Current Date

Search
Close this search box.
Search
Close this search box.

തെഹല്‍കയുടെ പരാതി

thehelka.jpg

”ഞങ്ങള്‍ തെഹല്‍കയിലുള്ളവര്‍ ന്യായമായും പ്രതീക്ഷിച്ചിരുന്നു, ഞങ്ങളുടെ റിപ്പോര്‍ട്ട് രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയര്‍ത്തുമെന്ന്… ഗോധ്ര തീവണ്ടി കത്തിക്കലിനെക്കുറിച്ച് മോഡി ഭരണകൂടം പടച്ചുവിട്ട കള്ളങ്ങളുടെ നിജസ്ഥിതി പുറത്ത് വരുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു. ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനം ബഹളം വെക്കുന്നതും മോഡി രാജിവെക്കാന്‍ നിര്‍ബന്ധിതനാകുന്നതും ഞങ്ങള്‍ സ്വപ്‌നം കണ്ടു. ഒടുവില്‍ കൊലയാളികള്‍ ഇരുമ്പഴികള്‍ക്കുള്ളിലാവുമെന്നും ഇരകള്‍ക്ക് നീതി ലഭ്യമാവുമെന്നും ഞങ്ങള്‍ ഉറപ്പിച്ചു.എല്ലാം വെറുതെ. എത്ര വലിയ തെറ്റിദ്ധാരണയിലായിരുന്നു ഞങ്ങള്‍..” ആശിഷ് ഖേത്താന്റെ പരാതിയാണിത് (തെഹല്‍ക, സെപ്റ്റംബര്‍ 8). ആളെ അറിയില്ലേ? ഗുജറാത്ത് കലാപകാലത്ത് അഴിഞ്ഞാടിയ കൊലയാളികളെയും ഗുണ്ടകളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ മാസങ്ങളോളം ജീവന്‍ പണയപ്പെടുത്തി അവരുടെ സംസാരം ഒളികാമറയില്‍ പകര്‍ത്തിയ പത്രപ്രവര്‍ത്തകന്‍. 2007 ലാണ് സംഭവം. തെഹല്‍ക ഓണ്‍ ലൈനിലും പ്രിന്റിലും ആജ്തക് ടിവിയിലും 2007 ഒകാടോബറില്‍ ഇത് വെളിച്ചം കണ്ടു. ചോര മരവിപ്പിക്കുന്ന വെളിപ്പെടുത്തലാണ് കൊലയാളികള്‍ നടത്തിയത്. പക്ഷേ തങ്ങള്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ ഓരോന്നും അവര്‍ പറഞ്ഞുകൊണ്ടിരുന്നത് ആത്മപുളകിതരായികൊണ്ടായിരുന്നു. തങ്ങള്‍ മഹത്തായ എന്തോ ധീരകൃത്യം ചെയ്തു എന്ന മട്ടിലായിരുന്നു അവരുടെ സംസാരം.

ശരിയാണ്, ഇവരുടെ ഈ വെളിപ്പെടുത്തലുകള്‍ രാഷ്ട്രത്തെ ഒന്നാകെ ഞെട്ടിപ്പിക്കേണ്ടതായിരുന്നു. പക്ഷെ ഒരു തരം നിശ്ശബ്ദതയാണ് എങ്ങും നിറഞ്ഞ്‌നിന്നത്. ആശിഷ് ഖേത്തനും സംഘത്തിനും ഒരുപാട് മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വന്നു. ചിലരെങ്കിലും അവരുടെ ഉദ്ദേശ്യശുദ്ധിയും ആത്മാര്‍ഥതയും ചോദ്യം ചെയ്തു. ഇക്കൂട്ടരില്‍ ചില മനുഷ്യാവകാഷ സംഘടനകളും മുസ്‌ലിം നേതാക്കളും ഉണ്ടെന്നതാണ് വസ്തുത.

