Current Date

Search
Close this search box.
Search
Close this search box.

ഫുഡ്‌ ഫെസ്റ്റ് – ആമ കുറുക്കന് നന്ദി പറയുമ്പോൾ

വിശന്നിരുന്ന കുറുക്കന്റെ മുന്നിലാണ് ആമ വന്നു പെട്ടത്. ആമയെ എന്ത് ചെയ്യണമെന്നു കുറുക്കന് ഒരു എത്തുംപിടിയും കിട്ടിയില്ല. അവസാനം ആമ തന്നെ ഒരു ഉപായം പറഞ്ഞു കൊടുത്തു . “ നിങ്ങൾ എന്നെ തിന്നുന്നതിൽ എനിക്ക് പരാതിയില്ല. എന്നെ കൊല്ലുമ്പോൾ വെള്ളത്തിൽ എറിഞ്ഞു കൊല്ലരുത് എന്ന അപേക്ഷ മാത്രമേയുള്ളൂ”. അരിശം വന്ന കുറുക്കൻ ആമയെ വെള്ളത്തിലേക്ക്‌ വലിച്ചെറിഞ്ഞു. ആമ വെള്ളത്തിലേക്ക്‌ താഴ്ന്നു പോകുന്നത് കണ്ട് കുറുക്കൻ ഉറക്കെ ചിരിച്ചു. കുറച്ചു കഴിഞ്ഞു വെള്ളത്തിന്‌ മുകളിൽ വന്നു കൊണ്ട് ആമ പറഞ്ഞു “ ഉപകാരത്തിനു നന്ദി”.

ഇതുപോലെ പോലെ ഒരു ഫുഡ്‌ ഫെസ്റ്റ് നടത്താൻ സംഘ പരിവാർ കുറെ വിയർക്കണം. അതെ സമയം കുറുക്കൻ ആമയോട് ചെയ്ത ഉപകാരമാണ് ഡി വൈ എഫ് ഐ സംഘ പരിവാരിനു ചെയ്തു കൊടുത്തത്. അതിനുള്ള നന്ദി സംഘ പരിവാർ ഡി വൈ എഫ് ഐക്ക് അർപ്പിച്ചു കൊണ്ടിരിക്കുന്നു. ഇസ്ലാമിനെ കമ്യുണിസ്റ്റുകൾ ഇനിയും പഠിച്ചിട്ടു വേണം. മതങ്ങളിൽ ഒരു മതം എന്ന രീതിയിൽ ഇസ്ലാമിനെ വായിച്ചാൽ അത് കുരുടൻ ആനയെ കണ്ടത് പോലെയാകും. വിഗ്രഹത്തെ ആരാധിച്ചിരുന്നവരും യേശുവിനെ ആരാധിച്ചിരുന്നവരും ഏകനായ ദൈവത്തെ ആരാധിക്കുന്നവരും എന്നത് മാത്രമായി ഇസ്ലാമിനെ കാണുന്നു എന്നതാണ് പലരെയും കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ നിന്നും തടയുന്നത്. ആരാധന ഒരു സുപ്രധാന കാര്യമാണ്. ആരെ ആരാധിക്കുന്നു എന്നത് പോലെ പ്രാധാന്യമാണ് ആരെ അനുസരിക്കുന്നു എന്നതും. ആരാധനയും അനുസരണവും രണ്ടു വഴിക്ക് എന്നത് ഇസ്ലാമിന് അന്യമാണ്.

ഹറാം ഹലാൽ ഈ നവംബർ മാസത്തിൽ ഉദയം കൊണ്ട ചർച്ചയല്ല. പ്രവാചകന്റെ മക്കാ കാലത്ത് തന്നെ ഇത്തരം അനുഭവങ്ങൾ നമുക്ക് കാണാം. ഭക്ഷണ കാര്യത്തിൽ ഇസ്ലാമിന്റെ ഹലാലും ഹറാമും പ്രവാചകന്റെ മക്കാ കാലത്ത് തന്നെ വ്യക്തമാക്കിയിരുന്നു. അന്ന് ചില ജൂത പണ്ഡിതർ ആ വിഷയത്തിൽ ചില വാദങ്ങൾ ഉന്നയിച്ചു കൊണ്ട് മക്കാക്കർക്ക് കത്തയച്ചു. “ ജൂത പണ്ഡിതന്മാർ പാമരന്മാരായ അറബികൾക്ക്, നബി(സ) തിരുമേനിയുടെ പേരിൽ ആക്ഷേപം ജനിപ്പിക്കാനായി ചില ചോദ്യങ്ങൾ പഠിപ്പിച്ചിരുന്നു. കൂട്ടത്തിൽ ഒന്ന് ഇതായിരുന്നു: ”ഇതെന്തുനയമാണ്? അല്ലാഹു സ്വയം വധിച്ചതിനെ (ചത്തതിനെ) നിങ്ങൾ ഹറാമാക്കിയിരിക്കുന്നു. നാം വധിച്ചതിനെ (അറുത്തതിനെ) ഹലാലാക്കുകയും ചെയ്യുന്നു!” സാധാരണക്കാരുടെ ഹൃദയത്തിൽ സംശയം കുത്തിവെക്കാനും സത്യത്തെ വിമർശിക്കേണ്ടതിനും അവർക്കായുധം ഒരുക്കിക്കൊടുക്കാനും വേണ്ടി അവർ നടത്തി കൊണ്ടിരുന്ന കലാപരിപാടി എന്ന നിലയിലാണ് ഇത് വിലയിരുത്തപ്പെടുന്നത്. അത് കൊണ്ട് തന്നെ സംഘ പരിവാറിന്റെ നിലപാടുകളിൽ നമുക്ക് പുതുമ തോന്നേണ്ട കാര്യമില്ല.

സംഘ പരിവാർ നേർക്ക്‌ നേരെ ചോദ്യം ചെയ്യാൻ ശ്രമിച്ചത് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളെ തന്നെയായിരുന്നു. ഹറാം ഹലാൽ വിഷയത്തിൽ ഇസ്ലാമിന്റെ നിലപാട് വ്യക്തമാണ്‌. അതിങ്ങിനെ വായിക്കാം “ ഒരു വശത്ത് അല്ലാഹുവിന്റെ ദൈവത്വവും പരമാധിപത്യവും അംഗീകരിക്കുക, മറുവശത്ത് ദൈവത്തിൽനിന്ന് മുഖംതിരിച്ച ധിക്കാരികളുടെ വിധിവിലക്കുകൾക്കൊത്ത് ചരിക്കുകയും അവർ നടപ്പാക്കുന്ന സമ്പ്രദായങ്ങൾ ആചരിക്കുകയും ചെയ്യുക- ഇതുതന്നെയാണ് ശിർക്ക്. ജീവിതത്തെ അടിമുടി ദൈവാനുസരണത്തിൽ അർപ്പിക്കുകയെന്നതാണ് തൗഹീദ്. അല്ലാഹുവോടൊപ്പം മറ്റാരെയെങ്കിലും വിശ്വാസത്തിൽ നിരുപാധികം അനുസരിക്കപ്പെടാൻ അർഹനായംഗീകരിച്ചാൽ അത് വിശ്വാസപരമായ ശിർക്കാണ്. അല്ലാഹുവിന്റെ സന്മാർഗം അവഗണിച്ചുകൊണ്ട് ആജ്ഞാനിരോധത്തിനധികാരികളായി ചമയുന്ന ജനങ്ങളെ പ്രവൃത്തിരൂപത്തിൽ അനുസരിക്കുകയാണെങ്കിൽ അത് കർമപരമായ ശിർക്കുമാണ്.”.

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കനും ഇന്ത്യൻ ഭരണഘടന വ്യക്തിക്ക് നൽകുന്ന സ്വാതന്ത്രമാണ് സംഘ പരിവാറും ഡി വൈ എഫ് ഐയും ചോദ്യം ചെയ്യുന്നത്. ഇതിൽ രണ്ടാമതു പറഞ്ഞതാണു സംഘ പരിവാർ കൂടുതൽ ചോദ്യം ചെയ്തത്. ഹറാം ഹലാൽ വിശ്വാസത്തിന്റെ ഭാഗമാണ്, അത് സ്വീകരിക്കാൻ മുസ്ലിംകൾക്ക് അവകാശമുണ്ട് എന്ന രീതിയിലായിരുന്നു വാസ്തവത്തിൽ ഡി വൈ എഫ് ഐ രംഗത്ത്‌ വരേണ്ടിയിരുന്നത്. ഹലാലായ ഭക്ഷണം മാത്രമേ എല്ലാവരും കഴിക്കാവൂ എന്ന കടുംപിടുത്തം ഇസ്ലാമിനില്ല. ചത്തതും ചീഞ്ഞതും ദൈവത്തിന്റെ പേരിൽ അറുക്കപ്പെടാത്തതും കഴിക്കാൻ പാടില്ല എന്നത് രണ്ടു രീതിയിൽ കാണണം. ഒരു കൂട്ടർക്ക് ഇത് ആരോഗ്യ പ്രശ്നമാണ്. മറ്റൊരു വിഭാഗത്തിന് വിശ്വാസ പരവും. ഒന്നാമത്തെ സംഗതി നോക്കി നടത്താൻ ഇവിടെ ഭരണ കൂടമുണ്ട്. രണ്ടാമത്തെ കാര്യം വിശ്വാസികൾ തന്നെ സ്വയം നടപ്പിൽ വരുത്തണം. അത് കൊണ്ട് തന്നെ ആരും പന്നി മാംസം കഴിക്കാൻ പാടില്ല എന്ന് ഒരു മുസ്ലിമും പൊതു സമൂഹത്തെ നിർബന്ധിക്കുന്നില്ല. ഇവിടെ സംഭവിച്ചത് മുസ്ലിംകളെ വിശ്വാസികളായി ജീവിക്കാൻ സംഘ പരിവാർ സമ്മതിക്കുന്നില്ല എന്നത് മാത്രമാണ്. അപ്പോൾ ഫുഡ്‌ ഫെസ്റ്റ് എന്നതിനേക്കാൾ പ്രാധാന്യം “ ബിലീഫ് ഫെസ്റ്റ്” എന്നതിനാണ്.

ഇസ്ലാം നിരോധിക്കുന്ന പന്നി മാംസം കൂടി വിളമ്പി ഡി വൈ എഫ് ഐ നൽകുന്ന സന്ദേശം കൃത്യമാണ്. നിയമം നിർമ്മിക്കാനുള്ള ദൈവത്തിന്റെ അവകാശം കയ്യൊഴിയണം. കേൾക്കാൻ സുഖമുള്ള കാര്യമാണെങ്കിലും അത് ചെന്ന് നിൽക്കുന്നത് മത നിരാസത്തിൽ തന്നെയാണ്. പാടത്തെ കള പറിക്കുക എന്ന പേരിൽ നെല്ലും പറിച്ചു കളയാനുള്ള സന്ദർഭമായി ഡി വൈ എഫ് ഐ ഹലാൽ വിവാദത്തെ കാണുന്നു. അത് കൊണ്ട് തന്നെയാണ് ആമ കുറുക്കന് നന്ദി പറയാൻ വ്യഗ്രത കാണിക്കുന്നതും.

Related Articles