Current Date

Search
Close this search box.
Search
Close this search box.

അയാള്‍ ഹാജിയാണ്

പണ്ട് ഹാജി എന്ന് കേട്ടാല്‍ ഒരു പണക്കാരന്റെ ചിത്രമാണ് മനസ്സില്‍ തെളിഞ്ഞിരുന്നത്. കാരണം പണക്കാര്‍ക്ക് മാത്രമേ ഹജ്ജ് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. വെള്ളിയാഴ്ച്ച ഒരു ചോറ്. മറ്റു ദിവസങ്ങളില്‍ കഞ്ഞി, പൂളത്തോല് കൊണ്ടോ വാഴക്കാതോലു കൊണ്ടോ ഉള്ള ഉപ്പേരി, പാലും പഞ്ചസാരയുമില്ലാത്ത ചായ ഇതായിരുന്നു അവസ്ഥ. 1960 വരെ ഇതായിരുന്നു അവസ്ഥ. ആ കാലഘട്ടത്തില്‍ ഹജ്ജിന് പണം സ്വരൂപിക്കുന്നവന്‍ ധനികന്‍ തന്നെയാണല്ലോ. ഒരു പഞ്ചായത്തില്‍ രണ്ടോ മൂന്നോ ഹാജിമാരേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഓരോ വാര്‍ഡിലും നിരവധി ഹാജിമാര്‍. മുസ്‌ലിംകളെ സമ്പത്ത് കൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിത്.

പണ്ട് കോഴിക്കോട് കണ്ട് കണ്ണൂര്‍ക്കാരും കണ്ണൂര്‍ കണ്ട കോഴിക്കോട്ടുക്കാരും വളരെ കുറവായിരുന്നു. ഇന്ന് ഡല്‍ഹി, കശ്മീര്‍, കൊല്‍ക്കത്ത തുടങ്ങിയ പ്രദേശങ്ങളിലേക്ക് എല്ലാ ജില്ലകളില്‍ നിന്നും വിനോദയാത്ര പോകുന്നു. ഓണം ക്രിസ്തുമസ് അവധിക്കാലത്ത് മദ്‌റസകളില്‍ പകുതി കുട്ടികളെ മാത്രമേ കാണാറുള്ളൂ. മറ്റുള്ളവര്‍ വിനോദയാത്രയിലാണ്. ഇതിനിടയില്‍ ഹജ്ജ് യാത്ര പ്രശ്‌നമേയല്ല. അപേക്ഷിച്ചവരില്‍ ചെറിയൊരു ശതമാനത്തിന് മാത്രമേ ഹജ്ജിന് അവസരം ലഭിക്കുന്നുള്ളൂ. പേരിനൊപ്പം ഹാജി ചേര്‍ക്കുന്നവരും വളരെ കുറവ്. കാരണം ഹജ്ജ് ഒരു സാധാ സംഭവമായി മാറിയിരിക്കുന്നു.

പേരിനൊപ്പം ഹാജിയില്ലാത്തവന്റെ മുഖത്ത് നോക്കിയാല്‍ ഹാജിയാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവുക എന്നതാണ് കാലം ആവശ്യപ്പെടുന്നത്. ഹജ്ജ് കൊണ്ട് അയാളുടെ മനസ്സ് വിനയം നിറഞ്ഞതായിരിക്കുന്നു. ആ വിനയം അയാളുടെ മുഖത്തുണ്ട്, സംസാരത്തിലുണ്ട്, സമീപനങ്ങളിലുണ്ട്, ഇടപാടുകളിലുണ്ട്. ഇതെല്ലാം കണ്ട് ഇങ്ങനെ പറയണം : അയാള്‍ ഹാജിയാണെന്ന് തോന്നുന്നു.

ഏത് ആരാധനയും മനസ്സിനെ പാകപ്പെടുത്തണം. നമസ്‌കാരം വൃത്തികെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയുമെന്ന് ഖുര്‍ആന്‍ പറയുന്നു. വ്രതം തിന്മയെ തടുക്കുന്ന പരിചയ പ്രദാനം ചെയ്യുമെന്ന് നബി തിരുമേനി(സ) പറയുന്നു. ഹജ്ജ് മനുഷ്യനെ നവജാത ശിശുവിനെ പോലെ കളങ്കരഹിതനാക്കുന്നു എന്നും അവിടന്ന് പറയുന്നു. അപ്പോള്‍ ഹാജിയെ കണ്ടാല്‍ അയാള്‍ ഹജ്ജ് ചെയ്തത് അറിയാത്തവര്‍ പോലും അയാളില്‍ ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കത ദര്‍ശിച്ച് ഹാജിയെന്ന് മനസ്സിലാക്കണം.

നന്നായി സോപ്പുതേച്ച് കുളിച്ച് ദേഹം തുവര്‍ത്തിയ ഉടനെ ശരീരം അഴുക്കാക്കുന്നവന്‍ ബുദ്ധിശൂന്യനാണ്. അവനു തുല്യനാണ് ഹജ്ജ് ചെയ്ത് വന്ന് അധികം കഴിയാതെ വൃത്തികേട് ചെയ്യുന്നവന്‍. പണമുണ്ടായാലും വീണ്ടുമൊരു ഹജ്ജ് ചെയ്ത് വിശുദ്ധനാകാന്‍ ഇക്കാലത്ത് അവസരം കിട്ടിയെന്ന് വരികയില്ല. സര്‍ക്കാര്‍ ഇക്കാലത്ത് ഹജ്ജിന് വെക്കുന്ന നിബന്ധന അത്തരത്തിലുള്ളതാണ്. അതിനാല്‍ നവജാത ശിശുവിന്റെ അവസ്ഥയിലേക്ക് രണ്ടാമതും മടങ്ങുക പ്രയാസമാണ്. വേണ്ടത് അങ്ങനെ മടങ്ങേണ്ട ആവശ്യമില്ലാത്തവണ്ണം ശിശുത്വം കാത്തുസൂക്ഷിക്കലാണ്.

