Current Date

Search
Close this search box.
Search
Close this search box.

ഖാലിദ് മുജാഹിദിന്റെ വധത്തിന്റെ പിന്നില്‍

കഴിഞ്ഞ മെയ് 18-ന് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഖാലിദ് മുജാഹിദ്, ഇന്ത്യന്‍ മുസ്‌ലിംകളെ പിശാച് വത്കരിക്കാന്‍ 12 വര്‍ഷമായി നടന്നുവരുന്ന ആസൂത്രിത ശ്രമങ്ങളുടെ ഒടുവിലത്തെ ഇരയാണ്. ഇതുപോലുള്ള ഭീകര കൊലപാതകങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഇശ്‌റത്ത് ജഹാനെയും സുഹൃത്തുക്കളെയും വെടിവെച്ച് കൊന്ന ശേഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന് പറഞ്ഞ് പരത്തി. അതുപോലുള്ള കിരാതമായ സംഭവങ്ങള്‍ വേറെയും ഉണ്ട്. പക്ഷെ ഇതിനേക്കാളൊക്കെ ഭീതിജനകമാണ് ഖാലിദ് മുജാഹിദിന്റെയും താരിഖ് ഖാസിമിയുടെയും വധങ്ങള്‍. പോലീസ് നരനായാട്ടിന്റെ പാരമ്യം എന്നതിനെ വിശേഷിപ്പിക്കാം. പലരും ഉള്‍പ്പെട്ട കേസാണ് ഖാലിദിന്റേത്. ജാന്‍പൂര്‍ ജില്ലയിലെ മദിയാഹു ജില്ലയില്‍ നിന്ന് 2007 ഡിസംബര്‍ 22-ന് പോലീസ് ഖാലിദ് മുജാഹിദിനെ തട്ടിക്കൊണ്ടുപോകുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത് ബര്‍ബങ്കി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പിടിയിലായ താരിഖ് ഖാസിമിനോടൊപ്പം 2007 ഡിസംബര്‍ 22-നും. പോലീസ് സാധാരണ ചെയ്യുന്നതു പോലെ ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ ‘പിടിച്ചെടുക്കുകയും’ ചെയ്തു. എന്നിട്ട് 2007 ഡിസംബര്‍ 23-ന് ലഖ്‌നൗ, വാരണസി, ഫൈസാബാദ് ജില്ലാ കോടതി എന്നിവിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനപരമ്പരകളുടെ ഉത്തരവാദിത്വം ഇവരുടെ തലയിലേക്കിട്ടു. ഒറ്റനോട്ടത്തില്‍ തന്നെ തീര്‍ത്തും അസംബന്ധമായിരുന്നു ഈ പ്രതിചേര്‍ക്കല്‍. ഇത്തരം കേസുകളില്‍ മുസ്‌ലിംകള്‍ മാത്രമേ പ്രതിചേര്‍ക്കപ്പെടൂ എന്ന് പൂര്‍ണ ബോധ്യമുള്ള മുസ്‌ലിംകളുടെ ശത്രുക്കള്‍ ഒപ്പിച്ച പണിയാണിതെന്ന് എല്ലാ സാഹചര്യതെളിവുകളും വിരല്‍ ചൂണ്ടിയിരുന്നു.

പോലീസും യഥാര്‍ഥ കുറ്റവാളികളും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇത്തരം കേസുകളില്‍ വളരെ പ്രകടമായിരുന്നു. ഈ പൈശാചിക ശക്തികളുടെ പിടിയില്‍ നിന്ന് നിരപരാധികളെ രക്ഷിച്ചെടുക്കുക എന്നത് വളരെ പ്രയാസകരം തന്നെയാണ്. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെ ഖാലിദ് മുജാഹിദിന്റെ അമ്മാവന്‍ മൗലാനാ സഹീര്‍ ആലം ഫലാഹി-ലളിത ജീവിതം നയിക്കുന്ന സാത്വികനായ പണ്ഡിതനാണ് അദ്ദേഹം- നിരപരാധികളെ മോചിപ്പിക്കുന്നതിനായി സംഭവം നടന്ന അന്നു മുതല്‍ തന്നെ കഠിന യത്‌നങ്ങള്‍ നടത്തി. ഈ പണ്ഡിതന് പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍, കേസുമായി മുന്നോട്ട് പോകാതിരിക്കാന്‍ അദ്ദേഹത്തിന് മേലുണ്ടായ സമ്മര്‍ദങ്ങള്‍, ഭീഷണികള്‍ ഇതെല്ലാം സംസ്ഥാന പോലീസിന്റെ ഭീകരമുഖം ഒന്നുകൂടി അനാവരണം ചെയ്യുന്നുണ്ട്. ഇനി ഇതിന്റെ രാഷ്ട്രീയ വശം കാണുക. മുസ്‌ലിംകള്‍ ബഹളമുണ്ടാക്കിയപ്പോള്‍ യു.പിയിലെ അന്നത്തെ മായാവതി ഗവണ്‍മെന്റ് 2008 മാര്‍ച്ചില്‍ ആര്‍.ഡി നിമേഷ് കമീഷനെ നിയമിച്ചു. പോലീസ് വാദങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായിരുന്നു കമീഷനെ നിയോഗിച്ചത്. 2012 ആഗസ്റ്റ് 31-ന് ഇന്നത്തെ സമാജ്‌വാദി ഗവണ്‍മെന്റിന് ആ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കിട്ടിയ വിവരം തന്നെ ഗവണ്‍മെന്റ് മിണ്ടിയില്ല. പോലീസിനെതിരെ പ്രമാദമായ ഒട്ടേറെ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സംസാരം.

എന്നാല്‍, നിമേഷ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നതിന് പകരം സമാജ്‌വാദി ഗവണ്‍മെന്റ് വൃത്തികെട്ട ഒരു രാഷ്ട്രീയ അടവ് പുറത്തെടുക്കുകയാണുണ്ടായത്. ഖാലിദിനും താരിഖിനുമെതിരിലുള്ള കേസുകള്‍ അവരങ്ങ് പിന്‍വലിച്ചു. ഇത് ഒരു വശത്ത് മുസ്‌ലിം വികാരത്തെ തൃപ്തിപ്പെടുത്താന്‍ ഉപകരിച്ചു. മറുവശത്ത് സംഘ്പരിവാറിന്റെ കൈയില്‍ പുതിയൊരു ആയുധവും വെച്ചുകൊടുത്തു. ഇവിടെയാണ് നാം ചിന്തിക്കേണ്ട ഒരു വിഷയം. എന്തുകൊണ്ടാണ് ഭരണകൂടങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഭീകരപ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ മുഖം പുറത്തുകൊണ്ട് വരുന്നതില്‍ വിമുഖത കാട്ടുന്നത്? ഇന്ത്യാ വിഭജനത്തോളം നീളുന്ന ഒരുപാട് കാരണങ്ങള്‍ അതിന് പിന്നിലുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയം പരിശോധിച്ചാലും ഇതിന്റെ മറുപടി കിട്ടും. ഇസ്രയേലുമായുള്ള അടുത്ത ചങ്ങാത്തം, അമേരിക്കന്‍ നയസമീപനങ്ങളെ അനുകരിക്കല്‍, ‘ഭീകരതയോടുള്ള യുദ്ധ’ത്തില്‍ പൂര്‍ണ സഹകരണം എന്നീ കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ക്കേ തുടര്‍ന്നു പോരുന്ന ഒരു അലിഖിത ദേശീയ പോളിസിയുടെ ഭാഗമാണ് ഈ നീക്കങ്ങളെന്നും കണ്ടെത്താന്‍ കഴിയും.
(ദഅ്‌വത്ത് ത്രൈദിനം 25-5-2013)

വിവ : അശ്‌റഫ് കീഴുപറമ്പ്

Related Articles