Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയക്കാരന്‍ ; കുറുക്കനും സിംഹവും ചേര്‍ന്നത്

ഇംഗ്ലീഷിലാണ് രാഷ്ട്രീയക്കാരന് രസകരമായ നിര്‍വചനങ്ങള്‍ ഏറെയുള്ളത്. In every politition there is a lion and a fox. ഓരോ രാഷ്ട്രീയക്കാരനിലും ഒരു സിംഹവും കുറുക്കനും ഉണ്ട്. ഇത് രാഷ്ട്രീയത്തിന്റെ നിര്‍വചനമല്ലെങ്കിലും ഈ രണ്ട് ഗുണമുള്ളവര്‍ക്ക് പെട്ടെന്ന് ഉയരാനും ദേശീയ ചിത്രത്തില്‍ സ്ഥാനം നേടാനും കഴിയും. നരേന്ദ്ര മോഡി കുറുക്കന്റെ കൗശലവും സിംഹത്തിന്റെ സംഹാര ശേഷിയും കൊണ്ടാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന പരിവേഷം ഉണ്ടാക്കിയത്.

പ്രധാനമന്ത്രി സ്ഥാനാല്‍ഥി എന്ന പ്രയോഗം തന്നെ ഇന്ത്യന്‍ രാഷ്ട്രീയ പരികല്‍പനക്ക് അന്യമാണ്. ഇവിടെ അമേരിക്കയിലെ പോലെ ജനങ്ങളലല്ലോ ഭരണാധികാരിയെ തെരെഞ്ഞെടുക്കുന്നത്. ജനപ്രതിനിധികളാണ്. മത്സരം പാര്‍ട്ടികളും മുന്നണികളും തമ്മിലാണ്. ഭൂരിപക്ഷം നേടുന്ന കക്ഷികളുടെ ഭൂരിപക്ഷമോ സമവായമോ പാര്‍ട്ടി തലവന്‍മാരോ ആണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. തെരെഞ്ഞെടുപ്പിനും മുമ്പേ ഇന്നയാളായിരിക്കും പ്രധാനമന്ത്രി എന്ന് പ്രചരിപ്പിക്കുന്ന രീതി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൃഗാല തന്ത്രമാണ്.

യോഗ്യരും അര്‍ഹരും തഴയപ്പെടുന്നതും, ഇല്ലാത്ത ഗുണങ്ങള്‍ വര്‍ണപ്പകിട്ടോടെ അവതരിപ്പിച്ച് അനര്‍ഹര്‍ ഒന്നാം നിരയിലെത്തുന്നതും ഇപ്പറഞ്ഞ സിംഹ-കുറുക്ക കൂട്ടായ്മയാണ്. സ്വന്തം ജാതിയില്‍ പെട്ടവരെ ഗോധ്ര തീവണ്ടി തീവെപ്പിലൂടെ കൊല ചെയ്ത് അത് മറ്റൊരു വിഭാഗത്തിന്റെ പേരില്‍ ചാര്‍ത്തി സാമുദായിക ദ്രുവീകരണം സൃഷ്ടിച്ചു കൊണ്ടാണ് നരേന്ദ്ര മോഡി തന്റെ യാത്രയില്‍ പുതിയ പുതിയ നാഴികകല്ലുകള്‍ നാട്ടിയത്. സിംഹത്തെയും കുറുക്കനെയും ഒപ്പം മനസ്സിലിരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നതാണിതു തെളിയിക്കുന്നത്.

അദ്വാനിയുടെ രഥയാത്രയിലും ഈ തന്ത്രമുണ്ടായിരുന്നു. അത് നിയമപാലകര്‍ തടഞ്ഞാലും തടഞ്ഞില്ലെങ്കിലും അദ്ദേഹത്തിനും പാര്‍ട്ടിക്കും ലാഭം. അദ്ദേഹത്തിന്ന് വ്യക്തിപരമായ ലാഭം വേറെയും. തടഞ്ഞാല്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു എന്ന് പറഞ്ഞ് ജനവികാരം ഇളക്കാം. അത് വോട്ടായി മാറും. രഥയാത്ര നടന്നാല്‍ അതുവഴി ജനസ്വപ്‌നത്തിന്റെ സാക്ഷാല്‍കാരം എളുപ്പമാക്കിയ നേതാവ് എന്ന ഖ്യാതി അദ്വാനിക്കു ലഭിക്കും. അതായിരുന്നു സത്യം. രഥമുരുണ്ടത് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കായിരുന്നു എന്ന് ഇന്ത്യന്‍ ജനതക്കു ബോധ്യപ്പെട്ടു. യാത്രക്കു ശേഷം അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിന്ന് പത്രാപര്‍ നല്‍കിയ തലക്കെട്ട് അദ്വാനിയുടെ ഒരു വാക്യമായിരുന്നു. Yathra was political യാത്ര രാഷ്ട്രീയ പരമായിരുന്നു എന്ന്, കണ്ടില്ലേ കുറുക്കന്റെ തന്ത്രം.

ഒരിക്കല്‍ പ്രയോഗിച്ച തന്ത്രം വോട്ടര്‍മാര്‍ മനസ്സിലാക്കി എന്ന് ബോധ്യപ്പെട്ടാല്‍ അത് ഒഴിവാക്കി സമാനമായ മറ്റൊന്ന് കൊണ്ടു വരുന്നതും ഇത്തരക്കാരുടെ രീതികളാണ്. ഗ്രൂപ്പിസം രൂപപ്പെടുന്നതിലും ഇത്തരം കുതന്ത്രങ്ങളുടെ സ്വാധീനം കാണാവുന്നതാണ്. പാര്‍ട്ടികളുടെ വൈപുല്യം ഗ്രൂപ്പിസത്തിനിടയാക്കും. ചെറിയ പാര്‍ടിയാകുമ്പോള്‍ ഗ്രൂപ്പുകള്‍ കുറയുന്നതും വലിയ പാര്‍ടിയാകുമ്പോള്‍ ഗ്രൂപ്പുകളില്‍ ഉപഗ്രൂപ്പുകള്‍ വരെ ഉണ്ടാകുന്നതും വ്യക്തികളുടെ മേല്‍ക്കോയ്മാ മനോഭാവം കൊണ്ടാണ്. അത്തരക്കാര്‍ക്ക് പാര്‍ടി ഒരുപകരണമാണ്. മറിച്ചാണ് വേണ്ടത്. പാര്‍ട്ടിയുടെ ഉപകരണങ്ങളാണ് പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും. പാര്‍ടി തനിക്കെന്തു ചെയ്തു തന്നു എന്ന് ചിന്തിക്കാതെ, പാര്‍ടിക്ക് താനെന്തു ചെയ്തു കൊടുത്തു എന്ന് ചിന്തിക്കണം. അത് സിംഹ-കുറുക്ക സിദ്ധാന്തക്കാര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. വളരുമെന്ന് തോന്നുന്നവനെ ഒതുക്കുക, എത്രപേരെ ചൊല്‍പടിയില്‍ നിര്‍ത്താന്‍ കഴിയുമെന്ന് ശ്രമിക്കുക, ഗ്രൂപ്പിന് എന്തു വേണമെങ്കിലും ചെയ്തു കൊടുക്കുക, ആ പ്രീണനം കൊണ്ട് അവരെ തനിക്കു വേണ്ടി വാദിക്കുന്നവരാക്കുക തുടങ്ങി എത്രയെത്ര അരുതായ്മകളാണ് രാഷ്ട്രീയത്തില്‍ രൂപപ്പെടാറ്. ഇതെല്ലാം മാറണം. മൂല്യങ്ങളെ തിരിച്ചു കൊണ്ടു വരണം.

Related Articles