Current Date

Search
Close this search box.
Search
Close this search box.

ഭാരമേറിയ പ്രാര്‍ഥന

മനുഷ്യന്റെ പ്രാര്‍ഥനകളില്‍ ഏറ്റവും ഭാരമുള്ളതാണ് ഇണകളിലൂടെ കണ്‍കുളിര്‍മ നല്‍കേണമേ എന്നത്. ഇതിന്റെ അറബി വാക്കുകള്‍ ഹൃദിസ്ഥമാക്കാന്‍ ബുദ്ധിമുട്ടാണെന്നല്ല ഇത് ഭാരമേറിയതാണെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. പിന്നെയോ?  തന്റെ ഇണയില്‍ നിന്ന് കണ്‍കുളിര്‍മ ലഭിക്കത്തക്ക വിധം മനസ്സിനെ പാകപ്പെടുത്തിയിട്ടുവേണമല്ലോ അങ്ങനെ പ്രാര്‍ഥിക്കാന്‍. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്കു പോകേണ്ട ആള്‍ കാസര്‍ക്കോട്ടേക്കുള്ള ബസ്സില്‍ കയറി എറണാകുളത്തേക്കെത്തിക്കണമെന്ന് പ്രാര്‍ഥിക്കുകയോ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ പ്രാര്‍ഥിക്കുകയോ ചെയ്യുന്നതു പോലെയാണ് ഇണയില്‍ നിന്ന് കണ്‍കുളിര്‍മ ലഭിക്കും വിധം ഹൃദയശുദ്ധീകരണം നടത്താതെ കണ്‍കുളിര്‍മക്കായി പ്രാര്‍ഥിക്കുന്നത്.
കറുത്ത ഭാര്യ. വെളുത്ത ഭര്‍ത്താവ്, ഭര്‍ത്താവ് കണ്‍കുളിര്‍മക്കുവേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കറുത്ത ഭാര്യയുടെ തൊലി വെളുപ്പിച്ചുതരണം, എങ്കില്‍ ഞാനവളെ സ്‌നേഹിച്ചുകൊള്ളാം എന്നായിരിക്കില്ലല്ലോ ഉദ്ദേശ്യം. അവള്‍ ഇന്ന് ഏത് രൂപത്തിലാണോ അതില്‍ നിന്നു തന്നെ എനിക്ക് കണ്‍കുളിര്‍മ കൈവരണം എന്നായിരിക്കണം അയാള്‍ അഭിലഷിക്കേണ്ടതും എന്നിട്ടായിരിക്കണം പ്രാര്‍ഥിക്കേണ്ടതും. അതുകൊണ്ടാണ് ഇത് ഭാരമുള്ള പ്രാര്‍ഥനയാണെന്ന് പറഞ്ഞത്.
ഭര്‍ത്താവ് യുവാവാണെങ്കിലും ശസ്ത്രക്രിയ കാരണമോ തുടര്‍ച്ചയായ ഔഷധോപയോഗം കൊണ്ടോ  ഊര്‍ജസ്വലത നഷ്ടപ്പെട്ടതായിക്കണ്ടാലും അദ്ദേഹത്തിന്റെ ഭാര്യാപദവിയില്‍ തുടരുന്ന കാലത്തോളം തനിക്ക് അദ്ദേഹത്തില്‍ നിന്ന് കണ്‍കുളിര്‍മ ലഭിക്കണമേ എന്നു തന്നെയാണ് പ്രാര്‍ഥിക്കേണ്ടത്. അതെ, ഇത് ഭാരമുള്ള പ്രാര്‍ഥനയാണ്, അതുകൊണ്ടാണ് ഇതിനെ അല്ലാഹുവിന്റെ ഉത്തമദാസന്മാരുടെ ഗുണഗണങ്ങളിലൊന്നായി ഖുര്‍ആന്‍ എണ്ണിയത്. രാത്രിയില്‍ ദീര്‍ഘനേരം നമസ്‌കരിക്കുക, മനുഷ്യരെ കൊല്ലാതിരിക്കുക, അല്ലാഹുവല്ലാത്ത ദൈവങ്ങളോട് പ്രാര്‍ഥിക്കാതിരിക്കുക, വ്യഭിചരിക്കാതിരിക്കുക തുടങ്ങിയ ഗുണങ്ങളോടൊപ്പമാണ്, ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും നീ ഞങ്ങള്‍ക്ക് കണ്‍കുളിര്‍മ പ്രദാനം ചെയ്യണമേ എന്ന് (സൂറ: ഫുര്‍ഖാന്‍) ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്.
കണ്‍കുളിര്‍മ എനിക്ക് ലഭിക്കണം എന്നു ഒരു പുരുഷന്‍ വിചാരിക്കുന്ന വേളയില്‍ തന്നെ ഞാന്‍ കുളിര്‍മക്കുവിധേയനാവണം എന്നു കൂടി അഭിലഷിക്കണം, അഥവാ ഭാര്യയില്‍ നിന്ന് എനിക്ക് കണ്‍കുളിര്‍മ ലഭിച്ചാല്‍ മാത്രം പോരാ, എന്നില്‍ നിന്നു അവള്‍ക്കും അതു ലഭിക്കണം എന്ന് അയാള്‍ ആഗ്രഹിക്കണം. ആഗ്രഹത്തെ കര്‍മമാക്കുകയും തുടര്‍ന്നോ കര്‍മത്തോടൊപ്പമോ പ്രാര്‍ഥിക്കുകയും വേണം.

ഇണയില്‍ നിന്ന് തനിക്ക് എന്തുലഭിക്കുന്നു എന്നതല്ല;  ഇണ തന്നെ പറ്റി എന്തു വിചാരക്കുന്നു എന്നതാണ് പ്രധാനം. തന്റെ ഭര്‍ത്താവില്‍ നിന്ന് മുന്തിയ വസ്ത്രങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും ലഭിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ മനസ്സുനിറയെ താനാണുള്ളത് എന്ന വിശ്വാസമാണ് ഭാര്യക്കുള്ളതെങ്കില്‍ അവള്‍ക്ക് അയാളില്‍ നിന്ന് കണ്‍കുളിര്‍മ ലഭിക്കും. വിട്ടുവീഴ്ച, തന്റെ താല്‍പര്യങ്ങള്‍ ഇണക്കുവേണ്ടി അല്ലാഹുവിന്റെ നിയമപരിധി ലംഘിക്കാത്ത വിധം ബലികഴിക്കുക ഇതാണ്  കണ്‍കുളിര്‍മയുണ്ടാക്കാന്‍ ഭാര്യയും ഭര്‍ത്താവും ചെയ്യേണ്ടത്. വീട്ടിലെത്തിയാല്‍ തന്റെ സംഘര്‍ഷങ്ങളെല്ലാം മാറും, അതിനു പറ്റിയ ഭാര്യയാണ് തനിക്കുലഭിച്ചത് എന്ന് തോന്നുന്ന ഭര്‍ത്താവിനെ സംബന്ധിച്ചെടുത്തോളം ദുനിയാവിലെ സ്വര്‍ഗമാണ് വീട്. സൂര്യോദയത്തിനുമുമ്പ് എഴുന്നേറ്റ് രാത്രി പത്തുമണിവരെ വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരുന്ന ഭാര്യക്ക്, പത്തരക്കുമുമ്പ് സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശവും തേനിന്റെ മധുരമുള്ള വാക്കുകളുമായി ഭര്‍ത്താവെത്തുമല്ലോ എന്ന് വിചാരിക്കാന്‍ സാധിക്കുന്നുവെങ്കില്‍ , അതിന്ന് ഭര്‍ത്താവ് അവസരമൊരുക്കുമെങ്കില്‍ അവളുടെ ക്ഷീണവും മാറും. കിടപ്പറയില്‍ നാലു നല്ല വാക്കും ഒരു തലോടലും മാത്രം മതി അയാള്‍ അവള്‍ക്ക് കണ്‍കുളിര്‍മയേകാന്‍.
ഈ പ്രാര്‍ഥനക്ക് പ്രായഭേദമില്ല, വാര്‍ധക്യത്തിലും തുടരണം. വാര്‍ധക്യം ധന്യമാക്കുന്നത് സായാഹ്നത്തിലെ ഇളം കാറ്റുകൊള്ളല്‍ പോലെയാണ്. അല്‍പം കഴിഞ്ഞാല്‍ ഇരുട്ടാവും. അതിന്നുമുമ്പ് ചുറ്റുമുള്ള മനോഹര ദൃശ്യങ്ങളും കാറ്റിനോട് കിന്നാരം പറയുന്ന പൂക്കളെയും നോക്കി നല്ലതു ചിന്തിക്കുകയും പറയുകയും ചെയ്യുക.

Related Articles