Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്‍മാര്‍ പറഞ്ഞത്

മനുഷ്യനെ മതംമാറ്റി മതങ്ങളുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നില്ല പ്രവാചകന്‍മാര്‍; മനം മാറ്റി ജീവിതം മാറ്റിപ്പണിയാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു. മനുഷ്യന്റെ ജീവിത വീക്ഷണമാണ് ജീവിതരീതിയെ നിര്‍ണയിക്കുന്നത്. ദൈവം പഠിപ്പിച്ച ജീവിത വീക്ഷണത്തെ അടിസ്ഥാനമാക്കി എങ്ങനെ ജീവിക്കാം എന്ന കാര്യമാണ് എല്ലാ പ്രവാചകന്‍മാരും മനുഷ്യനെ പഠിപ്പിച്ചത്. അതിനാല്‍തന്നെ പ്രവാചകന്‍മാരിലൂടെ അവതരിപ്പിക്കപ്പെട്ട വേദപ്രമാണങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടാവുകയില്ല; സമാനതകളാണുണ്ടാവുക. വിശുദ്ധ ഖുര്‍ആനിലൂടെ ദൈവം മുഹമ്മദ് നബിയോട് പറയുന്നതിങ്ങനെ: ‘ദിവ്യബോധനം വഴി നാം താങ്കളിലേക്കയച്ച വേദമുണ്ടല്ലൊ, അതുതന്നെയാകുന്നു സത്യം. അതിനു മുമ്പുള്ള വേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടാണ് അത് ആഗതമായിട്ടുള്ളത്.’ (35: 30-31)
    
ഈ പറഞ്ഞതിനര്‍ഥം മുഹമ്മദ് നബി പറഞ്ഞതും യേശുക്രിസ്തു പറഞ്ഞതും ഒന്നായിരുന്നു എന്നാണ്. മോശാപ്രവാചകന്‍ പറഞ്ഞതും അബ്രഹാം പ്രവാചകന്‍ പറഞ്ഞതും ലക്ഷത്തില്‍പരം മറ്റ് പ്രവാചകന്‍മാര്‍ പറഞ്ഞതും തഥൈവ.
    
മതങ്ങളുണ്ടാക്കിയതും ‘മതം മാറ്റം’ നടപ്പിലാക്കിയതും പ്രവാചകന്‍മാരല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ആദിയില്‍ മനുഷ്യരെല്ലാം ഒരു സമുദായമായിരുന്നു. പിന്നെ അവര്‍ ഭിന്നിച്ചു പോയി’ (10:119)     ആ ഭിന്നിപ്പ് മതങ്ങള്‍ക്കും ജാതികള്‍ക്കും കാരണമായി. അടിസ്ഥാനപരമായി മനുഷ്യന്‍ ഒരു ജാതിയാണ്. അതത്രെ മനുഷ്യജാതി. അതുകൊണ്ടാണ് ഏത് മത-ജാതിയില്‍പെട്ട സ്ത്രീ-പുരുഷന്‍മാരാണെങ്കിലും ഇണചേര്‍ന്നാല്‍ ശുദ്ധപ്രകൃതിയുള്ള മനുഷ്യക്കുഞ്ഞ് ജനിക്കുന്നത്.
    
എന്നുമാത്രമല്ല, വിവിധ പേരുകളിലുള്ള മത സമൂഹങ്ങള്‍ ഇന്ന് ഒരു യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുണ്ടെങ്കിലും അവര്‍ ദൈവികം എന്ന് കരുതിപ്പോരുന്ന വേദങ്ങളില്‍ അവരുടെ മതപ്പേരുകളില്ല! ഉദാഹരണം: ‘ഹിന്ദു’ എന്ന നാമം വേദങ്ങളിലോ, ഉപനിഷത്തുക്കളിലോ പുരാണങ്ങളിലോ ഇതിഹാസങ്ങളിലോ മറ്റേതെങ്കിലും പ്രമാണങ്ങളിലോ ഇല്ലത്രെ. ഇത് സംബന്ധമായി സ്വാമി വിവേകാനന്ദന്‍ പറയുന്നു: ‘നമ്മെ നിര്‍ദേശിപ്പാന്‍ ഈയിടെ പ്രചുരമായി പ്രയോഗിച്ചുവരുന്ന ‘ഹിന്ദു’ എന്ന വാക്കുണ്ടല്ലൊ; അതിന്റെ അന്തസത്തയെല്ലാം നശിച്ചിരിക്കുകയാണ്. സിന്ധൂനദിയുടെ മറുകരയില്‍ പാര്‍ത്തവര്‍ എന്നേ ഇതിനര്‍ഥമുണ്ടായിരുന്നൊള്ളൂ. പ്രാചീന പേര്‍ഷ്യര്‍ സിന്ധു എന്ന വാക്ക് ‘ഹിന്ദു’ എന്ന് വികലപ്പെടുത്തി. സിന്ധുവിന്റെ മറുകരെ പാര്‍ത്തിരുന്നവരെയൊക്കെ അവര്‍ ഹിന്ദു എന്നു വിളിച്ചിരുന്നു. അങ്ങനെയാണ് ആ വാക്ക് നമുക്ക് കിട്ടിയത്.’ (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, 3-ാം ഭാഗം, പേജ് 15)

ഇതുപോലെ ക്രിസ്തുമതം, ക്രിസ്ത്യാനി എന്നീ പദങ്ങള്‍ യേശുക്രിസ്തു കേള്‍ക്കുക പോലും ചെയ്തിട്ടില്ല. യേശുവിന്റെ കാലശേഷം അന്ത്യോക്ക്യയിലെത്തിയ ശിഷ്യന്മാരെ ‘ഇവര്‍ ക്രിസ്ത്യാനികള്‍’ എന്ന് ശത്രുക്കള്‍ കളിയാക്കിപ്പറഞ്ഞതാണ്. ശിഷ്യന്‍മാര്‍ക്കത് വിഷമമുണ്ടാക്കുകയും ചെയ്തു. അപ്പോള്‍ പൗലോസ് ‘ക്രിസ്തുവിലേക്ക് ചേര്‍ത്തുകൊണ്ട് അവര്‍ നിങ്ങളെ ക്രിസ്ത്യാനികള്‍ എന്ന് പറയുന്നതില്‍ ലജ്ജിക്കേണ്ട കാര്യമില്ല’ എന്ന് സമാധാനിപ്പിച്ചുവത്രെ.     അങ്ങനെ ‘ആദ്യം അന്ത്യോക്യയില്‍വെച്ച് ശിഷ്യന്മാര്‍ക്ക് ‘ക്രിസ്ത്യാനികള്‍’ എന്ന് പേര്‍ ഉണ്ടായി’ (അപ്പോസ്തല പ്രവൃത്തികള്‍ 11:26) എന്ന് ബൈബിള്‍ പറയുന്നു.
    
ചുരുക്കത്തില്‍, മതനാമങ്ങള്‍ക്ക് പ്രമാണങ്ങളുടെ പിന്‍ബലമില്ല എന്ന് വരുന്നു. മറ്റു മതങ്ങളുടെ കാര്യവും തഥൈവ. എന്നാല്‍, ‘ഇസ്‌ലാം’ എന്ന പദവും ‘മുസ്‌ലിം’ എന്ന പദവും ഖുര്‍ആനിലുണ്ട്. അത് പക്ഷേ, ഹിന്ദുസമുദായത്തിന്റെ മതം ഹിന്ദുമതം ക്രിസ്തുസമുദായത്തിന്റെ മതം ക്രിസ്തുമതം എന്ന പോലെ മുസ്‌ലിം സമുദായത്തിന്റെ ‘മതം’ എന്ന അര്‍ഥത്തിലല്ല ദൈവത്തിനുള്ള ‘സമര്‍പ്പണ’ത്തിലൂടെ മാനവ സമൂഹത്തിന്റെ ഇഹപര രക്ഷയുടെ പ്രത്യയശാസ്ത്രം എന്ന അര്‍ഥത്തിലാണ്. ഇസ്‌ലാം എന്ന പദത്തിന് സമര്‍പ്പണം, സമാധാനം, അനുസരണം എന്നൊക്കെയാണര്‍ഥം.
    
‘മുസ്‌ലിം’ എന്നത് ഒരു ജാതിപ്പേര് എന്ന അര്‍ഥത്തിലല്ല; ‘ദൈവത്തെ അനുസരിക്കുന്നവന്‍’ എന്ന അര്‍ഥത്തിലാണ്. അതുകൊണ്ടാണ് പ്രവാചകനും മുസ്‌ലിമുമായ നൂഹ് നബിയുടെ മകന്‍ മുസ്‌ലിം അല്ലെന്നു പറഞ്ഞ ഖുര്‍ആന്‍ പ്രവാചകനും മുസ്‌ലിമുമായ ഇബ്രാഹിം നബിയുടെ പിതാവും മുസ്‌ലിം അല്ലെന്നു പറഞ്ഞത്. മുസ്‌ലിം ആവാന്‍ ജനനം മുന്നുപാധിയല്ലെന്നു സാരം.

പിന്‍കുറി:

‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മനസ്സ് പങ്കുവച്ചു മണ്ണ് പങ്കുവച്ചു.’ – വയലാര്‍

 പ്രവാചകന്‍മാര്‍ സര്‍വത്ര
പ്രവാചകന്‍മാര്‍ കല്ലെറിയപ്പെട്ടവര്‍

Related Articles