Current Date

Search
Close this search box.
Search
Close this search box.

ബലിയും പെരുന്നാളും : ഇഴപിരിയാത്ത ആരാധനയും ആഘോഷവും

അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആഗ്രഹിച്ച് പെരുന്നാൾ ദിവസത്തിലും അയ്യാമുത്തശ് രീകിലും ആടിനെയോ മാടിനെയോ ഒട്ടകത്തെയോ അറുക്കുന്നതിനാണ് ഉദുഹിയത്ത് അഥവാ ബലി എന്ന് പറയുന്നത്. ‘ബലിയറുക്കുക’ എന്ന ആഹ്വാനവും ‘ബലി ഒട്ടകങ്ങളെ അല്ലാഹു അവന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തി ‘ തുടങ്ങിയ പരാമർശങ്ങളും ഖുർആനിൽ കാണാം. നിർബന്ധത്തോളം പോന്ന പ്രബലമായ സുന്നത്താണ് ബലി. ഹിജ്റ രണ്ടാം വർഷമാണ് തുടക്കം. മദീനയിൽ കഴിഞ്ഞ പത്ത് വർഷങ്ങളിലും നബി(സ) ബലി നിർവഹിച്ചിട്ടുണ്ട്. ‘കഴിവുണ്ടായിട്ടും ബലി നിർവഹിക്കാത്തവൻ നമ്മുടെ നമസ്കാര സ്ഥലത്തേക്ക് വരേണ്ടതില്ല’ എന്ന താക്കീത് റസൂൽ നൽകിയതായും കാണാം. ഹജ്ജ്പെരുന്നാൾ ദിനത്തിൽ അല്ലാഹുവിന് ഏറ്റവും പ്രിയങ്കര കർമം ബലിയാണെന്നും ബലിമൃഗത്തിന്റെ രക്തം ഭൂമിയിൽ വീഴും മുമ്പ് റബ്ബിങ്കലാണ് പതിക്കുന്നതെന്നും ബലിമൃഗങ്ങൾ അവയുടെ കൊമ്പുകളും രോമങ്ങളും നഖങ്ങളുമായി അന്ത്യനാളിൽ ഹാജരാകുമെന്ന് ഹദീസിൽ കാണാം.
ദൈവസ്മരണ, ചരിത്രസ്മരണ, ജനങ്ങൾക്ക് ആഹാരം എന്നീ കാര്യങ്ങൾക്കാണ് അല്ലാഹു ബലി വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. പുത്ര ബലിക്ക് സന്നദ്ധനായ ഇബ്റാഹീം നബിയുടെ സമർപ്പണത്തിന്റെ ഓർമ പുതുക്കൽ. സർവോപരി എണ്ണമറ്റ അനുഗ്രഹങ്ങൾ തന്ന അല്ലാഹുവിനുള്ള ശുക്റാണത്. പെരുന്നാൾ ദിനത്തിലെ ചിലവുകൾ കഴിച്ച് ബലി നിർവഹിക്കാൻ കഴിവുള്ളവരാണ് നിർവഹിക്കേണ്ടത്. എല്ലാ വർഷവും ഉദ്ഹിയത്ത് നടത്തണം.

ബലിയുടെ കർമശാസ്ത്രം

ആട്, മാട്, ഒട്ടകം എന്നിവയെയാണ് ബലിയറുക്കേണ്ടത്. ഈ വർഗത്തിൽ പെട്ടവയല്ലാത്തത് ബലിക്ക് യോഗ്യമല്ല. ബലിമൃഗം കുറ്റമറ്റതാവണം. ന്യൂനതകൾ പാടില്ല. രോഗമുള്ളതാവരുത്. കണ്ണിന്റെ വൈകല്യം, മുടന്ത്, ശരീര ക്ഷയം, എന്നീ അവസ്ഥകളിലുള്ളതും ശരീര ഭാഗം ചേദിക്കപ്പെട്ടതും പറ്റില്ല.

മാടിലും ഒട്ടകത്തിലും ഏഴ് പേർക്ക് പങ്കാളികളാകാം. ആട് ഒരാൾക്ക്. ഒരു കുടുംബത്തിനും ഒരു ആട് മതി.