ഒളികാമറ ഓപറേഷന്‍ മോഡി തന്നെ ആസൂത്രണം ചെയ്തതാണെന്നും വരാന്‍ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനവികാരം തനിക്കനുകൂലമാക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും ഇക്കൂട്ടര്‍ ആരോപിച്ചു. മോഡിയില്‍ നിന്ന് തെഹല്‍ക്ക സംഘത്തിന് നല്ല കൈമടക്ക് കിട്ടിയെന്നും വരെ ഇവര്‍ പറഞ്ഞ് പരത്തി. എന്നാല്‍ ഭൂരിപക്ഷം മുസ്‌ലിം സംഘടനകളും ടീസ്റ്റാ സെറ്റില്‍വാദ് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും തെഹല്‍ക്ക റപ്പോര്‍ട്ടിനെ അഭിനന്ദിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്. ആഗസ്റ്റ് 29ന് നരോദ പാട്യ കൂട്ടക്കൊലയില്‍ 32 പ്രതികള്‍ക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള അഹമദാബാദ് സ്‌പെഷ്യല്‍ കോടതി വിധി തെഹല്‍ക്ക റിപ്പോര്‍ട്ടിന്റെ കൂടി പിന്‍ബലത്തിലായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ആശിഷ് ഖേത്തനിനും സംഘത്തിനും സംതൃപ്തിക്ക് വക നല്‍കുന്നതാണ് ഇത്; പൊതുവെ രാജ്യം അവരുടെ റിപ്പോര്‍ട്ടിനോട് നിസ്സംഗത പുലര്‍ത്തിയെങ്കിലും.

തെഹല്‍ക്ക റിപ്പോര്‍ട്ടിനെക്കുറിച്ച് സംശങ്ങളുയരാന്‍ ചില കാരണങ്ങളുണ്ട്. 1) ഒളിക്കാമറാ ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ മോഡി ഭരണകൂടം അതിനെക്കുറിച്ച് വേവലാതിപ്പെടുന്നത് കണ്ടില്ല. 2) തെഹല്‍ക്ക വെളിപ്പെടുത്തല്‍ പുറത്ത് വന്ന് രണ്ട് മാസം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ മോഡിയുടെ പാര്‍ട്ടി വീണ്ടും ഗുജറാത്തില്‍ അധികാരത്തിലെത്തി. 3) ഗുജറാത്തില്‍ അത് കാര്യമായ ഒരു ചലനവും സൃഷ്ടിച്ചില്ല. 4) ഗോധ്ര തീവണ്ടി കത്തിക്കലിന് പിന്നിലുള്ള സത്യങ്ങളും തെഹല്‍ക്ക റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഗൂഢാലോചനയുടെ തുടക്കം അതായിരുന്നുവെന്നും മുസ്‌ലിംകളല്ല അത് കത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നെങ്കിലും ആജ്തക്കോ ഹെഡ്‌ലൈന്‍സ് ടുഡെയോ ആ വശത്തെയല്ല ഉയര്‍ത്തിക്കാട്ടിയത്. കൂട്ടക്കൊലകളെക്കുറിച്ചും കൊള്ളിവെപ്പിനെക്കുറിച്ചും മറ്റുമുള്ള വിവരണങ്ങളിലായിരുന്നു ആ ചാനലുകള്‍ ഫോക്കസ് ചെയ്തത്. അതിനാല്‍ തീവണ്ടി കത്തിച്ചത് മുസ്‌ലിംകള്‍ തന്നെ എന്ന് ഗുജറാത്തികള്‍ വിശ്വസിച്ചു. റിപ്പോര്‍ട്ട് ഈ രീതിയില്‍ വഴിതിരിച്ച് വിട്ടതാരാണെന്ന് വ്യക്തമല്ല.

എന്തൊക്കെയായാലും ആശിഷിന്റെ പരാതി ന്യായമാണ്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് രാജ്യം വേണ്ട രീതിയില്‍ ഗൗരവത്തിലെടുക്കുകയുണ്ടായില്ല. ഇടക്കിടെ കെട്ടിയാടുന്ന ഭീകര നാടകങ്ങള്‍ക്ക് ലഭിക്കുന്ന കവറേജ് പോലും ഈ റിപ്പോര്‍ട്ടിന് ലഭിച്ചില്ല. അസ്വസ്ഥതയുളവാക്കുന്ന ഈ സാഹചര്യം എന്തുകൊണ്ട്  സൃഷ്ടിക്കപ്പെടുന്നു എന്ന് ആശിഷിനെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ അന്വേഷിക്കുകയും വിശകലനം നടത്തുകയും ചെയ്യട്ടെ.
(ദഅ്‌വത്ത് ത്രൈദിനം, 2012 സെപ്റ്റംബര്‍ 19)

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles