Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ കുടുംബത്തിലെ മകളെ ഇസ്രായേല്‍ കൊന്നു!

താന്‍ ജനീനിലേക്കുള്ള വഴിയിലാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷിരീന്‍ അബൂ ആഖില ഫേസ്ബുക്കില്‍ കുറിച്ചത്. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജനീന്‍ നഗരത്തില്‍ ഇസ്രായേല്‍ അധിനിവേശകര്‍ മാസങ്ങളായി നടത്തുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഷിരീന്‍ അബൂ ആഖിലയുടെ അവസാന ശ്രമമായിരുന്നു അത്. ഇന്ന്, ബുധനാഴ്ച രാവിലെ ഇസ്രായേല്‍ അധിനിവേശകര്‍ ഷിരീന്‍ ആഖിലയെ വെടിവെച്ച് കൊലപ്പെടുത്തി. അവസാന യാത്രയില്‍, ഫലസ്തീന്‍ ജനതക്കെതിരെയുള്ള ഇസ്രായേല്‍ അധിനിവേശകരുടെ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള തിരിക്കിലായിരുന്നു ഷിരീന്‍ ആഖില.

പതിവുപോലെ ഇന്നും മീഡിയ യൂണിഫോം ധരിച്ചാണ് അവള്‍ റിപ്പോര്‍ട്ടിങ്ങിന് പോയത്. ജനീന്‍ നഗരത്തിന് പടിഞ്ഞാറുള്ള ബുര്‍ഖീന്‍ ഗ്രാമത്തിനും ജനീന്‍ ക്യാമ്പിനുമിടയിലെ അല്‍ജാബിരിയാത് പ്രദേശത്തെ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വെടിയേല്‍ക്കുന്നത്. ഫലസ്തീനിയെ അറസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആയുധധാരികളായ ഇസ്രായേല്‍ അധിനിവേശകര്‍ വീടിന് പുറത്ത് നിലയുറപ്പിക്കുന്നു. ഫലസ്തീനിയോട് പുറത്തേക്ക് വരാന്‍ ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നു. ഇതുകൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഇസ്രായേല്‍ സൈന്യം അലക്ഷ്യമായി വെടിയുതിര്‍ക്കുന്നു. അതിലൊന്ന് തുളച്ചുകയറിയത് ഷിരീന്‍ ആഖിലയുടെ തലയിലായിരുന്നു. അതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ജനീനിലെ അല്‍ജസീറ ചാനല്‍ പ്രൊഡ്യൂസര്‍ അലി അസ്സുമൂദിക്ക് കഴുത്തിന് വെടിയേറ്റിരുന്നു. ആയുധധാരികളില്ലാത്ത, ഏറ്റുമട്ടലില്ലാത്ത പ്രദേശത്ത് ഇസ്രായേല്‍ അധിനിവേശകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബോധപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഷിരീന്‍ ആഖിലക്കൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരായ അലി അസ്സുമൂദിയും മുജാഹിദ് അസ്സഅദിയും സാക്ഷ്യപ്പെടുത്തുന്നു. സഹപ്രവര്‍ത്തകരും അവിടെയുണ്ടായിരുന്ന പ്രദേശവാസികളും ഷിരീന്‍ ആഖിലയെ നഗരത്തിലെ ഇബ്‌നു സീന സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിക്കാന്‍ എല്ലാ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫലസ്തീന്‍ കുടുംബത്തിന്റെ മകളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊല്ലുകയായിരുന്നു!

1971ല്‍ തെക്കന്‍ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിലെ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ഷിരീന്‍ നസ്‌രി അബൂ ആഖില ജനിക്കുന്നത്. ജറൂസലമിലാണ് വളര്‍ന്നത്. ജറൂസലമിലെ ബൈത്ത് ഹനീനിലെ റോസറി സിസ്‌റ്റേഴ്‌സ് സ്‌കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ജോര്‍ദാനിലെ ശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയില്‍ ആര്‍ക്കറ്റെക്ചര്‍ പഠിച്ചു. ശേഷം ജോര്‍ദാനിലെ യര്‍മൂക് സര്‍വകലാശാലയില്‍ നിന്ന് ജേണലിസം പഠിക്കുകയും ഒന്നാം റാങ്കോടെ പാസാവുകയും ചെയ്തു. ബിരുദാനന്തരം നാട്ടിലേക്ക് മടങ്ങി, യു.എന്‍.ആര്‍.ഡബ്ല്യൂ.എ (United Nations Relief and Works Agency), വോയ്‌സ് ഓഫ് ഫലസ്തീന്‍ റേഡിയോ, അമ്മാന്‍ സാറ്റലൈറ്റ് ചാനല്‍, മിഫ്താഹ് ഫൗണ്ടേഷന്‍, മോണ്ടെ കാര്‍ലോ തുടങ്ങിയ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 1977ല്‍ ഫലസ്തീനില്‍ സ്ഥാപിതമായ അല്‍ജസീറ സാറ്റലൈറ്റ് ചാനല്‍ സംഘത്തില്‍ ചേര്‍ന്ന ഷിരീന്‍ ആഖില മരണം വരെ മാധ്യമപ്രവര്‍ത്തനം തുടര്‍ന്നു.

ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്ക് ആക്രമിക്കുകയും ബോംബ് വര്‍ഷിക്കുകയും നരനായാട്ട് നടത്തുകയും ചെയ്ത് ശ്രദ്ധേയമായ 2000നും 2004നുമിടയിലെ അല്‍അഖ്‌സ ഇന്‍തിഫാദയുള്‍പ്പെടെ (Second Intifada) നിര്‍ണായകമായ സംഭവങ്ങള്‍ ഷിരീന്‍ ആഖില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജറൂസലം, ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവടങ്ങളിലെ പോരാട്ടങ്ങള്‍ വിവിധ റിപ്പോര്‍ട്ടികളിലായി ഷിരീന്‍ ആഖില പുറത്തെത്തിച്ചു. അടുത്തിടെയുണ്ടായ ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദ് ആക്രമണവും, ശൈഖ് ജര്‍റാഹ് പരിസരത്തെ പോരാട്ടവും ഷിരീന്‍ ആഖില റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവിധ റിപ്പോര്‍ട്ടിങ്ങുകള്‍ക്കിടെ അതിക്രമവും ആക്രമണവും നേരിട്ട ഷിരീന്‍ ആഖില ഒരുപാട് മായാത്ത ചിത്രങ്ങള്‍ ബാക്കിവെച്ചാണ് നമുക്കിടയില്‍ ജീവിക്കുന്നത്.

Related Articles