Current Date

Search
Close this search box.
Search
Close this search box.

കടം ചോദിക്കുന്ന ദൈവം

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് കടം ചോദിക്കുന്ന ദൈവത്തെയാണ്. കടം തന്നാല്‍ പലയിരട്ടി തിരിച്ച് തരാം എന്ന് ഉറപ്പുനല്‍കുകയും  ചെയ്യുന്നു. ‘തീര്‍ച്ചയായും ധര്‍മനിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ, അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്. അവര്‍ക്കേ്രത മാന്യമായ പ്രതിഫലമുള്ളത്. (വി.ഖു – 57 : 18) അതേ വേള ഒരു സഹായവും തനിക്കു വേണ്ടെന്നും സൃഷ്ടികളെല്ലാം അല്ലാഹുവില്‍ നിന്ന് സഹായം തേടേണ്ടവരാണെന്നും അല്ലാഹു അല്ലാഹു പറയുന്നു. ‘ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.’ (51 : 57)

ഭക്ഷണം വേണ്ടാത്ത, വസ്ത്രം വേണ്ടാത്ത, പൂജാ മലരുകള്‍ വേണ്ടാത്ത, നെയ്ത്തിരികള്‍ വേണ്ടാത്ത ദൈവത്തിന് സൃഷ്ടികളില്‍ നിന്ന് വേണ്ടത് ഉത്തമമായ കടം ! ഈ ആശയബിന്ദുവിലാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നു ഏകനായ ദൈവം വേറിട്ട് നില്‍ക്കുന്നത്. എന്താണ് ഈ കടം. അഗതികള്‍ക്കും രോഗികള്‍ക്കും വിധവകള്‍ക്കും നല്‍കുന്ന സഹായം തനിക്കുള്ള കടമായി അല്ലാഹു പരിഗണിക്കുന്നു. നബിതിരുമേനി പറഞ്ഞു : ‘ഒരു ദൈവദാസന്‍ തന്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുന്ന കാലമത്രയും അല്ലാഹു ആ ദാസനെ സഹായിച്ചു കൊണ്ടിരിക്കും.’
അനുഷ്ഠാനങ്ങള്‍ യാന്ത്രികകര്‍മമല്ല. മനസ്സിനെ ഈ രീതിയില്‍ പാകപ്പെടുത്തി മനസ്സില്‍ ആതുരസേവനത്തിന്റെ ഉറവകള്‍ നിറക്കാന്‍ പര്യാപ്തമാകണം. ആ സമൂഹത്തിന്റെ വിളികള്‍ക്കു നേരെ കാതുകളടച്ച് അന്യന്റെ വേദനകളോട് നിര്‍വികാരത പുലര്‍ത്തി ധ്യാനനിരതനാവുന്നവനല്ല യഥാര്‍ഥ ഭക്തന്‍. ചുണ്ടുകളില്‍ ദൈവനാമവും ഹൃദയത്തില്‍ ദൈവവിശ്വാസവും കരങ്ങളില്‍ സേവനത്തിന്റെ തഴമ്പു ഒത്തുചേര്‍ന്നവനാണ് ശരിയായ ഭക്തന്‍.
പ്രവാചക പത്‌നി ആഇശക്കു കിട്ടിയ നിര്‍ദേശം ഒരു കാരക്കയുടെ ചീന്തു കൊണ്ടെങ്കിലും നീ നരകത്തെ സൂക്ഷിക്കൂ എന്നായിരുന്നു. നഷ്ടം പറ്റാത്ത കച്ചവടം ചെയ്യുന്നവരുടെ ലക്ഷണങ്ങളിലൊന്നാണ് രഹസ്യമായും പരസ്യമായുമുള്ള ദാനം. ദാനം ധനത്തിലൊതുങ്ങില്ലെന്നതും ഇസ്‌ലാമിന്റെ പ്രത്യേകതയാണ്. ഒരു ചുമട്ടുകാരനെ ഭാരം കയറ്റാനും ഇറക്കാനും സഹായിക്കുക, നല്ല വാക്കു പറയുക, തന്റെ സഹോദരനെ പ്രസന്നവദനനായി സമീപിക്കുക എന്നിവയെല്ലാം ദാനധര്‍മമായി ഇസ്‌ലാം കാണുന്നു എന്നാണ് പ്രവാചക തിരുമേനി അനുചരന്‍മാരെ പഠിപ്പിച്ചത്. ആരാധന കൊണ്ട് ഇവ്വിധം മാറുന്നവനെ സമൂഹം ആദരിക്കും. സമൂഹം ഒരു കണ്ണാടിയാണ് എന്ന ചൊല്ല് ഇവിടെ അര്‍ഥം കാണും.
അല്ലാഹുവിന്ന് നല്ല കടം കൊടുക്കുന്നവന്‍ എന്നത് മനോഹരമായ ഒരലങ്കാര പ്രയോഗമാണ്. അതിന്റെ അര്‍ഥം വിവിധ ദിശകളിലേക്ക് നീണ്ടുപോകുന്നു. ധനത്തിന്റെ ഗര്‍ജ്ജനം നല്ല മേഖലയില്‍ നിന്ന് നല്ല രീതിയില്‍ നടത്തണം. നല്ല രീതിയിലേ അതിന്റെ വ്യയവും ആകാവൂ. ഇതും പോരാ, പ്രകടനപരത അതില്‍ ഒട്ടും ഉണ്ടാകരുത്. അല്ലാഹു മനസ്സിലേക്കാണ് നോക്കുക എന്ന് വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നത് നിസ്വാര്‍ഥ സേവനത്തിന് മനുഷ്യനെ പ്രാപ്തനാക്കാനാണ്. ‘നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും ഏതൊന്ന് നേര്‍ച്ച നേര്‍ന്നാലും അല്ലാഹു അതറിയുന്നതാണ്. അക്രമകാരികള്‍ക്ക് സഹായികളായി ആരും ഉണ്ടായിരിക്കുകയില്ല.’ (വി.ഖു. – 2 : 270) പ്രകടനപരതയുടെയും പ്രശസ്തി മോഹത്തിന്റെ കറപുരളാത്ത മനസ്സാണ് നല്ല കടം കൊടുക്കാന്‍ പ്രേരിപ്പിക്കുന്നത്. അത് പരലോകത്ത് പ്രതിഫലത്തെ ഗുണീഭവിപ്പിക്കും.

Related Articles