Current Date

Search
Close this search box.
Search
Close this search box.

ഗവണ്‍മെന്റ് വലിയ വിലയൊടുക്കേണ്ടി വരും

കേന്ദ്ര ഗവണ്‍മെന്റ് സരബ്ജിത് സിംഗില്‍നിന്ന് ഒരു ‘ദേശീയ നായക’നെയും ‘മണ്ണിന്റെ ധീരപുത്രനെ’യും സൃഷ്ടിച്ചിരുന്നുവല്ലോ. അതിന്റെ അനന്തരഫലങ്ങളും പ്രത്യാഘാതാങ്ങളും വന്നു തുടങ്ങിയിരിക്കുന്നു ഇപ്പോള്‍. ഉയരുന്ന ചോദ്യം ഇതാണ്: എന്തടിസ്ഥാനത്തിലാണ് ഈ ബഹുമതി അദ്ദേഹത്തിന് നല്‍കപ്പെട്ടത്? ദേശീയ ബഹുമതികളോടെ ശവസംസ്‌കാരം, രാഷ്ട്രത്തിന്റെ പ്രതിനിധികളുള്‍പ്പെടെ ഉന്നതരായ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ മരണാനന്തര ചടങ്ങുകളിലെ പങ്കാളിത്തം, സരബ്ജിത്‌സിംഗിന്റെ ബന്ധുക്കള്‍ക്കുള്ള സാമ്പത്തിക സഹായം, വളരെ വൈകാരികമായ അനുശോചനസന്ദേശങ്ങള്‍, ഇതൊക്കെ എന്തിന് വേണ്ടിയായിരുന്നു? ബന്ധുക്കള്‍ പറയുന്നത് അദ്ദേഹം പാകിസ്ഥാനില്‍ ജയിലിലായിരുന്നപ്പോള്‍ അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ആത്മാര്‍ഥമായ ഒരു ശ്രമവും ഒരു തലത്തിലും നടന്നിരുന്നില്ല എന്നാണ്. അവിടെവെച്ച തൂക്കിലേറ്റപ്പെട്ടിരുന്നെങ്കില്‍ പോലും ഇത്ര വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാകുമായിരുന്നില്ല.

ജയിലിലെ കൂട്ടാളികളുടെ മര്‍ദ്ദനമേറ്റ് മരണത്തിന് കീഴടങ്ങിയപ്പോള്‍ മാത്രം എന്തിനീ ബഹളവും വൈകാരിക പ്രകടനങ്ങളും? രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയയുമെല്ലാം ചേര്‍ന്ന് സരബ്ജിത് സിംഗിനെ ഒരു ഹീറോ ആക്കുകയായിരുന്നു. അതില്‍ കുഴപ്പമില്ല. പക്ഷെ ഗവണ്‍മെന്റ് അത് ചെയ്യുമ്പോഴാണ് വിമര്‍ശനമുയരുന്നത്. ഏത് ഗവണ്‍മെന്റും ഭരണഘടനാപരമായും നിയമാധിഷ്ഠിതമായുമാണല്ലോ പ്രവര്‍ത്തിക്കേണ്ടത്. അതിന്റെ പണം എന്ന് പറയുന്നത് പൊതുജനത്തിന്റെ പണമാണ്. ചെലവഴിക്കുന്നത് ഏത് കാര്യത്തിലെന്ന് നിര്‍ണ്ണയിച്ചിരിക്കണം. മാത്രവുമല്ല, പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഗവണ്‍മെന്റ് സമാധാനവും പറയണം.
ഇതിന്റെ പേരില്‍ ഗവണ്‍മെന്റ് ചില പ്രത്യാഘാതങ്ങള്‍ നേരിടുന്നുണ്ട്. അതോടൊപ്പം നേരത്തെ ജനങ്ങള്‍ക്ക് അറിവില്ലാതിരുന്ന ചില കാര്യങ്ങളും വെളിവാക്കപ്പെട്ടിരിക്കുന്നു.  രാജ്യത്തെ വ്യത്യസ്ത സുരക്ഷാ ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്വന്തം നിലക്ക് ചാരന്‍മാരെ ന്ശ്ചയിക്കുന്നുണ്ടെന്നും അവര്‍ക്ക് മാസാന്തം പണം എത്തിക്കുന്നുണ്ടെന്നതുമാണ് അതിലൊരു കാര്യം. രാജ്യസ്‌നേഹത്തിന്റെ പേരില്‍ അവരെ ചില രഹസ്യ ജോലികള്‍ ഏല്‍പ്പിക്കുന്നു. ആക്ഷനിടയില്‍ അവര്‍ അന്യരാജ്യത്ത് പിടിക്കപ്പെടുകയോ അവര്‍ക്ക് വല്ല അപകടവും സംഭവിക്കുകയോ ചെയ്താല്‍ അവരുടെ കുടുംബത്തെ നോക്കിക്കൊള്ളാമെന്ന് ഗവണ്‍മെന്റ് വാഗ്ദാനവും നല്‍കുന്നു. ഇത് സംബന്ധമായി ദ ഹിന്ദു(മെയ് 5)വില്‍ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. സരബ്ജിത് സംഭവത്തിന് ശേഷം പുറം ലോകത്ത് ചാരപ്രവൃത്തിക്ക് നിയോഗിക്കപ്പെട്ടവര്‍ പ്രതിഫവും പുനരധിവാസവും ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തുന്നു എന്നതായിരുന്നു റിപ്പോര്‍ട്ട്.

