Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയക്കാരന്റെ സ്വപ്‌നങ്ങള്‍

സ്വപ്‌നങ്ങള്‍ നിറഞ്ഞതാണ് മനുഷ്യ മനസ്സ്. യാചകന്‍ മുതല്‍ രാഷ്ട്രത്തലവന്‍ വരെ സ്വപ്‌നങ്ങള്‍ മനസ്സില്‍ നിറക്കുന്നു. ഒരു സ്വപ്‌നവും ഇല്ലാത്തവന്‍ മനസ്സിന് തകരാറുള്ളവനായിരിക്കും. രാഷ്ട്രീയക്കാരനും വേണം സ്വപ്‌നങ്ങള്‍. എന്തായിരിക്കണമത്?

എനിക്ക് എം.എല്‍.എ ആവണം, എം.പി. ആവണം, മന്ത്രിയാവണം എന്നതല്ല യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ കാണേണ്ട സ്വപ്നം. അയാള്‍ സ്വപ്‌നം കാണേണ്ടത് രാഷ്ട്രത്തെ കുറിച്ചാണ്. രാഷ്ട്രത്തിന്റെ വര്‍ത്തമാനമെന്ത്, ഭൂതം എന്തായിരുന്നു, ഭാവി എന്തായിരിക്കണം എന്ന പരിചിന്തനത്തില്‍ നിന്ന് രൂപപ്പെടേണ്ടതാണ് അയാളുടെ സ്വപ്നം. വര്‍ത്തമാന അവസ്ഥ മോശമാണെങ്കില്‍ ധന്യമായ ഭൂതകാലത്തെ തിരിച്ചു വിളിക്കാനുണ്ടോ എന്ന് പരിശോധിക്കുക. ഭൂതവും വര്‍ത്തമാനവും സംതൃപ്തി നല്‍കുന്നതല്ലെങ്കില്‍ എന്റെ രാഷ്ട്രം എന്താകണം എന്ന സങ്കല്‍പം മെനയുക. പ്രവര്‍ത്തനം കൊണ്ട് അതിനെ യാഥാര്‍ഥ്യമാക്കുക, ഇതാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്റെ ധര്‍മം.

സിംഹവും കുറുക്കനും ചേര്‍ന്നതാണ് രാഷ്ട്രീയക്കാരന്‍ എന്ന് മുമ്പ് നാം ചര്‍ച്ച ചെയ്തുവല്ലോ, അത്തരക്കാരുടെ സ്വപ്‌നങ്ങള്‍ സ്ഥാനമോഹത്തിലൊതുങ്ങും. രാഷ്ട്രത്തിന്റെ വര്‍ത്തമാനമാണ് അവര്‍ പഠന വിധേയമാക്കുക. അതില്‍ നിന്ന് അധികാര സ്ഥാനത്തേക്ക് വഴിവെട്ടുന്നതെങ്ങനെ എന്ന ചിന്തയായിരിക്കും വികല രാഷ്ട്രീയക്കാരനുണ്ടാവുക. രാഷ്ട്രത്തിന്റെ ക്ഷേമമല്ല തന്റെ ക്ഷേമമാണ് അയാള്‍ രാഷ്ട്രീയം കൊണ്ടുദ്ദേശിക്കുന്നത്. പക്ഷെ അത് ഭദ്രമായി പൊതിഞ്ഞ് രാഷ്ട്രക്ഷേമത്തിന്റെ മനോഹരമായ ലേബല്‍ ഒട്ടിച്ച് പുറത്തിറക്കാന്‍ അയാള്‍ ശ്രമിക്കും. അത് സാധിക്കുന്നതോടെ അയാളിലെ സിംഹവും കുറുക്കനും ജയിക്കുന്നു.

രാഷ്ട്രത്തെ സ്‌നേഹിക്കുന്നവനായിരിക്കുക എന്നതാണ് രാഷ്ട്രീയക്കാരന്റെ ഗുണങ്ങളായി പൗരന്‍മാര്‍ കാണുന്നത്. രാഷ്ട്രത്തെ സ്‌നേഹിക്കല്‍ അതിലെ മണ്ണിനെയും പാറകളെയും സ്‌നേഹിക്കലല്ല. അതിലെ ജനങ്ങളെ സ്‌നേഹിക്കലാണ്. ജനങ്ങളെ സ്‌നേഹിക്കുക എന്നാല്‍ അവരുടെ വേദനകള്‍ മനസ്സിലാക്കി പരിഹരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കലാണ്. രാഷ്ട്രത്തിലെ ആളോഹരി വരുമാനം വര്‍ധിച്ചാല്‍ അത് പുരോഗതിയുടെ അടയാളമായി പൊതുവില്‍ പറയാം എന്നല്ലാതെ അതിനെ അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനായി കണക്കാക്കാവതല്ല.

നമ്മുടെ രാജ്യത്ത് പാവങ്ങളാണ് ഭൂരിപക്ഷം എന്നതാണ് വസ്തുത. അവര്‍ക്ക് ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും വേണ്ടത് ചെയ്യല്‍ ആയിരിക്കണം രാഷ്ട്രീയക്കാരന്റെ അജണ്ടകളില്‍ പ്രധാനം. അതിനു ശ്രമിക്കുന്നവനേ ജനസേവകന്‍ എന്ന വിശേഷണം യോജിക്കുകയുള്ളൂ. അവന്റെ പ്രധാനങ്ങളില്‍ പ്രധാനമായ അജണ്ട ജനങ്ങള്‍ ശാന്തമായി, നിര്‍ഭയരായി ഉറങ്ങാവുന്ന അവസ്ഥയുണ്ടാക്കലാണ്. കാലത്തുണരുന്നത് ആരുടെയും കുത്തോ വെട്ടോ ഏല്‍ക്കാതെയായിരിക്കണം. ഈ അവസ്ഥയുണ്ടാവാന്‍ ജനങ്ങളുടെ മനസ്സിന് ചികിത്സയും നിയമപാലകര്‍ക്ക് ആ തൊഴിലിനോട് പ്രതിബദ്ധതയും ആവശ്യമാണ്. നിയമത്തെ അതിന്റെ വഴിക്ക് വിടാന്‍ അനുവദിക്കുന്നവനാണ് യഥാര്‍ഥ രാഷ്ട്രീയക്കാരന്‍. രാഷ്ട്രീയ നേതാവിന്റെ വ്യക്തിപരമായ കാര്യമോ പാര്‍ടി താല്‍പര്യമോ നിയമപാലനത്തെ തടസ്സപ്പെടുത്തരുത്.

ജനങ്ങള്‍ക്കിടയില്‍ സ്‌നേഹപൂര്‍വം സൗഹൃദം നിലനില്‍ക്കുന്ന പരസ്പര ശങ്കക്ക് ഇടമില്ലാത്ത സാമൂഹ്യ പരിസ്ഥിതിയുള്ള മാനസിക ശേഷി നല്ല നിലയില്‍ ഉപയോഗപ്പെടുത്തുകയും ജനങ്ങളുടെ അധ്വാനത്തിന് മതിയായ പ്രതിഫലം ലഭിക്കുകയും ചെയ്യുന്ന ആളോഹരി വരുമാനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ തനിക്കെന്തു ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുന്നവനാണ് വിശാലമായ അര്‍ഥത്തിലുള്ള രാഷ്ട്രീയക്കാരന്‍. അത്തരക്കാര്‍ക്ക് കൈക്കൂലി വിഷം പോലെ വര്‍ജ്യമായിരിക്കും. അത്തരക്കാരുടെ എണ്ണം കൂടിക്കൂടി വരണം. അതായിരിക്കണം രാഷ്ട്രീയക്കാരന്റെ സ്വപ്‌നങ്ങളിലൊന്ന്.

Related Articles