Current Date

Search
Close this search box.
Search
Close this search box.

മുല്ലപ്പൂക്കള്‍ ഇനിയും വിരിയുക തന്നെ ചെയ്യും

Qatar4444.jpg

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങള്‍ വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. വളരെ പ്രകടമായി അനീതിയും അക്രമവും ഭീകരതയുടെ വിളയാട്ടവുമാണ് ലോകമെമ്പാടും തിളച്ചു മറിയുന്നത്. വിശേഷിച്ചും അറബ് മുസ്‌ലിം രാജ്യങ്ങളില്‍ അടങ്ങാത്ത കനലുകളായി അവ എരിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. വലിയ ആവേശത്തോടെ പടര്‍ന്നു കയറിയ മുല്ലപ്പൂ വിപ്ലവത്തെ ഭരണകൂട ഭീകരതയുടെ കനലിടങ്ങളില്‍ കരിയിച്ചു കളയാനുള്ള തീവ്ര ശ്രമങ്ങള്‍ അനസ്യൂതം നടന്നു കൊണ്ടേയിരിക്കുന്നു. നന്മയുടെ ഒരു പച്ചപ്പും എവിടെയും മുള പൊട്ടാതിരിക്കാനുള്ള കരുതല്‍ നീക്കങ്ങളുടെ ഭാഗമായിരിക്കണം ഈയിടെ സംജാതമായ ഗള്‍ഫ് പ്രതിസന്ധിയും.

പരിശുദ്ധ മസ്ജിദുകളുടെ പരിപാലകനും, അവരുടെ പരിചാരകരും, ആഗോള പൊലീസ് വേഷമിട്ടവരും വട്ടമിട്ടിരുന്ന് മെനഞ്ഞെടുത്ത തിരക്കഥകള്‍ പല കഥകളും പറയാതെ പറയുന്നുണ്ട്. നേരം പുലരും മുമ്പെന്ന പോലെ ഒരു അയല്‍ രാജ്യത്തിന്റെ എല്ലാ കവാടങ്ങളും കൊട്ടിയടച്ച്, വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെ പോലും നാവറുത്ത് കീശയിലിട്ട് ഭീകരവാദ തിവ്രവാദാരോപണങ്ങള്‍ തുരുതുരാ തൊടുത്തു വിടുകയാണ്. സാമാന്യ ബോധമുള്ളവരൊക്കെ മൂക്കത്ത് വിരല്‍ വെച്ചു പോയ ദൗര്‍ഭാഗ്യകരമായ സ്ഥിതി വിശേഷത്തിലാണ് സകല ഭീകരതയും തീവ്രതയും പ്രകടമാകുന്നതെന്നതാണ് യാഥാര്‍ഥ്യം.

ജനാധിപത്യ രീതിയില്‍ അധികാരത്തിലെത്തിയ ഒരു രാഷ്ട്രത്തലവനെയും അനുയായികളെയും അധോലോക ശക്തികളുടെയും അധാര്‍മ്മിക ശക്തികളുടെയും സഹായത്തോടെ തുറുങ്കിലടച്ചവരും, തൂക്കിലേറ്റിയവരും ധര്‍മ്മ പ്രഭാഷണം ചെയ്യുന്നതിലും വലിയ തമാശയുണ്ടാകുമോ? സയണിസ്റ്റ് കൂട്ട് കെട്ടിന്റെ ദുഷ്‌കരങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരെ സഹായിക്കരുതെന്നും അഭയം നല്‍കരുതെന്നുമാണ് ഒന്നാമത്തെ കല്‍പന. ആഗോള ഭീമന്മാരുടെയും അറബ് ഇസ്‌ലാം വിരുദ്ധ പ്രഭൃതികളുടെയും ഗൂഡാലോചനയില്‍ പിറവിയെടുത്ത ജൂത രാഷ്ട്രത്തിന്റെ അടിയും തൊഴിയുമേറ്റ് കേഴുന്നവര്‍ക്ക് വേണ്ടി ആത്മത്യാഗം ചെയ്യുന്ന സംഘത്തെ എഴുതിത്തള്ളണമെന്നതാണ് മറ്റൊരു കല്‍പന. ഡോക്ടര്‍ യൂസുഫുല്‍ ഖറദാവി അടക്കമുള്ള ഖത്തറിലുള്ള പതിനെട്ടോളം പേര്‍ പുതിയ ഭീകരപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നതാണ് ഇന്നത്തെ വാര്‍ത്ത. പ്രസിദ്ധങ്ങളായ ധര്‍മ്മ സ്ഥാപനങ്ങളെയും ബ്ലാക് ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഭീകരവാദ തീവ്രവാദത്തെ പ്രതിരോധിക്കാനും പ്രഹരിക്കാനും പടുത്തുയര്‍ത്തപ്പെട്ട ലോകത്തിലെ തന്നെ വലിയ സൈനികത്താവളമുള്ള രാജ്യത്തോടാണ് ഈ പരാക്രമങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം സി.എന്‍.എന്‍ ചാനലിനനുവദിച്ച അഭിമുഖത്തില്‍ വളരെ കൃത്യമായ മറുപടി ഖത്തര്‍ നല്‍കുന്നുണ്ട്. തിവ്രവാദത്തെയും ഭീകര വാദത്തെയും ഖത്തര്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ബ്രദര്‍ഹുഡ് തീവ്രവാദ ഭികരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. അങ്ങിനെ തെളിയിക്കപ്പെട്ടിട്ടുമില്ല. മാനുഷികമായ പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് അത് നല്‍കുക എന്നത് ഞങ്ങളുടെ രാജ്യത്തിന്റെ നിലപാടാണ്. ഭൂമി ശാസ്ത്രപരമായി ഇറാന്‍ അയല്‍ക്കാരാണ്. അയല്‍ക്കാരോടുള്ള ബന്ധവും സമീപനവും എങ്ങിനെ വേണമെന്നത് അതതു രാജ്യത്തിന്റെ നയനിലപാടില്‍ അധിഷ്ടിതമായിരിക്കും.

ദീനും ദുനിയാവും രണ്ടാക്കി വിഭജിച്ച് രാഷ്ട്രീയത്തെ കാതങ്ങള്‍ക്കകലെ നിര്‍ത്തിയ നവോഥാന വേഷം കെട്ടുകാരുടെ പിന്മുറക്കാര്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഈ വിഭാഗത്തിലെ ഇളം തലമുറയിലെ രാഷ്ട്രീയമല്ലാത്ത രാഷ്ട്രീയം അഥവാ അരാഷ്ട്രീയ വാദത്തിന്റെ ബലിയാടുകളാണ് ഇസ്‌ലാമിന്റെ വിലാസത്തില്‍ ഉറഞ്ഞാടുന്ന ദുര്‍ഭൂതങ്ങളിലധികവും. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഈ സംഘങ്ങളില്‍ തീവ്രവാദികളും ഭീകരവാദികളും ഇതിലൊന്നും പെടാത്ത രണ്ടും കെട്ടവരും ഉണ്ടാകാം.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും ഇതര പ്രദേശങ്ങളിലും സാത്വികരായ പ്രബോധകരാല്‍ പ്രസരിക്കപ്പെട്ട സമഗ്രമായ ഇസ്‌ലാമിക ദര്‍ശനത്തിന്റെ വക്താക്കള്‍ ഭീകരവാദത്തിനോ തിവ്രവാദത്തിനോ അടിമപ്പെടുകയില്ല. വായനയുടെ ലോകത്ത് അതിസമ്പന്നമായ ആശയാദര്‍ശങ്ങളുളവര്‍ക്ക് അതിന്റെ ആവശ്യവും ഇല്ല. ആയുധമെടുക്കാത്തവരെ ആയുധമണിയിക്കാനുള്ള അതിസാമര്‍ഥ്യമാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്നു സംശയിക്കാന്‍ ന്യായങ്ങളുണ്ട്.

മുല്ലപ്പൂക്കള്‍ ഇനിയും വിരിയേണ്ടതുണ്ട്. അധികാരികള്‍ അവരുടെ കായിക ബലം പ്രകടിപ്പിച്ച് പേടിപ്പെടുത്തുന്നുണ്ടെങ്കിലും മേഖലയാകെ വസന്തം വിടരാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ട്. ഈ കാര്‍മേഘങ്ങള്‍ പെയ്‌തൊഴിയുന്നതോടെ ഭൂമി വീണ്ടും പുഷ്പിണിയായേക്കും. ഇസ്‌ലാമിന്റെ സമഗ്രതയെക്കുറിച്ച് പരിഹാസച്ചുവയോടെ സംസാരിച്ചിരുന്ന മഹാ ഭൂരിപക്ഷം വിശ്വാസി സമൂഹവും തങ്ങളുടെ സ്വരം മാറ്റിയതും ഒരു നിസ്സാര കാര്യമായി ഗണിക്കാനാവില്ല. പ്രത്യക്ഷ വിപ്ലവത്തിന്റെ വിജയ പരാജയങ്ങളെ വിലയിരുത്തി ചില തിരിച്ചടികള്‍ കണ്ട് സ്തംഭിച്ച് നില്‍ക്കേണ്ട കാര്യമില്ല. മനസ്സുകള്‍ പാകപ്പെട്ടു കഴിഞ്ഞാല്‍ അനുകൂല കാലാവസ്ഥയില്‍ വസന്തം പൂവണിയുക തന്നെ ചെയ്യും.

വിശ്വാസികളുടെ പൊതുബോധം വിശുദ്ധ ഗ്രന്ഥത്തെ ജിവിത ഗന്ധിയും സമഗ്രഹവുമായ ദര്‍ശനമായി അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അതേ സമയം ഇതിനെ പ്രായോഗിക തലത്തിലെത്തിക്കാനുള്ള ശ്രമത്തില്‍ ആശങ്കപ്പെട്ടു നില്‍ക്കുകയും ചെയ്യുന്നു. മതവും അവരുടെ രാഷ്ട്രീയ ഭൂമികയും വിശ്വാസികളും എന്നതിനു പകരം. മനുഷ്യപ്പറ്റുള്ള ഒരു ദര്‍ശനവും അതിന്റെ പ്രായോഗിക ഭൂമികയും മനുഷ്യരും എന്ന പരികല്‍പനയെ വിശ്വാസി അവിശ്വാസി പൊതു സമൂഹത്തിന്റെ ബോധത്തിലേക്കും ബോധ്യത്തിലേക്കും സര്‍ഗാത്മകമായി പരിവേശിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. അതിന്നുള്ള ഒരുക്കം എന്ന നിലയില്‍ ഒരു വീണ്ടു വിചാരത്തിനു സമയമായിരിക്കുന്നു.

നിരീശ്വരന്മാര്‍, സാമ്പത്തിക പൂജകര്‍, വര്‍ണ്ണ വെറിയന്മാരും വംശീയ വാദികളും തുടങ്ങി എത്രയെത്ര നിര്‍മ്മിത പ്രത്യയശാസ്ത്രങ്ങളുടെ വക്താക്കള്‍ മാന്യതയുടെ കപട മുഖം മൂടി അണിഞ്ഞു ഉറഞ്ഞാടുകയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇസ്‌ലാമിന്റെ വിശുദ്ധ സമരത്തെ തടയിടാന്‍ സാമ്രാജ്യത്വ ശക്തികള്‍ ഖാദിയാനിസം അവതരിപ്പിച്ച പോലെ ഇസ്‌ലാമിലെ രാഷ്ട്ര വിഭാവനയെ ചിത്ര വധം ചെയ്യാന്‍ ഒരു ഖലീഫയെത്തന്നെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ശത്രുക്കളുടെ രഹസ്യ അജണ്ടകള്‍ എന്നു പറയപ്പെടുന്നവയൊക്കെ പരസ്യമാണ്. ഇന്ത്യന്‍ ഫാഷിസം പോലും അവരുടെ മനുഷ്യത്വ രഹിതമായ രഹസ്യ അജണ്ടകളെ നിര്‍ഭയം പരസ്യപ്പെടുത്തുന്നുവെന്നതും ഈ നൂറ്റാണ്ടിലെ പ്രത്യേകതയാണ്. എന്നാല്‍ ഇസ്‌ലാമിന്റെ വീക്ഷണം സൗമ്യമാണ് മാനുഷികവും.

തങ്ങളുടെ സ്വഛസുന്ദരമായ ജീവിത വ്യവഹാരങ്ങളും വിനോദങ്ങളും നിശ്ചലമാകുമെന്ന ഭയം, ജാതി മത ഭേതമേന്യ പൊതു സമൂഹത്തെ വ്യാകുലപ്പെടുത്തുന്നതും, ഇതര വിശ്വാസ ധാരകള്‍ക്ക് കടിഞ്ഞാണിടപ്പെടുമെന്ന കൃത്രിമ ഭീതി സൃഷ്ടിക്കപ്പെട്ടതും, ഈ ദര്‍ശന മാഹാത്മ്യം പ്രായോഗികമായി എവ്വിധം ഉരുത്തിരിയും എന്ന വിശ്വാസി സമൂഹത്തിന്റെ തന്നെ ആശങ്കയും പൊതു സമൂഹത്തെ ഗ്രസിപ്പിക്കാന്‍ ലോക മാധ്യമങ്ങള്‍ക്ക് നിഷ്പ്രയാസം സാധിച്ചതിന്റെ പിന്‍ബലവുമായിരിക്കാം നൈല്‍നദിയുടെ കരയില്‍ പന്തലിക്കാനിരുന്ന അരിമുല്ലക്കാടുകള്‍ വാടിപ്പോകന്നതിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍. ഇത്തരം യാഥാര്‍ഥ്യങ്ങളെ ദീര്‍ഘ വീക്ഷണം ചെയ്യാന്‍ അങ്കാറക്ക് കഴിഞ്ഞു എന്നതാണ് അവരുടെ വിജയ രഹസ്യവും.

ആര്‍ക്കൊക്കെ എന്തൊക്കെ അജണ്ടയുണ്ടായാലും ഇല്ലെങ്കിലും പ്രപഞ്ച നാഥന്റെ അജണ്ട പൂര്‍ത്തീകരിക്കപ്പെടുക തന്നെ ചെയ്യും. അവിശ്വാസികള്‍ക്കും അക്രമികള്‍ക്കും അതെത്ര അരോചകമാണെങ്കിലും. ഇതിന്റെ പ്രസാരണത്തിന്റെ ഭാഗമായി തന്റെ ഭാഗധേയത്വം എന്താണ് എന്നായിരിക്കണം ഓരോ വിശ്വാസിയുടേയും മനോഗതം. ലോകം മുഴുവന്‍ വരണ്ടുണങ്ങി ദാഹജലത്തിനു നെട്ടോട്ടമോടുമ്പോള്‍ വിശുദ്ധ ഖുര്‍ആനെന്ന നീരുറവയെ ഒഴുകാതിരിക്കാന്‍ അണകെട്ടി നിര്‍ത്തുകയല്ല. സ്വഛമായ അതിന്റെ പ്രയാണത്തിനു വഴിവെട്ടുകയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍. ഈ നദിക്കരയില്‍ വലിയ വലിയ വൃക്ഷത്തലപ്പുകള്‍ ആകാശത്തേക്ക് ചില്ലകളും ശാഖകളുമായി വളര്‍ന്നു വരുന്നുണ്ട്. ഈ മരം സകല മനുഷ്യര്‍ക്കും ജീവ ജാലങ്ങള്‍ക്കും പ്രതീക്ഷയായിരിക്കും. ഈ തണലില്‍ വിശ്രമിക്കാന്‍. ഇതിന്റെ ചില്ലയിലൊരു കൂടൊരുക്കാന്‍. ഈ മരത്തിലെ കായ്കനികള്‍ പറിക്കാനും ഭുജിക്കാനും.

Related Articles