Current Date

Search
Close this search box.
Search
Close this search box.

ജെൻഡർ ന്യൂട്രാലിറ്റി ഒളിച്ചു കടത്തുന്നത്

Hiding gender neutrality

എം.കെ.മുനീർ എത്ര വലിയ പുരോഗമനവാദിയായാലും ഒരു മുസ്ലിം രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കുന്നത് കൊണ്ട് സ്ത്രീവിരുദ്ധനാവാതെ വയ്യ. അദ്ദേഹം ജീവിക്കുന്നത് ആറാം നൂറ്റാണ്ടിലോ പതിനാറാം നൂറ്റാണ്ടിലോ എന്ന കാര്യത്തിലേ സഖാക്കൾക്കിടയിൽ തർക്കമുള്ളൂ!

ജെൻഡർ ന്യൂട്രൽ യൂണിഫോമുമായി ബന്ധപ്പെട്ട മുനീറിൻ്റെ വിവാദപ്രസ്താവനയെക്കുറിച്ച് നടക്കുന്ന ചർച്ചകളൊക്കെയും അതിൽ ഉണ്ടെന്ന് പറയപ്പെടുന്ന സ്ത്രീവിരുദ്ധതയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ജെൻഡർ ന്യൂട്രാലിറ്റിയിലെ പുരുഷ മേൽക്കോയ്മയെ പരിഹസിക്കുകയാണ് അദ്ദേഹം യഥാർത്ഥത്തിൽ ചെയ്തത്. പരിഹാസം വിഷയത്തിൻ്റെ മർമത്തിൽ നിന്ന് കൊണ്ടല്ലെങ്കിലും. ജെൻഡർ ന്യൂട്രാലിറ്റി ലിംഗനീതിയും ലിംഗസമത്വവും നടപ്പിലാക്കാനുള്ള ചുവടുവെപ്പാണെന്നാണ് പ്രസ്താവനയോട് പ്രതികരിച്ച സ്ത്രീവാദികളും സ്വയം പ്രഖ്യാപിത പുരോഗമന, ലിബറൽ വാദികളും ധരിച്ചു വെച്ചിരിക്കുന്നത്.

ലിംഗനീതി, ലിംഗസമത്വം, സൗകര്യപ്രദമായ വസ്ത്രം ഇതൊക്കെ ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിൻ്റെ യഥാർത്ഥ ലക്ഷ്യം മറച്ചുവെക്കാനുള്ള മറ മാത്രമാണ്. കേരളത്തിലെ കാമ്പസുകളിലും സ്ക്കൂൾ കരിക്കുലത്തിലും ലിബറൽ സ്വതന്ത്ര ലൈംഗികതയും തലതിരിഞ്ഞ ജെൻഡർ തിയറികളും ഒളിച്ചു കടത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണത്. സിലബസ് പരിഷ്കരണം മതനിരാസത്തിലേക്ക് നയിക്കും എന്ന് മുനീർ പറഞ്ഞതിൽ ഒരു തെറ്റുമില്ല.

എന്താണ് ജെൻഡർ ന്യൂട്രാലിറ്റി എന്ന് മറ്റാർക്ക് മനസ്സിലായിട്ടില്ലെങ്കിലും ബാലുശ്ശേരി സ്ക്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ.ബിന്ദുവിന് അറിയാം.
മന്ത്രി അന്ന് ട്വീറ്റ് ചെയ്തത് ഇങ്ങനെ:

“We are in the works of creating a new Kerala — one defined by equity and sensitivity. To achieve this, our students should first be given access to education in a free environment, unhindered by the burden of society’s heteronormative expectations.”

സമൂഹത്തിൻ്റെ ‘ഹെറ്ററോനോർമെറ്റീവ് ‘ പ്രതീക്ഷകളുടെ ഭാരത്തിൽ നിന്ന് മുക്തമായ ഒരു സ്വതന്ത്ര അന്തരീക്ഷത്തിൽ വിദ്യാഭ്യാസം നേടാൻ കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതിൻ്റെ ഭാഗമാണ് പുതിയ പരിഷ്കരണം എന്നാണ് മന്ത്രി പറയുന്നത്. ആണും പെണ്ണുമാണ് മനുഷ്യരിലെ അടിസ്ഥാന ദ്വന്ദമെന്നും ആൺ-പെൺ ലൈംഗിക ബന്ധങ്ങളും വിവാഹവുമാണ് സ്വാഭാവികം എന്നുമുള്ള ധാരണയെയാണ് ‘ഹെറ്ററോനോർമാറ്റിവിറ്റി’ എന്ന് പറയുന്നത്. കേരളീയ സമുഹം കാലങ്ങളായി വെച്ചു പുലർത്തുന്ന ഇത്തരം ധാരണകളിൽ നിന്ന് വിദ്യാർത്ഥി സമൂഹത്തെ മോചിപ്പിച്ച് ജെൻഡർ വൈവിധ്യങ്ങളുടെ മഴവിൽ ലോകത്തേക്ക് കൈപിടിച്ച് ആനയിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന് പച്ച മലയാളം. ഞങ്ങൾ ‘പുതിയ കേരളം സൃഷ്ടിക്കുകയാണെന്ന് ‘ ട്വീറ്റിൻ്റെ തുടക്കത്തിൽ മന്ത്രി പറയുന്നുണ്ടല്ലോ.

മന്ത്രിയുടെ അന്നത്തെ മറ്റൊരു ട്വീറ്റ് ഇങ്ങനെ:

“Schools must first create and maintain an atmosphere that aids girls in getting rid of the stigma associated with their bodies, of the notion that ‘he’ and ‘I’ are different.
And that is exactly what Balussery school has done.”

‘സ്വന്തം ശരീരവുമായി ബന്ധപ്പെട്ട മുൻവിധികളിൽ നിന്ന്, അതായത് ‘അവനും’ ‘ഞാനും’ വ്യത്യസ്തരാണ് എന്ന കാഴ്ചപ്പാടിൽ നിന്ന് പെൺകുട്ടികളെ മോചിപ്പിക്കാൻ സഹായകമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സ്ക്കൂളുകൾ ഒന്നാമതായി ചെയ്യേണ്ടത്. അതാണ് കൃത്യമായും ബാലുശ്ശേരി സ്ക്കൂൾ ചെയ്തത്’ എന്ന് പരിഭാഷ.

ശാരീരികമായിത്തന്നെ ‘ഞാനും’ ‘അവനും’ വ്യത്യസ്തരല്ല എന്ന ബോധത്തിലേക്ക് പെൺകുട്ടികളെ കൊണ്ടുവരിക എന്നതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിൻ്റെ ലക്ഷ്യം എന്നർത്ഥം. പെണ്ണിനെ ആണിന് തുല്യരാക്കുക. അവിടെയും ആണ് തന്നെയാണ് മാനദണ്ഡം!

സ്ക്കൂൾ സിലബസ് പരിഷ്കരണത്തിലെ ഹിഡൻ അജണ്ട കേരളീയ സമൂഹം എത്ര വേഗം തിരിച്ചറിയുന്നുവോ അത്രയും നല്ലത്. ഇംഗ്ളിഷ് വാക്കുകളുടെ പാൻ്റ്സും സ്കർട്ടുമണിഞ്ഞ് വരുന്നതെന്തും പുരോഗമനം എന്ന് ധരിച്ചു വശായ രാഷ്ട്രീയനേതാക്കന്മാരും സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകരും എന്നെങ്കിലും ഇത് മനസ്സിലാക്കുമോ ആവോ?

പാന്റ്സും പാവാടയും

ആണിന് പാവാട ധരിച്ചാലെന്താ എന്നത് ആണധികാരത്തെക്കുറിക്കുന്ന ചോദ്യമാണ്. പക്ഷെ, പാന്റ്സിനും പാവാടക്കും അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.

ജെൻഡർ ന്യൂട്രാലിറ്റി എന്നാൽ പെണ്ണ് ആണിന്റെ വസ്ത്രം ധരിക്കലോ ആണ് പെണ്ണിന്റെ വസ്ത്രം ധരിക്കലോ അല്ല. ആണിനും പെണ്ണിനും മുൻകൂട്ടി തീരുമാനിക്കപ്പെട്ട ജെൻഡർ ഇല്ലെന്നും അങ്ങനെ അടയാളപ്പെടുത്തുന്ന എല്ലാം – വസ്ത്രധാരണം മുതൽ പ്രത്യേക ടോയ്ലറ്റുകൾ വരെ – ഇല്ലാതാക്കണം എന്നുമുളള സിദ്ധാന്തമാണ്. സ്ക്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിന്റെ ലക്ഷ്യം ആൺകുട്ടികളെയും പെൺകുട്ടികളെയും വസ്ത്രം കൊണ്ട് തുല്യരാക്കലല്ല, സ്വന്തം ജെൻഡർ തിരിച്ചറിയാതെയും പ്രകടിപ്പിക്കാതെയും വളരാൻ കുട്ടികൾക്ക് അവസരമൊരുക്കുക എന്നതാണ്. ആണായും പെണ്ണായും പിറക്കുന്ന കുട്ടികൾ തങ്ങൾക്ക് ആണാവണോ പെണ്ണാവണോ അതല്ല വേറെ എന്തെങ്കിലും ആവണോ എന്ന് പ്രായപൂർത്തിയെത്തുമ്പോൾ തീരുമാനിച്ചു കൊള്ളുമത്രെ!

ആണും പെണ്ണുമാണ് ജെൻഡർ എന്ന് ധരിച്ചവർക്ക് തെറ്റി. അത് വൈവിധ്യങ്ങളുടെ അനന്തമജ്ഞാതമവർണനീയ ലോകമാണ്! ജീവശാസ്ത്രമോ ശരീരശാസ്ത്രമോ അല്ല, തോന്നലുകളും ആഗ്രഹങ്ങളും അഭിനിവേശങ്ങളുമാണ് ആ കാൽപനിക ലോകത്ത് ഒരാളുടെ ലൈംഗിക സ്വത്വം നിർണയിക്കുന്നത്.

Hiding gender neutralityജെൻഡർ വൈവിധ്യങ്ങളുടെ വർണരാജിയാണ് (spectrum) എന്ന വിചിത്രമനോഹരമായ സിദ്ധാന്തത്തെ യുക്തിയിലൂടെയും ശാസ്ത്രീയ പഠനങ്ങളിലൂടെയും ചോദ്യം ചെയ്ത End of Gender എന്ന വിവാദ പുസ്തകത്തിന്റെ കർത്താവായ Debra Soh പലതരം ജെൻഡർ ആഭിമുഖ്യങ്ങളെക്കുറിച്ചും അവയ്ക്ക് നൽകപ്പെട്ട പേരുകളെക്കുറിച്ചും പുസ്തകത്തിൽ പറയുന്നത് കൗതുകകരമാണ്. അവയിൽ ചിലത്:

Genderqueer : ആണുമല്ല പെണ്ണുമല്ല, അല്ലെങ്കിൽ രണ്ടും, അതുമല്ലെങ്കിൽ രണ്ടിന്റെയും മിശ്രിതം ഇങ്ങനെ സ്വയം അടയാളപ്പെടുത്തുന്നവർ .
Bigender: ഒരേ സമയം ആണും പെണ്ണും
Trigender : ഒരേ സമയം മൂന്ന് ജെൻഡറുകൾ ( ആണ്, പെണ്ണ്, ആണും പെണ്ണുമല്ലാത്തത്. )
Quadgender : ഒരേ സമയം നാല് ജെൻഡറുകൾ .
Pangender : ഒരേ സമയം എല്ലാ ജെൻഡറുകളും
Genderneutral, agender, genderfree, neutrois : ഒരു ജെൻഡറും ഇല്ലാത്തവർ
Demiboy , Demiguy, Demiman : ഭാഗികമായി പുരുഷനും ഭാഗികമായി വേറെ ഒരു ജെൻഡറും. Demigirl,
Demiwoman നേരെ മറിച്ചും.
Feminine-of-center: പെണ്ണാണന്ന തോന്നൽ, പക്ഷെ പെണ്ണെന്ന് സ്വയം പറയുകയില്ല.
Masculine-of- center: ആണാണെന്ന് സ്വയം തോന്നും, പക്ഷെ അങ്ങനെ സ്വയം വിശേഷിപ്പിക്കുകയില്ല.
Genderfluid : ജെൻഡർ മാറിക്കൊണ്ടേയിരിക്കും.
Anongender : സ്വന്തം ജെൻഡർ എന്താണെന്ന് അറിയാത്തവർ.
Moongender : രാത്രിയിൽ മാത്രമാണ് ജെൻഡർ വെളിപെടുക
Puzzlegender : സ്വന്തം ജെൻഡറിനെ പല കഷണങ്ങളായി നുറുക്കണം എന്ന് തോന്നുന്നവർ
Arborgender : തന്റെ സ്വത്വം ഒരു മരമാണെന്ന് തോന്നുന്നവർ

ഇതൊക്കെ വട്ടാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ഉറപ്പിച്ചു കൊള്ളുക നിങ്ങൾ ജീവിക്കുന്നത് വേറെ ഏതോ നൂറ്റാണ്ടിലാണ്!

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU