Current Date

Search
Close this search box.
Search
Close this search box.

ഖറദാവിക്ക് തടവറകള്‍ തുടര്‍കഥ

തൊണ്ണൂറ് വയസ്സ് തികയാന്‍ ഒരു വര്‍ഷവും നാല് മാസവും മാത്രം ബാക്കിയുള്ളപ്പോഴാണ് ഡോ. യൂസുഫുല്‍ ഖറദാവിയെ തൂക്കിലേറ്റാന്‍ ഈജിപ്ഷ്യന്‍ സൈനിക കോടതി വിധിച്ചത്. അമേരിക്കന്‍ സയണിസ്റ്റ് അധിനിവേശത്തിനും അറബ് ഭരണാധികാരികളുടെ നിസ്സംഗതക്കുമെതിരെ പതിറ്റാണ്ടുകളായി ശബ്ദമുയര്‍ത്തുന്ന അദ്ദേഹം അറബ് നാടുകളില്‍ അരങ്ങേറിയ വസന്തവിപ്ലവങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതിലും ഗണ്യമായ പങ്ക്വഹിച്ചിട്ടുണ്ട്. സെക്കണ്ടറി വിദ്യാര്‍ഥിയായിരിക്കെ മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട അദ്ദേഹത്തിന് പലതവണ തടവറയില്‍ കിടക്കേണ്ടിയും വന്നു. വിവിധ ജയിലുകളില്‍ ഗുരുനാഥന്‍മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം കൊടിയ പീഢനങ്ങളേറ്റുവാങ്ങി രണ്ടു രണ്ടു റമദാനുകള്‍ കല്‍തുറുങ്കിലാണ് അദ്ദേഹം കഴിച്ചു കൂട്ടിയത്.

1948 മേയ് പതിനഞ്ചിന് വന്‍ ശക്തികളുടെ പിന്തുണയോട് തദ്ദേശിയരായ ഫലസ്തീനികളെ കുടിയിറക്കി ഇസ്രയേല്‍ രാഷ്ട്രം കെട്ടിപ്പടുത്ത അന്നുമുതില്‍ ഇന്ന് വരെ അദ്ദേഹം ഫലസ്തീന്‍ ജനതക്ക് വേണ്ടി ഉച്ചത്തില്‍ ശബ്ദുമുയല്‍ത്തുന്നു. ഗസ്സയില്‍ കിരാതമായ കൊടുംകൊലകള്‍ അരങ്ങേറിയപ്പോള്‍ നിസ്സംഗരായ അറബ് ഭരണാധികാരികളുടെ പടിവാതില്‍ വരെ ചെന്ന് അവരെ ഉണര്‍ത്താന്‍ ശ്രമിച്ചു.

1961 സെപ്റ്റംബര്‍ പത്തിന് 35-ാം വയസ്സിലാണ് ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ച് ഖറദാവി ഖത്തറിലെത്തുന്നത്. റിലീജിയസ് സെക്കന്ററി ഇന്‍സ്റ്റിട്യൂട്ടിന്റെ തലവനായി എത്തിയ അദ്ദേഹം ഖത്തര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ശരീഅ കോളേജ് സ്ഥാപിച്ച് പതിനൊന്ന് വര്‍ഷം അതിന്റെ തലപ്പത്തിരുന്നു. അധ്യാപകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഖത്തര്‍ അഭിമാനത്തോടെയും ആദരവോടെയുമാണ് കൊണ്ടാടുന്നത്. സംസ്‌കാരങ്ങളുടെ സംഘട്ടനമല്ല സംവാദത്തിന്റെയും സഹകരണത്തിന്റെയും ശൈലിയാണ് പുരോഗതിക്ക് നിദാനമെന്ന് വിശ്വസിക്കുന്ന അദ്ദേഹം അധ്യക്ഷനായ പണ്ഡിതവേദി ഡല്‍ഹിയില്‍ ഇസ്‌ലാം – ഹൈന്ദവ – സിഖ്- ബുദ്ധ -ജൈന – ക്രൈസ്തവ മതാനുയായികളെ പങ്കെടുപ്പിച്ച് ശ്രദ്ധേയമായ സമ്മേളനം നടത്തിയിരുന്നു. അദ്ദേഹം ഏറെ എടുത്തുദ്ധരിക്കുന്ന ഇന്ത്യന്‍ പണ്ഡിതന്‍മാരാണ് അബുല്‍ കലാം ആസാദും അല്ലാമാ ഇഖ്ബാലും.

