Current Date

Search
Close this search box.
Search
Close this search box.

ദൈവഭയവും വിശ്വാസവും

മഹാപണ്ഡിതനായിരുന്ന സുഫ്‌യാനു ഥൗരിക്ക് മക്കയിലേക്കുള്ള യത്രാ മധ്യേ കുറേ ദൂരം ഒട്ടകക്കട്ടിലില്‍ യാത്ര ചെയ്യാന്‍ അവസരമുണ്ടായി. ആസമയത്ത് അദ്ദേഹം വിതുമ്പിക്കരഞ്ഞുകൊണ്ടിരുന്നു ആളുകള്‍ ചോദിച്ചു: ”പശ്ചാതാപം കൊണ്ടാണോ താങ്കള്‍ കരയുന്നത്?” സുഫായാനു ഥൗരി പറഞ്ഞു:” ചെയ്തുപോയ പാപങ്ങള്‍ ഓര്‍ത്തല്ല; എന്റെ ഈമാന്റെ ദൃഢതയും ആത്മാര്‍ഥതയും ഓര്‍ത്താണ്. ‘വ്യക്തി സ്വയം ആര്‍ജിക്കുന്ന ജാഗ്രത സത്യവിശ്വാസത്തിന്റെ സദ്ഫലങ്ങളില്‍ പ്രധാനമാണ.് നിത്യജീവിതത്തില്‍ പുലര്‍ത്താറുള്ള ജാഗ്രതയേക്കാള്‍ പ്രധാനമാണ് സത്യവിശ്വാസം ഉള്‍ക്കൊള്ളുന്നതോടെ സംഭവിക്കുന്നത്. കേവലമായ അര്‍ഥത്തില്‍ ഗണിക്കപ്പെടുന്ന നഷ്ടമല്ല, സത്യവിശ്വാസിയുടെ നഷ്ടങ്ങള്‍. നേട്ടങ്ങളും അങ്ങനെ തന്നെ.

പണ്ഡിതനായ ഹാതിം അസമ്മ് ഒരു ദിവസം പള്ളിയിലെത്തിയപ്പോഴേക്കും ജമാഅത്ത് നമസ്‌കാരം കഴിഞ്ഞുപോയിരുന്നു. അത് അദ്ദേഹത്തെ അത്യധികം ദുഃഖിതനാക്കി. ഒന്നുരണ്ടുപേര്‍ വന്ന് അദ്ദേഹത്തെ ആശ്വസിപ്പിച്ചപ്പോള്‍ ഹാതിമിന്റെ പാതികരണം ഇങ്ങനെയായിരുന്നു: ”എന്റെ പുത്രന്‍ മരിച്ചാല്‍ ദുഃഖത്തില്‍ പങ്കുചേരാന്‍ ബല്‍ഖ് പട്ടണത്തിലുള്ളവരെല്ലാം വരുമായിരുന്നു. എന്നാല്‍ എനിക്ക് ജമാഅത്ത് നമസ്‌കാരം നഷ്ടപ്പെട്ടിട്ട് വെറും രണ്ടുപേര്‍ മാത്രമാണ് എന്നോടൊപ്പം ദുഃഖിച്ചത്. ജനങ്ങളുടെ കണ്ണില്‍ ദീനിന്റെ നഷ്ടം നിസ്സാരമായിരിക്കുന്നു. ദുനിയാവിന്റെ നഷ്ടമാണ് അവര്‍ക്ക് പ്രധാനം!” വിശ്വാസ ദാര്‍ഢ്യത്തിന്റെ ലക്ഷണമാണത്. സാമാന്യ രീതിയിലുള്ള വീക്ഷണമല്ല അവര്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നല്‍കുന്നത്. ഇഹലോകത്ത് പുത്രന്‍ നഷ്ടപ്പെട്ടാല്‍ പരലോകത്ത് അത് ഗുണം ചെയ്യും. ഇഹലോകത്ത് നഷ്ടപ്പെട്ട ജമാഅത്ത് നമസ്‌കാരം പരലോകത്ത് നന്മയായിത്തീരില്ല എന്ന ചിന്ത ഉള്ളുരുക്കുന്ന ജാഗ്രതയായി മാറുകയാണിവിടെ. ഇങ്ങനെ സ്വന്തത്തെ കുറിച്ച് പുലര്‍ത്തുന്ന സൂക്ഷ്മതയുടെ പേരാണ് തഖ്‌വ. ദോഷങ്ങളില്‍നിന്നും മാലിന്യങ്ങളില്‍നിന്നും അകന്ന് സൂക്ഷ്മത പാലിച്ച് അതുവഴി നരകശിക്ഷയില്‍നിന്ന് സ്വയം മോചനം നേടുന്ന പ്രക്രിയയാണ് തഖ്‌വ. പരസ്യമെന്നോ രഹസ്യമെന്നോ വ്യത്യാസമില്ലാത്ത സൂക്ഷ്മതാ ബോധമാണ് പരമമായ തഖ്‌വ അഥവാ ദൈവഭക്തി. പരസ്യമായി തിന്മയില്‍ മുഴുകിയവരായിരുന്നു ഇസ്‌ലാമിന്ന് മുമ്പുള്ള അറബി ജനത. പിന്നീട് അവര്‍ രഹസ്യമായിപ്പോലും തിന്മചെയ്യാത്തവരായി. മാത്രമല്ല രഹസ്യമായി ചെയ്തുപോയ തിന്മയുടെ പേരില്‍  പശ്ചാത്തപിച്ച് ശിക്ഷ പരസ്യമായി ചോദിച്ച് വാങ്ങുന്നവരായി മാറി. ഇതില്‍പരം ദൈവഭക്തി ഏതാണ്? അത്തരം ഒരു തഖ്‌വയിലേക്ക് നയിക്കുന്നത.്  കളങ്കങ്ങളേല്‍ക്കാതെ പരിശുദ്ധനായി ജീവിക്കാനുള്ള പരിശീലനം ഈമാന്‍ നല്‍കുന്നു.

ജീവിതത്തെ മലിനപ്പെടുത്തുന്നതൊന്നും  ഇസ്‌ലാം അംഗീകരിക്കുന്നില്ല; സത്യവിശ്വാസത്തിന് ക്ഷതമേല്‍പിക്കുന്ന യാതൊന്നും അംഗീകരക്കാത്തതുപോലെ. തിന്മകള്‍ ആത്യന്തികമായി കേടുവരുത്തുന്നത് സത്യവിശ്വാസത്തിന്റെ പരിശുദ്ധിയെയാണ്. അനസ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: പ്രവാചകനെ സമീപിച്ച് സഹാബികള്‍ പറഞ്ഞു: ”ഞങ്ങള്‍ക്ക് തുറന്നുപറയാന്‍ പ്രയാസമായിത്തോന്നുന്ന ചില സംഗതികള്‍ മനസ്സില്‍ തോന്നുന്നു. എന്തുകൊണ്ടാണത്?” ”അങ്ങനെ ഉണ്ടാകാറുണ്ടോ?”  അവിടുന്ന് ചോദിച്ചു. ”അതെ” ”എങ്കില്‍ അത് വിശ്വാസ ദാര്‍ഢ്യത്തിന്റെ തെളിവാണ്.” എന്ന് തിരുമേനി വിശദീകരിച്ചു. എണ്ണിപ്പറയാനുള്ള കാര്യങ്ങളേക്കാള്‍ ചെയ്ത് വിശദീകരിക്കാനുള്ള കാര്യങ്ങളാണ് ഈമാന്‍. ഏതാനും വിശ്വാസകാര്യങ്ങളെക്കുറിച്ചുള്ള അറിവ് മാത്രമല്ല ഈമാന്‍. അല്ലാഹുവെ സംബന്ധിച്ച അറിവ് ഈമാന്‍ ആകണമെന്നില്ല. ഈമാന്‍ ഗാഢമായി ഉള്ളിലേക്ക് പ്രവേശിച്ച ഉണര്‍വാണ്. ആ ഉണര്‍വ് ഹൃദയത്തേയും കര്‍മത്തേയും ശുദ്ധീകരിക്കണം. ഈ ശുദ്ധിയാണ് സത്യവിശ്വാസത്തില്‍ പ്രധാനം. സത്യവിശ്വാസത്തിന്റെ ഫലമായി വ്യക്തിയില്‍ നിറഞ്ഞുകാണേണ്ട സ്വഭാവങ്ങളെ പ്രവാചകന്‍ ഉണര്‍ത്തുന്നു.: ”ഈമാന്‍ എഴുപതിലേറെ ശാഖകളാകുന്നു. അവയില്‍ ഏറ്റവും ശ്രേഷ്ഠം ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്ന വാക്യമാണ്. ഏറ്റവും താഴെയുള്ളത് വഴിയില്‍നിന്ന് തടസ്സങ്ങള്‍ നീക്കലുമാണ്. ലജ്ജ ഈമാനിന്റെ ഒരു ശാഖയാകുന്നു.”

Related Articles