Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിനെതിരെ ഭൂതക്കണ്ണാടിയിലൂടെ…

സമുദായത്തിൽ പെടുന്നു എന്നത് ചിലർക്ക് ഒരു ചാകരയായി മാറുകയും ചെയ്യുന്നു. ഒരു പാട് കൊലകൾ കണ്ടും കേട്ടും തഴമ്പിച്ച നാടാണ് നമ്മുടേത്‌. അത് ചിലപ്പോൾ രാഷ്ട്രീയമാകും. മറ്റു ചിലപ്പോൾ കുടുംബ പരമാകും. വ്യക്തി പരമായ കാരണങ്ങളാലും നമ്മുടെ നാട്ടിൽ കൊലക്ക് പഞ്ഞമില്ല. കുടുംബത്തിലെ മുഴുവൻ ആളുകളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്യുന്ന വാർത്തകളും നമുക്ക് പുതിയതല്ല. പ്രേമ നൈരാശ്യം പലപ്പോഴും കൊലയിലേക്ക് കാര്യങ്ങൾ എത്തിക്കാറുണ്ട്‌. അങ്ങിനെ കൊല്ലാൻ സമൂഹത്തിനു കാരണങ്ങൾ ധാരാളം.

പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് പാലക്കാട് നിന്നും വരുന്ന വാർത്ത. ബോധ പൂർവ്വം ഒരു മാതാവ് തന്റെ സന്താനത്തെ കഴുത്തറുത്തു കൊന്നിരിക്കുന്നു. തീർച്ചയായും അതൊരു വൈകല്യമായ മാനസിക അവസ്ഥ തന്നെയായാണ് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. ശല്യം സഹിക്കവയ്യാതെ മക്കളെ കൊന്ന മാതാപിതാക്കളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. ആറു വയസ്സുകാരൻ ആ അവസ്ഥയിലേക്ക് എത്തിയിട്ടില്ല എന്നതിനാൽ ഇത് തീർത്തും ഒരു മാനസിക നിലയുടെ കാര്യമായി മനസ്സിലാക്കാം. കൊലയാളിയായ സ്ത്രീ മദ്രസാ അധ്യാപികയായിരുന്നു. മതവുമായി അടുത്ത ബന്ധമുള്ളവരാന് കൊലപാതകത്തിന്റെ പിന്നിൽ എന്നതും വിഷയത്തെ ചര്ച്ചയാക്കുന്നതിനു കാരണമായിട്ടുണ്ട്. തികച്ചും സൌമ്യമായ പെരുമാറ്റമുള്ളവളായിരുന്നു കൊലപാതകി എന്ന് പറയപ്പെടുന്നു. മാത്രമല്ല അവരുടെ കുടുംബ പാശ്ചാത്തലവും അത്ര മോശമായിരുന്നില്ല എന്നാണു വാർത്ത. മനുഷ്യ മനസ്സുകൾ ഇന്നും പിടികിട്ടാത്ത ഒരു സമസ്യയായി തുടരുന്നു. മനസ്സിന് മുകളിലുള്ള മനുഷ്യന്റെ നിയന്ത്രണം നഷ്ടമാകുമ്പോൾ പിന്നെ അവിടെ പിശാച് തോറ്റുപോകും.

ഭൂമിയിലെ ആദി കൊലയായ ആദമിന്റെ മക്കളുടെ സംഭവം ഖുർആൻ ഇങ്ങിനെ വിശദീകരിക്കുന്നു,…………. ഒടുവിൽ അവന്റെ മനസ്സ് സ്വസഹോദരനെ വധിക്കുന്നതിനു വഴങ്ങി. അവൻ അയാളെ വധിച്ചു. നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ഒരുവനായിത്തീരുകയും ചെയ്തു. പിന്നീട് അവന് തന്റെ സഹോദരന്റെ ജഡം മറമാടേണ്ടതെങ്ങനെ എന്നു കാണിച്ചുകൊടുപ്പാനായി, ഭൂമിയിൽ കുഴിതോണ്ടുന്ന ഒരു കാക്കയെ അല്ലാഹു നിയോഗിച്ചു. അതുകണ്ട് അവൻ കേണു: ‘ഹാ കഷ്ടം! എന്റെ സഹോദരന്റെ ജഡം മറമാടുന്നതെങ്ങനെയെന്നു കണ്ടുപിടിക്കാൻ ഈ കാക്കയുടെ സാമർഥ്യംപോലും എനിക്കുണ്ടായില്ലല്ലോ! അനന്തരം അവൻ നെടുംഖേദത്തിൽ പതിച്ചു”. സ്വസഹോദരനെ കൊന്നു കൊണ്ടാണ് മനുഷ്യൻ ഭൂമിയിലെ കൊലപാതക ചരിത്രം ആരംഭിച്ചത്. അവിടെയും പറയുന്നത് ഖാബീലിനു തന്റെ മനസ്സിന് മേലുള്ള സ്വാദീനം നഷ്ടമായി എന്നാണ്. അത് കൊണ്ട് ഖുർആൻ പറഞ്ഞു “ അതിനെ സംസ്കരിച്ചവൻ വിജയിച്ചു. അതിനെ മലിനമാക്കിയവൻ പരാജയപ്പെട്ടു”. കൊലക്ക് ശേഷം മാതാവ് തന്നെ പോലീസിൽ വിളിച്ചു പറഞ്ഞു എന്നാണ് വാർത്ത. അത് കൊണ്ട് തന്നെ ഇത് മനോവൈകല്യതിന്റെ ബാക്കിയായി വേണം മനസ്സിലാക്കാൻ.

അസ്വസ്ഥമായ മനസ്സുമായാണ് ഇന്ന് പലരും ജീവിക്കുന്നത്. ആധുനികത മനുഷ്യന് നൽകുന്നത് പലപ്പോഴും സമാധാനമല്ല. പല ചിരിക്കുന്ന മുഖങ്ങൾക്കും പിന്നിൽ കറുപ്പിന്റെ ചായം പ്രകടമാണ്. പാലക്കാട് കൊലപാതകത്തെ മറ്റൊരു രീതിയിലേക്ക് തിരിച്ചു വിടാനുള്ള ശ്രമം പല കോണുകളിൽ നിന്നും ഉയർന്നു വരുന്നു. അതിനു മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പലരും. ബലി ഇസ്ലാമിന്റെ ഭാഗമാണ്. പക്ഷെ കൊലപാതകം ഇസ്ലാം കഠിനമായി എതിർക്കുന്നതും. അല്ലാഹു ആദരിച്ച ഒരാത്മാവിനെയും അകാരണമായി കൊല്ലരുത് എന്നാണു പ്രമാണം. ആദം സന്തതികളെ നാം ആദരിച്ചു എന്ന പ്രഖ്യാപനത്തോടെ മനുഷ്യ സമൂഹം മുഴുവൻ ദൈവത്തിന്റെ ആദരവിന് പാത്രമായിട്ടുണ്ട്. ഇബ്രാഹിം നബിയുടെ ബലിയും കൊലപാതകവും ചേർത്ത് വെച്ച് വായിക്കാനുള്ള ശ്രമത്തിലാണ് നാട്ടിലെ യുക്തിവാദികൾ. ദൈവത്തിന്റെ മാർഗത്തിൽ എല്ലാം നൽകാൻ തയ്യാറായ ഒരു പ്രവാചകന്റെ ചരിത്രമാണ്‌ ഇബ്രാഹിം പ്രവാചകനു പറയാനുള്ളത്. അവിടെ ഒരു ബാലിയും നടന്നില്ല. ഇബ്രാഹിം നബിക്ക് മുമ്പാണ് ആദം നബി. അദ്ദേഹത്തിന്റെ മക്കളുടെ കൊലയുടെ കാര്യം പറഞ്ഞു കൊണ്ട് ഖുർആൻ ഇങ്ങിനെ അവസാനിപ്പിക്കുന്നു. “ ഇക്കാരണത്താൽ, ഇസ്രാഈൽവംശത്തിനു നാം നിയമം നൽകിയിട്ടുണ്ടായിരുന്നു: ‘ഒരാത്മാവിനു പകരമായോ, നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാൽ, അവൻ മുഴുവൻ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവൻ ആർക്കെങ്കിലും ജീവിതം നൽകിയാൽ അവൻ മുഴുവൻ മനുഷ്യർക്കും ജീവിതം നൽകിയതുപോലെയുമാകുന്നു” . ഇത്ര കൃത്യമായ ഒരു കാര്യത്തെ ചാരിയാണ് പലരും പുതിയ തിയറികൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്.

കുറച്ചു മുമ്പ് വടക്കൻ കേരളത്തിൽ നിന്നും ചിലരെ കാണാതായി എന്നതിന്റെ പേരിൽ കേരളം മുഴുവൻ സിറിയയിലേക്ക് പോയി എന്നൊരു പ്രചരണം നടന്നിരുന്നു. അത് പോലെയാണ് ഇപ്പോൾ ഈ കൊലപാതകവുമായി ചിലർ ഉന്നയിക്കുന്ന ആരോപണങ്ങൾ. മക്കളെ ബലി കൊടുക്കാൻ പറയുന്ന ഒരു ഗ്രൂപ്പും ഇതുവരെ ലോകത്തിൽ ഒരിടത്തും ഉടലെടുത്ത വിവരം നമുക്കറിയില്ല. ചിലരുടെ വിശ്വാസത്തെ വഴി തെറ്റിച്ചു വിടാൻ എളുപ്പമാണ്. അത്തരം ആളുകൾക്ക് അല്ലാഹുവിലുള്ള വിശ്വാസത്തെക്കാൾ കൂടുതൽ മറ്റുള്ളവരിലാകും വിശ്വാസം. ഇസ്ലാം പറയുന്നത് മനസ്സിൽ നിന്നും എല്ലാ ത്വാഗൂത്തുകളെയും എടുത്തു മാറ്റി വേണം അല്ലാവിനെ സ്ഥാപിക്കാൻ എന്നാണ്. ഇസ്ലാമും ജാഹിലിയ്യത്തും തമ്മിൽ ഒരിക്കലും ഒന്നിച്ചു പോകില്ല. അത് കർമ്മത്തിലും വിശ്വാസത്തിലും തുല്യമാണ്. ഇസ്ലാമിന്റെ നേരെ ഭൂതക്കണ്ണാടി പിടിച്ചിരിക്കുന്നവർ ധാരാളമുള്ള കാലമാണ്. അവർ സ്വയം പടച്ചുണ്ടാക്കിയ ആരോപണങ്ങൾ ഇസ്ലാമിന്റെ മേൽ ആരോപിക്കും. പിന്നെ ആടിനെ പട്ടിയാക്കുന്ന തിരക്കിലാണ്. പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ അവർ എന്നും മുന്നിലുണ്ടാകും.

ഇസ്ലാം ഭീകരമാണ്, തീവ്രമാണ് , അപകടകരമാണ് എന്ന രീതിയിലുള്ള പ്രചരണം അവസാനിച്ചിരിക്കുന്നു. അതിനിടെ അടുത്തിടെ ഇസ്ലാമും കുഫ്രും തമ്മിൽ നടന്ന സംവാദം എതിർ ചെറിയ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അത് കൊണ്ട് അവർ അടങ്ങിയിരിക്കില്ല. അവർ ഇസ്ലാമിനെ തടയാൻ കാരണം അന്വേഷിച്ചു നടക്കുന്നു. തീവ്ര ഇസ്ലാം എന്നൊന്നില്ല. മിത ഇസ്ലാമും. ഇസ്ലാം എന്നും തീവ്രതക്കും ജീർണതക്കും മധ്യേയാണ്. പ്രവാചകനാണ്‌ ഇസ്ലാമിലെ മാതൃക. അതിനു ശേഷം സഹാബികളും. മനുഷ്യനെ മാന്യമായി ജീവിക്കാൻ അനുവദിക്കണം എന്നതാണ് ഖുർആൻ പറയാൻ ശ്രമിച്ചത്. ജാഗ്രത ഇസ്ലാമിന്റെ അനിവാര്യ ഘടകമാണ്. സമാധാനവും. വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമാധാനം നൽകാൻ കഴിയാത്ത ഒരു വിശ്വാസവും നല്ലതല്ല. തന്റെ വിശ്വാസം തനിക്കു സമാധാനം നൽകും എന്ന് ഇസ്ലാം ഉറപ്പു നൽകുന്നു. അങ്ങിനെ ഇല്ലെങ്കിൽ മനസ്സിലാക്കുക നമ്മുടെ വിശ്വാസത്തിൽ എന്തോ കുറവുണ്ട്. അത് പരിഹരിക്കണം. അല്ലെങ്കിൽ അതൊരു മഹാമാരിയായി തീരും.

Related Articles