Current Date

Search
Close this search box.
Search
Close this search box.

മരണപ്പെട്ടവരുടെ ഭാവി ചര്‍ച്ച ചെയ്യുന്നവര്‍

സ്വന്തത്തിന്റെ സ്വര്‍ഗത്തെ കുറിച്ചാണ് നമ്മുടെ മുന്‍ഗാമികള്‍ വേവലാതിപെട്ടത്. അതെ സമയം മറ്റുള്ളവരുടെ സ്വര്‍ഗത്തിലാണ് നമ്മുടെ വേവലാതി. എന്റെ സ്വര്‍ഗം എന്റെ മാത്രം പ്രവര്‍ത്തന ഫലം കൊണ്ട് ലഭിക്കുന്നതാണ്. മറ്റുള്ളവര്‍ക്കും സ്വര്‍ഗം ലഭിക്കണം എന്ന വിശാലതയില്‍ നിന്നാണ് എന്റെ സ്വര്‍ഗം ആരംഭിക്കുന്നത്.

മുമ്പൊരിക്കല്‍ തനിക്കു മുമ്പ് മരണപ്പെട്ടു പോയവരുടെ സ്വര്‍ഗത്തെ കുറിച്ചു ഫറോവ മൂസാ പ്രവാചകനോട് ചോദിച്ചു. ‘അതിന്റെ അറിവ് എന്റെ നാഥന്റെ അരികിലെന്നു’ പ്രവാചകന്‍ മറുപടി പറഞ്ഞു. ആരൊക്കെ സ്വര്‍ഗത്തില്‍ പോകും എന്നതിനേക്കാള്‍ ഇസ്‌ലാം ആഗ്രഹിക്കുന്ന ചര്‍ച്ച സ്വര്‍ഗത്തില്‍ പോകാനുള്ള നിലപാട് എന്ത് എന്നതിനെ കുറിച്ചാണ്. സര്‍വമത സത്യവാദം ഒരു നിലപാടിന്റെ പേരാണ്. എല്ലാ മതങ്ങളും ശരിയാണ് എന്ന നിലപാട് ഇസ്‌ലാമിനില്ല. അതെ സമയം എല്ലാ വിശ്വാസങ്ങള്‍ക്കും അവരുടെ രീതിയില്‍ മുന്നേറുന്നതിനു ഇസ്‌ലാം തടസ്സമല്ല. പ്രവാചക കാലത്തും ശേഷവും അവിടങ്ങളില്‍ മറ്റു മതങ്ങള്‍ നില നിന്നിരുന്നു എന്നത് ചരിത്ര സത്യമാണ്. പ്രവാചകന്‍ വരുന്ന കാലത്തു ഒരുപാട് വിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ആ വിശ്വാസങ്ങളെയെല്ലാം ശക്തമായി വിമര്‍ശിച്ചു തന്നെയാണ് ഖുര്‍ആന്‍ കടന്നു പോയതും. നിലനിന്നിരുന്ന ജൂത െ്രെകസ്തവ ബഹുദൈവ വിശ്വാസത്തെ ഖുര്‍ആന്‍ കണക്കറ്റു നിരൂപണം ചെയ്യുന്നു. എല്ലാ മതങ്ങളും ശരിയാണ് എന്ന് വന്നാല്‍ മുഹമ്മദ് നബിയുടെ പ്രസക്തി തന്നെ ഇല്ലാതെയാകും. എല്ലാം ശരിയാണെകില്‍ പിന്നെ എന്തിനു പ്രവാചകനും അനുചരന്മാരും ഇത്രമാത്രം ദുരിതം അനുഭവിച്ചു എന്നതും ചോദ്യമാണ്.

അല്ലാഹുവിനടുത്തു ദീന്‍ ഇസ്‌ലാമാണ് എന്ന് ഖുര്‍ആന്‍ പറയുന്നു. ആരാണ് മുസ്ലിം എന്നതും ഖുര്‍ആന്‍ പറയുന്നു. പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിച്ചവന്‍. സത്യമതക്കാരുടെ കണക്കില്‍ പ്രവാചക വിശ്വാസം പോലും ആവശ്യമില്ലാത്തതാണ്. കാരണം ഇസ്‌ലാമൊഴികെ മറ്റൊരു ദര്‍ശനവും മുഹമ്മദ് നബിയില്‍ വിശ്വസിക്കുന്നില്ല. ദീന്‍ പൂര്ണമായതു മുഹമ്മദ് നബിയുടെ വരവോടെയാണ് എന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്നു. അപ്പോള്‍ മറ്റുള്ളവരുടെ കയ്യിലുള്ള ദീന്‍ അപൂര്‍ണ്ണമാണ്. പ്രവാചകനെ പിന്‍പറ്റുക അനുസരിക്കുക എന്നതും പരലോക വിജയത്തിന്റെ കാരണമായി ഖുര്‍ആന്‍ പറയുന്നു. ഹദീസ് നിഷേധികള്‍ക്കും ഖുര്‍ആനുണ്ട് എന്ന് വരികില്‍ അതിനെ അവഗണിച്ചു കൊണ്ട് എങ്ങിനെയാണ് സ്വര്‍ഗത്തെ കുറിച്ച് പറയാന്‍ കഴിയുക. വിശ്വാസമാണ് ഇസ്‌ലാമില്‍ ഒന്നാമത്തെ കടമ്പ. കര്‍മ്മങ്ങള്‍ പോലും പിറകെയാണ് വരിക.

നമ്മുടെ നാട്ടില്‍ ഇപ്പോഴത്തെ ചര്‍ച്ച ആരൊക്കെയാണ് സ്വര്‍ഗത്തില്‍ എന്നതാണ്. കേരളത്തിലെ ഒരു മന്ത്രി സ്വര്‍ഗ്ഗത്തിന്റെ കൂടി വകുപ്പ് കൈകാര്യം ചെയ്യുന്നു എന്ന രീതിയിലാണ് സംസാരിക്കുന്നത്. ആര്‍ സ്വര്‍ഗത്തില്‍ കടക്കുന്നത് കൊണ്ടും നമുക്ക് എതിര്‍പ്പില്ല. പക്ഷെ സ്വര്‍ഗം അങ്ങിനെ കടന്ന് കൂടാന്‍ പറ്റിയ ഇടമാണ് എന്ന വിശ്വാസം നമുക്കില്ല. നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ഖുര്‍ആനും പ്രവാചകനും സ്വര്‍ഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അത് ചില നിലപാടുകള്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണ് എന്നാണ്. പരീക്ഷ ജയിക്കാന്‍ നിബന്ധനകള്‍ ബാധകമാണ് എന്നത് പോലെ തന്നെ പരലോകത്തെ പരീക്ഷ ജയിക്കാനും ചില നിബന്ധനകള്‍ ബാധകമാണ്. അത് പൂര്‍ത്തിയാക്കിയവര്‍ക്കാണ് പരലോകത്തു സ്വര്‍ഗം. സ്വര്‍ഗം നരകം വിചാരണ എന്നിവ പോലും അംഗീകരിക്കാത്തവര്‍ക്കും സ്വര്‍ഗം ലഭിക്കുമെന്നും വേണമെന്നും അവകാശപ്പെടുന്നത് പരിഹാസ്യമാണ്. ഇസ്‌ലാമിനെ കുറിച്ച ചര്‍ച്ചയില്‍ ആരൊക്കെ സ്വര്‍ഗത്തില്‍ എന്ന ചര്‍ച്ചക്ക് പ്രസക്തിയില്ല. എങ്ങനെയൊക്കെയാണ് സ്വര്‍ഗത്തില്‍ കടക്കാന്‍ കഴിയുക എന്ന ചര്‍ച്ചക്കാണ് പ്രസക്തി.

ജീവിച്ചിരിക്കുന്ന മനുഷ്യരെ സ്വര്‍ഗ്ഗത്തിന്റെ ആളുകളാക്കുക എന്നതാണ് ഇസ്‌ലാം കല്പിച്ചതു. മരണപ്പെട്ടവരുടെ സ്വര്‍ഗത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമുക്ക് അനുമതിയില്ല. നാളെ എന്ത് സംഭവിക്കും എന്നത് നമുക്ക് അജ്ഞാതമാണ്. നമുക്കു ഒട്ടും പരിചിതമല്ലാത്ത നൂറു ശതമാനവും ദൈവത്തിന്റെ കല്‍പ്പന മാത്രം നടപ്പാക്കുന്ന ഒരു ലോകത്തെ കുറിച്ച് ചര്‍ച്ച തന്നെ ഇസ്‌ലാം വിരുദ്ധമാണ്. ആരുടേയും പരലോകം ചര്‍ച്ച ചെയ്യാന്‍ നമുക്ക് അനുമതിയില്ല. അതെ സമയം അവരുടെ പരലോകം മനോഹരമാക്കാന്‍ നമ്മുടെ കയ്യില്‍ പ്രതിവിധിയുണ്ട്. ജീവിച്ചിരിക്കുന്ന മനുഷ്യരെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇസ്‌ലാം പറയുന്നത്. അതെ സമയം നമ്മില്‍ പലര്‍ക്കും താല്പര്യം മരണപ്പെട്ടു പോയവരുടെ ഭാവി ചര്‍ച്ച ചെയ്യാനാണ്.

Related Articles