Current Date

Search
Close this search box.
Search
Close this search box.

മതം ഭയപ്പെടുത്തലോ ?

മതങ്ങളെല്ലാം ഏതെങ്കിലും തരത്തിലുള്ള ഭയപ്പെടുത്തലുകളാണെന്ന് ദൈവനിഷേധികള്‍ ആക്ഷേപിക്കാറുണ്ട്. മതത്തില്‍ ഭയപ്പെടുത്തലും ഉണ്ട് എന്നല്ലാതെ അടിസ്ഥാനപരമായി അത് ഭയപ്പെടുത്തലല്ല, സ്‌നേഹമാണ്.

പാലം അപകടം ഭാരമിറക്കിപ്പോവുക, 110 കെ വി ലൈന്‍ അപായം എന്നിങ്ങനെ യാത്രക്കാരെ ഉണര്‍ത്തുന്ന പരസ്യങ്ങള്‍ കാണാന്‍ കഴിയും. ഇത് ഒരുതരം ഭയപ്പെടുത്തല്‍ തന്നെയാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായും സ്‌നേഹജന്യമായ ഉപദേശമാണ്. ഭാരമിറക്കിപ്പോയില്ലെങ്കില്‍ അപകടത്തില്‍ പെടും. അതൊഴിവാക്കാണം. വൈദ്യുതിയേറ്റ് മരിക്കുന്നത് സൂക്ഷിക്കണം എന്നെല്ലാം അധികൃതര്‍ എഴുതി വെക്കുന്നത് ജനങ്ങളുടെ ജീവനോടുള്ള സ്‌നേഹം കൊണ്ടാണ്. ദൈവത്തെയും ദൈവദൂതനെയും അനുസരിച്ച് മനുഷ്യസ്‌നേഹിയായി ജീവിക്കുന്നവന്ന് സ്വര്‍ഗം, ധിക്കാരികള്‍ക്കും നിഷേധികള്‍ക്കും നരകം എന്നീ രണ്ടു വാക്യങ്ങളുടെയും ഉദ്ദേശ്യം ഒന്നാണ്. മനുഷ്യര്‍ക്ക് മരണാനന്തരം സുഖകരമായ ജീവിതം ലഭിക്കണമെന്ന ഉദ്ദേശ്യമാണ് രണ്ടിലുമുള്ളത്.

പ്രപഞ്ച സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു കാരുണ്യവാനാണ്. ആ കാരുണ്യബോധം വിശ്വാസിയുടം ഓരോ കാല്‍വെപ്പിലുമുണ്ടാകണമെന്ന് ഇസ്‌ലാം താല്‍പര്യപ്പെടുന്നു. കാരണം അതിലാണ് യുക്തി. മനുഷ്യര്‍ക്കു വേണ്ടതെല്ലാം അവന്‍ ഭൂമിയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ജീവികള്‍ക്ക് അത്യന്താപേക്ഷിതമായ ഓക്‌സിജന്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചിട്ടുണ്ട്. മനുഷ്യര്‍ പുറത്തു വിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സസ്യങ്ങള്‍ സ്വീകരിക്കുകയും പകരം അവ ഓക്‌സിജന്‍ പുറത്ത് വിടുകയും ചെയ്യുന്നു. അങ്ങനെ അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ കമ്മി നികത്തപ്പെടുന്നു. ഇത് അല്ലാഹു സംവിധാനിച്ചതാണ്. അതു കൊണ്ടാണ് പ്രയാസരഹിതമായി മനുഷ്യര്‍ ജീവിക്കുന്നത്. ദൈവത്തിന്റെ ഈ കാരുണ്യത്തിന് പകരം നമുക്കു നല്‍കാനുള്ള നന്ദി അവന്നുള്ള ആരാധനയാണ്. ആരാധനയുടെ എല്ലാ അംശങ്ങളും അവന്നു മാത്രം നല്‍കുക എന്നതുമാണ്.

പഴങ്ങളെ പോഷകമൂല്യമുള്ളതാക്കുക മാത്രമല്ലല്ലോ അല്ലാഹു ചെയ്തത്. അവയെ അഴകുള്ളതും രുചികരമാക്കുക കൂടി ചെയ്യുന്നു. ചില മാവുകളുടെ ഇലകള്‍ക്ക് ഒരു പ്രത്യേക ഭംഗി കാണാം. വീട്ടുവളപ്പില്‍ വിവിധയിനം മാവുകള്‍ കായ്ച്ചു നില്‍ക്കുമ്പോള്‍ അവ വീടിന്ന് അലങ്കാരം കൂടിയാണ്.

മയില്‍ പീലി മയിലിന്നു വേണ്ടി മാത്രമുള്ളതല്ല. അത് കാക്കയുടെ തൂവലു പോലെ ആവാതിരുന്നതെന്തേ? അവയെല്ലാം മനുഷ്യര്‍ക്ക് കണ്ടാസ്വദിക്കാന്‍ കൂടിയാണ് അത്രമാത്രം ഭംഗിയില്‍ സൃഷ്ടിച്ചത് എന്ന് മനസ്സിലാക്കണം. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെണ്ണിയാല്‍ മനുഷ്യര്‍ക്കതിന്റെ കണക്കെടുക്കാന്‍കഴിയില്ലെന്ന് ഖുര്‍ആന്‍ പറയുന്നു. അത്രമാത്രം എണ്ണമറ്റതാണത്. പ്രതിഫലം നല്‍കുന്നതിലുമുണ്ട് ഈ വിശാലത. ‘വല്ലവനും ഒരു നന്മ കൊണ്ടുവന്നമാല്‍ അവന്ന് അതിന്റെ പത്തിരട്ടി ലഭിക്കുന്നതാണ്. തിന്മ കൊണ്ടുവരുന്നവന്ന് അതിനു തുല്യമായ ശിക്ഷ മാത്രമേ നല്‍കപ്പെടുകയുള്ളൂ. അവരോട് ഒരനീതി യും കാണിക്കപ്പെടുകയില്ല’.(ഖുര്‍ആന്‍ 6: 160)

ഇത് ഗൗനിക്കാതെ തിന്‍മയില്‍ വിഹരിക്കുന്നവന്ന് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് താക്കീതു ചെയ്താല്‍ അതിനെ എന്തായി കാണണം? സ്‌നേഹമായിട്ടു തന്നെ. നന്‍മക്കു പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നതു പോലെ തിന്‍മക്കു ശിക്ഷ വര്‍ദ്ധിപ്പിച്ചിരുന്നുവെങ്കില്‍ മനുഷ്യന്റെ അവസ്ഥ ഗുരുതരമാകുമായിരുന്നുവല്ലോ. നരകം അല്ലാഹു സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിനെ നരകത്തിലിടാനുള്ള ആഗ്രഹമായി കാണരുത്. എല്ലാ രാഷ്ട്രങ്ങളിലും ജയിലുകളുണ്ട്. അതിന്റെയുദ്ദേശ്യം ജയിലുകള്‍
എന്നും പൗരന്‍മാരെക്കൊണ്ട് നിറഞ്ഞിരിക്കണമെന്നല്ല. പൗരന്‍മാര്‍ക്ക് സ്വൈര ജീവിതം വേണം. അത് തടസ്സപ്പെടുത്തുന്നവരെ ജയിലിലടക്കുകയേ നിവൃത്തിയുള്ളൂ. ഇങ്ങനെയുള്ളൊരു സംവിധാനമുണ്ടെന്ന് പൗരന്‍മാരെ അറിയിക്കല്‍ മര്യാദക്കാരോടുള്ള സ്‌നേഹമാണെന്ന പോലെ മര്യാദക്കേടുകാരോടുള്ള സ്‌നേഹം കൂടിയാണ്. മതങ്ങളിലെ താക്കീതുകളുടെ സ്വഭാവവും ഇതുതന്നെ.

Related Articles