Current Date

Search
Close this search box.
Search
Close this search box.

പെരുമാറ്റവും പ്രതികരണവും

ചിലര്‍ തങ്ങളുടെ ജീവിതാനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജീവിതശീലം നവീകരിച്ചു കൊണ്ടിരിക്കും. ചാനല്‍ കാഴ്ചകളില്‍ നിന്നാണെങ്കിലും ചിലര്‍ തങ്ങളുടെ വൈജ്ഞാനിക മണ്ഡലം വികസിപ്പിക്കാനുള്ള പരിപാടികളാണ് താല്‍പര്യപ്പെടുക. സംവാദങ്ങളും അഭിമുഖങ്ങളും ശ്രദ്ധിക്കുന്നുത് വഴി ആശയ സംവേദനശേഷിയും  ഭാഷാപ്രയോഗങ്ങളും, അന്യരെ ബോധ്യപ്പെടുത്താനുള്ള കഴിവും സുഗ്രാഹ്യതയും നേടിയെടുക്കുന്നു. വാലാകാതെ തലയാകാനാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ യോഗ്യതകള്‍ എവിടെ കണ്ടാലും സവിനയം നിഷ്പക്ഷമായി പിന്തുടരാന്‍ ശ്രമിക്കുക. മറ്റുള്ളവരോട് പെരുമാറാനുള്ള നിങ്ങളുടെ യോഗ്യതയും നയചാതുരിയുമനുസരിച്ചായിരിക്കും നിങ്ങളുടെ നേരെയുള്ള അവരുടെ പ്രതികരണമെന്ന് എപ്പോഴും ഓര്‍ക്കുണം.

അബ്ദുള്ള എന്തിനും നല്ല താല്‍പര്യമുള്ള ആളായിരുന്നു. പരിമിതമായ യോഗ്യതകളേ അവനുണ്ടായിരുന്നുള്ളു. എങ്കിലും ഗുണകാംക്ഷയും ദയയും അവന്റെ സ്വഭാവമായിരുന്നു. ഒരു നാള്‍ മധ്യാഹ്ന (ളുഹ്ര്‍) നമസ്‌കാരത്തിനായി പള്ളിയിലേക്ക് പുറപ്പെട്ടു. താനെത്തും മുമ്പ് നമസ്‌കാരം തീരുമോ എന്ന ചിന്ത കാരണം വളരെ ധൃതിപ്പെട്ടായിരുന്നു പോയത്. വഴിയില്‍ പള്ളിക്കു സമീപം ഒരു മരത്തിനു മുകളില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലാളിയെ കണ്ടു. നമസ്‌കാര സമയമായിട്ടും അശ്രദ്ധമായി ജോലിയില്‍ തുടരുന്നയാളുടെ കാര്യത്തില്‍ അതിശയം തോന്നി. രോഷാകുലനായി അയാളോട് ഉടനെ മരത്തില്‍ നിന്നിറങ്ങി നമസ്‌കരിക്കാനാജ്ഞാപിച്ചു. എന്നാല്‍ തൊഴിലാളി ഒന്നും വകവെക്കാതെ തണുപ്പന്‍മട്ടില്‍ ശരി, താന്‍ പോയ്‌ക്കോളു എന്നു പറഞ്ഞത് അബ്ദുള്ളയെ കൂടുതല്‍ കോപിഷ്ഠനാക്കി അയാള്‍ ”വേഗം ഇറങ്ങിവന്ന് നമസ്‌കരിക്കെടാ കഴുതേ.’ എന്നു പറഞ്ഞു. ”ഞാന്‍ കഴുതയോ?” തൊഴിലാളി അലറിക്കൊണ്ട്  ഒരു മരക്കൊമ്പ് മുറിച്ച് അബ്ദുള്ളയുടെ നേരെ എറിഞ്ഞു. ഒന്നും പറ്റാതെ അയാള്‍ പള്ളിയിലേക്ക് ഓടിപ്പോയി. തൊഴിലാളി മരത്തില്‍നിന്നിറങ്ങി അവന്റെ വീട്ടില്‍ പോയി നമസ്‌കരിച്ചു. അസ്ര്‍ നമസ്‌കാര സമയമായപ്പോള്‍ അബ്ദുള്ള വീണ്ടും പള്ളിയിലേക്ക് പുറപ്പെട്ടു. നേരത്തെ കണ്ട തൊഴിലാളി അതേ മരത്തില്‍ ജോലിയില്‍ തുടരുന്നതായി ശ്രദ്ധയില്‍പെട്ടു. അബ്ദുള്ള ശൈലി മാറ്റിക്കൊണ്ട്  സമീപിച്ചു. സലാം പറഞ്ഞശേഷം തുടര്‍ന്നു ”താങ്കള്‍ ജോലിത്തിരക്കുകാരണം ബാങ്ക് വിളിച്ചത് ശ്രദ്ധിച്ചിട്ടില്ലെന്ന് തോന്നുന്നു. ബാങ്ക് വിളിച്ചിട്ടുണ്ട്. നമസ്‌കാരത്തിന് സമയമായി. ഇപ്പോള്‍ മരത്തില്‍ നിന്നിറങ്ങിയാല്‍ അല്‍പം വിശ്രമിച്ച് നമസ്‌കാരത്തില്‍ പങ്കെടുക്കാം. നമസ്‌കാരശേഷം ജോലി തുടരാമല്ലോ. അല്ലാഹു താങ്കളുടെ ആരോഗ്യം സംരക്ഷിക്കട്ടെ.” തൊഴിലാളി പ്രസന്നതയോടെ പ്രത്യുത്തരം നല്‍കി ”ഇന്‍ശാ അല്ലാ.” മരത്തില്‍നിന്നിറങ്ങി. അബ്ദുള്ളയുടെ അടുത്തുവന്ന് സ്‌നേഹപൂര്‍വം കൈകൊടുത്ത് നന്ദി പറഞ്ഞുകൊണ്ട്  പള്ളിയിലേക്ക് നടക്കുമ്പോള്‍ തുടര്‍ന്നു ”ദുഹര്‍ നമസ്‌കാരസമയത്ത് എന്നോട് കോപിച്ച് ഇതിലേ പോയ ഒരുവനുണ്ടല്ലോ, അവനെയെങ്ങാനും ഒന്ന് കണ്ടിരുന്നെങ്കില്‍ ആരാണ് കഴുതയെന്ന് ഞാന്‍ അവന്ന് കാണിച്ചുകൊടുക്കുമായിരുന്നു.”

Related Articles