മഹാത്മജിയുടെ വിദേശവസ്തു ബഹിഷ്‌കരണം മാതൃകയായിക്കി അറബ് ലോകം അധിനിവേശ രാഷ്ട്രങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങാതിരിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിക്കാറുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും പഠനത്തില്‍ മികവ് പുലര്‍ത്താറുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ മുക്തകണ്ഠം പുകഴ്ത്താറുള്ള ശൈഖ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ പുരോഗതിയില്‍ ഭാരതീയ സമൂഹം പൊതുവിലും കേരളീയര്‍ വിശേഷിച്ചു വഹിക്കുന്ന പങ്കിനെയും പ്രശംസിക്കാറുണ്ട്.

മൂന്നു പതിറ്റാണ്ടിലേറെ അദ്ദേഹത്തിന്റെ റമദാന്‍ പ്രഭാഷണം കേള്‍ക്കാന്‍ എത്താറുള്ള മുന്‍ ഭരണാധികാരി ശൈഖ് ഖലീഫ, ഭരണാധികാരികളെ വിമര്‍ശിച്ചാല്‍ ‘ശൈഖ് ഖറദാവീ, താങ്കള്‍ ഞങ്ങളുടെ തോല്‍ പൊളിച്ചു കളഞ്ഞല്ലോ’ എന്നാണ് പ്രതികരിക്കാറുള്ളത്. അഫ്ഗാന്‍ – ഇറാഖ് ആക്രമണ കാലത്ത് അമേരിക്കന്‍ പ്രസിഡന്റിനെ പേരെടുത്ത് പറഞ്ഞു കൊണ്ട് ഖറദാവി നടത്തിയ ജുമുഅ ഖുതുബകള്‍ വൈറ്റ്ഹൗസിനെ വിറളി പിടിപ്പിച്ചിരുന്നു. അല്‍-ജസീറ ചാനലിലൂടെ നടത്തിയ തീപ്പൊരു പ്രസംഗങ്ങള്‍ ജനലക്ഷങ്ങളെയാണ് ആകര്‍ഷിച്ചിരുന്നത്.

തുനീഷ്യയില്‍ തുടങ്ങി, നൈലിന്റെ കരയില്‍ ശക്തി പ്രാപിച്ച് യമനിലേക്കും ലിബിയയിലേക്കും സിറിയയിലേക്കും വ്യാപിച്ച വിപ്ലവത്തിന് കരുത്ത് പകരുന്നതില്‍ ഈ വയോധികന്റെ ഉറച്ച ശബ്ദം കാര്യമായ പങ്കാണ് വഹിച്ചത്. ജനങ്ങള്‍ക്കവകാശപ്പെട്ട കോടിക്കണക്കിന് ഡോളറുകള്‍ കവര്‍ന്നെടുക്കുകയും പൗരസമൂഹം പട്ടിണികിടക്കുമ്പോള്‍ കൊട്ടാരങ്ങളില്‍ സുഖലോലുപതയില്‍ കഴിയുകയും ചെയ്ത സൈനുല്‍ ആബിദീനും ഹുസ്‌നി മുബാറകുമെതിരെ ഉയര്‍ത്തിയ ശബ്ദം വിപ്ലവത്തിന്റെ വീരമക്കള്‍ക്ക് ആവേശമായി. അജയ്യനായ ദൈവത്തിന്റെ മുമ്പില്‍ കൊതുകിന്റെ ചിറകിന്റെ വിലപോലുമില്ലാത്ത കസേര നിലനിര്‍ത്താന്‍ ആയിരങ്ങളെ ഞെരിച്ചു കൊല്ലുന്ന ഖദ്ദാഫിയെയും ബശ്ശാറിനെയും പേരെടുത്ത് വിളിച്ച് ഓര്‍മപ്പെടുത്തി.

2011 ഫെബ്രുവരി 18 വെള്ളിയാഴ്ച്ച കെയ്‌റോയിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചു കൂടിയ ജനലക്ഷങ്ങളെ അഭിമുഖീകരിച്ച് ജുമുഅ ഖുതുബ നടത്താന്‍ കഴിഞ്ഞത് ഒരു ചരിത്രനിയോഗമായിരുന്നു. താന്‍ വിയര്‍പ്പും കണ്ണീരുമൊഴുക്കിയ പ്രസ്ഥാനത്തിന്റെ വിജയത്തില്‍ നടത്തിയ പ്രസംഗം അധികാരത്തില്‍ പിടിമുറുക്കിയിരുന്ന ശക്തകളെ രോഷാകുലരാക്കിയത് സ്വാഭാവികം.

Related Articles