Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത് കത്തിക്കൊണ്ടിരുന്നപ്പോള്‍

tytyt.jpg

അഭിപ്രായങ്ങള്‍ നേരെ ചൊവ്വെ, ധീരമായി പ്രകടിപ്പിക്കുന്ന സത്യസന്ധനായ പത്രപ്രവര്‍ത്തകരിലൊരാളാണ് ഹരിഷ് ഖേര. വിവിധ ജനസമൂഹങ്ങള്‍ തമ്മില്‍ സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കപ്പെടണമെന്നും മതകീയ നിഷ്പക്ഷതയാണ് ഇന്ത്യന്‍ സമൂഹം ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യം എന്നും ഉറച്ചു വിശ്വസിക്കുന്നയാള്‍. ഈയടുത്ത് അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ (ദ ഹിന്ദു, ഒക്ടോബര്‍ 4) 2002-ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുന്നുണ്ട്. ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വൈകുന്നേരം വളരെ വൈകി എനിക്ക് അഹ്മദാബാദില്‍ നിന്ന് ഒരു ഫോണ്‍. അവിടെ പോലീസില്‍ ജോലി ചെയ്യുന്ന ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹമെന്നോട് പറഞ്ഞു: ‘സാര്‍, ഇങ്ങനെ ഒരു കോള്‍ ചെയ്യേണ്ടി വന്നതില്‍ പ്രയാസമുണ്ട്. മെഹ്‌സാന ജില്ലയിലെ ഒരു ബി.ജെ.പി നിയമസഭാ സാമാജികന്‍ ഇന്ന് രാത്രി അവിടെ ഒരു മുസ്‌ലിം കൂട്ടക്കൊല പ്ലാന്‍ ചെയ്യുന്നതായി എനിക്ക് വിവരം കിട്ടിയിട്ടുണ്ട്. ആരോട് പറഞ്ഞിട്ടും ഒരാളും ശ്രദ്ധിക്കുന്നേയില്ല. നിങ്ങളോടിത് പറയാന്‍ എനിക്ക് ലജ്ജയുണ്ട്.’ വിശദാംശങ്ങള്‍ കേട്ടശേഷം ഞാനുടനെ എന്റെ സുഹൃത്ത് ബ്രജേഷ് മിശ്രക്ക് ഫോണ്‍ ചെയ്തു. എല്ലാം വളരെ ശ്രദ്ധിച്ച് കേട്ട ശേഷം അദ്ദേഹം എന്നോട് പറഞ്ഞു: ‘ശരി, ഞാന്‍ നോക്കട്ടെ’. പിറ്റേന്ന് രാവിലെ ആ പോലീസ് ഓഫീസര്‍ പിന്നെയും വിളിച്ചു. വളരെ ആശ്വാസത്തോടെ അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു: ‘സാര്‍, കഴിഞ്ഞ ദിവസം താങ്കള്‍ ആരെയാണ് വിളിച്ചു പറഞ്ഞത് എന്ന് എനിക്ക് അറിയില്ല. എന്തായാലും രണ്ട് മണിക്കൂറിനകം ഒരു സൈനിക വിഭാഗം ആ സ്ഥലത്തെത്തി. റൗഡികള്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരായി. അവരുടെ കുത്സിത പദ്ധതി പൊളിഞ്ഞു. നൂറിലധികം ജീവന്‍ രക്ഷപ്പെട്ടു.’

