Current Date

Search
Close this search box.
Search
Close this search box.

ജലദാനം ജീവദാനം

dr.jpg

കൊടും വേനലില്‍ പരിഹാരം കണ്ടെത്താനാവാതെ വലയുകയാണ് ജനം. മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളും ജല അടിയന്തിരാവസ്ഥയിലേക്ക് നീങ്ങുകയാണ്. ആന്ധ്രയില്‍ പതിനഞ്ചോളം ഗ്രാമങ്ങളില്‍ ഇതിനകം ജല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. 45-ലധികം പേര്‍ അവിടെ സൂര്യതാപമേറ്റ് മരിക്കുകയും ചെയ്തു. കൊടും വരള്‍ച്ചയില്‍ കുടിവെള്ളം പലയിടത്തും കിട്ടാക്കനിയാണ്. കൃഷിനാശം അതിന്റെ എല്ലാ തീവ്രതയും കൈവരിച്ചുകഴിഞ്ഞു.

കേരളം പൊതുവെ സമശീതോഷ്ണാവസ്ഥയിലായിരുന്നു നാളിതു വരെ. പക്ഷേ, 2010-ന് ശേഷം കാലാവസ്ഥയില്‍ നമ്മുടെ സംസ്ഥാനത്ത് ശക്തമായ വ്യതിയാനങ്ങളാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് കേരളം ഉഷ്ണത്തിന്റെ ഏറ്റവും തീവ്രമായ അളവ് രേഖപ്പെടുത്തിയത് ഏതാണ്ട് 42 ഡിഗ്രി സെല്‍ഷ്യസ്. കേരളത്തിലെ പല പ്രദേശങ്ങളും കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് ഏറ്റവും കൂടുതല്‍ ജലക്ഷാമമുള്ളത്. പലയിടങ്ങളിലും കുളങ്ങളും കിണറുകളും പൂര്‍ണമായി വറ്റിക്കഴിഞ്ഞു.

ജീവന്റെ ആധാരമായ വെള്ളം വലിയ ഒരു സാമൂഹിക പ്രതിസന്ധിയുടെ രൂപം പ്രാപിച്ചിരിക്കുകയാണ്. നിര്‍ലോഭമായും സൗജന്യമായും യഥേഷ്ടം പരസ്പരം കൈമാറിയിരുന്ന ജലം തീര്‍ന്നു പോകുമോ എന്ന ഭയത്താല്‍ ദാനം ചെയ്യാന്‍ മടിക്കുന്ന സാഹചര്യം വരെ നിലനില്‍ക്കുന്നുണ്ട്. അയല്‍പക്കത്തെ കിണറില്‍ ധാരാളം വെള്ളമുണ്ടായിട്ടും ദൂരദിക്കുകളില്‍ ചെന്ന് വെള്ളം എത്തിക്കുന്നവരുണ്ട്.

ഇത്തരം ഒരു സാമൂഹിക സാഹചര്യത്തില്‍ മനുഷ്യത്വത്തിനും കാരുണ്യത്തിനും പ്രഥമ പരിഗണന നല്‍കുന്ന ഇസ്‌ലാമിന്റെ മൗലികവും വ്യതിരിക്തവുമായ കാഴ്ചപ്പാട് നെഞ്ചിലേറ്റാന്‍ മുഴുവന്‍ വിശ്വാസികളും ബാധ്യസ്ഥരാണ്. വെള്ളം ആരുടെയും കുത്തകയല്ല. അത് തടയാന്‍ ആര്‍ക്കും അധികാരമില്ല. തന്റെ പക്കലുള്ള വെള്ളം അന്യനു കൂടി അവകാശപ്പെട്ടതാണ്. പ്രയാസപ്പെടുന്നവര്‍ക്ക് വെള്ളം എത്തിച്ചു കൊടുക്കേണ്ടത് തന്റെ ബാധ്യതയാണ് എന്നെല്ലാമാണ് ഒരു വിശ്വാസി ചിന്തിക്കുക.

വെള്ളം കുത്തകയാക്കി വെക്കുകയും അത് മറ്റുള്ളവര്‍ക്ക് തടയുകയും ചെയ്തവര്‍ പരലോകത്ത് വലിയ പരീക്ഷണങ്ങള്‍ക്കു വിധേയരാക്കപ്പെടും. തിരുമേനി(സ) അരുളി: ”പരലോകത്ത് വെച്ച് മൂന്ന് കൂട്ടരോട് അല്ലാഹു സംസാരിക്കുകയോ അവരുടെ നേരെ തിരിഞ്ഞു നോക്കുകയോ ഇല്ല.
1. തന്റെ ചരക്ക് വില്‍ക്കുന്നതിന് യഥാര്‍ത്ഥത്തില്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ വില നല്‍കിയിട്ടുണ്ടെന്ന് കള്ള സത്യം ചെയ്യുന്നവന്‍.
2. ഒരു മുസ്‌ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കാന്‍ വേണ്ടി അസറിനു ശേഷം കളളസത്യം ചെയ്യുന്നവന്‍.
3. തന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള വെള്ളം തടഞ്ഞു വെക്കുന്നവന്‍. (അന്ത്യദിനത്തില്‍)  അല്ലാഹു അവനോട് പറയും: ”നിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള വെള്ളം നീ തടഞ്ഞതു പോലെ നാം നമ്മുടെ ഔദാര്യം നിനക്കു തടയുന്നതാണ്. അത് നീ അധ്വാനിച്ചുണ്ടാക്കിയതല്ല.”

മറ്റൊരു ഹദീസ് വചനം ഇങ്ങനെ: നബി(സ) പറഞ്ഞു: ”ജനങ്ങള്‍ മൂന്നു കാര്യങ്ങളില്‍ തുല്യ പങ്കാളികളാണ്. വെള്ളം, പുല്ല്, തീ എന്നിവയാണത്.”

Related Articles