ഹജ്ജു ചെയ്യുന്നതിനേക്കാള്‍ പ്രയാസമുള്ള കാര്യമാണ് ഹാജിയായി ജീവിക്കുക എന്നത്. ഹാജിമാരുടെ എണ്ണം കൂടുന്നത് സമൂഹത്തിന് ഗുണമായി അനുഭവപ്പെടണം. ജനങ്ങള്‍ക്ക് അത് സന്തോഷമായി തോന്നണം. ജനങ്ങള്‍ക്ക് അത് സന്തോഷമായി തോന്നണം. ഒരു ക്ലാസിലെ ഭൂരിപക്ഷം കുട്ടികളും കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ചു വന്നവരാണെങ്കില്‍ അവിടേക്ക് കടക്കുന്ന ആര്‍ക്കും വിയര്‍പ്പു ഗന്ധം അനുഭവപ്പെടില്ല. മറിച്ചാണെങ്കില്‍ വൈകുന്നേരമാകുമ്പോഴേക്കും ക്ലാസ് ദുര്‍ഗന്ധം നിറഞ്ഞതായിരിക്കും. ആദ്യം പറഞ്ഞ പോലെയായിരിക്കണം ഹാജിമാര്‍ വര്‍ധിക്കുന്ന സമൂഹത്തിന്റെ അവസ്ഥ.

ഇപ്പറഞ്ഞതിന്നര്‍ഥം ഹജ്ജു ചെയ്തില്ലെങ്കില്‍ സമൂഹത്തില്‍ തിന്മകള്‍ നിലനില്‍ക്കുമെന്നല്ല. ഹാജിമാരെക്കാള്‍ വിശുദ്ധരായി ജീവിക്കുന്ന ഹാജിമാരല്ലാത്തവര്‍ ഉണ്ട്. നല്ലവരായി ജീവിക്കാന്‍ ഒരു നല്ല മനസ്സുമതി. സകാത്ത് നല്‍കാന്‍ മിച്ചമുള്ള പണമോ ഹജ്ജിന് പോകാന്‍ ശേഷിയോ ഇല്ലാത്തവര്‍ ആത്മാര്‍ഥമായ കര്‍മങ്ങള്‍ കൊണ്ടും വിചാരണ നാളിനെ ഭയപ്പെട്ടു കൊണ്ടും മാതൃകാപരമായ ജീവിതം നയിക്കുന്നതും നമുക്ക്കാണാന്‍ കഴിയും. തന്റെ നെഞ്ചിലേക്കു ചൂണ്ടികൊണ്ട് ‘ഭക്തി ഇവിടെയാണ്’ എന്ന് മൂന്ന് തവണ പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അവനവന്റെ മനസ്സാണ് ഭക്തിയുടെ ആവാസ കേന്ദ്രം എന്ന് പഠിപ്പിച്ചു കൊണ്ട് നമ്മെ ഇഹലോകത്തും പരലോകത്തും വിജയം നേടാന്‍ സഹായിക്കുകയായിരുന്നു ആ ഉപദേശത്തിലൂടെ അവിടന്ന് ചെയ്തത്. അതുകൊണ്ട് കര്‍മങ്ങളുടെ പിന്നില്‍ കറകളഞ്ഞ ഭക്തിയുണ്ട് എന്ന് നാം ഉറപ്പുവരുത്തണം. തന്റെ ജീവിതത്തില്‍ നിന്ന് പഠിക്കാന്‍ കഴിയും വിധമുള്ള പ്രവൃത്തികളേ ചെയ്യാവൂ എന്ന നിഷ്ഠ ഓരോ മുസ്‌ലിമിനും ഉണ്ടായാല്‍ അത് ഒരു പ്രബോധനത്തിന്റെ ഫലം ചെയ്യുമെന്നതില്‍ സംശയമില്ല.

എന്നാല്‍ മനുഷ്യന്റെ പ്രവൃത്തി തിന്മ ചെയ്തു പോകുന്ന തരത്തിലുള്ളതാണ്. നബി(സ) പറഞ്ഞു : ആദം സന്തതികളെല്ലാം തെറ്റു ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരില്‍ ഉത്തമന്‍മാര്‍ പശ്ചാത്തപിക്കുന്നവരാണ്. പശ്ചാത്താപത്തിന്റെ പാരമ്യം ഹജ്ജില്‍ പ്രകടമാവും. നമ്മുടെ നാട്ടില്‍ നിന്ന് ആ വിശുദ്ധ കര്‍മത്തിന് പോയവര്‍ക്ക് സ്വീകാര്യമായ ഹജ്ജും ഉംറയും നിര്‍വഹിച്ച് ആരോഗ്യത്തോടെ തിരിച്ചെത്താന്‍ നമുക്ക് പ്രാര്‍ഥിക്കാം.

Related Articles