ഇവര്‍ ഏല്‍പ്പിക്കപ്പെട്ട ജോലിക്കിടെ അന്യദേശത്ത് വെച്ച് പിടിക്കപ്പെട്ടവരും ദീര്‍ഘിച്ച ജയില്‍ വാസത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയവരുമാണ്. വന്ന്‌നോക്കുമ്പോള്‍ അവര്‍ കാണുന്നത് തങ്ങളുടെ വീടുകള്‍ തകര്‍ന്ന് കിടക്കുന്നതും കുടുംബാംഗങ്ങള്‍ സംരക്ഷിക്കാനാളില്ലാതെ കഷ്ടപ്പെടുന്നതുമാണ്. ഇവരില്‍ ചിലര്‍ കോടതിയുടെ വാതിലുകള്‍ മുട്ടിനോക്കിയെങ്കിലും അവര്‍ ചാരന്‍മാരായി അംഗീകരിക്കപ്പെട്ടില്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ വരെ ഇവരെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

ഹിന്ദു റിപ്പോര്‍ട്ട് പ്രകാരം, ചണ്ഡീഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രഞ്ജന്‍ ലകന്‍പാല്‍ എന്ന അഭിഭാഷകന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ഇത്തരം നാല്‍പതോളം പേരുടെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് സൗജന്യമായി വാദിക്കാമെന്നും അദ്ദേഹം ഏറ്റിട്ടുണ്ട്. അദ്ദേഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇവര്‍ ചാരപ്രവൃത്തിക്ക് നിയോഗിക്കപ്പെട്ടവരായിരുന്നു എന്ന് എങ്ങനെ തെളിയിക്കാമെന്നതാണ്. ഗവണ്‍മെന്റോ കോടതിയോ അവരെ ആ നിലയില്‍ അംഗീകരിക്കാന്‍ തയ്യാറല്ല. സരബ്ജിത് സംഭവത്തോടെ ഇത്തരം കേസുകള്‍ക്ക് ഒരു പുതുജീവന്‍ ലഭിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അഭിഭാഷകന്‍ ലകന്‍പാല്‍ ശുഭപ്രതീക്ഷയിലുമാണ്. സരബ്ജിത് സിംഗിനെപ്പോലും  സ്വന്തം ‘ആളാ’യി ഗവണ്‍മെന്റ് അംഗീകരിച്ചിട്ടില്ല. ഇന്റലിജന്‍സ് ഏജന്‍സികളും അത് കൂട്ടാക്കാന്‍ സമ്മതിക്കുന്നില്ല. അദ്ദേഹം ആരായിരുന്നുവെന്ന് ഇനിയും വ്യക്തമാക്കപ്പെടേണ്ടതായിട്ടാണിരിക്കുന്നത്. പക്ഷെ പഞ്ചാബിലെയും ജമ്മുവിലെയും പഴയ ചാരശൃംഘലയിലെ ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നത് തന്നെയാണ് പുതിയ സംഭവവികാസങ്ങള്‍. ഇതൊക്കെയായിട്ടും ഗവണ്‍മെന്റ് എന്ത്‌കൊണ്ടാണ് സരബ്ജിത് സിംഗിനെ ഹീറോ ആക്കിയത് എന്ന് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേ പറയാനുള്ളു: അതിവൈകാരിക ദേശസ്‌നേഹത്തിന്റെ രാഷ്ട്രീയം. ഇതൊക്കെ ഇങ്ങനെത്തന്നെ ചെയ്തില്ലെങ്കില്‍ കാവിപ്പാര്‍ട്ടികള്‍ ഗവണ്‍മെന്റിനും കോണ്‍ഗ്രസിനും പുതിയ തലവേദന ഉണ്ടാക്കും. എല്ലാം കഴിയുമ്പോള്‍ ഒരു സത്യം ബാക്കിയാവുന്നു-ലോകശക്തിയാകാന്‍ വെമ്പുന്ന നമ്മുടെ രാജ്യത്തിന്റെ ഭരണവര്‍ഗത്തിന് മുന്നോട്ട് പോവണമെങ്കില്‍ ഇത്തരം അതിവൈകാരിക ദേശസ്‌നേഹ പ്രശ്‌നങ്ങളെ കൂട്ട്പിടിച്ചേ മതിയാവൂ.
(ദഅ്‌വത്ത് ത്രൈദിനം 13-5-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്

Related Articles