Current Date

Search
Close this search box.
Search
Close this search box.

മറ്റൊരു അമേരിക്കന്‍ റിപ്പോര്‍ട്ട് കൂടി

‘ഇസ്‌ലാമിക ഭീകരത 2030-ല്‍ അവസാനിച്ചേക്കാം.’ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു ഭീമന്‍ തലക്കെട്ടാണിത്. ആ റിപ്പോര്‍ട്ടിന്റെ തലവാചകങ്ങള്‍ ഇങ്ങനെ: ‘അമേരിക്കന്‍ ഇന്റലിജന്‍സ് പുറത്ത് വിട്ട ഒരു സുപ്രധാന റിപ്പോര്‍ട്ടില്‍ ഇസ്‌ലാമിക ഭീകരവാദത്തിന്റെ ഇപ്പോഴത്തെ ഘട്ടം 2030-ാടെ അവസാനിച്ചേക്കും. എന്നു വെച്ച് ഹിംസാത്മക ഭീകരത പറ്റെ അവസാനിക്കും എന്നല്ല. അതൊരു രക്തച്ചൊരിച്ചിലില്ലാത്ത സാമ്പത്തിക-ധനകാര്യ ഭീകരതയായി നിറം മാറിയേക്കാം.’ അമേരിക്കയിലെ നാഷ്‌നല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ‘ആഗോളപ്രവണതകള്‍ 2030-ല്‍’ എന്നാണ്. വരാന്‍പോകുന്ന ആഗോള പ്രവണതകളെ വിവധ കോണുകളില്‍ നിന്ന് പഠിക്കുന്ന റിപ്പോര്‍ട്ട് അടുത്ത 18 വര്‍ഷത്തെ സംഭവങ്ങളെ പ്രവചിക്കുക കൂടി ചെയ്യുന്നു. ഫിനാന്‍സും സമ്പദ്ഘടനയും തന്നെയാണ് റിപ്പോര്‍ട്ടിന്റെ മര്‍മം. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സമ്പദ്ഘടന ശക്തിപ്പെടുമെന്നും പാകിസ്താന്റേത് ദുര്‍ബലമാവുമെന്നും ഒരു പക്ഷേ ആ നാട് തന്നെ തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും ഇതില്‍ പ്രവചനമുണ്ട്. ‘ഭീകരഗ്രൂപ്പുകളും അവരെ പിന്തുണക്കുന്ന രാജ്യങ്ങളും വലിയ തോതില്‍ ധനകാര്യ ഭീകരതയെ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. സൈബര്‍ സംവിധാനങ്ങളെയും ആധുനിക നശീകരണ ടെക്‌നോളജിയെയും അവര്‍ പ്രയോജനപ്പെടുത്തിയേക്കാം’ (ടൈംസ് ഓഫ് ഇന്ത്യ, ഡിസംബര്‍ 11).

അമേരിക്കന്‍ തന്ത്രങ്ങളെക്കുറിച്ച് മുന്നറിവുള്ള ആര്‍ക്കും ഈ റിപ്പോര്‍ട്ടിന്റെ അര്‍ഥമെന്താണെന്ന് മനസ്സിലാകാതിരിക്കില്ല. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ പേരില്‍ പുറത്തിറക്കിയ ഈ റിപ്പോര്‍ട്ടിലൂടെ അടുത്ത 18 വര്‍ഷം അമേരിക്ക എന്തൊക്കെ ചെയ്യാന്‍ പോകുന്നു എന്നാണ് യഥാര്‍ഥത്തില്‍ പറഞ്ഞ് വെക്കുന്നത്. ‘ഭീകരതയെ പ്രതിരോധിക്കാനായി’ അക്രമാസക്ത ഇടപെടലുകള്‍ അമേരിക്കന്‍ ഏജന്‍സികള്‍ നടത്തുമെന്ന സൂചനയും അതില്‍ നിന്ന് വായിച്ചെടുക്കാം. എല്ലാറ്റിന്റെയും ഉത്തരവാദിത്വം ഒടുവില്‍ ഇസ്‌ലാമിക സംഘടനകളുടെ മേല്‍ ചാര്‍ത്തുകയും ചെയ്യും. അങ്ങനെ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനുമെതിരെയുള്ള പൈശാചിക പ്രചാരണം നിര്‍ബാധം തുടരുകയും ചെയ്യാം. ഒരുപക്ഷേ വരാന്‍ പോകുന്ന സംഭവങ്ങളുടെ ചാര്‍ട്ട് അമേരിക്കന്‍ ഏജന്‍സികള്‍ ഇപ്പോഴേ തയാറാക്കിയിട്ടുണ്ടാവാം: എവിടെയൊക്കെയാണ് ഇത്തരം നാടകങ്ങള്‍ അരങ്ങേറേണ്ടത്, ഓരോ നാട്ടിലും എത്രയെണ്ണം ‘ഭീകരാക്രമണങ്ങള്‍’ നടക്കണം, എത്രയാളുകള്‍ കൊല്ലപ്പെട്ടിരിക്കണം, അപ്പോള്‍ നടത്തേണ്ട പ്രസ്താവനകള്‍ ഏത് സ്വഭാവത്തിലുള്ളതായിരിക്കണം, ഇതില്‍ 9/11 എവിടെ സംഭവിക്കണം, 26/11 എവിടെയാണ് സംഭവിക്കേണ്ടത് ഇത്യാദി കാര്യങ്ങള്‍. ഓരോ നാടകവും യഥാര്‍ഥമാണെന്ന് തോന്നിക്കാനുള്ള കഥകളും മെനഞ്ഞിട്ടുണ്ടാവും. അതിനൊക്കെ തെളിവുണ്ടാക്കുന്ന പണി ഇപ്പോഴേ തുടങ്ങിയിട്ടുമുണ്ടാവാം.

ഈ റിപ്പോര്‍ട്ടിലെ ഭാഷ നോക്കുക. ഇപ്പോഴും ‘ഇസ്‌ലാമിക ഭീകരത’ എന്ന് തന്നെയാണ് അമേരിക്ക പ്രയോഗിക്കുന്നത്. ഇതിനെതിരെ മുസ്ലിംകള്‍ ശബ്ദമുയര്‍ത്തിയിരുന്നതും ഓര്‍ക്കുക. അമേരിക്കയുമായി സൗഹൃദത്തിലുള്ള മുസ്‌ലിം രാഷ്ട്രങ്ങള്‍ തന്നെ ഈ പ്രയോഗത്തിനെതിരെ രംഗത്ത് വരികയും ഗവണ്‍മെന്റ് തലത്തിലെങ്കിലും ആ പ്രയോഗം ഒഴിവാക്കണമെന്ന്് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ആ പ്രയോഗം നിലനിര്‍ത്തിയതില്‍ നിന്ന് അവര്‍ ഇപ്പോഴും മുമ്പത്തെക്കാളേറെ ഇസ്‌ലാമിനെ ഭയപ്പെടുന്നു എന്ന സത്യമാണ് വെളിപ്പെടുന്നത്. ചില ഇസ്‌ലാമിക കുട്ടായ്മകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ അവരെ ഭീതിപ്പെടുത്തുന്നുണ്ടാവണം. തങ്ങളുടെ ചൂഷണാത്മക നയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് ഏറ്റവും വലിയ തടസ്സം ഇസ്‌ലാമിനെ ജീവിത വ്യവസ്ഥയായി സ്വീകരിക്കുന്ന ജനവിഭാഗമായിരിക്കുമെന്ന് അമേരിക്ക തിരിച്ചറിയുന്നുണ്ടാവണം. ഇസ്‌ലാമിക വ്യവസ്ഥ വരുന്നതോടെ അതിനൊപ്പം പലിശരഹിത സമ്പദ്ഘടനയും വരുമെന്ന് അമേരിക്കക്ക് നന്നായി അറിയാം. അത് അമേരിക്കയും ജൂതന്‍മാരും നേതൃത്വം നല്‍കുന്ന പലിശാധിഷ്ഠിത സമ്പദ്ഘടനയെ ദുര്‍ബലമാക്കുകയും ഒടുവില്‍ അതിനെ നശിപ്പിക്കുകയും ചെയ്യുമെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ ഇസ്‌ലാമിനെക്കുറിച്ച് ലോകത്തെ പേടിപ്പിച്ച് നിര്‍ത്താന്‍ അമേരിക്ക പുതിയ പുതിയ അടവുകള്‍ പുറത്തെടുത്തുകൊണ്ടിരിക്കും.  ഇസ്ലാമിക സമ്പദ്ഘടനയുടെ മേന്‍മകളെക്കുറിച്ച് ജനസാമാന്യത്തെ ബോധവല്‍ക്കരിക്കാന്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കന്നവര്‍ ശ്രദ്ധിക്കേണ്ട സന്ദര്‍ഭമാണിത്. നമ്മുടെ നാട്ടിലെ ഇസ്‌ലാമിക ധനശാസ്ത്രജ്ഞര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്. കാരണം നമ്മുടെ ഗവണ്‍മെന്റ് വളരെ പരിതാപകരമായ രീതിയില്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക അടവുകളുടെ ഇരയായി മാറിയിരിക്കുന്നു. ഈ ചതിക്കുഴിയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും അങ്ങനെ രാജ്യത്തെ രക്ഷിക്കാനും അവര്‍ക്ക് ധാര്‍മികമായ ബാധ്യതയുണ്ട്.
(ദഅ്‌വത്ത് ത്രൈദിനം, 19-12-2012)

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles