Current Date

Search
Close this search box.
Search
Close this search box.

മരണാനന്തര ജീവിതം: മൂന്നാം ഘട്ടം

ആത്മാവും ശരീരവും വേര്‍പ്പെടുന്നതോടെ മരണവും മരണാനന്തര ജീവിതത്തിന്റെ ഒന്നാം ഘട്ടവും ആരംഭിക്കുന്നു. എന്നാല്‍, ആത്മാവും ശരീരവും വീണ്ടും ഒന്നിച്ചു ചേരുന്ന പുനസൃഷ്ടി നടക്കുന്നതോടെ മരണാനന്തര ജീവിതത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയായി. ഇത് സംബന്ധമായി വിശുദ്ധ ഖുര്‍ആനിലൂടെ നല്‍കുന്ന ദിവ്യവെളിപാട് ഇങ്ങനെയാണ്:
‘ഇതേ മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കുതന്നെ നിങ്ങളെ നാം തിരിച്ചുകൊണ്ടുപോകും. അതില്‍ നിന്നുതന്നെ നിങ്ങളെ നാം മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരികയും ചെയ്യും.’ (20:55)
ബൈബിളില്‍ യഹോവയുടെ അറിയിപ്പ് ഇങ്ങനെ കാണാം:
‘എന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവക്കുഴികള്‍ തുറന്ന് നിങ്ങളെ ശവക്കുഴിയില്‍നിന്ന് കയറ്റുമ്പോള്‍ ഞാന്‍ യഹോവ എന്ന് നിങ്ങള്‍ അറിയും.’ (യെഹെസ്‌കേല്‍ 37:13)
ഹൈന്ദവ പ്രമാണങ്ങളില്‍ പരലോക ജീവിതത്തെക്കുറിച്ചുള്ള ധാരാളം അധ്യാപനങ്ങളുണ്ട്. അതോടൊപ്പം കര്‍മങ്ങള്‍ക്കനുസരിച്ച് ഭൂമിയില്‍ തന്നെ പുനര്‍ജനിക്കും എന്ന ‘പുനര്‍ജന്മ സങ്കല്‍പ’വുമുണ്ട്. ഖുര്‍ആനിലും ബൈബിളിലുമൊക്കെ പറഞ്ഞ പുന:സൃഷ്ടിക്കപ്പെടും എന്ന ആശയത്തെ തന്നെ വ്യാഖ്യാനിച്ചപ്പോള്‍ സംഭവിച്ചതാവാം ആ സങ്കല്‍പം.

പുന:സൃഷ്ടിയുടെ സാധ്യതയിലേക്ക് ആധുനിക ശാസ്ത്രവും വെളിച്ചം വീശുന്നുണ്ട്. ക്ലോണിംഗ് അടക്കം ജനിതക എഞ്ചിനീയറിംഗിന്റെ മഹാവിദ്യകള്‍ അതിന്റെ സാധ്യതക്ക് അടിവരയിടുകയാണ് ചെയ്യുന്നത്.

എന്തായാലും നന്മ തിന്മകള്‍ ചെയ്ത് മരിച്ച് മണ്ണടിഞ്ഞ മനുഷ്യന്‍ താന്‍ ചെയ്ത കര്‍മങ്ങളുടെ ഫലം അനുഭവിക്കല്‍ ധാര്‍മികമായൊരു അനിവാര്യതയാണ്. അതിനാല്‍ ഖുര്‍ആന്‍ പറയുന്നു: ‘പുനരുത്ഥാന നാളില്‍ നിങ്ങളുടെ കര്‍മങ്ങളുടെ പ്രതിഫലം പൂര്‍ണമായി നല്‍കപ്പെടുക തന്നെ ചെയ്യും.’ (3:25)

പുനസൃഷ്ടിയുടെ യുക്തി പലവിധത്തില്‍ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. മരിച്ചു കഴിഞ്ഞാല്‍ ജീവനുള്ളവനായി പുനസൃഷ്ടിക്കപ്പെടുമോ എന്ന് സംശയിക്കുന്ന മനുഷ്യനോട് ഖുര്‍ആനിലൂടെ ദൈവം ചോദിക്കുന്നു: ‘മനുഷ്യന്‍ ഒന്നുമല്ലാതിരുന്ന അവസ്ഥയില്‍നിന്ന് നാം അവനെ സൃഷ്ടിച്ചുണ്ടാക്കിയ കാര്യം അവനോര്‍ത്തുകൂടേ?’ (19:67)

ഇല്ലായ്മയില്‍ നിന്നുണ്ടാക്കാന്‍ കഴിഞ്ഞ ദൈവത്തിന് ഉണ്ടായി നശിച്ചതിനെ പുനസൃഷ്ടിക്കാന്‍ കഴിയാതിരിക്കുന്നതെങ്ങനെ? മാത്രമല്ല, ‘ഒന്നാം തവണ അവയെ സൃഷ്ടിച്ചവന്‍ തന്നെ വീണ്ടും അവയെ ജീവിപ്പിക്കും.’ (36:79) എന്ന ഖുര്‍ആനിന്റെ മറ്റൊരു മറുപടിയില്‍, പുനസൃഷ്ടി വെറുതെ സംഭവിക്കുകയല്ല; സര്‍വശക്തനായ ദൈവമാണ് സംഭവിപ്പിക്കുന്നത് എന്ന കാര്യവും വ്യക്തമാക്കുന്നുണ്ട്. ഒരു ശവത്തിന്റെ ദ്രവിച്ച അസ്ഥി കൊത്തിനുറുക്കി ഇതിനി എങ്ങനെ പുന:സൃഷ്ടിക്കപ്പെടും എന്ന് പ്രവാചകനോട് തര്‍ക്കിച്ച മനുഷ്യനോട് സ്രഷ്ടാവിന്റെ ചോദ്യം: ‘ആകാശഭൂമികളെ സൃഷ്ടിച്ചവന്‍ അവയെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലെന്നോ?’ (36:81) എന്നാണ്. മനുഷ്യനെ പുനസൃഷ്ടിക്കല്‍ അണ്ഡകടാഹങ്ങളെ പുനസൃഷ്ടിക്കുന്നതിനേക്കാള്‍ പ്രയാസകരമല്ലെന്നര്‍ഥം.

ഉണങ്ങി വരണ്ട ഭൂമിയില്‍ പുതുമഴ പെയ്യുമ്പോള്‍ വിത്തുകള്‍ മുളച്ച് ഭൂമി ചൈതന്യവത്താകുന്നതിനെ ചൂണ്ടിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു: ‘മൃതമായ ഈ ഭൂമിയെ ജീവസ്സുറ്റതാക്കുന്നവന്‍ തീര്‍ച്ചയായും മരിച്ചവരെ ജീവിപ്പിക്കും. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്’ (41:39). മരിച്ചു കിടക്കുന്ന വിത്തുകള്‍ അനുകൂല സാഹചര്യം വന്നപ്പോള്‍ ജീവിച്ചു വളരുന്ന ദൃഷ്ടാന്തത്തെയാണിവിടെ ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നത്.

കുട്ടികള്‍ക്കുപോലും വായയിലിടാവുന്ന ഒരു പുളിങ്കുരു നിലത്ത് വീണ് നശിച്ചാല്‍ (മുളച്ചാല്‍) അതൊരു വന്‍വൃക്ഷമായി മാറുന്ന അത്ഭുതകരമായ ഭൂമിയിലാണ് മനുഷ്യന്‍ കുഴിച്ചു മൂടപ്പെടുന്നത്! ഈജിപ്തിലെ ഫറോവമാരുടെ ശവകുടീരങ്ങളില്‍ കണ്ടെത്തിയ, സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഗോതമ്പുമണികള്‍ ഈ അടുത്ത കാലത്ത് മുളപ്പിച്ചു എന്നത് പുനരുജ്ജീവനത്തിന്റെ ശക്തമായൊരു സാധ്യതക്കാണ് അടിവരയിടുന്നത്.

മനുഷ്യന്റെ വാക്കും പ്രവൃത്തിയും ആലേഖനം ചെയ്ത് പുനരാവിഷ്‌കരിക്കാന്‍ മനുഷ്യനു കഴിയുന്നു എന്നത് പുനസൃഷ്ടിക്ക് പ്രകൃതി നിയമങ്ങള്‍ ഒരുങ്ങി നില്‍ക്കുന്നുണ്ട് എന്നാണ് കാണിക്കുന്നത്. മാത്രമല്ല, ജീവിച്ചിരിക്കുന്ന മനുഷ്യന്റെ ശരീരത്തിലെ പഴയ കോശങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയും (നശിക്കുകയും) ആ സ്ഥാനത്ത് പുതിയ കോശങ്ങള്‍ ജനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഒരോ പത്ത് വര്‍ഷം കൂടുമ്പോഴാണത്രെ ഇത് പൂര്‍ത്തിയാവുക. അതിനര്‍ഥം 60 വര്‍ഷം ജീവിച്ച ഒരാളുടെ ശരീരം 6 തവണ മരിക്കുകയും ജനിക്കുകയും ചെയ്യുന്നു എന്നാണ്.
ചുരുക്കത്തില്‍, മനുഷ്യന്റെ പുനസൃഷ്ടിയുടെ അനിവാര്യതയും അതിന്റെ സാധ്യതകളും വളരെ കൃത്യവും വ്യക്തവുമാണ്.

പിന്‍കുറി:ഭൂമുഖത്തുനിന്ന് പാടെ കുറ്റിയറ്റുപോയിട്ടുള്ള ‘ടാസ്‌മേനിയന്‍ ടൈഗര്‍’ എന്ന സഞ്ചിമൃഗത്തിന്റെ, എഥനോളിലിട്ടു സൂക്ഷിച്ച 130 വര്‍ഷം പഴക്കമുള്ള ജഡത്തില്‍ നിന്ന് ഡി.എന്‍.എ. എടുത്ത് പരീക്ഷശാലയില്‍ വെച്ച് അതിന്റെ പകര്‍പ്പെടുക്കുന്നതില്‍ ആസ്‌ത്രേലിയന്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചിരിക്കുന്നു. ഇപ്രകാരം ഗവേഷണ പരീക്ഷണങ്ങള്‍ മുന്നോട്ടുപോയാല്‍, കുറ്റിയറ്റുപോയ മൃഗത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും. താത്വികമായി ഇത് സാധ്യമാണെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ഇനി പ്രായോഗിക തലത്തില്‍ തെളിയിക്കാനേ ബാക്കിയുള്ളൂ’ (മാധ്യമം ദിനപത്രം, മുഖപ്രസംഗം, 2002 ജൂണ്‍ 15)

മരണാനന്തര ജീവിതം: രണ്ടാം ഘട്ടം
മരണാനന്തര ജീവിതം: നാലാം ഘട്ടം

Related Articles