Current Date

Search
Close this search box.
Search
Close this search box.

കാപ്പ് പഞ്ചായത്തുകള്‍ എന്താണ് ചെയ്യുന്നത്?

khap-panch.jpg

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹ പ്രായം കുറയ്ക്കാന്‍ ഹരിയാനയിലെ കാപ്പ് പഞ്ചായത്ത് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നു. യുവതീ യുവാക്കള്‍ക്ക് വിവാഹപ്രായമെത്തുമ്പോള്‍ അവരെ നിയമാനുസൃതം വിവാഹം ചെയ്യാന്‍ അനുവദിക്കണം. ഇത്തരമൊരു നീക്കം പെണ്‍കുട്ടികള്‍ക്കെതിരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ പ്രയോജനപ്പെടും. സിനിമകളിലും ടിവി സീരിയലുകളിലും കൗമാരക്കാരികള്‍ ഫാഷന്‍ വസ്ത്രങ്ങളില്‍ സെക്‌സിയായി അണിഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെടുന്നത് കൊണ്ടാണ് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇത്രയധികം കൂടുന്നതെന്ന് മഹാ പഞ്ചായത്ത് പ്രതിനിധി സുബെ സിംഗ് റോത്തക്കില്‍വെച്ച് പ്രസ്താവനയിറക്കുക പോലുമുണ്ടായി. ശരിയായ പ്രായമെത്തും മുമ്പേ തന്നെ ഇത് കൗമാരക്കാരിലും കൗമാരക്കാരികളിലും ലൈംഗിക വികാരം ഉദ്ദീപിപ്പിക്കുകയും അവരത് പ്രായോഗികമായി പരീക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്യുന്നു. ആധുനിക സംസ്‌കാരവും ജീവിതശൈലികളും കൗമാരക്കാരുടെ വഴിതെറ്റലിനും ലൈംഗിക അരാജകത്വത്തിനും വലിയ തോതില്‍ കാരണമാവുന്നുണ്ട് (ടൈംസ് ഓഫ് ഇന്ത്യ, ഒകാടോബര്‍ 6). നേരത്തെ ഹരിയാനയിലെ ജാട്ട് മഹാസഭ നേതാവ് ഓം പ്രകാശ് മാന്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മെഹം ചൗബീസ് കാപ്പ് പഞ്ചായത്ത് നേതാവ് രണ്‍ദീര്‍ സിംഗ് ഈ ആവശ്യത്തെ അനുകൂലിക്കുകയും ചെയ്തു. ജാട്ട്-കാപ്പ് നേതാക്കളുടെ ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഈയിടെ ദല്‍ഹിയിലും ഹരിയാനയിലും പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത്.

ചില കേന്ദ്രങ്ങള്‍ ഒച്ചയും ബഹളവും ഉണ്ടാക്കിയപ്പോള്‍ ചില കാപ്പ് നേതാക്കളും പഞ്ചായത്തുകളും തങ്ങള്‍ നടത്തിയ പ്രസ്താവനകള്‍ തിരുത്തുകയോ മാറ്റിപ്പറയുകയോ ഒക്കെ ചെയ്തു. വിദ്യാസമ്പന്നരും ദീര്‍ഘകാഴ്ചയുള്ളവരും യാഥാര്‍ഥ്യബോധമുള്ളവരുമായ മഹാപഞ്ചായത്ത്-ജാട്ട് മഹാസഭാ നേതാക്കള്‍ തങ്ങളുടെ നിലപാടുകളിലും ആവശ്യങ്ങളിലും ഉറച്ച് നില്‍ക്കുകയാണ് വേണ്ടിയിരുന്നത്; ഗവണ്‍മെന്റ് അത് അംഗീകരിക്കില്ല എന്നവര്‍ക്ക് ഉറപ്പുണ്ടെങ്കിലും. കാരണം ഈ വിഷയത്തില്‍ ഗവണ്‍മെന്റ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. ഒരു വശത്ത് ഗവണ്‍മെന്റ് സാമൂഹിക-ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും കടുത്ത നിയമങ്ങള്‍ കൊണ്ട് വരികയും ചെയ്യുന്നു. മറുവശത്ത്, ആ അതിക്രമങ്ങള്‍ക്ക് വഴിയൊരുക്കുന്ന എല്ലാ സ്രോതസുകളെയും വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മദ്യപാനത്തിന്റെ മാരക പ്രത്യാഘാതങ്ങളെക്കുറിച്ച് ഗവണ്‍മെന്റ് ചെലവില്‍ കുത്തിനാട്ടുന്ന ഭീമന്‍ പരസ്യപ്പലകകള്‍ കാണാറില്ലേ? അതേ ഗവണ്‍മെന്റ് തന്നെ നാടൊട്ടുക്ക് മദ്യഷാപ്പുകളും ഔട്ട്‌ലെറ്റുകളും തുറന്നുകൊണ്ട് മദ്യവിപണന ശൃംഘല അനുദിനം വലുതാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ ഖജനാവിനെ തടിപ്പിച്ചുകൊണ്ടിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെയും വന്‍ശക്തികളിലൊന്നാകാന്‍ ഇന്ത്യ തിടുക്കം കൂട്ടുന്നതിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ വേണം ഇതിനെ കാണാന്‍ കാണാന്‍. കാപ്പ്-ജാട്ട് നേതാക്കള്‍ പരാതിപ്പെടുന്ന അശ്ലീലതയും നഗ്നതാ പ്രദര്‍ശനവും തല തിരിഞ്ഞ പോക്കുമൊക്കെ പാശ്ചാത്യ ദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതാണ്. ഗവണ്‍മെന്റ് വിവാഹപ്രായം കുറക്കാനൊന്നും പോകുന്നില്ല. കാരണമത് കുടുംബാസൂത്രണത്തിന്റെ പേരില്‍ കിട്ടിക്കൊണ്ടിരിക്കുന്ന വിദേശ സഹായം നിര്‍ത്തലാക്കിക്കളഞ്ഞേക്കും.

