Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ ജീവിച്ചിരിക്കെ ഈ ദീനിന് പരിക്കേല്‍ക്കുകയോ?

പ്രവാചകന്‍(സ)യുടെ വിയോഗത്തോടെ ഇസ്‌ലാമിക സമൂഹത്തില്‍ വലിയ അസ്വസ്ഥതകള്‍ രൂപപ്പെട്ടു. വഹ്‌യ് നിലച്ചതിലൂടെ ആകാശവും ഭൂമിയും തമ്മിലെ ബന്ധം അറ്റതിലെ പ്രയാസങ്ങള്‍ ഒരു വശത്ത്. സകാത്ത് നിഷേധികളും കള്ളപ്രവാചകന്മാരുടെയെല്ലാം പ്രശ്‌നങ്ങള്‍ മറുവശത്ത്. എന്തുനിലപാടെടുക്കുമെന്ന് ഉമര്‍(റ) അടക്കമുള്ള പ്രമുഖ സഹാബികള്‍ വരെ പകച്ചുനിന്ന സന്ദര്ഭം. അബൂബക്ര്‍(റ) ഇഛാശക്തിയോടെ എഴുന്നേറ്റുനിന്ന് ചോദിച്ചു. ശരി വഹ്‌യ് (ദിവ്യബോധനം) നിലച്ചു. ദീന്‍ സമ്പൂര്‍ണമാകുകയും ചെയ്തു. (അയന്‍ഖുസുദ്ദീനു വ അന ഹയ്യുന്‍!) ഞാന്‍ ജീവിച്ചിരിക്കെ ഈ ദീനിന് വല്ല കുറവും സംഭവിക്കുകയോ?

വഴിമുട്ടുന്ന സന്ദര്‍ഭത്തില്‍ പകച്ചുനില്‍ക്കുന്നവരല്ല, പുതിയ വഴി വെട്ടിത്തെളിയിക്കുന്നവരാണ് വിപ്ലവകാരികളും ചരിത്ര നിര്‍മാതാക്കളും. ചരിത്രത്തിന്റെ ഇരുളടഞ്ഞ ദശാസന്ധിയില്‍ എഴുന്നേറ്റു നില്‍ക്കുകയും ദിശാബോധം നല്‍കുകയും ചെയ്തവരാണവര്‍. ഈ ദശാസന്ധിയില്‍ വിളക്കുമാടങ്ങളായി പ്രോജ്വലിച്ച നവോഥാന നായകന്മാരാല്‍ സമ്പുഷ്ടമാണ് ഇസ്‌ലാമിക ചരിത്രം.  ഈ ചിന്തയുദിച്ച അബൂബക്ര്‍(റ) ഖിലാഫത്ത് ഏറ്റെടുത്തപ്പോള്‍ കള്ളപ്രവാചകന്മാര്‍ക്കും സകാത്ത് നിഷേധികള്‍ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ഇസ്‌ലാമിന്റെ പ്രതാപം വീണ്ടെടുക്കുകയും മാതൃകാ ഭരണം കാഴ്ചവെക്കുകയും ചെയ്തു. ഇസ്‌ലാമിക വിശ്വാസം (ഈമാന്‍) ഒരാളുടെ മനസ്സില്‍ രൂഢമൂലമായാല്‍ പിന്നീട് അയാള്‍ക്ക് അടങ്ങിയിരിക്കാന്‍ സാധിക്കുകയില്ല.

ഒരു വ്യക്തി താന്‍ ആരാണെന്നും തന്റെ ഉത്തരവാദിത്തം എന്താണെന്നും തിരിച്ചറിയുമ്പോഴാണ് പ്രസ്തുത ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ ശ്രമിക്കുക. ഒരു ഗൃഹനാഥന്‍ തന്റെ സഹധര്‍മിണിയുടെയും സന്താനങ്ങളുടെയും ഐശര്യപൂര്‍ണമായ ജീവിതത്തിന് വഴിയൊരുക്കല്‍ തന്റെ ബാധ്യതയാണെന്ന് തിരിച്ചറിയുമ്പോള്‍ ജീവിതായോധനത്തിനുള്ള വഴികള്‍ തേടുകയും അതിനുവേണ്ടി അഹോരാത്രം അധ്വാനപരിശ്രമങ്ങളിലേര്‍പ്പെടുകയും ചെയ്യും. ഞാന്‍ ജീവിച്ചിരിക്കെ എന്റെ മക്കള്‍ പട്ടിണികിടക്കുകയോ! അവരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടാതിരിക്കുകയോ! അതൊരു അഭിമാന പ്രശ്‌നമായി ഉയരുകയും അത് മറികടക്കാനുള്ള വഴികള്‍ ആരായുകയും ചെയ്യും. അപ്രകാരം ഇസ്‌ലാമിക ആദര്‍ശത്തെ അതിന്റെ തനിമയോടെ ഉള്‍ക്കൊണ്ട ഒരു വ്യക്തിക്ക് പിന്നീട് അലസനാകാനോ അലംഭാവത്തോടെ ജീവിക്കാനോ സാധിക്കുകയില്ല. ഞാന്‍ ജീവിച്ചിരിക്കെ തന്റെ പ്രദേശത്തും സമൂഹത്തിലും ഈ ആദര്‍ശത്തിന് വല്ല പോറലുമേല്‍ക്കുന്നത് അദ്ദേഹത്തിന് അസഹനീയമായിരിക്കും. ഞാന്‍ ജീവിച്ചിരിക്കെ ഈ ആദര്‍ശത്തിന് വല്ല കുറവും സംഭവിക്കുകയോ എന്ന ചിന്ത അവ പരിഹരിക്കാനുള്ള അശ്രാന്തപരിശ്രമങ്ങളില്‍ ഏര്‍പ്പെടാനും ഐശര്യപൂര്‍ണമായ ഒരവസ്ഥ കെട്ടിപ്പെടുക്കാന്‍ വേണ്ടിയുള്ള അധ്വാനപരിശ്രമങ്ങളില്‍ ഏര്‍പ്പെടാന്‍ അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു.

പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ അവന്‍ അടിപതറുകയില്ല, മറിച്ച് അവന്റെ മുമ്പില്‍ ഉയരുന്ന ഓരോ പ്രശ്‌നങ്ങളും പുതിയ സാധ്യതകളായി പരിവര്‍ത്തിപ്പിക്കുകയാണ് ചെയ്യുക. എന്തിനെയും അതിജീവിക്കാനുള്ള ആത്മവിശ്വാസവും കരുത്തും നേടിയെടുത്തുകൊണ്ട് പുതിയ വഴി അവന്‍ വെട്ടിത്തെളിയിക്കും. അത്തരക്കാരാണ് ചരിത്രത്തില്‍ അടയാളങ്ങള്‍ സൃഷ്ടിക്കുന്നവര്‍. അവരെക്കൊണ്ടാണ് ദീനിന്റെ പ്രതാപം നിലനിര്‍ത്തുന്നത്.

ഖുര്‍ആന്‍ സൃഷ്ടിയാണോ എന്ന ചര്‍ച്ച ചൂടുപിടിച്ച കാലത്ത് ഇമാം അഹ്മദു ബിന്‍ ഹമ്പലും കുരിശുയുദ്ധ വേളയില്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയും ഇബ്‌നു തൈമിയ്യയുമെല്ലാം ഇതേ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് സമൂഹത്തില്‍ എഴുന്നേറ്റുനിന്നതായി ചരിത്രരേഖകളില്‍ ദര്‍ശിക്കാം. അതിനാല്‍ തന്നെ ഒരു വിശ്വാസി എന്ന നിലക്ക് നമ്മെ എപ്പോഴും അസ്വസ്ഥപ്പെടുത്തേണ്ട ചോദ്യമാണ് ‘അയന്‍ഖുസുദ്ദീനു വഅന ഹയ്യുന്‍’ എന്നത്.

Related Articles