Current Date

Search
Close this search box.
Search
Close this search box.

മരണാനന്തര ജീവിതം: നാലാം ഘട്ടം

മരണാനന്തര ജീവിതത്തിന്റെ നാലാം ഘട്ടം ആരംഭിക്കുന്നത് പുനസൃഷ്ടിക്കപ്പെട്ട മാനവകുലത്തെ ദൈവസന്നിധിയില്‍ ഒരുമിച്ചു കൂട്ടുന്നതോടെയാണ്. ഖുര്‍ആന്‍ പറയുന്നു:
‘നിന്റെ നാഥന്റെ മുന്നില്‍ അവരൊക്കെയും അണിയണിയായി നിര്‍ത്തപ്പെടും. അപ്പോഴവന്‍ പറയും: നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ചപോലെ നിങ്ങളിതാ നമ്മുടെ അടുത്ത് വന്നിരിക്കുന്നു. ഇത്തരമൊരു സന്ദര്‍ഭം നിങ്ങള്‍ക്കു നാം ഉണ്ടാക്കുകയേയില്ല എന്നാണല്ലോ നിങ്ങള്‍ വാദിച്ചുകൊണ്ടിരുന്നത്.’ (18: 48)

യേശു ക്രിസ്തു ശിഷ്യന്‍മാരോട് ഇത് സംബന്ധമായി പറയുന്നത് ബൈബിളില്‍ ഇങ്ങനെ കാണാം:
‘എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള്‍ പുനര്‍ജ്ജനനത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.’ (മത്തായി: 19: 28)

ഓരോ മനുഷ്യനും ഭൂമിയില്‍ ചെയ്ത സകല കര്‍മങ്ങളും വിചാരണക്ക് വിധേയമാകുന്ന സന്ദര്‍ഭമാണത്. താന്‍ ജീവിതത്തില്‍ പാലിച്ച വിശ്വാസവും കര്‍മങ്ങളും മാത്രം കൂടെയുണ്ടാവുന്ന, ആര്‍ക്കും ആരെയും സഹായിക്കാനാവാത്ത ദിനമത്രെ അത്. ഖുര്‍ആന്‍ പറയുന്നു:
‘ആര്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒന്നും ചെയ്യാനാവാത്ത ദിനമാണത്. അന്ന് തീരുമാനാധികാരമൊക്കെ ദൈവത്തിന് മാത്രമായിരിക്കും.’ (82: 19)

‘കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍’ എന്ന ഇഹലോകാവസ്ഥ അട്ടിമറിക്കപ്പെടുകയും ദൈവത്തിന്റെ ‘കയ്യൂക്ക്’ മാത്രം ഉണ്ടാവുകയും ചെയ്യുമെന്നര്‍ഥം. കൊലപാതകത്തെ ആത്മഹത്യയാക്കി തെറ്റിധരിപ്പിക്കാനോ ആത്മഹത്യയെ കൊലപാതകമാക്കി തെറ്റിധരിപ്പിക്കാനോ അന്ന് കഴിയില്ല. മനുഷ്യ മനസാക്ഷി കൊതിക്കുന്ന സമ്പൂര്‍ണ നീതി പുലരുന്ന ദിനമാണതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെ:
‘അന്ന് ഭൂമി അതിന്റെ നാഥന്റെ പ്രഭയാല്‍ പ്രകാശിതമാകും. കര്‍മപുസ്തകം സമര്‍പ്പിക്കപ്പെടും. പ്രവാചകന്മാരും സാക്ഷികളും ഹാജരാക്കപ്പെടും. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം വിധിത്തീര്‍പ്പുണ്ടാകും. ആരും അനീതിക്കിരയാവില്ല. ഓരോ വ്യക്തിക്കും താന്‍ പ്രവര്‍ത്തിച്ചതിന് അര്‍ഹമായ പ്രതിഫലം പൂര്‍ണമായും ലഭിക്കും. അവര്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് ഈശ്വരന്‍.’ (39: 69,70)

ആദ്യമനുഷ്യനെ മുതല്‍ അവസാനത്തെ മനുഷ്യനെ വരെ ഒന്നിച്ചു ചേര്‍ത്താണത്രെ കര്‍മഫലം പ്രഖ്യാപിക്കുക. അതിന്റെ യുക്തിയെന്ത് എന്നതിന്റെ ന്യായം ഇതാണ്: മനുഷ്യന്‍ ചെയ്യുന്ന പല കര്‍മങ്ങളുടെയും ഫലം നന്മയാണെങ്കിലും തിന്മയാണെങ്കെലും, തലമുറകളോളം ചിലപ്പോള്‍ നൂറ്റാണ്ടുകളോളം നീണ്ടുനില്‍ക്കും. കര്‍മഫലത്തിന്റെ ആഴവും വ്യാപ്തിയും കൃത്യമായി ബോധ്യപ്പെടാന്‍ അതിനു വിധേയമായ സകല തലമുറകളെയും ഒന്നിച്ചു ചേര്‍ത്തേ മതിയാവൂ.

മാനവരാശിയെ മുഴുവന്‍ ഒരുമിച്ചു കൂട്ടാനുതകും വിധം ആകാശഭൂമികളുടെ ഘടന മാറ്റും എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ‘ഈ ഭൂമി ഭൂമിയല്ലാതായി മാറുന്ന ദിവസം. ആകാശങ്ങളും അവയല്ലാതായി മാറും.’ (14: 48)

പുതിയ ഭൂമിയും പുതിയ ആകാശവും രൂപപ്പെടുന്ന ദിനമാണത്. ‘പഴയ ലോകത്ത്’ നടക്കാതെ പോയ ‘ലോകനീതി’ എന്ന സങ്കല്‍പം ‘പുതിയ ലോകത്ത്’ ദൈവകരങ്ങളാല്‍ സ്ഥാപിതമാകുന്ന ദിനമാണത്. വിശുദ്ധ ഖുര്‍ആനില്‍ ഇത് സംബന്ധമായി പറയുന്ന ദിവ്യവെളിപാടിങ്ങനെയാണ്:
‘ഉയിര്‍ത്തെഴുന്നേല്‍പ്പു നാളില്‍ നാം നീതിനിഷ്ഠമായ തുലാസുകള്‍ സ്ഥാപിക്കും. പിന്നെ ആരോടും അല്‍പവും അനീതി കാണിക്കുകയില്ല. കര്‍മം ഒരു കടുകുമണി തൂക്കമായാല്‍ പോലും നാമത് വിലയിരുത്തും. കണക്കു നോക്കാന്‍ നാം തന്നെ മതി.’ (21: 47)

പിന്‍കുറി: അന്ത്യനാളില്‍ നടക്കുന്ന ഒരു വിചാരണയുടെ മാതൃക:
ദൈവം: മനുഷ്യാ, ഞാന്‍ രോഗിയായപ്പോള്‍ നീ എന്നെ സന്ദര്‍ശിച്ചില്ല.
മനുഷ്യന്‍: ഞാനെങ്ങനെ ദൈവമായ നിന്നെ സന്ദര്‍ശിക്കും?
ദൈവം: എന്റെ ദാസന്‍ ഇന്നയാള്‍ രോഗിയായ വിവരം നീ അറിഞ്ഞിരുന്നില്ലേ? എന്നിട്ട് നീ സന്ദര്‍ശിച്ചില്ല. നീ അവനെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ അവന്റെ സമീപം നിനക്കെന്നെ കാണാമായിരുന്നു.

മരണാനന്തര ജീവിതം: മൂന്നാം ഘട്ടം
സ്വര്‍ഗം

Related Articles