Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ജീവിതവും ഇസ്‌ലാമിക പ്രബോധനവും

പുതിയ സാഹചര്യത്തില്‍ പ്രബോധകന്‍ എന്ന സ്വത്വത്തില്‍ ജീവിക്കുന്ന മുസ്‌ലിം, താനറിയാതെ ഇതരമതവിശ്വാസികള്‍ക്കു ഇസ്‌ലാമിലേക്കുള്ള വഴി കാട്ടിയായി മാറി. ബൗദ്ധികവ്യായാമങ്ങളില്‍ നിന്നും ദൈനംദിന ജീവിതവ്യവഹാരങ്ങളിലേക്കു ഇസ്‌ലാമിന്റെ അധ്യാപനങ്ങളും മൂല്യങ്ങളും സന്നിവേശിക്കപ്പെട്ടു. മിമ്പറുകളിലെ ഇസ്‌ലാമിന്റെ അക്ഷരങ്ങള്‍ക്കും ആശയങ്ങള്‍ക്കും ചന്തകളിലും പള്ളിക്കൂടങ്ങളിലും ഓഫീസുകളിലും പ്രായോഗികാവിഷ്‌ക്കാരങ്ങള്‍ കണ്ടു. ഏകശിലയുടെയും ഏകസ്വരത്തിന്റെയും അധ്യാപനങ്ങളേക്കാള്‍ ബഹുസ്വരതയുടെയും ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തിന്റെയും ഇസ്‌ലാമികപാഠങ്ങള്‍ സമൂഹത്തില്‍ മേല്‍കൈ നേടി. എത്രത്തോളമെന്നാല്‍ മുസ്‌ലിം ഐഡന്റിറ്റി മാത്രം മതിയായിരിക്കുന്നു, ലോകത്ത് ഒരു മുസ്‌ലിം സൂക്ഷ്മമായി നിരീക്ഷിക്കപ്പെടാന്‍ എന്ന അവസ്ഥ സംജാതമായി. കടുത്ത ഇസ്‌ലാം വിരോധത്തില്‍ നിന്നു രൂപം കൊണ്ട മുസ്‌ലിം അപരവല്‍ക്കരണവും, സംശയദൃഷ്ടിയോടെയുള്ള നിരീക്ഷണം പോലും, പലര്‍ക്കും ഇസ്‌ലാമിന്റെ യഥാര്‍ത്ഥ പാഠങ്ങളെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും നിമിത്തമായി. ഇസ്‌ലാം സ്വീകരിച്ച, വ്യത്യസ്ത തുറകളില്‍പ്പെട്ട എഴുപതു പേരുമായി കെയ്‌റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന onislam.net നടത്തിയ ഒരു സര്‍വേ റിപോര്‍ട്ട് ഈ മാസം ആഗസ്ത് എട്ടാം തീയതി അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്‌ലാം സ്വീകരണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി അവര്‍ വിലയിരുത്തുന്നത്, മുസ്‌ലിംകള്‍ മറ്റുള്ളവരാല്‍ അതി സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നുവെന്നുള്ളതാണ്. നിങ്ങള്‍ ഇസ്‌ലാമിനെ സംബന്ധിച്ച് ഒരക്ഷരം മിണ്ടിയില്ലെങ്കിലും, നിങ്ങള്‍ മുസ്‌ലിമാണെങ്കില്‍ ആ ഐഡന്റിറ്റിയില്‍ മറ്റുള്ളവരാല്‍ നിരീക്ഷപ്പെടുന്നുണ്ട്. നിങ്ങള്‍ സംസാരിക്കുന്ന വിഷയം ഇസ്‌ലാമല്ലെങ്കിലും നിങ്ങളുടെ പെരുമാറ്റം, സംസാരം, ഇടപഴകല്‍, നടത്തം എല്ലാം ഒരു മുസ്‌ലിം എന്ന നിലയില്‍ നിരീക്ഷിക്കപ്പെടുകയും അതുവഴി ഇസ്‌ലാമിനെ സംബന്ധിച്ച ഒരു ചിത്രം അപരന് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്നതാണ്.

ഒരു മുസ്‌ലിം മറ്റുള്ളവരാല്‍ എങ്ങനെ നിരീക്ഷിക്കപ്പെടുന്നുവെന്നു കാണിക്കുന്ന ഒരനുഭവം ആ റിപോര്‍ട്ടില്‍ കാണാനിടയായി. ഇസ്‌ലാം സ്വീകരിച്ച ഒരു പാശ്ചാത്യ യുവതി തന്റെ ഇസ്‌ലാമാശ്ലേഷത്തിന്റെ കാരണം വിവരിക്കുകയാണ്. താന്‍ ഒരു യുവാവുമായി പരിചയത്തിലായി. ഞാന്‍ അയാളുമായി ശയിക്കുന്നതിനു ഒരു ഹോട്ടലില്‍ മുറിയെടുത്തു. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പേ അയാള്‍ അതില്‍ നിന്നു പിന്തിരിഞ്ഞു. സുന്ദരിയായ ഒരു യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും അതില്‍ നിന്നു പിന്‍മാറുന്ന ഒരു യുവാവിനെ ഞാന്‍ ആദ്യമായി കാണുകയാണ്. എന്താണ് അയാളെ അതിന് പ്രേരിപ്പിച്ചത്? എനിക്കു ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമാനം തോന്നിയ പുരുഷനായിരുന്നു അത്. അയാളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അയാള്‍ ഒരു മുസ്‌ലിം ആണെന്നു മനസ്സിലായി. തന്റെ മതവിശ്വാസമാണ് അയാളെ ആ തെറ്റില്‍ നിന്നു പിന്തിരിപ്പിച്ചതെന്നും എനിക്കു മനസ്സിലായി. ഏതൊരു മനുഷ്യനും വീണുപോയേക്കാവുന്ന ആ ദുഷ്‌ചെയ്തിയില്‍ നിന്ന് അയാളെ പിന്തിരിപ്പിച്ച ആ വിശ്വാസം എന്താണെന്ന് അറിയാന്‍ എനിക്കു ജിജ്ഞാസയുണ്ടായി. അങ്ങനെ കുറെ കാലം ഞാന്‍ ഇസ്‌ലാമിനെ കുറിച്ചു പഠിക്കുകയും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

ഇന്ന് സാധാരണക്കാരനായ ഒരു മുസ്‌ലിമിലൂടെ ഇസ്‌ലാം ജീവിക്കുകയും പ്രബോധനം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നാണ് മനസ്സിലാകുന്നത്. മറ്റുള്ളവരുടെ മനസ്സില്‍ ഇസ്‌ലാമിന് അനുകൂലമായ ചിന്തയുടെ സ്ഫുലിംഗങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു സാധാരണ മുസ്‌ലിമിന്റെ ജീവിതപാഠങ്ങള്‍ തന്നെ മതിയാകുമെന്ന അനുകൂല സാഹചര്യമാണ് പുതിയ കാലം ഒരു മുസ്‌ലിമിന് മുമ്പില്‍ തുറന്നു വെച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു നല്ല മുസ്‌ലിമിന്റെ  മാതൃകായോഗ്യമായ ജീവിതരീതി പരമാവധി ജീവിതത്തില്‍ സ്വീകരിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.

Related Articles