ബലിയുടെ പ്രാധാന്യം സംബന്ധിച്ച് ഒരു ഹദീസ് ഇങ്ങനെ കാണാം.
നബി(സ) പറഞ്ഞു: ‘പെരുന്നാൾ ദിനത്തിലെ കർമങ്ങളിൽ രക്തം ഒഴുക്കുന്നതിനെക്കാൾ / മൃഗബലിയെക്കാൾ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട കർമം ഒരു മനുഷ്യനും ചെയ്യുന്നില്ല. അന്ത്യനാളിൽ അവ അവയുടെ കൊമ്പും കുളമ്പും രോമവുമായി വരും. രക്തം ഭൂമിയിൽ പതിക്കും മുമ്പ് അത് അല്ലാഹുവിങ്കൽ സ്ഥലം പിടിക്കും. അതിനാൽ, അത് സന്തോഷപൂർവം നിർവഹിക്കുക.’ (തിർമിദി)

ബലി ഉദ്ദേശിക്കുന്നവർ ദുൽഹിജ്ജയുടെ ചന്ദ്രപ്പിറവി കാണുന്നതു മുതൽ ബലിയറുക്കുന്നതുവരെ നഖമോ മുടിയോ അൽപം പോലും മുറിക്കരുത്.

ബലിയുടെ സമയം ഏതാണ് ? നമസ്കാരത്തിന് ശേഷമാണ് ബലിയറുക്കേണ്ടത്. യൗമുന്നഹ്റിനു ശേഷം മൂന്ന് ദിവസത്തെ സമയമുണ്ട്. ആ ദിവസങ്ങളിൽ രാവോ പകലോ ഏത് സമയത്തും ബലി നൽകാം. അതാണ് പ്രവാചകചര്യ. നമസ്കാരത്തിന് മുമ്പ് അറുക്കുന്നത് ബലിയാകില്ല.

ബലിയറുക്കുമ്പോൾ കത്തി മൂർച്ച കൂട്ടുക. ഉരുവിനെ ഖിബ്‌ലക്കഭിമുഖമായി ചെരിച്ച് കിടത്തി അറുക്കുക. സ്വന്തം കൈ കൊണ്ട് ചെയ്യുന്നത് സുന്നത്താണ്. ബിസ്മി ചൊല്ലുകയും തക്ബീർ മുഴക്കുകയും ചെയ്യുക. അറുക്കാൻ കഴിയാത്ത ബലിദായകർ ബലികർമത്തിന് ഹാജരാകണം. സ്ത്രീകൾ ബലികർമത്തിന് ഹാജറാകുന്നതിന് തടസ്സമില്ല. മകൾ ഫാതിമയോട് തന്റെ ബലിക്ക് സാക്ഷിയാവാൻ നബി(സ) പറയുകയുണ്ടായി.

ബലി അറുക്കുന്നത് അല്ലാഹുവിന്റെ പേരിൽ മാത്രമായിരിക്കണം. അല്ലാഹുവിന്റെ പേരിലല്ലാതെ ബലിയറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു. ബലിമാംസം മൂന്നിലൊന്ന് കുടുംബത്തിന് ആഹരിക്കാം; മൂന്നിലൊന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ദാനം ചെയ്യാം; മൂന്നിലൊന്ന് ദരിദ്രർക്കും അഗതികൾക്കും വിഭജിക്കുന്നതാണ് അഭികാമ്യം.

പെരുന്നാൾ : ആരാധനയും ആഘോഷവും

പെരുന്നാൾ വിശ്വാസികൾക്ക് ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും അസുലഭ അവസരമാണ്. ഇസ്‌ലാമിൽ രണ്ട് ആഘോഷ ദിനങ്ങളാണുള്ളത്. അല്ലാഹു നിശ്ചയിച്ച ആഘോഷങ്ങളാണവ. ആഘോഷങ്ങളുടെ പളപളപ്പിലാണ് ജനങ്ങൾ. ആർഭാഡവും പൊങ്ങച്ചവും ദൂർത്തും അഹങ്കാരവുമെല്ലാമാണ് ആഘോഷക്കാഴ്ച്ചകൾ. സംസ്കാരത്തിന്റെ കണ്ണാടിയെന്നാണല്ലോ ആഘോഷങ്ങൾ. ഇസ്‌ലാമിലെ ആഘോഷങ്ങൾ ആരാധയിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയുന്നതല്ല. മതിമറക്കുന്ന സന്ദർഭമായി ഇസ്‌ലാമിലെ ആഘോഷങ്ങൾ മാറില്ല. തക്ബീർ ഈദുകളുടെ അലങ്കാരങ്ങളാണ്.
الله أكبر الله أكبر الله أكبر
لا اله الا الله الله أكبر
الله أكبر وللله الحمد
ഈ തക്ബീർ നെഞ്ചേറ്റിയ ഇബ്റാഹീമിനെയും ഇസ്മാഈലിനെയും ഹാജറയെയും നെഞ്ചിൽ വെച്ചാണ് നാം പെരുന്നാൾ ആഘോഷിക്കുന്നത്.

