Current Date

Search
Close this search box.
Search
Close this search box.

ശബ്ദമില്ലാത്ത പ്രബോധനം

Untitled-1.jpg

നമസ്‌കാരത്തിനോ സകാത്തിനോ ഉള്ള കല്‍പനകളില്‍ ‘നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട പോലെ’ എന്നു പറഞ്ഞിട്ടില്ല. നോമ്പിന്റെ കല്‍പനയിലാണ്  അങ്ങനെ പറഞ്ഞത്. വിശ്വാസ കാര്യങ്ങളില്‍ ഏകദൈവാരാധനയില്‍ അത് എല്ലാവരോടും കല്‍പിച്ചു എന്നുള്ളത് വിസ്മരിക്കുന്നില്ല.
നോമ്പ് ഭാരമുള്ള കര്‍മമായതിനാലാണ് നിങ്ങളുടെ മുന്‍ഗാമികള്‍ക്കും ഇത് കല്‍പിക്കപ്പെട്ടിരുന്നു എന്ന് അല്ലാഹു ഉണര്‍ത്തുന്നത്. ദാവൂദ് നബി (അ) ധാരാളം നോമ്പുകള്‍ അനുഷ്ടിക്കുന്ന ആളായിരുന്നു. ഐച്ഛിക നോമ്പുകള്‍ ഇടവിട്ട് നോല്‍ക്കലാണ് നല്ല മാര്‍ഗം. തുടര്‍ച്ചയായി നോല്‍ക്കേണ്ടത് റമദാനിലെ നോമ്പ് മാത്രമാണ്.
ഐച്ഛിക നോമ്പുകള്‍ തുടര്‍ച്ചയായി നോല്‍ക്കുന്നതിനെ റസൂല്‍ നിരുത്സാഹപ്പെടുത്തുകയും തനിക്കിഷ്ടം ദാവൂദ് നബിയുടെ നോമ്പാണെന്ന് അരുളുകയും ചെയ്തിട്ടുണ്ട്. നോമ്പെടുക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക കവാടമുണ്ടെന്ന് റസൂല്‍ (സ) പറഞ്ഞത് അതാഗ്രഹിച്ച് നോമ്പിനെ ഗൗരവത്തില്‍ എടുക്കാനാണ്.

നോമ്പ് എല്ലാ നന്മകളെയും തട്ടിയുണര്‍ത്തും. ഒരാള്‍ വാക്കേറ്റത്തിനു വന്നാല്‍ ഞാന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞുകൊണ്ട് അടങ്ങിയിരിക്കാനാണ് കല്‍പിക്കപ്പെട്ടത്. ഈമാനികമായ കരുത്തുള്ളവര്‍ക്കേ അങ്ങിനെ ചെയ്യാന്‍ കഴിയുകയുള്ളൂ. തിന്മയെ ഏറ്റവും നല്ലതുകൊണ്ട് തടുക്കുക എന്ന ഖുര്‍ആനിന്റെ നിര്‍ദേശം തനിക്ക് റമദാനില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം. നോമ്പിന്റെ വേളയില്‍ പ്രത്യേകിച്ചും. നോമ്പ് ഇസ്‌ലാം താല്‍പര്യപ്പെടുന്ന വിധത്തിലായോ ഇല്ലയോ എന്ന് ഓരോ വിശ്വാസിക്കും ആത്മപരിശോധനയുണ്ടെങ്കില്‍ മനസ്സിലാക്കാന്‍ കഴിയും.

ഓരോ ആരാധനാ കര്‍മത്തിന്റെയും ഭൗതിക ഫലം അന്യര്‍ക്കു മനസ്സിലാക്കാന്‍ നാം അവസരം കൊടുക്കണം. മുസ്‌ലിംകള്‍ക്ക് കോപം വരാത്ത മാസം, ക്ഷമയുടെ ഭംഗി പ്രകടമാവുന്ന മാസം എന്ന് അമുസ്‌ലിംകള്‍ പറയുന്ന ഒരു അവസ്ഥ വേണം. അത് ശബ്ദമില്ലാത്ത പ്രബോധനമാണ് എന്ന് നമുക്ക് സമാധാനിക്കാം.

ഒരു വ്രതമാസത്തെ സ്വാഗതം ചെയ്യാന്‍ കഴിയുക എന്നത് ഭാഗ്യമായാണ് വിശ്വാസികള്‍ കാണേണ്ടത്. പിന്നിട്ട ഒരു വര്‍ഷത്തില്‍ എന്തെല്ലാം അഴുക്കുകള്‍ നമ്മുടെ ഹൃദയത്തില്‍ പതിഞ്ഞു എന്ന് തിട്ടപ്പെടുത്തി അതിനെ പശ്ചാതാപം കൊണ്ട് കഴുകി ശുദ്ധമാക്കാന്‍ വിശ്വാസികള്‍ക്ക് അവസരം കിട്ടും. പാപസുരക്ഷിതനായ പ്രവാചകന്‍ റമദാനെ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. എന്നും ദാനശീലനായിരുന്ന അദ്ദേഹം റമദാനിലെ ദാനത്തില്‍ കാറ്റിനു സമാനമായിരുന്നു. ഒരു കാറ്റടിച്ചാല്‍ അത് വരുന്ന എല്ലാ മരങ്ങളെയും ചെടികളെയും പുല്ലുകളെയും തഴുകുമല്ലോ. ദാനം അവസരവും ആവശ്യവും പരിഗണിച്ചാണ് നടത്തേണ്ടത്. റമദാനില്‍ കൊടുക്കാം അതിനാണ് കൂടുതല്‍ പ്രതിഫലം എന്ന് ശഅ്ബാന്‍ മാസത്തില്‍ രോഗിയായ ദരിദ്രരുടെ വിഷയത്തില്‍ തീരുമാനിക്കരുത്. റസൂല്‍ റമദാനില്‍ കൂടുതല്‍ ദാനം ചെയ്തത് മുന്‍ മാസങ്ങളിലെ ആവശ്യക്കാരെ അവഗണിച്ചുകൊണ്ടല്ല. ഭാരമുള്ള നോമ്പ്,കനത്ത ദാനം,ഭംഗിയുള്ള ക്ഷമ,ഖുര്‍ആന്റെ മാധുര്യമാസ്വദിക്കല്‍ എന്നിവകൊണ്ട് ഈ റമദാനിനെ ധന്യമാക്കാം.

 

Related Articles