Current Date

Search
Close this search box.
Search
Close this search box.

മതപരിത്യാഗിയും കപടവിശ്വാസിയും

ഒരു സഹോദരന്‍ ചോദിക്കുന്നു ‘മത പരിത്യാഗിയും കപടവിശ്വാസിയും തമ്മിലുള്ള അന്തരമെന്ത്? ഈ ചോദ്യം പ്രസക്തമാണ്.
മുസംബിയും ഓറഞ്ചും തമ്മിലുള്ള വ്യത്യാസം എന്തൊക്കെ എന്ന് ചോദിച്ചാല്‍. രണ്ടും ഒരു കുടുംബത്തില്‍ നിന്നും വരുന്നു എന്നതാണ് അതിന്റെ ആദ്യ ഉത്തരം. അതെ ഉത്തരം തന്നെയാണ് മുകളില്‍ ഉന്നയിച്ച ചോദ്യത്തിനും നമുക്ക് നല്‍കാന്‍ കഴിയുക.
കപടന്‍ സത്യനിഷേധം മറച്ചു വെച്ച് ഇസ്ലാം വെളിവാക്കുന്നു. മതപരിത്യാഗി വിശ്വാസത്തില്‍ നിന്ന് പുറത്തു പോയി അത് തുറന്നു പറയുന്നു. പക്ഷെ പരലോകത്ത് രണ്ടു പേര്‍ക്കും സങ്കേതം നരകം തന്നെയാണ്. കപടനാകും കൂടുതല്‍ ശിക്ഷ എന്നതാണ് കാര്യമായ വ്യത്യാസം.

ഇസ്ലാമിക ചരിത്രത്തില്‍ മുസ്ലിം സമൂഹവും ഭരണകൂടവും എന്നും പ്രതിസന്ധി നേരിട്ടത് ഈ വിഭാഗങ്ങളില്‍ നിന്നായിരുന്നു. അവിശ്വാസികളെ നേര്‍ക്ക് നേരെ തന്നെ മനസ്സിലാവുന്നത് കൊണ്ട് അവരില്‍ നിന്നും വരാനിടയുള്ള പ്രതിസന്ധികളെ കുറിച്ച് മുന്‍ധാരണ സാധ്യമാണ്, അതെ സമയം കപടന്മാര്‍ സമുദായത്തിന്റെ തന്നെ ഭാഗമാണ്. തരം നോക്കി നിലപാട് മാറ്റുക എന്നതാണ് അവരുടെ സ്വഭാവം. പലപ്പോഴും സമുദായത്തിന്റെയും ശത്രുക്കളുടേയുമിടയില്‍ ഒരു പാലമായി അവര്‍ വര്‍ത്തിക്കും. അവര്‍ക്കു വേണ്ടി ചാരപ്പണി നടത്തുക എന്നത് കൂടി ഇവരുടെ മുഖ്യ ജോലിയാണ്. മുസ്ലിം സദസ്സുകളില്‍ അവരെ സജീവമായി കാണാം. ശേഷം അപ്പുറത്തും. കിട്ടിയ ആദ്യ സമയത്തു തന്നെ ഇസ്ലാമിനെ തള്ളിപ്പറയാന്‍ അവര്‍ വ്യഗ്രത കാണിക്കും. പ്രവാചക പത്‌നി ആയിശയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങി വെച്ചത് ഇവരാണ്.

പ്രവാചക കാലത്തു കപടന്മാരുടെ ശക്തമായ സാന്നിധ്യം വെളിവായ സംഭവം തബൂക്ക് യുദ്ധം തന്നെ. വിശ്വാസം മനസ്സില്‍ തറക്കാതെ ഭൗതിക നേട്ടം പ്രതീക്ഷിച്ചു ഒപ്പം കൂടിയവര്‍ക്ക് യുദ്ധവും യാത്രയും ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. അവര്‍ ഉയര്‍ത്തിയ രാഷ്ട്രീയമായിരുന്നു പ്രസ്തുത സംഭവത്തെ വിശകലനം ചെയ്തു ഖുര്‍ആന്‍ പറഞ്ഞതും.

വിശ്വാസ സമൂഹത്തില്‍ കയറി കൂടി അവരുടെ രഹസ്യങ്ങള്‍ മനസ്സിലാക്കുക എന്നത് മതപരിത്യാഗിയുടെ ലക്ഷണമാണ്. ഇസ്ലാം പൂര്‍ണമായി തള്ളിപ്പറയണം എന്നൊന്നും ഇവരുടെ കാര്യത്തില്‍ ബാധകമല്ല. ഇസ്ലാമിന്റെ ചിലതു മാത്രം അംഗീകരിക്കുക ചിലതു തള്ളിപ്പറയുക എന്നതും ഇവരുടെ നിലപാടാണ്. പ്രവാചകന്റെ കാലത്തും ശേഷവും രംഗത്തു വന്ന ഒരു വിഭാഗത്തിന്റെ അവസ്ഥ പരിശോധിച്ചാല്‍ കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാവും. അബൂബക്കര്‍ ( റ) നേരിട്ട വലിയ രാഷ്ട്രീയ പ്രതിസന്ധി ഇവരില്‍ നിന്നായിരുന്നു. ഇന്നും അത്തരം ആളുകള്‍ ധാരാളം. അവര്‍ ഇസ്‌ലാമിന്റെ പേരില്‍ തന്നെ രംഗത്തു വരും. ഏക ദൈവത്വം പ്രവാചകത്വം മാലാഖമാര്‍, വേദഗ്രന്ഥം പരലോകം എന്നിവയില്‍ അവരുടെ നിലപാടുകള്‍ സംശയം ജനിപ്പിക്കും. അവരുടെ രാഷ്ട്രീയ കൂറ് പലപ്പോഴും ഇന്ത്യന്‍ ഭാഷയില്‍ സംഘ് പരിവാറിനോട് കൂടെയാകും. അന്തര്‍ ദേശീയ തലത്തില്‍ അവരുടെ ഇഷ്ട തോഴര്‍ സിയോണിസവും.

ഈ രണ്ടു വിഭാഗത്തെയും ഇസ്ലാമിന്റെ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഇവരുടെ കാര്യത്തില്‍ ജാഗ്രത വേണം എന്ന് പറയാന്‍ കാരണം. പ്രവാചക കാലത്തും ശേഷവും അവരെ പലരും ഉപയോഗപ്പെടുത്തി എന്നത് പോലെ മതത്തില്‍ നിന്നും തെറിച്ചു പോയവരെയും കപടന്മാരെയും ഇന്നും ശത്രുക്കള്‍ ഉപയോഗിക്കുന്നു. സത്യനിഷേധിയെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതിനേക്കാള്‍ വളരെ കൂടുതലാണ് കപടന്മാരെ കുറിച്ച് പറഞ്ഞത്.

ഒരു വിഭാഗം ദൈവിക സരണിയില്‍ നിന്നും മാറി പോകുക എന്നതും സാധ്യമാണ്. അത് കൊണ്ടാണ് വിശ്വാസികളോട് നിങ്ങള്‍ ദൈവിക സരണിയില്‍ നിന്നും മാറിപോയാല്‍ പകരം ആളുകളെ കൊണ്ട് വരും എന്ന് അള്ളാഹു പറഞ്ഞതും. അവരുടെ നിലപാടുകള്‍ കേവല വിശ്വാസം എന്നിടത്ത് നിന്നും രാഷ്ട്രീയമായി തിരിയുമ്പോള്‍ അത്തരക്കാരെ രാഷ്ട്രീയമായി എതിരിടുക എന്നതും ഒരാവശ്യമാകും. പ്രവാചക കാലത്തും ശേഷവും അങ്ങിനെ പോയ ആളുകള്‍ ഇസ്ലാമിനെ രാഷ്ട്രീയമായാണ് നേരിട്ടത് എന്നത് ചരിത്രമാണ്.

ചുരുക്കത്തില്‍ രണ്ടു കൂട്ടരും ഒരേ കുടുംബത്തില്‍ നിന്നാണ് വരുന്നത്. ഒരു വിഭാഗം വിഷയങ്ങളെ മൂടി വെച്ച് സംസാരിക്കുന്നു. മറു വിഭാഗം അത് തുറന്നു സംസാരിക്കുന്നു എന്ന വ്യത്യാസം മാത്രം.

Related Articles