കുളിയും നല്ലവസ്ത്രവും സുഗന്ധദ്രവ്യങ്ങളും പെരുന്നാൾ പ്രഭാതത്തിൽ സവിശേഷം ഉത്തമമാണ്. വസ്ത്രധാരണത്തിൽ ആൺ പെൺ ഭേദമന്യേ ലജ്ജയുടെ എല്ലാ സീമകളും ലംഘിക്കപ്പെട്ടിരിക്കുന്നു. വർണാഭമായ വസ്ത്രങ്ങളും ഭക്ഷണങ്ങളും ഈദിന്റെ പൊരുൾ ചോർത്തിക്കളയാതിരിക്കാൻ വിശ്വാസികൾ ജാഗ്രതയോടെ കാവൽ നിൽക്കും. ഈദുൽ ഫിത്റിൽ നിന്ന് വ്യത്യസ്തമായി ഈദുൽ അദ്ഹായിൽ പ്രഭാതഭക്ഷണം നമസ്കാര ശേഷമാകുന്നതാണ് പുണ്യം.

പെരുന്നാൾ ദിനത്തിൽ ആദ്യം നിർവഹിക്കേണ്ടത് നമസ്കാരമാണ്. പ്രബലമായ രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം. ശേഷം ഉദ്ബോധന ഭാഷണം. ഹിജ്റ ഒന്നാം വർഷത്തിലാണത് നിശ്ചയിക്കപ്പെട്ടത്. പെരുന്നാൾ നമസ്കാരത്തിന് ബാങ്കും ഇഖാമത്തുമില്ല. ഒന്നാമത്തെ റക്അത്തിൽ തക്ബീറതുൽ ഇഹ്റാം കൂടാതെ ഏഴ് തക്ബീറുകളും രണ്ടാമത്തെ റക്അത്തിൽ ഖിയാമിന്റെ തക്ബീർ കൂടാതെ അഞ്ച് തക്ബീറുമാണ് സ്വലാതുൽ ഈദിന്റെ സവിശേഷത. പെരുന്നാൾ നമസ്കാരം ഖുത്വുബക്ക് മുമ്പാണ് നിർവഹിക്കേണ്ടത്. രണ്ട് പെരുന്നാൾ നമസ്കാരത്തിലും സൂറതു ഖാഫ്, സൂറതുൽ ഖമർ എന്നിവയായിരുന്നു നബി(സ) ഓതിയിരുന്നത്. പെരുന്നാളിന്റെ രണ്ട് റക്അത്ത് നമസ്കാരമല്ലാതെ അതിന് മുമ്പോ ശേഷമോ ഒട്ടും നബി നമസ്കരിച്ചിട്ടില്ല.

ഇസ്‌ലാം സ്ത്രീകൾക്കായ് എല്ലാ നമസ്കാരസമയവും ആരാധനാലയ കവാടങ്ങൾ തുറന്നുവെച്ചിട്ടുണ്ട്. പെരുന്നാൾ നമസ്കാരത്തിനും സ്ത്രീകൾ സന്നിഹിതരാകണം.

ഈദുൽ ഫിത്വറിലും ഈദുൽ അദ്ഹായിലും കന്യകമാരെയും ഋതുമതികളെയും മറയിൽ കഴിയുന്ന സ്ത്രീകളെയും വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ റസൂൽ കൽപിച്ചിരുന്നു. ഈദ് മൈതാനിയിൽ എത്തിച്ചേർന്ന സ്ത്രീകളുടെ ഭാഗത്തേക്ക് റസൂലും ബിലാലും കടന്ന് വരികയും സംഭാവനകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. സ്വർണാഭരണങ്ങൾ വരെ നൽകി വനിതകൾ അവരോട് സഹകരിച്ചിരുന്നു. പെരുന്നാൾ മൈതാനിയിലേക്ക് ഏതവസ്ഥയിലുള്ളവർക്കും കടന്നുവരാം. ആർത്തവകാരികൾ നമസ്കരിക്കാതിരുന്നാൽ മതി. എന്നാൽ, അവർക്ക് സംഗമത്തിനും പ്രാർഥനക്കും സാക്ഷിയാകാം. പ്രതികൂല കാലാവസ്ഥ പോലെ അനിവാര്യ ഘട്ടങ്ങളിൽ മാത്രം നബി തിരുമേനി പള്ളിയിൽ ഈദ് നമസ്കരിച്ചതിന്റെ കാരണവും വ്യക്തമാണ്. സമൂഹ മധ്യത്തിൽ ഇറങ്ങി സംഗമത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര വസ്ത്ര ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് വസ്ത്രം നൽകി സഹായിക്കാൻ മറ്റു സഹോദരിമാർക്ക് ബാധ്യതയുണ്ടെന്ന് റസൂൽ(സ) ഉണർത്തുകയുണ്ടായി.

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇസ്‌ലാമിക സംസ്കാരത്തിന്റെ അതിർവരമ്പുകൾ പാലിച്ചുകൊണ്ട് ഗാനാലാപനവും മറ്റ് കലാപ്രകടനങ്ങളും നടത്താം എന്ന് ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് മനസ്സിലാക്കാം. ആഇശ(റ) പറഞ്ഞു: ‘എന്റെ അടുത്ത് രണ്ട് പെൺകുട്ടികൾ ബുആസ് ഗാനങ്ങൾ പാടിക്കൊണ്ടിരിക്കെ റസൂൽ കടന്നുവന്നു. ഉടനെ അവിടുന്ന് വിരുപ്പിൽ കിടന്നു മുഖം തിരിച്ചു. അതിനിടെ അബൂബക്കറും കടന്നുവന്നു. അദ്ദേഹമെന്നെ ശകാരിച്ചുകൊണ്ട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതന് സമീപം പിശാചിന്റെ വീണയോ?!’ അപ്പോൾ റസൂൽ അദ്ദേഹത്തിനു നേരെ തിരിഞ്ഞ് പറഞ്ഞു: ‘അവരെ വിട്ടേക്കുക.’ അദ്ദേഹത്തിന്റെ ശ്രദ്ധ തെറ്റിയെന്നു കണ്ടപ്പോൾ ഞാൻ അവരോട് കണ്ണുകൊണ്ട് സൂചിപ്പിച്ചതനുസരിച്ച് അവർ പുറത്തേക്കു പോയി. അന്ന് പെരുന്നാൾ ദിവസമായിരുന്നു. സുഡാനികൾ പരിചയും കുന്തവും ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തുകയായിരുന്നു അപ്പോൾ. ഒന്നുകിൽ ഞാൻ റസൂലിനോട് ചോദിച്ചു; അല്ലെങ്കിൽ അവിടുന്ന് ചോദിച്ചു: ‘നിനക്ക് കാണാൻ ആഗ്രഹമുണ്ടോ ?’ അപ്പോൾ ഞാൻ പറഞ്ഞു: ‘അതെ.’ എന്റെ കവിൾ അവിടത്തെ കവിളിൽ തട്ടുംവിധം അവിടുന്ന് എന്നെ പിന്നിൽ നിർത്തി. അവിടുന്ന് പറയുന്നുണ്ടായിരുന്നു: ‘അബിസീനിയക്കാരേ, തുടർന്നു കൊള്ളുക.’ അങ്ങനെ ഞാൻ മടുത്തപ്പോൾ അവിടുന്ന് ചോദിച്ചു: ‘നിനക്ക് മതിയായോ ?’ ഞാൻ പറഞ്ഞു: ‘അതെ’. അവിടുന്ന് പറഞ്ഞു: ‘എങ്കിൽ പൊയ്ക്കൊള്ളുക.’ (മുസ്‌ലിം)
ഏത് ആഘോഷ സമയവുമെന്ന പോലെ പെരുന്നാൾ ആഘോഷത്തിന്റെ സമയത്തും ആശാസ്യമല്ലാത്ത കാര്യങ്ങളിലേക്ക് യുവതലമുറയുടെ മനസ്സും ശരീരവും എടുത്തു ചാടുന്ന കാര്യം നിഷേധിക്കാനാവില്ല. അനുവദനീയമായ ആനന്ദാവസരങ്ങൾ സൃഷ്ടിച്ച് പുതുതലമുറയെ ചേർത്തുപിടിക്കാൻ സമുദായ നേതാക്കൾക്ക് ബാധ്യതയുണ്ട്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles