Current Date

Search
Close this search box.
Search
Close this search box.

ദൈവങ്ങള്‍ ഉണ്ടായത്

carving3c.jpg

സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന തുടക്കവും ഒടുക്കവുമില്ലാത്ത മഹാശക്തിയാണ് ദൈവം എന്ന് വേദപ്രമാണങ്ങളും മനുഷ്യബുദ്ധിയും സമ്മതിക്കുന്നു. പിന്നെ എങ്ങനെ പല ദൈവങ്ങളുണ്ടായി?

ദൈവങ്ങള്‍ ഉണ്ടായതല്ല; മനുഷ്യന്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ടാണ് മനുഷ്യര്‍ക്കിടയില്‍ പഴയവ കൂടാതെ പുതിയ പുതിയ ദൈവങ്ങള്‍ ഉണ്ടാവുന്നതും മറ്റു ചരാചരങ്ങള്‍ക്കിടയില്‍ ദൈവങ്ങള്‍ ഉണ്ടാവാത്തതും. മനുഷ്യന്‍ ദൈവങ്ങളെ ഉണ്ടാക്കാന്‍ പല കാരണങ്ങളുണ്ട്.

ദിവ്യത്വത്തെയും ദൈവിക ഗുണങ്ങളെയും തെറ്റിധരിച്ചത് ഒരു കാരണമാണ്. ദിവ്യത്വം അവിഭാജ്യമാണ്. അത് സ്രഷ്ടാവിന് മാത്രമുള്ളതത്രെ. ദൈവിക ഗുണങ്ങള്‍ വിഭാജ്യമാണ്. അവ വിഭജിച്ച് സൃഷ്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. മുഹമ്മദ് നബി പഠിപ്പിച്ചത് ദൈവത്തിന്റെ മുഖ്യഗുണങ്ങളിലൊന്നായ കാരുണ്യത്തെ നൂറായി പകുത്ത് അതിലൊരംശമാണ് സൃഷ്ടികള്‍ക്കെല്ലാമായി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇങ്ങനെ കാരുണ്യം, ദയ, സ്‌നേഹം തുടങ്ങിയ ദൈവിക ഗുണങ്ങള്‍ അധികമുള്ളവരില്‍ ദിവ്യത്വം ആരോപിക്കപ്പെടുമ്പോള്‍ ദൈവങ്ങള്‍ ഉണ്ടാവുന്നു. പ്രവാചകനായ യേശുവിനെ ദൈവപുത്രനാക്കിയത് അങ്ങനെയാണ്. കഴിഞ്ഞുപോയ മഹാന്‍മാരായ പ്രവാചകന്‍മാരിലും മഹാന്‍മാരായ നല്ല മനുഷ്യരിലും ജനം അവരുടെ കാലശേഷം ദിവ്യത്വം ആരോപിച്ചപ്പോള്‍ ദൈവങ്ങളുണ്ടായിട്ടുണ്ട്.

ദൈവത്തിന്റെ വിശേഷണങ്ങളെ മൂര്‍ത്തീവല്‍കരിച്ചപ്പോഴും ദൈവങ്ങളുണ്ടായിട്ടുണ്ട്. സൃഷ്ടി-സ്ഥിതി-സംഹാര ദൈവങ്ങള്‍ ഉദാഹരണങ്ങളാണ്.

മനുഷ്യന്‍ മലക്കുകളില്‍ (മാലാഖമാര്‍) ദിവ്യത്വമാരോപിച്ച കാര്യം ഖുര്‍ആന്‍ പറയുന്നുണ്ട്. ഗാന്ധിജി പറയുന്നതിങ്ങനെ: ‘ഹിന്ദുക്കള്‍ അനേക ദൈവങ്ങളില്‍ വിശ്വസിക്കുന്നു എന്ന വിശദീകരണത്തെ ഞാന്‍ എതിര്‍ക്കുന്നു… അനേക ദേവതകളെ കുറിച്ച് അവര്‍ പറയുന്നുവെങ്കിലും, ഒരൊറ്റ ദൈവത്തെ കുറിച്ച് മാത്രമേ യഥാര്‍ത്ഥത്തില്‍ അവര്‍ പറയുന്നുള്ളൂ;  ദേവതകളുടെ ദൈവമായ ഏകനെയാണവര്‍ ഈശ്വരനായി ഗണിക്കുന്നത്… എല്ലാ അപകടവും വന്നത് ‘ദേവ’ എന്ന പദത്തിന് God എന്ന പദം കൊടുത്തതാണ്.’ (MK Gandhi, All Religions are true, Page 25)

പ്രകാശിക്കുക, തിളങ്ങുക എന്നൊക്കെ അര്‍ഥം വരുന്ന ‘ദിവ്’ എന്ന പദത്തില്‍ നിന്നാണ് ‘ദേവ’ എന്ന പദം ഉണ്ടായിട്ടുള്ളത്. ഖുര്‍ആനിന്റെ അധ്യാപനമനുസരിച്ച് മലക്കുകള്‍ അഥവാ മാലാഖമാര്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണ്. അതിനാല്‍ വേദങ്ങള്‍ പറയുന്ന ദേവന്‍മാര്‍ ഖുര്‍ആന്‍ പറയുന്ന മലക്കുകളാണെന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്.

‘ദേഹേച്ഛകളെ ദൈവമാക്കുന്നവരെ താങ്കള്‍ കണ്ടുവോ?’ (45:23) എന്ന് ഖുര്‍ആനില്‍ ഒരു ചോദ്യമുണ്ട്. ദേഹേച്ഛക്കടിപ്പെട്ട മനുഷ്യന്‍ ഇച്ഛയെ തന്നെ ഏറ്റവും വലുതായി കാണുമ്പോള്‍ ഇച്ഛ തന്നെ ദൈവമായി മാറും. ഇച്ഛകളുടെ പേരില്‍ മൂര്‍ത്തീസങ്കല്‍പങ്ങള്‍ വരെ ഉണ്ടാവും. കാമദേവന്‍ എന്ന സങ്കല്‍പം കാമേച്ഛയുടെയും ധനദേവതാ സങ്കല്‍പം ധനേച്ഛയുടെയും മൂര്‍ത്തീസങ്കല്‍പമാണ്. ഇങ്ങനെ പല ഇച്ഛകളുടെ പേരിലും ദൈവ സങ്കല്‍പങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് കാണാം. മനുഷ്യര്‍ക്കിടയില്‍ ദൈവങ്ങളുണ്ടാവാന്‍ വേറെയും ധാരാളം കാരണങ്ങളുണ്ട്.

പിന്‍കുറി: ദൈവമില്ലെന്നു പറഞ്ഞ കൊടിയ നിരീശ്വരനായിരുന്ന രാമ സ്വാമി നായ്ക്കരുടെ പേരിലും സിനിമാ നടി ഖുശ്ബുവിന്റെ പേരിലും കാട്ടുകള്ളനായിരുന്ന വീരപ്പന്റെ പേരിലും ആരാധനാലയങ്ങള്‍ ഉണ്ടാവുന്നു എന്നത് ദൈവങ്ങള്‍ ഉണ്ടാവുന്നതിന്റെ വേറെയും വഴികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ദൈവങ്ങളില്ല
മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്

Related Articles