Current Date

Search
Close this search box.
Search
Close this search box.

ഗിൽബോവയുടെ ഇരുമ്പുമറ ഭേദിച്ച് ആറ് തടവുകാർ

ഇസ്രായിലിലെ കനത്ത സുരക്ഷയുള്ള ജയിലുകളിലൊന്നാണ് ഗിൽബോവ. ഫലസ്ത്വീനി രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന കുപ്രസിദ്ധ ജയിൽ എന്ന പ്രത്യേകതയുമുണ്ട് ഗിൽബോവക്ക്. എന്നാൽ, അധിനിവേശ ശക്തിയെ ഞെട്ടിച്ച് ആറ് തടവുകാർ ഗിൽബോവയുടെ ഇരുമ്പുമറ ഭേദിച്ച് തുരങ്കം വഴി കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത് സയണിസ്റ്റ് ഭരണകൂടത്തിന് നാണക്കേടുണ്ടാക്കിയിരിക്കുന്നു.

ഇവർ തുരങ്കത്തിലൂടെ രക്ഷപ്പെടുന്നത് സുരക്ഷാ കേമറയിൽ പതിഞ്ഞെങ്കിലും സ്‌ക്രീനുകൾ മോണിറ്റർ ചെയ്യാൻ ആരുമുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരമൊരു തുരങ്കം നിർമിക്കാൻ ചുരുങ്ങിയത് അഞ്ചു മാസമെങ്കിലും എടുത്തിട്ടുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മആരിവ് ദിനപത്രം ചൂണ്ടിക്കാട്ടുന്നത്.

പോരാളികൾ വെസ്റ്റ്ബാങ്കിലേക്കോ ഗസ്സയിലേക്കോ രക്ഷപ്പെട്ടിരിക്കാമെന്നാണ് ഒരു വിലയിരുത്തൽ. ജയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തുനിന്ന് 20 കിലോ മീറ്റർ അകലെയുള്ള ജോർദാനിലേക്ക് ഇവർ കടന്നിട്ടുണ്ടാകുമെന്നാണ് ഒരു ഇസ്രായിലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഹാരെറ്റ്‌സ് ദിനപത്രത്തോട് പറഞ്ഞത്. ജയിലിൽനിന്ന് മൂന്നു കിലോ മീറ്റർ അകലെ നിർത്തിയിട്ട കാറിലായിരിക്കാം പോരാളികൾ യാത്ര ചെയ്തിട്ടുണ്ടാവുകയെന്നും പറയപ്പെടുന്നു. ഇതു ശരിയെങ്കിൽ ഫലസ്ത്വീനികളുടെ പോരാട്ട ചരിത്രത്തിലെ മഹത്തായ സംഭവമായും, കൊട്ടിഘോഷിക്കപ്പെടുന്ന ഇസ്രായിലി സുരക്ഷാ സന്നാഹങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായും ഇത് വിലയിരുത്താം.

ജയിൽ ഭേദിച്ചവരിൽ ആഞ്ചു പേർ ഇസ്ലാമിക് ജിഹാദിന്റെ പ്രവർത്തകരും ഒരാൾ ഫലസ്ത്വീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫതഹ് ഗ്രൂപ്പിന്റെ സായുധ വിഭാഗമായ അൽ അഖ്‌സ മാർട്ടിയർ ബ്രിഗേഡിന്റെ നേതാവാണ്. നാൽപത്താറുകാരനായ സക്കരിയ സുബൈദിയുടെ ജയിൽചാട്ടത്തെ അറഫാത്തിന്റെ പാർട്ടി ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്. ഫതഹിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ സുബൈദിയുടെ ഫോട്ടോയൊടൊപ്പം നൽകിയ അടിക്കുറിപ്പിൽ ‘ഫ്രീഡം ടണൽ’ എന്നും എഴുതിയിരിക്കുന്നു. ഇരുപത്താറിനും 49നുമിടയിൽ പ്രായമുള്ളവരാണ് പോരാളികൾ. ഇവരുടെ രക്ഷപ്പെടൽ വാർത്ത ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ഫലസ്ത്വീനികൾ ഹർഷാരവത്തോടെയാണ് വരവേറ്റത്. അധിനിവേശ ഭീകരർക്കെതിരെ ഫലസ്ത്വീൻ സ്വാതന്ത്ര്യപ്പോരാളികൾ നടത്തുന്ന പോരാട്ടം ജയിലിന് അകത്തും പുറത്തും വ്യാപിച്ചിരിക്കുന്നുവെന്നാണ് ഹമാസ് ഇതിനെ വിശേഷിപ്പിച്ചത്.

സ്വന്തം പാർട്ടിക്കാരൻ തന്നെ ജയിൽ ചാടിയതും അത് പാർട്ടി സ്വാഗതം ചെയ്തതും അബ്ബാസിനെ വല്ലാത്ത പ്രതിസന്ധിയിലാണ് തള്ളിവിട്ടിരിക്കുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒരാഴ്ച മുമ്പാണ് ഇസ്രായിൽ നേതൃത്വവുമായി അബ്ബാസ് കണ്ടുമുട്ടിയത്. പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സുമായി നടത്തിയ കൂടിക്കാഴ്ചയിൽ, നിലച്ചുപോയ ചർച്ചകൾ പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അജണ്ടയിലുണ്ടായിരുന്നു.

അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്ത്വീൻ അതോറിറ്റിയുടെ സുരക്ഷാ വിഭാഗമാണ് ഇക്കാലമത്രയും ഫലസ്ത്വീനിലെ ചെറുത്തുനിൽപ് പോരാളികളെക്കുറിച്ച വിവരങ്ങൾ സയണിസ്റ്റ് ഭരണകൂടത്തിന് കൈമാറിയിരുന്നത്. വിവരങ്ങൾ കൈമാറുക മാത്രമല്ല, ഹമാസ്, ഇസ്ലാമിക് ജിഹാദ് പോരാളികളെ അറസ്റ്റ് ചെയ്ത് ഇസ്രായിലിനെ ഏൽപിക്കുന്ന പരിപാടിയും അബ്ബാസിന്റെ ഭരണകൂടം ചെയ്തിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്ക് ഇസ്രായിലിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങളെ തുടർന്ന് 2020 മേയിൽ സുരക്ഷാ സഹകരണം ഫലസ്ത്വീൻ അതോറിറ്റി അവസാനിപ്പിച്ചെങ്കിലും ഇസ്രായിൽ നൽകിയ ‘ഉറപ്പി’ന്റെ അടിസ്ഥാനത്തിൽ നവംബറിൽ പുന:സ്ഥാപിക്കുകയായിരുന്നു.

പതിനാറു കൊല്ലത്തിലേറെയായി ഫലസ്ത്വീനിൽ തെരഞ്ഞെടുപ്പ് നടത്താതെ അധികാരക്കസേരയിൽ അള്ളിപ്പിടിച്ചിരിക്കുന്ന അബ്ബാസിനും കൂട്ടർക്കുമാണ് അന്താരാഷ് ട്ര സമൂഹം ലെജിറ്റിമസി നൽകിയിരിക്കുന്നതെന്ന തമാശയും ഇതോടൊപ്പം ചേർത്തു വായിക്കണം. 2006ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ഹമാസിനെ ഭരിക്കാൻ അനുവദിക്കാതിരിക്കുകയും അവരെ ഗസ്സയിൽ ഒതുക്കിയും പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടത്താനുള്ള അവരുടെ നിരന്തരമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നടക്കുകയും ചെയ്ത അബ്ബാസിനെ ജനങ്ങൾ വെറുത്തിരിക്കുന്നു. രക്ഷപ്പെട്ട പോരാളികളെ ഇസ്രായിലിന് പിടിച്ചുകൊടുക്കാനാണ് അബ്ബാസിന്റെ പുറപ്പാടെങ്കിൽ സ്വന്തം പാർട്ടിക്കാർ തന്നെ അദ്ദേഹത്തിനെതിരെ രംഗത്തുവരുമെന്നുറപ്പ്.

Related Articles