Current Date

Search
Close this search box.
Search
Close this search box.

വത്തിക്കാനില്‍ നിന്ന് വിവേകത്തിന്റെ ശബ്ദം

കത്തോലിക്ക ക്രൈസ്തവരുടെ പുതിയ നേതാവ് പോപ്പ് ഫ്രാന്‍സിസ് ഇസ്‌ലാമുമായി ഊഷ്മള ബന്ധം ആഗ്രഹിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 22-ന് വിദേശ നയ പ്രഖ്യാപനം നിര്‍വഹിക്കവെയാണ് അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്. ‘എല്ലാ മതങ്ങളുമായി, പ്രത്യേകിച്ച് ഇസ്‌ലാമുമായി സംവാദം വര്‍ധിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്’ (ദ ടൈംസ് ഓഫ് ഇന്ത്യ, മാര്‍ച്ച് 23). ഈ പ്രഖ്യാപനം ഇസ്‌ലാമിക ലോകത്തിന്റെ പ്രതീക്ഷകളുമായി ഒത്തുപോകുന്നതാണ്. വത്തിക്കാനിലെ പരമോന്നത അധ്യക്ഷ പദവി ഏറ്റെടുത്തത് മുതല്‍ അദ്ദേഹം പ്രകടിപ്പിച്ച് വരുന്ന അഭിപ്രായങ്ങളും ചിന്തകളും പരിശോധിച്ചാല്‍ അദ്ദേഹം ആ സ്ഥാനത്തിന് വളരെ അനുയോജ്യനാണെന്നും നിലനില്‍ക്കുന്ന ഇസ്‌ലാം – ക്രൈസ്തവ ബന്ധങ്ങളെ അദ്ദേഹം പുനഃപരിശോധിക്കുമെന്നും മനസ്സിലാക്കാം. അദ്ദേഹത്തിന്റെ മുന്‍ഗാമി ബെനഡിക്റ്റ് പതിനാറാമനെപ്പോലെ ആ ബന്ധങ്ങള്‍ക്ക് പോറലേല്‍പ്പിക്കുന്ന നീക്കങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാവില്ല എന്നാശിക്കാം.അതുകൊണ്ടാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍(ഒ.ഐ.സി) സെക്രട്ടറി ജനറല്‍ അക്മലുദ്ദീന്‍ ഇഹ്‌സനോഗ്‌ലു ആ സന്ദര്‍ഭത്തില്‍ നടത്തിയ പ്രസ്താവനയില്‍, ‘പുതിയ പോപ്പിന് കീഴില്‍ ഇസ്‌ലാമും ക്രൈസ്തവതയും തമ്മിലുള്ള ആത്മാര്‍ഥവും ഊഷ്മളവുമായ ബന്ധങ്ങള്‍ പുനസ്ഥാപിക്കപ്പെടും’ എന്ന് പ്രത്യാശിച്ചത്. അല്‍ അസ്ഹറിലെയും മറ്റും പല പണ്ഡിതന്മാരും ഈ നീക്കത്തെ അഭിന്ദിക്കുകയുണ്ടായി.
1.2 ബില്യന്‍ അനുയായികളുള്ള കത്തോലിക്കാ സഭയുടെ പരമോന്നത അധ്യക്ഷനാണ് പോപ്പ്. പോപ്പിനെ ഒരു നിശ്ചിത കാലത്തേക്ക് തെരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്. ക്രൈസ്തവ ലോകത്തെ ചിന്തകളെയും പ്രവണതകളെയും നിയന്ത്രിക്കുന്നത് അദ്ദേഹമായിരിക്കും. അതിനാല്‍ പോപ്പിനെ തെരഞ്ഞെടുക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹം ഇതര മതങ്ങളെപ്പറ്റി, പ്രത്യേകിച്ച് ഇസ്‌ലാമിനെപ്പറ്റി എന്ത് പറയുന്നു എന്ന് ഇസ്‌ലാമിക ലോകം സൂക്ഷ്മമായി ശ്രദ്ധിച്ചുകൊണ്ടിരിക്കും. ഇക്കാര്യത്തില്‍ മുന്‍ പോപ്പ് വളരെയധികം ഇസ്‌ലാമിക ലോകത്തെ നിരാശപ്പെടുത്തിയിരുന്നു. ബെനഡിക്ട് പതിനാറാമന്‍ തന്റെ ആദ്യ പ്രസംഗത്തില്‍ മറ്റൊരു മതത്തെയും പരാമര്‍ശിച്ചില്ലെന്ന് മാത്രമല്ല, പിന്നീടൊരവസരത്തില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും അവഹേളിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ബെനഡിക്ട് പതിനാറാമന്റെ 8 വര്‍ഷത്തെ ഭരണം ക്രൈസ്തവ ലോകത്തിന് പോലും സുഖകരമായിരുന്നില്ല എന്നാണ് മനസ്സിലാവുന്നത്. ഇക്കാലയളവിലാണ് പല തരത്തിലുള്ള ലൈംഗിക അപവാദങ്ങളും മറ്റു അധാര്‍മിക പ്രവണതകളും തലപൊക്കിയത്. ക്രൈസ്തവ ലോകം പൊതുവെ അധാര്‍മികതയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണാനുണ്ടായിരുന്നത്. ചര്‍ച്ചുകളില്‍ വരുന്നവരുടെ എണ്ണം കുറഞ്ഞു. ഈ അവസ്ഥക്കൊരു മാറ്റമുണ്ടാക്കാനാവണം പുതിയ പോപ്പ് ഉദ്ദേശിക്കുന്നത്.
പുതിയ പോപ്പിന്റെ യഥാര്‍ഥ പേര് ജോര്‍ഗ് മരിയ ബര്‍ഗോഗ്ലിയോ എന്നാണ്. ഫ്രാന്‍സിസ് എന്നത് അദ്ദേഹം സ്വയം സ്വീകരിച്ച സ്ഥാനപ്പേരാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയാണ് അദ്ദേഹത്തിന്റെ സ്വദേശം. സഭയുടെ കഴിഞ്ഞ ആയിരം വര്‍ഷത്തെ ചരിത്രത്തില്‍ യൂറോപ്യനല്ലാത്ത ഏക പോപ്പ്. അദ്ദേഹം മിതഭാഷിയാണ്, ലളിത ജീവിതം ഇഷ്ടപ്പെടുന്നു. അദ്ദേഹം ഇസ്‌ലാമുമായി സംവാദം ആഗ്രഹിക്കുന്നു എന്നത് മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം തീര്‍ച്ചയായും ശുഭസൂചനയാണ്. എങ്കിലും ഇപ്പോഴും നമുക്ക് അറിഞ്ഞുകൂടാ, പുതിയ പോപ്പ് ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചിട്ടുണ്ടോ എന്ന്. പഠിച്ചിട്ടുണ്ടെങ്കില്‍ തന്നെ എന്തൊക്കെ ധാരണകളാണ് അദ്ദേഹത്തിന് ഇസ്‌ലാമിനെക്കുറിച്ച ഉള്ളതെന്ന്. നേരത്തെ കര്‍ദിനാള്‍ എന്ന നിലയിലും ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലും, യേശു ക്രിസ്തുവിനെ ഇസ്‌ലാം മഹാനായ പ്രവാചകനായാണ് എണ്ണുന്നതെന്നും യേശുവിനെ പ്രവാചകനായി അംഗീകരിക്കാത്ത മുസ്‌ലിമിന്റെ വിശ്വാസം പൂര്‍ണമല്ലെന്നും അദ്ദേഹം മനസ്സിലാക്കിയിരിക്കണം. ഖുര്‍ആന്‍ ഒടുവിലത്തെ വേദഗ്രന്ഥം എന്ന നിലക്ക് കഴിഞ്ഞുപോയ പ്രവാചകന്‍മാരുടെ, യേശുവിന്റേതടക്കം ഉദ്‌ബോധനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവണം. ഇസ്‌ലാമും ക്രിസ്തുമതവും തമ്മില്‍ വിയോജിപ്പിനേക്കാള്‍ യോജിപ്പിന്റെ മേഖലകളാണ് കൂടുതലുള്ളതെന്ന ജോണ്‍.എല്‍. എസ്‌പോസിറ്റോയുടെ പ്രസ്താവവും അദ്ദേഹം ശ്രദ്ധിച്ചിരിക്കണം. ഇസ്‌ലാമിന്റെ അനുയായികളുമായി അദ്ദേഹം സംവാദം നടത്തുന്ന പക്ഷം, എത്ര വിശാലഹൃദയരും ദുരക്കാഴ്ചയുള്ളവരുമാണ് ഇസ്‌ലാമിക സമൂഹം എന്ന് അദ്ദേഹത്തിന് ബോധ്യമാകും.
(ദഅ്‌വത്ത് ത്രൈദിനം 1-4-2013)

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles