പൊടുന്നനെയാണ് ജീവിതത്തിലെ കാര്യങ്ങളെല്ലാം മാറിമറിയുന്നത്. നമ്മൾ ഒരിക്കലും നിനക്കാത്ത, നമ്മുടെ ആലോചനകളിൽ പോലും ഇടം പിടിക്കാത്ത കാര്യങ്ങളാണ് ലോകത്ത് നടമാടികൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ ആധുനിക കാലത്ത് ജീവിക്കണമെങ്കിൽ അത്യാവശ്യം നല്ല കരുതലും അനിവാര്യമാണ്. പൂർവകാലങ്ങളിൽ നിന്ന് നാം എത്ര ദൂരം മുമ്പോട്ട് സഞ്ചരിച്ചുവെന്നും, എന്തൊക്കെ കാര്യങ്ങളാണ് നമ്മുടെ ദിനംപ്രതി ജീവിതത്തിലേക്ക് വന്നു ചേർന്നതെന്ന് പറഞ്ഞ് തരികയാണ് ഹഠാദാകർഷക എഴുത്ത് ശൈലികൊണ്ട് അനുവാചകരെ ത്രസിപ്പിക്കുന്ന മെഹദ് മഖ്ബൂലിൻ്റെ ‘ വേഗത്തിലോടുന്ന കാലം ആ കാലത്തിന് പാകമായ മനുഷ്യൻ’ എന്ന പുസ്തകം.
പ്രഥമ അധ്യായത്തിൽ മനുഷ്യാരംഭം മുതലുള്ള കാലത്തെയും തലമുറകളെയും ആഴത്തിൽ ഇഴകീറി പരിശോധിക്കുന്നുണ്ട്. ആയതിനാൽ ഈ പുസ്തകം തീർത്തും പഠനാർഹമാണെന്ന് പറയാം.ഓരോ കാലഘട്ടത്തിലെയും തലമുറകൾ ഏതെല്ലാം പേരിലാണറിയപ്പെടുന്നതെന്നും, ഇ- കാലത്ത് സ്തംഭിച്ച് നിൽക്കാതെ ജീവിതം എങ്ങനെ ചടുലമാക്കാം എന്നും ഈ അധ്യായത്തിലൂടെ വരച്ചിടുന്നു. പുതിയ കാലത്തെ തലമുറയുടെ സവിശേഷതകളിലൂടെയാണ് രണ്ടാമധ്യായം സഞ്ചരിക്കുന്നത്. തലമുറയുടെ പ്രത്യേകതകളും പൂർവകാലങ്ങളിൽ നിന്നതിനെ വ്യതിരിക്തമാക്കുന്നതും കോറിയിടുന്നിണ്ടിതിൽ. തലമുറകളെക്കുറിച്ചുള്ള പഠനത്തിൻ്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നതാണ് മൂന്നാമത്തെ അധ്യായം. ഇക്കാര്യങ്ങളിലെല്ലാം നാം അജ്ഞരായാൽ നമ്മുടെ കാര്യം അറുവഷളാണെന്ന് പറയാതെ പറയുന്നുണ്ട് ഈ അധ്യായത്തിലുടെ.
പഴയകാലത്തെ കുട്ടികളെപ്പോലെയല്ല ന്യൂ ജെൻ കുട്ടികൾ . അവരോട് സൂക്ഷിച്ചും ശ്രദ്ധിച്ചും വേണം പെരുമാറാൻ. ഇല്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. കുറഞ്ഞ കാലം കൊണ്ട് കൂടുതൽ ദൂരം സഞ്ചരിക്കാനാവുന്ന കുട്ടികളാണ് ആധുനിക കാലത്തുള്ളതെന്നും അവരോടൊപ്പം ജീവിക്കണമെങ്കിൽ അത്യാവശ്യം നല്ല മുൻകരുതലുകൾ അനിവാര്യമാണെന്നും ഈ പുസ്തകം അനുവാചകരോട് ആവശ്യപ്പെടുന്നുണ്ട്. ഒന്ന് കണ്ണ് പൂട്ടി തുറക്കുമ്പോഴേക്ക് സ്ഥിതിഗതികൾ അതിശീഘ്രം മാറുകയാണ്. അത് കുട്ടികളുടെ ജീവിതത്തിൽ വലിയൊരളവിൽ സ്വാധീനിക്കുന്നുണ്ട് താനും. പ്രായഭേദമന്യേ ഇന്നെല്ലാവരും ഡിജിറ്റൽ ഹാബിറ്റ്സുള്ള വരായതിനാൽ ജീവിതത്തിൽ നിന്ന് വഴുതിപ്പോവാതിരിക്കാൻ ബദ്ധശ്രദ്ധരാകേണ്ടതിൻ്റെ ആവശ്യകത പറഞ്ഞ് വെക്കുന്നുണ്ട് അഞ്ചാം അധ്യായത്തിലൂടെ. കാലത്തോടൊപ്പം സഞ്ചരിക്കുന്നതിൽ പിറകോട്ടായാൽ കാര്യങ്ങൾ മൊത്തത്തിൽ കുഴഞ്ഞ് മറിയുമെന്നതിനാൽ നിലനിൽക്കുന്ന കാലത്തിൻ്റെ മാറ്റങ്ങളെ അറിഞ്ഞും അനുഭവിച്ചും അതിനോടൊപ്പം എങ്ങനെ നടക്കാമെന്നാണ് ആറാം അധ്യായത്തിലൂടെ വർണിക്കുന്നത്. നമ്മൾ സങ്കല്പിക്കാത്ത കാര്യങ്ങൾ നടക്കുന്ന ഒരു കാലത്തേക്ക് നാം എത്തിപ്പെട്ടെങ്കിൽ ആ കാലത്തെ അതിജീവിക്കാനും നാം ബദ്ധശ്രദ്ധരാണ്. ആ കരുതലിൻ്റെ ഉള്ളറകളിലേക്കാണ് ഏഴാം അധ്യായം ചെന്നെത്തിയിരിക്കുന്നത്. തൊഴിലിടങ്ങളിലും മറ്റും യന്ത്രങ്ങളുടെ ഇരച്ചുകയറ്റം പലരെയും അന്തിച്ചുനിർത്തിയിട്ടുണ്ട്. ആ സ്തംഭിച്ചു നിൽക്കലിൽ നിന്നൊരു മോചനം അനിവാര്യമാണെന്ന് പറഞ്ഞ് വെക്കുകയാണ് ഒടുവിലത്തെ അധ്യായം.
മൊത്തത്തിൽ, പുസ്തകത്തിൻ്റെ ആഖ്യാനശൈലി തന്നെ അത്യാകർഷകമാണ്. തീർത്തും വ്യതിരിക്തമായ എഴുത്ത് ശൈലിയാണ് മെഹദ് മഖ്ബൂലിൻ്റേത്. അദ്ദേഹത്തിൻ്റെ അഗാധമായ വായനയുടെ ആഴം എഴുത്തുകളിൽ നിഴലിക്കുന്നുണ്ട് താനും. ആ എഴുത്തുകൾ ഒരിക്കലും മടുപ്പുളവാക്കുകയില്ലെന്ന് മാത്രമല്ല, തീർന്നുപോകല്ലേയെന്ന് നിനക്കാൻ മാത്രം പോന്നതാണെന്ന് പറയാതെ വയ്യ.പഠനാർ ഹമായ ഇത്യാദി പുസ്തകങ്ങൾ ഈ എഴു ത്തുകാരനിൽ നിന്ന് ഇനിയും കൊതിച്ച് പോവും. തീർച്ച! ഏറെ ചിന്തോദ്ദീപകവും പഠനാർഹവുമായ പുസ്തകം കൂര ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് . 125 രൂപയാണ് വില.
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU