Current Date

Search
Close this search box.
Search
Close this search box.

ആയിഷ സുൽത്താന മറ്റൊരു മഅദനി ആകാതിരിക്കാൻ നമുക്ക് പ്രാർഥിക്കം

ഒരു രാജ്യത്തിന്റെ അംഗീകൃത നിയമത്തെ വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ അല്ലെങ്കിൽ പ്രകടമായ അടയാളം കൊണ്ടോ അവമതിക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ അതിന്റെ പേരിൽ നാട്ടിൽ കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുക എന്നതിനെയാണ് “ രാജദ്രോഹം” എന്ന പേരിൽ അറിയപ്പെടുന്നത്. രാജ്യവും രാജാവും ഒന്നാണെന്ന് രാജഭരണം പറയുന്നു. രാജ്യവും പാർട്ടിയും ഒന്നാണെന്ന് സർവ്വാധിപത്യം പറയുന്നത്. രാജ്യവും സർക്കാരും രണ്ടാണ് എന്ന് ജനാധിപത്യം പറയുന്നു. നമ്മുടേത്‌ അവസാനം പറഞ്ഞതാണ്‌. ഭരണകൂടങ്ങളെ വിമർശിക്കാം. അതൊരിക്കലും രാജദ്രോഹത്തിന്റെ പരിധിയിൽ വരില്ല എന്നാണു കോടതികൾ പോലും പറഞ്ഞത്.

ലക്ഷദ്വീപ് കുറച്ചു കാലമായി നമ്മുടെ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. പ്രദേശത്തിന്റെ വ്യതിരിക്തമായ ഭൂപ്രകൃതി കാരണം നമുക്കിടയിൽ ദ്വീപ്‌ എന്നും ഒരു അത്ഭുതമാണ്. കേരളത്തോടാണ് ദ്വീപിനു എന്നും അടുപ്പം. നിലവിലുള്ള കേന്ദ്ര സർക്കാർ ഒരു മുസ്ലിം വിരുദ്ധ നിലപാട് എന്തിലും കൈക്കൊള്ളുന്നു. കുറച്ചു കാലമായി നമ്മുടെ നാട്ടിൽ കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് ഭരണഘടന നോക്കിയല്ല പകരം മതവും ജാതിയും നോക്കിയാണ്. നമ്മുടെ ഭരണ ഘടനയും കോടതികളും നിലനിൽക്കെ തന്നെയാണ് ഫാസിസ്റ്റ് ഭരണകൂടം മുസ്ലിം വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുന്നത്. മുസ്ലിം സമുദായം കൂടുതൽ താമസിക്കുന്ന സ്ഥലങ്ങൾ അവർ പണ്ടേ മാർക്ക് ചെയ്തിട്ടുണ്ട് എന്ന് വേണം അനുമാനിക്കാൻ. കാര്യങ്ങളുടെ പോക്ക് കണ്ടാൽ അങ്ങിനെ ചിന്തിക്കുന്നതിൽ ആർക്കും തെറ്റ് കാണാൻ കഴിയില്ല.

വിചിത്ര നിയമങ്ങളിലൂടെ ദ്വീപിൽ പുതിയ administrator വഴി കേന്ദ്രം പലതും നടപ്പാക്കാൻ ശ്രമിക്കുന്നു. കാലങ്ങളോളമായി സ്വസ്ഥമായി ജീവിച്ചിരുന്ന ഒരു ജനതയുടെ സ്വൈര്യ ജീവിതം അവസാനിപ്പിക്കുക, ദ്വീപുകാരെ സ്വയം ഒഴിഞ്ഞു പോകാൻ നിർബന്ധിക്കുക എന്നവയുടെ ഭാഗമായി വേണം പുതിയ നീക്കങ്ങളെ മനസ്സിലാക്കാൻ. ദ്വീപിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു നാട്ടിലെ മതേതര സമൂഹം കൂടെയുണ്ട്..ദ്വീപിലെ പുതിയ സംഭവ വികാസങ്ങളിൽ ശക്തമായി മുന്നിൽ നിൽക്കുന്നവരിൽ ഒരാൾ അവിടുത്തെ കലാ സാഹിത്യ രംഗങ്ങളിൽ പ്രശസ്തയായ Aisha Sultana യാണ്. പുതിയ administrator വരുന്നത് വരെ ദ്വീപിൽ കൊറോണ അസുഖം വളരെ കുറവായിരുന്നു . ഇദ്ദേഹത്തിന്റെ ചില മോശമായ ഇടപെടൽ മൂലം ദ്വീപിൽ രോഗം പടർന്നു വളരെ മോശമായ അവസ്ഥയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോയി. ഒരു ചാനൽ ചർച്ചയിൽ ഇദ്ദേഹത്തിന്റെ നടപടിയെ “ ബയോളജിക്കൽ വെപ്പൺ “ എന്ന രീതിയിൽ ആയിഷ വിമർശിച്ചു. ശേഷം അതിന്റെ വിശദീകരണം അവർ ഫേസ്ബുക്ക് വാളിൽ നൽകി. അതൊരു ഗുരുതരമായ ആരോപണമാണ്, പക്ഷെ അതൊരു രാജദ്രോഹ കേസായി പരിണമിക്കാൻ സാധ്യത കുറവാണ്.

അത്തരം പ്രയോഗങ്ങളെ ചോദ്യം ചെയ്യാൻ ഭരണ കൂടത്തിനു അധികാരമുണ്ട്‌. പക്ഷെ അത് ഇത്തരം നിയങ്ങളുടെ തണലിലാകരുത് എന്ന് മാത്രം. ലോകത്തിലെ വലിയ ഭീകരത എന്നത് ഭരണകൂട ഭീകരതയാണ്. പ്രജകളെ എങ്ങിനെ വേണമെങ്കിലും അകത്താക്കാൻ അതുവഴി സർക്കാരിനു കഴിയും. മഅദനിയും സകരിയ്യയും അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ. ഇടതു പക്ഷ സർക്കാർ ഭരിക്കുന്ന നാട്ടിൽ ത്വാഹ എന്ന സഖാവ് പോലും അകത്താണ്. ചുരുക്കത്തിൽ ഭരണകൂടം ഭീകരമായാൽ പിന്നെ ജനജീവിതം ദുസ്സഹമാണ്. ഇന്ത്യയിൽ പലയിടത്തും മുസ്ലിം ജനതയുടെ ജീവിതം ദുസ്സഹമാക്കുക എന്ന കരാർ സംഘ പരിവർ സ്വയം ഏറ്റെടുത്തിരിക്കുന്നു. എൻ ആർ സി യും അനുബന്ധ കാര്യങ്ങളുമെല്ലാം അതിന്റെ ബാക്കിപത്രം മാത്രം. അത് തന്നെയാണ് ഭരണകൂടം ഇപ്പോൾ ആയിഷ സുൽത്താനക്ക് നേരെയും പ്രയോഗിച്ചിരിക്കുന്നത്.

ലക്ഷ ദ്വീപിലെ ബി ജെ പിയും സമുദായത്തിൽ നിന്ന് തന്നെയാണ്. അത് കൊണ്ട് തന്നെ കളിയിൽ എന്ത് നഷ്ടം സംഭവിച്ചാലും പാർട്ടിക്ക് അത് വിഷയമല്ല. ദ്വീപ്‌ ബി ജെ പി ഘടകം പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജിയാണ്. അവർക്ക് വേണ്ട നിർദ്ദേശം നൽകുന്നത് സാക്ഷാൽ അബ്ദുള്ളക്കുട്ടിയും. “’എന്നെ സംബന്ധിച്ചെടുത്തോളം തോന്നുന്നത് അല്ലാഹു നമുക്ക് തന്ന ഒരു അവസരമാണ്. ലക്ഷദ്വീപിൻറെ സംസ്കാരമെന്ന് പറഞ്ഞുകൊണ്ടാണ് ഇവർ കുതിര കയറുന്നത്. എന്താണ് ഈ സംസ്കാരമെന്നും ആരാണ് ഐഷ സുൽത്താനയെന്നും തെളിയിക്കാനുള്ള ഒരു അവസരമാണ് വീണുകിട്ടിയിരിക്കുന്നത്.” ബി ജെ പി ദ്വീപ്‌ ഘടകം നേതാവും അബ്ദുള്ളക്കുട്ടിയും തമ്മിൽ നടന്ന സംഭാഷണ ഓഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുന്നു.

ഏകനായ അല്ലാഹുവിനെ അംഗീകരിച്ചു എന്നതാണ് ബി ജെ പിയും ഇസ്ലാമും തമ്മിലുള്ള പ്രശ്നം. ലോകത്തിൽ ആദ്യമായി എതിർക്കേണ്ടത് ആരെയാണ് എന്ന കാര്യത്തിൽ സംഘ പരിവാരിനും അതിന്റെ രാഷ്ടീയ രൂപത്തിനും ഒരു സംശയവുമില്ല. അപ്പോഴാണ്‌ അല്ലാഹു ബി ജെ പി യെ സഹായിക്കുന്നു എന്ന് ദ്വീപ്‌ നേതാവ് പറയുന്നത്. ശത്രുവിലും മിത്രങ്ങളെ കണ്ടെത്താൻ കഴിയും എന്നതാണ് : ജാഹിലിയ്യ” ത്തിന്റെ എക്കാലത്തെയും വിജയം. അബ്ദുള്ള ക്കുട്ടിയും മുത്തുക്കോയയും അബ്ദുൽ ഖാദർ ഹാജിയും ജാഹിലിയ്യത്തിനെ എല്ലാ കാലത്തും പിന്താങ്ങിയിരുന്നവരുടെ ചരിത്രത്തിന്റെ തുടർച്ച മാത്രം.

കള്ളപ്പണം ഒരു രാജദ്രോഹ കുറ്റമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോടികളാണ് ബി ജെ പി നാട്ടിൽ ഒഴുക്കിയത്. ഒരു പെറ്റി കേസ് പോലും ഇതുവരെ നാം എവിടെയും കണ്ടില്ല. അതെ സമയം പ്രതി മുസ്ലിം സമുദായമായാൽ കേസിനും കൂട്ടത്തിനും വേഗത കൂടുതലാണ്. പശുവിന്റെ പേരിൽ കൊല്ലപ്പെട്ട വ്യക്തിയുടെ കൊലയേക്കാൾ നമ്മുടെ നിയമത്തിനു താല്പര്യം ഇറച്ചിയെ കുറിച്ച് അറിയാനായിരുന്നു എന്നത് കഴിഞ്ഞു പോയ ചരിത്രം. നാട്ടിൽ ഉയർന്നു വരുന്ന തടങ്കൽ പാളയങ്ങൾ അതിന്റെ കൂടെ ചേർത്തു വായിക്കണം. ആരോ ചില തിരക്കഥകൾ രചിച്ചിട്ടുണ്ട്. ഭരണകൂടം അത് നടപ്പിൽ വരുത്താനുള്ള തീവ്ര യത്നത്തിലാണ്. ആയിഷ സുൽത്താന മറ്റൊരു മഅദനി ആകാതിരിക്കാൻ നമുക്ക് പ്രാർഥിക്കം എന്നെ ഇപ്പോൾ പറയാൻ കഴിയൂ.

 

Related Articles