ഹരിയാനാ നേതാക്കള്‍ പ്രകടിപ്പിച്ച ഇതേ ആശങ്ക പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഒക്ടോബര്‍ 15 ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്ക് വെക്കുകയുണ്ടായി. നേതാക്കള്‍ ഭരണകൂടത്തിനകത്താണ് ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കേണ്ടത്. ഇത്തരം അധാര്‍മികതകള്‍ക്കെതിരെ ജനങ്ങളെ വിപ്ലവകരമായി സംഘടിപ്പിക്കുക എന്നതാണ് യഥാര്‍ഥത്തില്‍ നടക്കേണ്ട പണി. ഈ അധഃപതനത്തില്‍ മനം മടുത്ത വിഭാങ്ങളെയും മതകൂട്ടായ്മകളെയും ഇതിനെതിരെ ഒരേ വേദിയില്‍ അണിനിരത്തേണ്ടതുണ്ട്. ലൈംഗികാതിക്രമത്തിന്റെ വിഷയത്തില്‍ മുസ്‌ലിംകള്‍ക്ക് ജാട്ട്- കാപ്പ് നേതാക്കളുടെ അതേ അഭിപ്രായമാണുള്ളത്. ഈ വിഭാഗങ്ങളുടെയെല്ലാം ഒരു പൊതുസമ്മേളനം വിളിച്ച് ചേര്‍ക്കുകയും അതില്‍ വെച്ച് ഒരു പൊതുപ്രവര്‍ത്തന പരിപാടി ഉരുത്തിരിച്ചെടുക്കുകയുമാണ് വേണ്ടത്. ലജ്ജയില്ലായ്മയുടെയും നഗ്നതാ പ്രദര്‍ശനത്തിന്റെയും കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുന്ന മീഡിയയെ തന്നെയാണ് ആദ്യം വിചാരണ ചെയ്യേണ്ടത്. സാമൂഹികവും മതപരവുമായ വിവേചനങ്ങളെ താലോലിക്കുന്നതും മീഡിയ തന്നെ. ഈ വിഷയത്തില്‍ കാപ്പ്-ജാട്ട്-മുസ്‌ലിം നേതാക്കളെല്ലാം തന്നെ ഒത്തൊരുമിക്കുമെങ്കില്‍ രാജ്യത്തിന് നല്‍കുന്ന വലിയൊരു സേവനമായിരിക്കുമത്. നേര്‍ബുദ്ധിയോടെ ചിന്തിക്കുന്ന ഓരോ പൗരനും അതിനെ പിന്തുണക്കുകയും വേണം.
(ദഅ്‌വത്ത് ത്രൈദിനം, 28-10-2012)

വിവ: അശ്‌റഫ് കീഴുപറമ്പ്

Related Articles