Current Date

Search
Close this search box.
Search
Close this search box.

വസ്ത്രം വാങ്ങാന്‍ വൈകിയോ?

ചെറിയ പെരുന്നാളിന്റെ വസ്ത്രം അന്നത്തെ ഉപയോഗം കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ അലക്കി വലിയ പെരുന്നാള്‍ വരെ മടക്കിവെക്കുന്ന അവസ്ഥയായിരുന്നു അമ്പത് വര്‍ഷം മുമ്പ് മുസ്‌ലിംകളില്‍ ഭൂരിപക്ഷത്തിന്നുമുണ്ടായിരുന്നത്. ദാരിദ്ര്യം അത്രമാത്രം കഠിനമായിരുന്നു. ഇന്ന് നമ്മുടെ കുട്ടികള്‍ക്കുപോലുമുണ്ട് നാലും അഞ്ചും ജോഡി ഉടുപ്പുകള്‍. അല്ലാഹു നമ്മെ വല്ലാതെ അനുഗ്രഹിച്ചിരിക്കുന്നു. ഇതിന്നിടയില്‍ ഒരു പ്രധാന വസ്ത്രം നമുക്ക് നഷ്ടപ്പെട്ടുവോ? ഭക്തി എന്ന വസ്ത്രം.

അല്ലാഹു അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചു തന്നതിന് നാം ചെയ്യേണ്ടത് ഭക്തി വര്‍ധിപ്പിക്കുകയാണ്. നോമ്പിന്ന് പഴയ കാലത്തെക്കാള്‍ വിഭവം നമ്മുടെ തീന്‍ മേശയിലെത്തുന്നു. അതും സര്‍വശക്തനായ നാഥന്റെ അനുഗ്രഹം തന്നെ. അപ്പോഴും നമുക്ക് മറ്റൊരു യാത്രാഭക്ഷണത്തെ കുറിച്ച് ഓര്‍മ വേണം. സാദുത്തഖ്‌വാ – ഭക്തി എന്ന പാഥേയത്തെക്കുറിച്ച്.

വ്രതം കഴിയാറായി. നാം മേല്‍പറഞ്ഞ വസ്ത്രവും പാഥേയവും വാങ്ങിയിട്ടില്ലെങ്കില്‍ വാങ്ങാനുള്ള ധൃതി കുറച്ചൊന്നും പോരാ. നഷ്ടം നികത്താന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ് റമദാനിലെ അവസാനത്തെ പത്ത്. പ്രവാചകന്‍ ഈ നാളുകളില്‍ ധൃതിപ്പെട്ടിരുന്നു. പ്രാര്‍ഥനക്കായി, പ്രകീര്‍ത്തനങ്ങള്‍ക്കായി, ദാനധര്‍മങ്ങള്‍ക്കായി – സ്വയം ചെയ്യുക മാത്രമല്ല, കുടുംബത്തെ അതിന്നു പ്രോത്സാഹിപ്പിച്ചിരുന്നു.

റമദാന്‍കൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്നത് ജീവിതത്തെ അലക്കിത്തേച്ചെടുക്കുക എന്നതാണ്. പതിനൊന്നു മാസം നീണ്ട യാത്രയില്‍ നമ്മുടെ ആത്മാവിന്റെ വസ്ത്രത്തില്‍ എത്രയധികം അഴക്കു പുരണ്ടിരിക്കും? നമ്മുടെ വഴികള്‍ അഴുക്കുപുരളാനിടയുള്ളതാണ്. അതിനാല്‍ നിലവിലുള്ള അഴുക്കുകള്‍ കഴുകുന്നതോടൊപ്പം പുതിയത് പുരളാതിരിക്കാനുള്ള ശ്രദ്ധകൂടി വേണം.

വ്രതത്തിലെ അനിവാര്യ സൂക്ഷമതയെക്കുറിച്ച് നബിതിരുമേനി (സ) പ്രയോഗിച്ച അലങ്കാരത്തിന്റെ ആശയവൈപുല്യം അപാരമാണ്. വ്രതം പരിചയാണെന്ന്! അതിനാല്‍ നാം ഒരു പരിചകൂടി വാങ്ങണം. അത് റമദാനില്‍ മാത്രം ഉപയോഗിക്കാനുള്ളതല്ല. എന്നും തിന്മയുടെ വെട്ടുകളെ ആ പരിചകൊണ്ട് തടുക്കണം. പൈശാചിക പ്രേരണകള്‍ക്ക് ഒരു കാലത്തും ക്ഷാമമില്ലല്ലോ. ആക്രമണം വരാനിടയുള്ള കാലത്തോളം പ്രതിരോധായുധം കൈയില്‍ വേണം. ആക്രമകാരിയെ നേരിടാനുള്ള ആയുധവും. സത്യവിശ്വാസം വാളിന്റെയും പരിചയുടെയും ധര്‍മം ഒരേ സമയത്ത് നിര്‍വ്വഹിക്കുന്നു. ഹോ എത്ര വിലപ്പെട്ട ഉപകരണമാണത്!

ഇബ്രാഹീം(അ) ബഹുദൈവാരാധകരോട് നടത്തിയ സംവാദത്തില്‍ ചോദിച്ച ചോദ്യം സത്യവിശ്വാസത്തിന്റെ ശക്തിയും വിലയും അടങ്ങിയതാണ്. ഈ രണ്ടുവിഭാഗങ്ങളില്‍ നിര്‍ഭയത്വത്തിന്ന് അവകാശി ആരാണ്? ‘വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'(അല്‍ബഖറ 82)

ഭക്തിയെന്ന വസ്ത്രവും പാഥേയവും വ്രതമെന്ന പരിചയുള്ളവര്‍ക്ക് ശാന്തിയും നിര്‍ഭയത്വവും കൈവരും. എന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു, പ്രാര്‍ഥിക്കുന്നു, പരിഹാരത്തിന്ന് തന്നാല്‍ കഴിയുംവിധം പ്രവര്‍ത്തിക്കുന്നു എന്ന് തന്നെ ബോധ്യപ്പെടുത്താന്‍ വിശ്വാസിക്ക് കഴിയുമ്പോഴാണ് ശരിക്കും ശാന്തി കൈവരിക. ഒരു മാസം പകലുകളില്‍ പട്ടിണിക്കിട്ട് അല്ലാഹു നമ്മെ പുതിയ മനുഷ്യരാക്കുകയാണ്. നോമ്പു കഴിഞ്ഞ് പെരുന്നാളില്‍ പ്രവേശിക്കുമ്പോള്‍ പുറത്തും അകത്തും നമുക്കു പുതുവസ്ത്രം വേണം. പുറം വസ്ത്രം ജനങ്ങള്‍ക്കു കാണാം. അകവസ്ത്രം അല്ലാഹുവിന്നു മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. നാം അതു വാങ്ങിയോ?

Related Articles