Current Date

Search
Close this search box.
Search
Close this search box.

ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും കലിമ

തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് ശഹാദത്ത് കലിമ ചൊല്ലിക്കൊടുക്കാന്‍ സയ്യിദ് ഖുതുബിന്റെ മുമ്പില്‍ വന്ന ഉദ്യോഗസ്ഥന്‍ ‘ശഹാദത്ത് കലിമ ചൊല്ലൂ’ ഉടനെ സയ്യിദ് ഖുതുബിന്റെ പ്രതികരണം വന്നു. ‘ഈ നാടകം പൂര്‍ത്തീകരിക്കാന്‍ നിങ്ങളുമെത്തി, അല്ലേ? സഹോദരാ, നിങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ട ലാഇലാഹ ഇല്ലല്ലാഹു കാരണമാണ് ഞങ്ങള്‍ തൂക്കിലേറ്റപ്പെടുന്നത്. അതേ ലാഇലാഹ ഇല്ലല്ലാഹ് നിങ്ങള്‍ക്ക് ആഹാരത്തിന് വകയും.’

ലാഇലാഹ ഇല്ലല്ലാഹ് എന്ന വിശുദ്ധ വിപ്ലവ വാക്യത്തെ ഇതര ദര്‍ശനത്തേക്കാളും ഉയര്‍ന്നുനില്‍ക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് അതിജീവനത്തിനുള്ള ഉപാധിയാക്കിയവരാണ് ചരിത്രത്തിലെ വിപ്ലവകാരികളും ധീരമുജാഹിദുകളും. ഇതേ കലിമതുത്തൗഹീദുപയോഗിച്ച് ഒരു ജനതയെ ആലസ്യത്തിന്റെ താരാട്ടുപാട്ടുപാടിയുറക്കി തങ്ങളുടെ ഉപജീവനത്തിനു വകയാക്കിയവരാണ് ചരിത്രത്തിലെ പുരോഹിതന്മാര്‍.  ഉരുവിടുന്ന വാചകങ്ങള്‍ക്കോ അര്‍ഥഘടനക്കോ ഒരു വ്യത്യാസമില്ലെങ്കിലും മൊല്ലയുടെ അല്ലാഹു അക്ബറും മുജാഹിദിന്റെ അല്ലാഹു അക്ബറും വേറെ തന്നെയാണ് എന്ന അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ നിരീക്ഷണം ശ്രദ്ദേയമാണ്. ഒന്നാമത്തേത് സമൂഹത്തില്‍ ഒരു ഇലയനക്കവും സൃഷ്ടിക്കാതിരിക്കുമ്പോള്‍ രണ്ടാമത്തേത് അധികാരത്തിന്റെ അരമനകളില്‍ അസ്വസ്ഥതകളും അങ്കലാപ്പും സൃഷ്ടിക്കുന്നു.

കടുത്ത അരക്ഷിതാവസ്ഥയിലും ആശങ്കയുടെ മുള്‍മുനയിലും നില്‍ക്കുന്ന സമകാലിക മുസ്‌ലിം സമൂഹത്തിന് എങ്ങനെ ഈ അവസ്ഥ സംജാതമായി എന്ന് നാം ഗൗരവത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. കൊടിമരത്തിന്റെ പ്ലാറ്റ് ഫോമില്‍നിന്നും ദയാഹരജി നല്‍കിയാല്‍ വിട്ടയക്കാം എന്ന് ആഹ്വാനം ചെയ്ത സൈനികോദ്യഗസ്ഥനോട് ശഹീദ് സയ്യിദ് ഖുതുബ് പ്രതികരിച്ചത്  നമസ്‌കാരത്തിലെ അത്തഹിയ്യാത്തില്‍ അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യുന്ന ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുമ്പോള്‍ ഉയര്‍ത്തുന്ന ചൂണ്ടുവിരല്‍ കൊണ്ട് അതിക്രമിയായ ഭരണാധികാരിയുടെ വിധിയെ സാധുകരിക്കുന്ന ഒരക്ഷരം പോലും ഞാന്‍ എഴുതില്ല എന്നായിരുന്നു. എന്നാല്‍ റമദാനിലെ ഇരുപത്തി ഏഴാം രാവില്‍ ബ്രിട്ടീഷ് അംബാസഡര്‍മാര്‍ ഇഫ്താറിന്‍ ക്ഷണിക്കുന്നതും സര്‍വാഢംഭരങ്ങളുമായി അണിഞ്ഞൊരുങ്ങി വരുന്ന യൂറോപ്യന്‍ വനിതകളൊടൊപ്പമിരുന്നു വിരുന്നുണ്ണുന്നതും കൊട്ടാരപണ്ഡിതനായി അന്താരാഷ്ട്രതലത്തില്‍ വാഴ്ത്തപ്പെടുന്നതും വലിയ കാര്യമായി കണക്കാക്കപ്പെടുന്ന ശൈഖന്മാരുടെയും അനുയായികളുടെയും കരങ്ങളിലാണ് ഇന്ന് ലോകത്തെ ബഹുഭുരിപക്ഷം രാജ്യങ്ങളിലേയും മതനേതൃത്വം വാഴുന്നത്. സമകാലിക മുസ്‌ലിം സമൂഹം നേരിടുന്ന പ്രതിസന്ധികളുടെ അടിവേരുകള്‍ ചെന്നെത്തുന്നത് ഇവിടെയാണ്.

എന്തെല്ലാം ഓഫറുകളായിരുന്നു പ്രവാചകന്‍ മുമ്പില്‍ ശത്രുക്കള്‍ വെച്ചുനീട്ടിയത്! ഖുറൈശികളുടെ അധികാരഘടനയെ ചോദ്യം ചെയ്യാത്ത കേവലം ദിക്‌റുകളും പ്രാര്‍ഥനകളിലുമായി കഴിഞ്ഞുകൂടുന്ന ഒരു കൊട്ടാരപണ്ഡിതനായിരുന്നു മുഹമ്മദ് നബിയെങ്കില്‍ അബൂജഹ്‌ലിനും കൂട്ടര്‍ക്കും അതൊരു അസ്വസ്ഥതയും സൃഷ്ടിക്കുമായിരുന്നില്ല. മാത്രമല്ല, തങ്ങളുടെ ഗോത്രത്തിന് അഭിമാനിക്കാവുന്ന ഒരു മതമേലധ്യക്ഷനെ ലഭിച്ചതിന്റെ പേരില്‍ അവര്‍ ഊറ്റം കൊള്ളുകയും ചെയ്യുമായിരുന്നു. പക്ഷെ, ജനങ്ങളെ ചൂഷണം ചെയ്തു അടക്കിവാഴുന്ന അധികാരത്തിന്റെ അരമനകളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന പ്രഖ്യാപനമായിരുന്നു നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുക! അറബികളും അനറബികളും നിങ്ങള്‍ക്ക് കീഴ്‌പ്പെടും എന്നത്. ഈ ഭൂമുഖത്ത് അഭിമാനത്തോടെ ഉയര്‍ന്നുനില്‍ക്കാന്‍ പ്രാപ്തരാക്കുന്ന അതിജീവനത്തിന്റെ കലിമയായിരുന്നു അത്. അതിനപ്പുറത്തുള്ള എല്ലാ ഓഫറുകളും മതമേലധ്യക്ഷസ്ഥാനവും ഔദ്യോഗിക ബഹുമതികളെല്ലാം പ്രവാചകന്‍ നിരസിക്കുകയാണ് ചെയ്തത്. ഭൂമിയില്‍ കാലൂന്നി ആകാശത്തോളം ഉയര്‍ന്നുനിന്ന് സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും താങ്ങുംതണലുമായി മാറുന്ന വടവൃക്ഷത്തോടാണ് അല്ലാഹു ഈ പരിശുദ്ധവചനത്തെ ഉപമിച്ചത്. ഭൂമിയില്‍ വേരുറക്കാത്ത, ശക്തമായ കാറ്റിനെയും കോളിനെയും അതിജീവിക്കാന്‍ ശേഷിയില്ലാത്ത സമൂഹത്തിന് ഒരു പ്രയോജനവും ചെയ്യാത്ത പാഴ്മരങ്ങളെയാണ് പുരോഹിതമതം പ്രതിനിധീകരിക്കുന്നത്. ഉപജീവനത്തിന്റെ കലിമയാണ് അവര്‍ ഉരുവിടുന്നത്. അത്തരം കലിമകള്‍ ഭരണസിരാകേന്ദ്രങ്ങളില്‍ ഒരു ഇലയനക്കമോ അസ്വസ്ഥതയോ സൃഷ്ടിക്കുന്നില്ല എന്നുമാത്രമല്ല, അവരില്‍ നിന്നും നിര്‍ലോഭമായ സഹകരണം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിജീവനത്തിന്റെ കലിമ ഉച്ചരിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതൊരു ഇലയനക്കവും ഭരണസിരാകേന്ദ്രങ്ങളില്‍ അസ്വസ്ഥതകള്‍ തീര്‍ക്കും തീര്‍ച്ച.

Related Articles