Current Date

Search
Close this search box.
Search
Close this search box.

അഹങ്കാരവും അനുസരണക്കേടും

നമുക്കറിയുന്നിടത്തോളം സൃഷ്ടാവിനോട് സൃഷ്ടി ചെയ്ത ആദ്യത്തെ കുറ്റം അനുസരണക്കേടാണ്. അതിനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് അഹങ്കാരം എന്നുമാണ്. തന്റെ മറ്റൊരു സൃഷ്ടിയായ മനുഷ്യന് സ്രാഷ്ടാഗം ചെയ്യണം എന്ന കല്‍പ്പന ഇബ്‌ലീസിന് ഇഷ്ടമായില്ല. മലക്കുകളുടെ സദസ്സില്‍ പോലും കയറി വരാന്‍ അവകാശമുള്ള തന്റെ വര്‍ഗത്തെക്കാള്‍ എന്ത് മഹത്വമാണ് മണ്ണ് കൊണ്ട് പടച്ച മനുഷ്യന് എന്നതായിരുന്നു ഇബ്‌ലീസിന്റെ ചോദ്യം. തീയും മണ്ണും തമ്മിലുള്ള താരതമ്യത്തില്‍ മണ്ണിനേക്കാള്‍ എന്നും ഒരു പടി മുന്നില്‍ തീ തന്നെ. കാരണം ആ മണ്ണിനെയും ഇല്ലാതാക്കാന്‍ തീക്കു കഴിയും.

തന്റെ മനസ്സില്‍ ഉയര്‍ന്നു വന്ന അഹന്ത ബോധം അസാസീല്‍ എന്ന നാമത്തില്‍ അറിയപ്പെട്ടിരുന്ന ജിന്നുകളുടെ നേതാവിനെ ‘നിരാശ ബാധിച്ചവന്‍’ എന്ന അര്‍ഥം വരുന്ന ഇബ്ലീസില്‍ എത്തിച്ചു. നമ്മുടെ ഭാഷയില്‍ ഒരാള്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോകേണ്ട ഒന്നും ഇബ്ലീസ് ചെയ്തില്ല. ദൈവത്തിന്റെ ഏകത്വത്തിലോ അസ്തിത്വത്തിലോ ഒരിക്കലും ഇബ്ലീസ് സംശയം പ്രകടിപ്പിച്ചില്ല. ‘ഇബാദത്ത്’ ചെയ്യാന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല എന്ന കാര്യത്തിലും ഇബ്ലീസിനു സംശയമില്ലായിരുന്നു. എന്നിട്ടും ഇബ്ലീസ് നിഷേധികളുടെ ലിസ്റ്റില്‍ പെട്ടു. അതിനുള്ള കാരണം നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് സത്യത്തെ അംഗീകരിക്കാന്‍ കഴിയാത്ത അഹന്ത നിറഞ്ഞ മനസ്സ് എന്നതായിരുന്നു.

മനസ്സില്‍ അണുമണി തൂക്കം അഹങ്കാരമുള്ളവര്‍ സ്വര്‍ഗത്തില്‍ കടക്കില്ല എന്നാണു ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞത്. കേട്ട് നിന്ന അനുചരന്‍ ചോദിച്ചു. ‘ഒരാള്‍ നല്ല വസ്ത്രവും നല്ല ചെരിപ്പും ആഗ്രഹിക്കുന്നതോ’ പ്രവാചകന്‍ പ്രതിവചിച്ചു ‘അല്ലാഹു സൗന്ദര്യവാനാണ്. അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു. അഹങ്കാരം എന്നാല്‍ സത്യത്തെ അവഗണിക്കലും ആളുകളെ നിസ്സാരവല്‍ക്കരിക്കലുമാണ്’. പലപ്പോഴും പലരുടെയും അവസ്ഥ ഇതുതന്നെയാണ്. ആളുകളെ നോക്കിയാണ് പലപ്പോഴും കാര്യങ്ങളെ അംഗീകരിക്കാറ്. തനിക്കു പറ്റിയ ആള്‍ പറയുക അല്ലെങ്കില്‍ തനിക്കു ചേര്‍ന്ന് വരുന്ന കാര്യം എന്നതിലപ്പുറം മറ്റൊരു മാനദണ്ഡവും പലരും വെക്കാറില്ല. തന്നേക്കാള്‍ നിസാരനായ മനുഷ്യനെ അവഗണിച്ചു എന്ന ഇബ്ലീസിന്റെ നിലപാട് പോലെ.

അഹങ്കാരികള്‍ അത് കൊണ്ടാണ് പിശാചിന്റെ കൂട്ടാളികളായി മാറുന്നത്. തന്റെ കഴിവുകള്‍ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളാണ് എന്ന് മനസ്സിലാക്കി അത് ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുക എന്നതിന് പകരം അത് തനിക്കു അഹങ്കരിക്കാനുള്ള വകയായി കണക്കാക്കിയാല്‍ അവിടെ പിശാച് ജനിക്കും. എല്ലാം ത്യജിച്ചു ദൈവ സാമീപ്യം മാത്രം ഉദ്ദേശിക്കുന്ന വിശ്വാസി ആദ്യം മനസ്സില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടത് അഹങ്കാരം തന്നെയാണ്. അനുസരണക്കേട് അതിന്റെ ഉപഘടകകമായി ഉണ്ടാകുന്ന മറ്റൊരു തിന്മയാണ്.

Related Articles