Current Date

Search
Close this search box.
Search
Close this search box.

റുഷ്ദിയുമായി സംവാദം?

ഈയടുത്ത് സല്‍മാന്‍ റുഷ്ദിയുടെ ഇന്ത്യയിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് വളരെയേറെ വിവാദങ്ങള്‍ നടക്കുകയുണ്ടായല്ലോ. ഈയവസരത്തില്‍ റുഷ്ദിക്കെതിരെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുകയല്ല വേണ്ടതെന്നും, ഇസ്‌ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ഒരു സംവാദം സംഘടിപ്പിച്ച് റുഷ്ദിയെ അതിലേക്ക് ക്ഷണിക്കുകയാണ് വേണ്ടതെന്നും ചില മുസ്‌ലിം പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുകയുണ്ടായി. ജനുവരി 27-ന് മുംബൈയില്‍ വഹ്ദത്തെ ഇസ്‌ലാമി സംഘടിപ്പിച്ച ‘അസ്മത്തെ നാമൂസെ റസൂല്‍’ എന്ന സെമിനാറില്‍ പങ്കെടുത്തുകൊണ്ട് ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡ് അംഗം യൂസുഫ് മുച്ചാലയാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചവരില്‍ ഒരാള്‍. റുഷ്ദിയുടെ ഇന്ത്യയിലേക്കുള്ള വരവുമായി ബന്ധപ്പെടുത്തി ചോദിച്ചപ്പോള്‍, അക്കാദമികമായാണ് റുഷ്ദിയെ നേരിടേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രമുഖ അഭിഭാഷകന്‍ കൂടിയായ മുച്ചാല തുടരുന്നു: ‘റുഷ്ദി മുംബൈ സന്ദര്‍ശിക്കുന്നത് തടയുകയായിരുന്നില്ല വേണ്ടത്. റുഷ്ദി ഈ നഗരത്തില്‍ വന്ന് നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ. പ്രവാചകനെക്കുറിച്ച വളരെ അപകീര്‍ത്തികരമായ ഒരു പുസ്തകം എന്തിന് എഴുതി എന്ന് വിശദീകരിക്കട്ടെ’ (ടൈംസ് ഓഫ് ഇന്ത്യ, നാഗ്പൂര്‍, ജനുവരി 28). അലീഗഢ് യൂനിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ശക്കീല്‍ സമദാനിയും മറ്റു ചിലരും ഈ അഭിപ്രായത്തെ അനുകൂലിക്കുന്നു. വളരെപ്പേര്‍ ഇതിനെ എതിര്‍ക്കുകയും ചെയ്യുന്നു. ഈ പ്രവാചകനിന്ദകനുമായി ഒരു നിലക്കുള്ള സംസാരവും ആവശ്യമില്ലെന്ന നിലപാടിലാണ് അവര്‍. കാരണം ഈ പ്രവാചകനിന്ദയെല്ലാം റുഷ്ദി നടത്തുന്നത് എല്ലാം അറിഞ്ഞുകൊണ്ടും വളരെ മനപ്പൂര്‍വവുമാണ്.

റുഷ്ദിയെ എതിര്‍ക്കുന്നവരുടെ വാദം, ഇസ്‌ലാംവിരുദ്ധ ശക്തികളുടെ പ്ലാനനുസരിച്ചാണ് റുഷ്ദി ഇസ്‌ലാമിനെയും പ്രവാചകനെയും അപവദിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നാണ്. അതേ സമയം അഡ്വക്കേറ്റ് മുച്ചാലയുടെ അഭിപ്രായം തെറ്റാണെന്ന് പറഞ്ഞുകൂടാ. ഇസ്‌ലാമും പ്രവാചകനും ഉയര്‍ത്തിപ്പിടിച്ച ഒരു പാരമ്പര്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അത്തരക്കാരെ ഖുര്‍ആന്‍ വെല്ലുവിളിക്കുകയാണ് ചെയ്തിട്ടുള്ളത്, ഈ സത്യത്തിനെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് ഹാജരാക്കുവാന്‍. അത്തരക്കാരുമായി നല്ല നിലയില്‍ സംവദിക്കാനാണ് ഖുര്‍ആന്‍ അതിന്റെ അനുയായികളോട് ആവശ്യപ്പെടുന്നതും. മക്കയില്‍ പ്രവാചകന്റെ എതിരാളികളായ ഖുറൈശികള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഒരു നിര്‍ദേശം വെച്ചിരുന്നു. അതായത്, പ്രവാചകനും അനുയായികളും ഒരു വര്‍ഷം ഖുറൈശികളുടെ വിശ്വാസക്രമങ്ങളും ആചാരങ്ങളും പിന്‍തുടരുക. പിറ്റേ വര്‍ഷം, ഇതിന് പകരമായി ഖുറൈശികള്‍ പ്രവാചകന്റെ വിശ്വാസരീതികള്‍ അത്രയും കാലം പിന്‍തുടര്‍ന്നുകൊള്ളാം. ഒട്ടും പ്രായോഗികമല്ലാത്ത, പരിഹാസ്യമായ ഒരു നിര്‍ദേശമാണിതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. പക്ഷേ പ്രവാചകന്‍  ഈ വിഷയത്തില്‍ അല്ലാഹുവിന്റെ തീരുമാനമെന്ത് എന്ന് വരും വരെ കാത്തിരിക്കാനാണ്  അവരോട് പറഞ്ഞത്. അപ്പോഴാണ് ഖുര്‍ആനിലെ ‘കാഫിറൂന്‍’ എന്ന അധ്യായം അവതരിച്ചത്. അവിശ്വാസികളുടെ നിര്‍ദേശത്തിനുള്ള മറുപടിയായിരുന്നു അത്. ഇത്തരം സംവാദങ്ങളെയും ചര്‍ച്ചകളെയും പ്രോത്സാഹിപ്പിക്കുകയാണ് ഇസ്‌ലാം. എതിരാളി കള്ളം പറയുന്നവനാണെങ്കില്‍ കൂടി ഈ അവസരം അയാള്‍ക്ക് നിഷേധിച്ചു കൂടാ. സത്യം എന്തെന്ന് നമുക്ക് അറിയാമെങ്കില്‍ കൂടി ഈ സാധ്യത നിലനിര്‍ത്തണം.

പക്ഷേ, മുച്ചാലയും കൂട്ടരും തെറ്റായ നമ്പറാണ് ഡയല്‍ ചെയ്തിരിക്കുന്നത് എന്ന് പറയാതെ വയ്യ. റുഷ്ദി, തസ്‌ലീമ തുടങ്ങിയ ഒട്ടുവളരെ നിര്‍ഭാഗ്യവാന്‍മാരെ ചൂഷണം ചെയ്യുന്ന ശക്തികളെയാണ് അവര്‍ വെല്ലുവിളിക്കേണ്ടത്്. റുഷ്ദി സ്വന്തം നിലക്ക് ഒന്നുമല്ല, ഇസ്‌ലാംവിരുദ്ധ ശക്തികളുടെ കൈയിലെ ഒരു ഉപകരണം മാത്രം. അവരുടെ കേവലം ഒരു സന്ദേശവാഹകന്‍. സന്ദേശവാഹകരെ വെല്ലുവിളിച്ചിട്ടോ അവരെ സംവാദത്തിന് ക്ഷണിച്ചിട്ടോ എന്തു കാര്യം? റുഷ്ദിയെപ്പോലുള്ളവര്‍ക്ക് കിട്ടുന്ന അന്താരാഷ്ട്ര പ്രശസ്തിയും അംഗീകാരവും ഇസ്‌ലാമിനെതിരെയുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബുദ്ധിയുള്ളവര്‍ക്കെല്ലാം അറിയാം. തൊള്ളായിരത്തി എണ്‍പതുകളില്‍ റുഷ്ദി ‘സാത്താനിക വചനങ്ങള്‍’ എഴുതുമ്പോള്‍ ഇസ്‌ലാമിന്റെ ശത്രുക്കളാണ് അതിന് വന്‍ പ്രചാരം നല്‍കിയത്. 2001 സെപ്റ്റംബര്‍ പതിനൊന്നിന് അമേരിക്കയില്‍ നടന്ന ഇരട്ട ടവര്‍ ആക്രമണത്തോടെ റുഷ്ദി, തസ്‌ലീമ പോലുള്ളവരുടെ മാര്‍ക്കറ്റ് പാശ്ചാത്യലോകത്ത് വീണ്ടും ഉയര്‍ന്നു. അതിനാല്‍ ഇതിനെതിരെ മുസ്‌ലിം സമൂഹം നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ പ്രതിഷേധ സമരങ്ങള്‍ ന്യായം തന്നെയാണ്. അതോടൊപ്പം തന്നെ ഇത്തരം വിഷയങ്ങളില്‍ അക്കാദമിക ചര്‍ച്ചകളും സംവാദങ്ങളും നടക്കേണ്ടതുമുണ്ട്്. അത്തരം ചര്‍ച്ചകള്‍ ഉന്നം വെക്കേണ്ടത് പക്ഷപാതമോ മുന്‍വിധികളോ ഇല്ലാത്ത ആളുകളെ ആയിരിക്കുകയും വേണം.
(ദഅ്‌വത്ത് ത്രൈദിനം, 7-2-2013)

വിവ: അശ്‌റഫ് കീഴുപറമ്പ്

Related Articles