Current Date

Search
Close this search box.
Search
Close this search box.

ഇംഗ്ലീഷ് പത്രങ്ങളുടെ ‘റീഡര്‍ഷിപ്പ്’

eng-news-papers.jpg

ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വെ (ഐ. ആര്‍. എസ്) എന്നൊരു സ്ഥാപനമുണ്ട്. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എത്ര വായനക്കാരും കാഴ്ചക്കാരും ഉണ്ട് എന്ന് നോക്കുകയാണ് ഇതിന്റെ പണി. അതനുസരിച്ചാണ് ഓരോ മാധ്യമത്തിന്റെയും മാര്‍ക്കറ്റ് വില തീരുമാനിക്കുക. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവരും. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് അത്തരം ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് പ്രകാരം പ്രചാരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലീഷ് പത്രം അതിന്റെ ‘പ്രതിയോഗി’ക്കെതിരെ കൊടുത്ത വാര്‍ത്തയില്‍ അല്‍പ്പം കൈക്രിയകളും പ്രയോഗിച്ചു. ഈ അല്‍പ്പത്തരം കാണിക്കുന്നത് ഉര്‍ദു-ഹിന്ദി പത്രങ്ങളല്ല എന്നോര്‍ക്കണം. വലിയ വലിയ ഇംഗ്ലീഷ് പത്രങ്ങളാണ് ഇത് ചെയ്യുന്നത്. ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടില്‍, ടൈസ് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഇംഗ്ലീഷ് പത്രം എന്നാണ് സ്ഥാപനത്തിന്റെ കണ്ടെത്തല്‍. ഒക്ടോബര്‍ മൂന്നിന് ആ പത്രം വെണ്ടക്കയക്ഷരത്തില്‍ ഇങ്ങനെ കൊടുക്കുകയും ചെയ്തു: ‘ടൈംസ് ഒന്നാം സ്ഥാനത്ത്, രാജ്യമൊട്ടുക്ക് പ്രതിയോഗികളേക്കാള്‍ ഏറെ മുന്നില്‍’. പിന്നെ ഓരോ നഗരത്തിലും ‘പ്രതിയോഗി’യേക്കാള്‍ എത്ര മുന്നില്‍ എന്ന് കണക്ക് നിരത്തുന്നു. പക്ഷേ തലസ്ഥാനമായ ദല്‍ഹിയില്‍ എത്തുമ്പോള്‍ പത്രത്തിന് വളര്‍ച്ചയുണ്ടായി എന്നു മാത്രം പറഞ്ഞ് രക്ഷപ്പെടുകയാണ്. പഴയത് പോലെ തലസ്ഥാന നഗരിയില്‍ ഇപ്പോഴും ഹിന്ദുസ്ഥാന്‍ ടൈംസാണ് മുന്നില്‍ എന്നെഴുതാന്‍ തയാറാകുന്നില്ല ടൈംസ് ഓഫ് ഇന്ത്യ. ഈ കണക്കില്‍ എവിടെയും എത്ര കോപ്പി അച്ചടിക്കുന്നുണ്ടെന്ന് പറയുന്നില്ല. വായനക്കാരുടെ എണ്ണം ഊഹിക്കുക മാത്രമാണ് ചെയ്യുന്നത്.

ചാനലുകളും പത്രങ്ങളും പരസ്പരം നടത്തുന്ന ഈ ചക്കളത്തിപ്പോരില്‍ വായനക്കാര്‍ക്ക് ഒരു താല്‍പ്പര്യവുമില്ല എന്നതാണ് നേര്. ഇതെല്ലാം ടി. ആര്‍. പി കൂട്ടാനുള്ള ഗിമ്മിക്കുകളാണെന്ന് ബുദ്ധിയുള്ള വായനക്കാരന്‍ തിരിച്ചറിയുന്നുമുണ്ട്. ചിലപ്പോള്‍ കാണാം ചാനലുകള്‍ വളരെ സെന്‍സേഷനലായി, മുടിനാരിഴ കീറി ചില സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സംഗതി കാര്യമായിട്ട് ഒന്നുമുണ്ടാവില്ല. മണ്‍കൂനയില്‍ നിന്ന് മലകള്‍ ഉണ്ടാക്കിയെടുക്കുന്ന വിദ്യ. ഒരു പ്രശ്‌നമേ അല്ലാത്ത വിഷയം അതാണല്ലോ ആഗോള വിഷയം എന്ന മട്ടില്‍ അവതരിപ്പിച്ചു കളയും.

കാഴ്ചക്കാരും വായനക്കാരും കൂടുമെങ്കില്‍ എന്തശ്ലീലവും തോന്ന്യാസവും പടച്ചുവിടാനും മീഡിയക്ക് മടിയില്ല. ദല്‍ഹി ദിനപ്പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യയുടെയും ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും മാഗസിനുകള്‍ ഇത്തരം അശ്ലീല ചിത്രങ്ങളാല്‍ ‘സമ്പന്ന’മാണ്. കലയുടെയും സംസ്‌കാരത്തിന്റെയും പേരില്‍ യുവതലമുറയെ വഴിതെറ്റിക്കുന്നതില്‍ അവയ്ക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. ഇനി അതിക്രമമോ ഭീകരപ്രവര്‍ത്തനമോ ഉണ്ടായാല്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍ പറയുന്ന കള്ളങ്ങള്‍ ഇവ അപ്പടി ഏറ്റുപാടുകയും ചെയ്യും. അക്കാര്യത്തിലും പത്രങ്ങളും ചാനലുകളും തമ്മില്‍ കിടമത്സരമാണ്.

ഈ മത്സരമൊന്നും സത്യം പുറത്തുകൊണ്ടുവരാനോ നന്മ പ്രോത്സാഹിപ്പിക്കാനോ അല്ലെന്ന കാര്യവും നാം മനസ്സിലാക്കേണ്ടതുണ്ട്. സത്യം മൂടിവെക്കുക, അശ്ലീലം പ്രചരിപ്പിക്കുക ഇതാണ് അവയുടെ പരിപാടി. ഇത്തരം പത്രങ്ങളോ ചാനലുകളോ ഇന്നേവരെ ഭീകരപ്രവര്‍ത്തനത്തെക്കുറിച്ച് പോലീസ് നല്‍കുന്ന കഥകള്‍ ചോദ്യം ചെയ്തിട്ടില്ല. ഭീകരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് പിടികൂടപ്പെട്ട മുസ്‌ലിം ചെറുപ്പക്കാരുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്ന ആരോപണങ്ങള്‍ വളരെ പരിഹാസ്യമായിരിക്കും. ഏതൊരു സാധാരണക്കാരന് വരെ അതിന്റെ പൊള്ളത്തരം പിടികിട്ടും. അവരത്തരം കെട്ടുകഥകളെ പുഛിച്ച് തള്ളും. അപ്പോഴും ചാനലുകളും പത്രങ്ങളും അതൊക്കെ എത്ര ‘വസ്തുനിഷ്ഠം’ എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലായിരിക്കും. ചില വിരുതന്‍ റിപ്പോര്‍ട്ടര്‍മാര്‍ പോലീസ് കെട്ടുകഥകള്‍ സ്വന്തം വക റിപ്പോര്‍ട്ടായും അവതരിപ്പിച്ച് കളയും. ഇതും വായനക്കാരെയും പ്രേക്ഷകരെയും കൂട്ടാനുള്ള മീഡിയയുടെ അടവ്് മാത്രമാണ്. അതുവഴി ചില സാമൂഹിക-രാഷ്ട്രീയ വിഭാഗങ്ങളെ തങ്ങളോടൊപ്പം നിര്‍ത്താമെന്നും സാമ്പത്തിക നേട്ടങ്ങള്‍ കൊയ്യാമെന്നും അവര്‍ കണക്ക്്കൂട്ടുന്നു. ഈ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് മറ്റൊന്ന് കൂടി വെളിപ്പെടുത്തുന്നുണ്ട്. ഈ പത്രങ്ങളും ചാനലുകളും വെറും ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമാണ്. മറ്റേതൊരു ബിസിനസ് സ്ഥാപനവും പോലെത്തന്നെ. അതുകൊണ്ടാണ് അവര്‍ക്കിടയില്‍ ഇത്ര കിടമത്സരം.

(ദഅ്‌വത്ത് ത്രൈദിനം 7/10/2012)

വിവ: അശ്‌റഫ് കീഴ്പറമ്പ്

Related Articles