലിംഗത്വം (biological Sex) വ്യത്യസ്തമാണെങ്കിലും അതേ വ്യക്തിയുടെ ലൈംഗികാവിഷ്കാരം (Gender ) സമൂഹനിർമിതിയാണെന്ന, അനുഭവങ്ങളുടെയോ ശാസ്ത്രത്തിൻ്റെയോ യാതൊരു പിൻബലരുമില്ലാത്തതും തീർത്തും നിരർത്ഥകവുമായ അരാജകവാദമാണിവിടെ പൊലിപ്പിക്കുന്നത്! വരുന്ന തലമുറയെ ആൺ/പെൺ ബോധം നൽകാതെ വേണമത്രെ വളർത്താൻ! ഒടുവിൽ പെണ്ണിന് ഏതവസരവും ആണാവാനും തിരിച്ചും സാധിക്കണം! അതുകൊണ്ടാണ് ആർക്കും ഏതു നിമിഷവും എങ്ങോട്ടും മാറാവുന്ന, ദ്രവ രീതിയിലുള്ളത് ( ഫ്ളൂയിഡ്) എന്ന പേരു തന്നെ ഈ സിദ്ധാന്തത്തിനു വന്നത്! (വിശദ വിവരങ്ങക്ക്: അത്ര നിഷ്കളങ്കമല്ല ഈ യൂനിഫോം. ടി.കെ.എം. ഇഖ്ബാൽ. പ്രബോധനം വാരിക: 31. 12.21 )

ലിബറലിസ ജീർണതയിൽ മൊട്ടിട്ടു വളരുന്ന ഇത്തരം അതിവാദങ്ങൾ പാശ്ചാത്യൻ ജനജീവിതത്തിൽ ഏൽപ്പിച്ചുകൊണ്ടിരിക്കുന്ന മൂല്യ നിരാസത്തിൻ്റെയും കുടുംബത്തകർച്ചയുടെയും ഒട്ടേറെ പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. പക്ഷെ മുതലാളിത്തത്തിൻ്റെ സെക്സ് ഇൻഡസ്ട്രിക്ക് തടിച്ചു കൊഴുക്കണമെങ്കിൽ നവം നവങ്ങളായ ലൈംഗിക വൈകൃതങ്ങൾക്ക് വിപണി കണ്ടെത്തേണ്ടതുണ്ട് (എന്നാൽ ആഗോള വലതുപക്ഷത്തിൻ്റെ ഈ അരാജക പദ്ധതിയെ എന്തിനാണ് കേരളത്തിലെ “ഇടതുപക്ഷം ” / അവരുടെ വിദ്യാർത്ഥി സംഘടന സ്പോൺസർ ചെയ്യുന്നത്!?)

യഥാർത്ഥത്തിൽ ദ്വന്ദങ്ങളുടെ ഏകീകരണം വഴിയാണ് പ്രപഞ്ചത്തിൻ്റെ തന്നെ നിലനിൽപ്പ്. രാവും പകലും കരയും കടലും ഉദയവും അസ്തമയവും മലയും അടിവാരവും ന്യൂട്രോണും പ്രോട്ടോണും.. അങ്ങനെ ചിന്തിക്കുമ്പോൾ ലിംഗസമത്വമല്ല, വേണ്ടത് ലിംഗനീതിയാണെന്ന് ആർക്കും ബോധ്യപ്പെടും! സ്ത്രീ പുരുഷ ദ്വന്ദം (ബൈനറി ) മനുഷ്യരിൽ മാത്രമല്ല എല്ലാ ജീവജാലങ്ങളിലും ഉള്ളതാണ്. സ്ത്രീക്കും പുരുഷനും മാത്രം ചെയ്യാനാവുന്ന ഒരു പാട് കാര്യങ്ങളുണ്ട്. അതേ സമയം സ്ത്രീക്ക് മാത്രം ചെയ്യാൻ കഴിയുന്നതും പുരുഷനു മാത്രം ചെയ്യാൻ കഴിയുന്നതുമായ അനേകം കാര്യങ്ങളുമുണ്ട്. മാനസിക ശാരീരിക ഘടനകളിൽ തന്നെ ഈ അന്തരം പ്രകടമാണ്. ഇത് സ്ത്രീയുടെ ദൗർബല്യമോ പുരുഷൻ്റെ ശക്തിയോ ആയി കാണരുത്. പകരം പ്രകൃതി ധർമമായി കണ്ട് പുരുഷനെപ്പോലെ തന്നെ സ്ത്രീയും മനുഷ്യനാണെന്നംഗീകരിച്ച് അവർക്ക് തുല്യനീതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്.

യഥാർത്ഥത്തിൽ പരസ്പരം പൂരിപ്പിക്കേണ്ട പാതികളാണ് സ്ത്രീ – പുരുഷന്മാർ. മധുരം കിനിയുന്ന വിവാഹ / പ്രണയ/ കുടുംബ ജീവിതങ്ങളിലൂടെ സമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തെയും വസന്തം വിരിയുന്നിടമാക്കിത്തീർക്കാൻ കടപ്പെട്ടിരിക്കുന്നു നാം!

 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles