Current Date

Search
Close this search box.
Search
Close this search box.

അക്ഷരങ്ങളെ കൊല്ലാന്‍ അവര്‍ക്ക് കഴിയില്ല!

ഇക്കഴിഞ്ഞയാഴ്ച മിഡിലീസ്റ്റ് സാക്ഷ്യം വഹിച്ച രണ്ട് സംഭവങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. അക്ഷരങ്ങളെപ്പോലും ഭയപ്പെടുന്ന രണ്ട് ഭീകരക്കൂട്ടങ്ങള്‍ ബോംബിട്ട് തകര്‍ത്ത പുസ്തകശാലകള്‍ പുനര്‍ജനിക്കുന്ന ആഹ്ലാദകരമായ കാഴ്ചകള്‍ക്കാണ് ഗസ്സ നഗരവും ഇറാഖിലെ മൗസില്‍ പട്ടണവും വേദിയായത്. ഗസ്സയില്‍ പുസ്തകശാല തകര്‍ത്തത് സയണിസ്റ്റ് സ്റ്റേറ്റ് ഭീകര സേനയായ ഐ.ഡി.എഫ് (ഇസ്രായിലി ഡിഫന്‍സ് ഫോഴ്‌സ്) ആണെങ്കില്‍ മൗസിലില്‍ അത് ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐ.എസ് എന്ന വ്യത്യാസം മാത്രം! മനുഷ്യരെ കൊന്നുതള്ളാന്‍ ഒരു മടിയുമില്ലാത്ത ഭീകര സംഘങ്ങള്‍ക്ക് മനുഷ്യരുടെ ചിന്തകള്‍ക്ക് ഊര്‍ജം പകരുന്ന പുസ്തകങ്ങളോട് അനുകമ്പ ഉണ്ടാകാന്‍ ഇടയില്ലല്ലോ.

നമുക്കാദ്യം ഗസ്സയിലേക്ക് പോകാം. ഗസ്സ നഗരത്തിലെ ഏറ്റവും വലിയ പുസ്തകശാലയാണ് രണ്ടു നിലകളിലായി പരന്നുകിടക്കുന്ന ‘സമീര്‍ മന്‍സൂര്‍ ബുക്ക് ഷോപ്പ്’. പേര് സൂചിപ്പിക്കുന്നതു പോലെ ഫലസ്ത്വീനിയായ മന്‍സൂര്‍ 21 കൊല്ലം മുമ്പ് ആരംഭിച്ചതാണ് ഈ പുസ്തകശാല. കല, സാഹിത്യം, ചരിത്രം, തത്വചിന്ത, കുട്ടികളുടെ സാഹിത്യം തുടങ്ങി വിവിധ ഭാഷകളിലായി പതിനായിരക്കണക്കിന് പുസ്തകങ്ങളുടെ ശേഖരമുള്ള ‘സമീര്‍ മന്‍സൂര്‍ ബുക്ക് ഷോപ്പ്’ ഭൂമിയിലെ തുറന്ന ജയിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗസ്സയുടെ അലങ്കാരമായിരുന്നു.

ഇക്കഴിഞ്ഞ മേയില്‍ ഗസ്സയുടെ മേല്‍ ഇസ്രായില്‍ സൈന്യം നടത്തിയ ഭീകര താണ്ഡവത്തില്‍ കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ 250ലേറെ മനുഷ്യര്‍ ധീരരക്തസാക്ഷികളായ കൂട്ടത്തില്‍ സമീര്‍ മന്‍സൂര്‍ ബുക്ക് ഷോപ്പും തവിടുപൊടിയായി. പുസ്തകശാല പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇസ്രായില്‍ സൈന്യം ബോംബിട്ട് തകര്‍ക്കുകയായിരുന്നു. സയണിസ്റ്റ് ഭീകരര്‍ ഒരു ഔദാര്യം കാണിച്ചു. ഉടമയോ പുസ്തകങ്ങള്‍ വാങ്ങാനെത്തുന്നവരോ കടയില്‍ ഇല്ലാത്ത സമയമാണ് അവര്‍ ബോംബിടാന്‍ തെരഞ്ഞെടുത്തത്!!

2021 മെയ് 20 രാവിലെ 6 മണി. ഗസ്സ നഗരത്തിലെ വീട്ടിലായിരുന്ന സമീര്‍ മന്‍സൂറിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. ഇസ്രായിലി സൈനിക വക്താവായിരുന്നു മറുതലക്കല്‍. താങ്കള്‍ പുസ്തകശാലയിലാണോ ഉള്ളതെന്നായിരുന്നു ചോദ്യം. അല്ല, വീട്ടിലെന്ന് സമീറിന്റെ മറുപടി. വീടും പുസ്തകശാലയും തമ്മില്‍ ഒരു മൈല്‍ മാത്രമേ അകലമുള്ളൂ. താങ്കളുടെ ജീവന് അപകടമുണ്ടാകരുതെന്നാണ് ആഗ്രഹമെന്ന് പറഞ്ഞാണ് അയാള്‍ ഫോണ്‍ വെച്ചത്. മിനിറ്റുകള്‍ കഴിഞ്ഞില്ല, ഭീമാകാരമായ ശബ്ദം കേട്ട സമീറിന് കാര്യം മനസ്സിലായി. തന്റെയും ഗസ്സക്കാരുടെയും സ്വന്തം പുസ്തകശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം തവിടു പൊടിയായിരിക്കുന്നു.

സയണിസ്റ്റ് ഭീകരരുടെ മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലായിരുന്നു സമീര്‍. എന്നെങ്കിലും പുതിയ പുസ്തകശാലയുമായി രംഗത്തുവരുമെന്ന് തന്നെ സമാധാനിപ്പിക്കാൻ എത്തുന്നവരോട് കണ്ണീരോടെ അയാള്‍ പറഞ്ഞുകൊണ്ടിരുന്നു . എന്നാല്‍ സമീര്‍ തനിച്ചായിരുന്നില്ല. ഗസ്സയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള പുസ്തക പ്രേമികള്‍ അയാള്‍ക്കൊപ്പമുണ്ടായിരുന്നു. ‘സമീര്‍ മന്‍സൂര്‍ ബുക്ക് ഷോപ്പ്’ പൂര്‍വ പ്രതാപത്തോടെ വീണ്ടും ഗസ്സയില്‍ തലയുയര്‍ത്തി നില്‍ക്കണമെന്നത് അവരുടെ കൂടി ആവശ്യമായിരുന്നു. അങ്ങനെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമായ മഹ് വിശ് റുക്‌സാനയും ക്ലൈവ് സ്റ്റാഫോര്‍ഡ് സ്മിതും രംഗത്തുവരുന്നത്. ഇരുവരുടെയും നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുസ്തക പ്രേമികള്‍ നല്‍കിയ സംഭാവനകളിലൂടെ സമാഹരിച്ചത് രണ്ടു ലക്ഷത്തിലധികം ഡോളര്‍! അതിലൂടെ ഗസ്സയില്‍ സമീറിന് പുതിയ പുസ്തകശാല തുറന്നുകൊടുത്തു. ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളാണ് സമീറിന്റെ കടയിലുണ്ടായിരുന്നത്. അത്രയും പുസ്തകങ്ങള്‍ സമാഹരിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് പുസ്തകക്കട ഇക്കഴിഞ്ഞ ദിവസം വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 2014 ജൂണില്‍ ഇറാഖിലെ മൗസില്‍ നഗരം പിടിച്ചടക്കിയ വേളയിലാണ് മൗസില്‍ സര്‍വ്വകലാശാലയിലെ ലൈബ്രറി കെട്ടിടം തകര്‍ത്തത്. മിഡിലീസ്റ്റിലെ തന്നെ മികച്ച ഗ്രന്ഥശാലകളിലൊന്നാണിത്. ശാസ്ത്രം, തത്വചിന്ത, ചരിത്രം, കല തുടങ്ങിയ മേഖലകളിലെ അപൂര്‍വ്വം പുസ്തകങ്ങള്‍, ഒമ്പതാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ പ്രതികള്‍ തുടങ്ങി മധ്യപൗരസ്ത്യ രാജ്യങ്ങളിലെ ലൈബ്രറികളില്‍ കാണാത്ത പുസ്തക ശേഖരമാണ് ഇവിടെ ഉണ്ടായിരുന്നത്. അവ പത്തു ലക്ഷത്തോളം വരും.

ഐ.എസിനെ തുരത്തി മൗസില്‍ പൂര്‍ണമായും ഇറാഖിന്റെ നിയന്ത്രണത്തില്‍ വന്ന നാളുകളില്‍ തന്നെ നഗരത്തിന്റെ പുനരുത്ഥാന പ്രവര്‍ത്തനങ്ങളുടെ കൂട്ടത്തില്‍ ലൈബ്രറിയെ പൂര്‍വ്വ സ്ഥിതിയില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകളും സജീവമായിരുന്നു. അതിന്റെ ഭാഗമായി മൗസില്‍ സര്‍വ്വകലാശാല പ്രഫസറും മൗസില്‍ ബുക്ക് ബ്രിഡ്ജ് പ്രോജക്റ്റ് സ്ഥാപകനുമായ ഡോ. അലാ ഹംദൂന്‍ സഹായം ആവശ്യപ്പെട്ട് ചാരിറ്റി ബുക്ക് എയിഡ് ഇന്റര്‍നാഷനല്‍ എന്ന സംഘടനയെ സമീപിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ വെച്ചു. പുസ്തകങ്ങള്‍ സംഭാവന ചെയ്യാനുള്ള നടപടികള്‍ 2018ല്‍ സംഘടന ആരംഭിച്ചു. 20,099 പുതിയ പുസ്തകങ്ങളാണ് സംഘടന ലൈബ്രറിക്ക് സംഭാവന നല്‍കിയത്. ഇവയിലേറെയും ശാസ്ത്ര, സാങ്കേതിക മേഖലകളിലും എഞ്ചിനീയറിംഗിലും ഉന്നത പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമായ റഫറൻസ് ഗ്രന്ഥങ്ങളാണ്. ഫെബ്രുവരി 19ന് മൗസില്‍ സര്‍വ്വകലാശാല ലൈബ്രറി വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. യുദ്ധ ഭീകരർക്കും മാനുഷ്യകത്തിന്റെ ശത്രുകൾക്കും ഇതിലും വലിയ മറുപടി വേറെ എന്തുണ്ട്?

Related Articles