കഴിഞ്ഞ സെപ്റ്റംബര്‍ 28 ന് 84-ാം വയസ്സില്‍ അന്തരിച്ച ബ്രിജേഷ് മിശ്രയെക്കുറിച്ചെഴുതിയ അനുസ്മരണക്കുറിപ്പിലാണ് ഖേര ഇതെല്ലാം ഓര്‍ക്കുന്നത്. ആ സമയത്ത് ബിജേഷ് മിശ്ര പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്നു. ഖേര തുടരുന്നു: ”ഏതാനും ദിവസം കഴിഞ്ഞ് ഞാന്‍ മിശ്രയെ കാണാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പോയിരുന്നു. ആഴ്ചയിലൊരിക്കല്‍ മിശ്രയുമൊത്തുള്ള ഒരു ചായകുടി പതിവുള്ളതാണ്. അന്നേരം മിശ്ര എന്നോട് പറഞ്ഞു: പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ച ഞങ്ങളെപ്പോലുള്ളവര്‍ സാമൂഹിക സൗഹൃദം നിലനിര്‍ത്തുന്ന കാര്യത്തില്‍ നിസ്സംഗരായി നിന്ന്കൂടാ” (ദ ഹിന്ദു, ഒക്ടോബര്‍ 4). ദൂരക്കാഴ്ചയുള്ള, തുറന്ന മനസ്സുള്ള യഥാര്‍ഥ രാജ്യസ്‌നേഹിയായിരുന്നു ബ്രിജേഷ് മിശ്രയെന്ന് ഖേര എഴുതുന്നു. ആഭ്യന്തര സുരക്ഷ കൈവരിക്കാതെ പുരോഗതി സാധ്യമല്ലെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു അദ്ദേഹം. ആഭ്യന്തര സുരക്ഷയുണ്ടാവണമെങ്കില്‍ വിവിധ വിഭാഗങ്ങളെയും ഗ്രൂപ്പുകളെയും ഒട്ടും വിവേചനമില്ലാതെ നോക്കിക്കാണാന്‍ കഴിയണം. മതകീയമായ തരംതിരിവ് ഒട്ടും പാടില്ല. അദ്വാനിയുടെയും മോഡിയുടെയും സംഘ്പരിവാറിന്റെയും നീക്കങ്ങള്‍ രാജ്യത്തിന് ആപല്‍ക്കരമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. രാജ്യത്തിന്റെ ഭദ്രതയും പുരോഗതിയും ഉറപ്പുവരുത്താന്‍ പാകിസ്താനുമായി നല്ല ബന്ധം സ്ഥാപിക്കണമെന്ന അഭിപ്രായക്കാരനുമായിരുന്നു. ഈ നിലപാട് വാജ്‌പേയിക്കും ഉണ്ടായിരുന്നു എന്നാണ് ഖേര പറയുന്നത്. 2002-ല്‍ മോഡിയും കൂട്ടരും വീണ്ടും ഗുജറാത്തില്‍ അധികാരത്തിലെത്തിയത് അവരെ ദുഃഖിതരും ഉത്കണ്ഠാകുലരുമാക്കിയെന്നും അദ്ദേഹം എഴുതുന്നു.

ഈ ലേഖനത്തില്‍  ക്രിയാത്മക സമീപനം സ്വീകരിച്ച മൂന്ന് തരം ആളുകളെയാണ് നാം കാണുന്നത്. 1) മെഹ്‌സാനയില്‍ കലാപം ആസൂത്രണം ചെയ്യപ്പെടുന്നുണ്ടെന്നറിഞ്ഞ് അസ്വസ്ഥനായിത്തീരുന്ന പോലീസ് ഉദ്യോഗസ്ഥന്‍. പക്ഷേ അദ്ദേഹം നിസ്സഹായനാണ്. 2) തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ തയാറായ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഹരിഷ് ഖേര. തന്റെ ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിറവേറ്റുന്നുമുണ്ട്. 3) ബ്രിജേഷ് മിശ്ര, പ്രധാനമന്ത്രിയുടെ ഓഫീസിലെ ശക്തനായ ഉദ്യോഗസ്ഥന്‍. വേണ്ടസമയത്ത് വേണ്ടപോലെത്തന്നെ അദ്ദേഹം തന്റെ അധികാരം ഉപയോഗിക്കുന്നു.

ഇതൊക്കെ പത്ത് വര്‍ഷം മുമ്പുള്ള കഥ. ഇതിനകം രാഷ്ട്രീയവും ഭരണവുമൊക്കെ ഒരുപാട് മാറിക്കഴിഞ്ഞു. ഗുജറാത്തില്‍ മനുഷ്യത്വത്തിനെതിരെ അഴിഞ്ഞാടിയവര്‍ കൂടുതല്‍ ശക്തിപ്പെടുന്നതാണ് കാണാനുള്ളത്. കേന്ദ്രത്തിലാണെങ്കില്‍ ബ്രിജേഷ് മിശ്രയുടെ നിലപാടുകള്‍ ദുര്‍ബലപ്പെട്ടും വരുന്നു. പക്ഷേ പത്ത് വര്‍ഷത്തിന് ശേഷവും തന്റെ അതേ ചിന്തയും നിലപാടും ദൂരക്കാഴ്ചയും ഉയര്‍ത്തിപ്പിടിക്കാന്‍ ഖേരക്ക് കഴിയുന്നു. നേരെ ചിന്തിക്കുന്ന, മൂല്യപ്രതിബദ്ധതയുള്ളവരുടെ കുലം അന്യംനിന്നു പോയിട്ടില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്. ഹരിഷ് ഖേര ഇപ്പോഴത്തെ പ്രധാനമന്തിയുടെ പ്രസ് അഡൈ്വസറായി നിയമിക്കപ്പെട്ടിരുന്നു. എന്നാല്‍ തത്ത്വാധിഷ്ഠിതമായ ചില നിലപാടുകളുടെ പേരില്‍ ഖേരക്ക് വഴിപിരിയേണ്ടി വന്നു. പത്രപ്രവര്‍ത്തനം വളരെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്ന ഈ പത്രപ്രവര്‍ത്തകന്‍ എല്ലാ പൗരന്മാരുടെയും ആദരമര്‍ഹിക്കുന്നുണ്ട്, തീര്‍ച്ച.

വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles