Current Date

Search
Close this search box.
Search
Close this search box.

എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട്!

നഷ്ടപ്പെട്ടാൽ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത, എന്നാൽ മനുഷ്യരധികവും അവ പ്രയോജനപ്രദമായ രീതിയിൽ വിനിയോഗിക്കുന്ന കാര്യത്തിൽ വഞ്ചിതരായ ഒന്നാണ് സമയം. ശാരീരിക- ബൗദ്ധിക തലങ്ങളിൽ എല്ലാ മനുഷ്യർക്കും വ്യത്യസ്തതകളുണ്ടെങ്കിലും എല്ലാവർക്കും ഒരേ അളവിൽ ലഭിക്കുന്നതാണിത്. ഇതിനെ എവ്വിധം ഉപയോഗപ്പെടുത്തുന്നുവെന്നിടത്താണ് കാര്യങ്ങളുടെ കിടപ്പ്. നല്ല രീതിയിൽ സമയത്തെ വിനിയോഗിച്ചവർ വിജയിക്കുകയും സമയത്തെ ദുർവ്യയം ചെയ്തവർ എവിടെയും എത്താതെ പോകുകയും ചെയ്തതായി നമുക്ക് ചരിത്രങ്ങൾ പരതിയാൽ കാണാം.വിശിഷ്യാ, സോഷ്യൽ മീഡിയകളുടെയും തദനുബന്ധസംബന്ധിയായ സംവിധാനങ്ങളുടെയും അതിപ്രസര കാലത്ത് നമ്മുടെ മൂല്യവത്തായ സമയം അപഹരിക്കപ്പെടുന്നതായി മനസ്സിലാക്കാം. ഇത്തരുണത്തിലുള്ള പ്രതികൂല സാഹചര്യത്തിലെല്ലാം സമയത്തെ എങ്ങനെ ഫലപ്രദമായ രീതിയിൽ വിനിയോഗിക്കാമെന്ന് പറഞ്ഞ് തരികയാണ് ലോകപ്രശസ്‌ത പ്രഭാഷകനും എഴുത്തുകാരനുമായ ബ്രയാൻ ട്രേസിയുടെ ‘ടൈം മാനേജ്മെൻ്റ്’ എന്ന പുസ്തകം.

ഏതെങ്കിലും കാര്യം ചെയ്തിട്ടില്ലെങ്കിൽ ‘സമയം കിട്ടിയില്ല’, ‘സമയം കിട്ടുന്നില്ലെ’ന്ന ലൊട്ടുലൊടുക്ക് ന്യായങ്ങൾ നിരത്തി ഒഴിഞ്ഞുമാറുന്ന പതിവ് പ്രവണതകൾ യഥേഷ്ടം കാണാം. ഇത്തരമൊരു ഒഴികഴിവുകളിൽ നിന്നുള്ള ആത്യന്തിക പരിഹാരമായി ഗ്രന്ഥകാരൻ പറയുന്നത് നമ്മുടെ മനോഭാവങ്ങൾ മാറ്റാനാണ്. അങ്ങനെയാവുമ്പോൾ മാത്രമാണ് നമ്മുടെ ജോലിയിലും കരിയറിലും കുടുംബ ജീവിതത്തിലും വിജയിക്കുവാൻ സാധിക്കുകയുള്ളൂ. ടൈം മാനേജ്മെൻ്റെന്നാൽ ലൈഫ് മാനേജ്മെൻ്റാണെന്ന് വിവർത്തിക്കുകയാണ് ആകത്തുകയായി പുസ്തകത്തിലൂടെ രചയിതാവ്. സമയം ആസൂത്രിതവും നയതന്ത്രപരവുമായി കൈകാര്യം ചെയ്താൽ അത് നല്ലൊരു വ്യക്തിത്വ രൂപീകരണത്തിന് ഹേതുവാകും. ഒരു സൈക്കിൾ ചവിട്ടുന്നതുപോലെ, കീബോർഡിൽ ടൈപ്പ് ചെയ്യുന്നതുപോലെയൊക്കെയാണ് ടൈം മാനേജ്മെൻ്റെന്ന് ഗ്രന്ഥക്കാരൻ പറയുന്നു. ലോകത്ത് ഉന്നതങ്ങളിൽ വിഹരിക്കുന്നവരുടെയെല്ലാം വിജയനിദാനമെന്നത് സമയത്തെ ബുദ്ധിപരവും തന്ത്രപരവുമായി വിനിയോഗിച്ചുവെന്നതാണ്. ക്രമാനുഗതമായി കാര്യങ്ങൾ എങ്ങനെ ചെയ്യാമെന്ന, ഹ്രസ്വ-ദീർഘ കാലയളവിലേക്കുള്ള ലക്ഷ്യങ്ങളെങ്ങനെ ക്രമീകരിക്കാമെന്ന മാർഗനിർദേശങ്ങളും പുസ്തകത്തിലെ പ്രതിപാദ്യവിഷയമാണ്. മൂല്യവത്തായ സമയം നഷ്ടപ്പെടുന്നതെവിടെയാണെന്നും ആ നഷ്ടങ്ങളിൽ നിന്ന് വിടുതി നേടാനുള്ള മാർഗമെന്താണെന്നും, ടൈം മാനേജ്മെൻ്റിൻ്റെ മന:ശാസ്ത്രവും നമ്മുടെ മൂല്യങ്ങൾ വർധിപ്പിക്കാനുള്ള വഴികൾ ആരായാനുള്ള ദിശാസൂചികകൾ നൽകിയും ജീവിതത്തിലെ ഓരോ നിമിഷവും സമ്പുഷ്ടവും ക്രിയാത്മകവുമാക്കാമെന്ന് വിവരിച്ച് സാങ്കേതികമായി അവയുടെ രീതിശാസ്ത്രത്തെ കുറിച്ചും പുസ്തകം സുവ്യക്തമാക്കി തരുന്നുണ്ട്.

നമുക്ക് മുമ്പിൽ യഥേഷ്ടം സുലഭമായിട്ടും എങ്ങനെ ഫലപ്രദമാക്കാമെന്നതിനെപ്രതി അന്തിച്ച് നിൽക്കാനുള്ള സാധ്യതകൾ മിക്കവരിലും നൈസർഗികമായി കണ്ട് വരാറുണ്ട്. എന്ത് ചെയ്യണം, എവിടെ നിന്ന് തുടങ്ങണം, എങ്ങനെ ചെയ്യണം, എന്തിനു ചെയ്യണം ഇത്യാദി ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ നമുക്ക് മുമ്പിൽ വരിനിൽക്കുന്ന ഒരു അവസ്ഥാവിശേഷത്തിൽ നിന്ന് ക്രിയാത്മകവും മൂല്യാധിഷ്ഠിതവുമായ ജീവിതവും ഭാവിയും പണിതുയർത്താൻ ഒരു വഴികാട്ടിയായി ഈ ഗ്രന്ഥം മാറും. പുസ്തകം വായിച്ച് തീരുമ്പോഴേക്കും ഇതെന്നോ കിട്ടിയിരുന്നെങ്കിൽ എന്ന ചിന്ത നമ്മുടെ ഉപബോധമനസ്സിനെ കൊളുത്തിവലിക്കും.ഏതൊരു മനുഷ്യൻ്റെയും കർമങ്ങളുടെ ഊന്നൽ ആത്യന്തികവിജയത്തെ ആസ്പദിച്ചായിരിക്കും. അതിനാൽ സെൽഫ്ഹെൽപ്പ് വിഭാഗത്തിലുള്ള ഈ പുസ്തകം വായിച്ചാൽ നമുക്ക് വരുംകാലത്തെ സമ്പുഷ്ടവും ക്രിയാത്മകവുമാക്കിമാറ്റാം.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles